1980 മെയ് 3. കാലിഫോര്‍ണിയയില്‍ അതൊരു ഊഷ്മളമായ ദിനമായിരുന്നു. ഫെയ്ര്‍ ഓക്സിലെ പള്ളിപ്പെരുന്നാളിന്‍റെ ദിവസം. തന്‍റെ ഇരട്ടസഹോദരിയായ സെറിനയോടൊപ്പം ഉച്ചവരെ സോഫ്റ്റ്ബോള്‍ കളിയിലായിരുന്നു കാരി ലെറ്റ്നര്‍ എന്ന 13 കാരി. ഉച്ചകഴിഞ്ഞ് ആഹ്ലാദത്തോടെ അവള്‍ അടുത്തുതന്നെയുള്ള പള്ളിയിലേക്ക് നടന്നു. തന്‍റെ കൂട്ടുകാരിയൊത്ത് അവള്‍ നടന്നുപോയ സൈക്കിള്‍ പാതയിലേക്ക് പാഞ്ഞുകയറിയ ഒരു കാര്‍ അവളെ പിന്നില്‍നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 125 അടിയാളം ദൂരേക്ക് അവള്‍ തെറിച്ചുവീണു. മദ്യപിച്ച് വാഹനമോടിച്ച് അവളെ ഇടിച്ചിട്ട ആ മധ്യവയസ്കന്‍ ഉടന്‍തന്നെ കാറുമെടുത്ത് കടന്നുകളയുകയും ചെയ്തു. അപകടസ്ഥലത്തുതന്നെ ആ പെണ്‍കുട്ടി രക്തം വാര്‍ന്ന് മരിച്ചു.
പിന്നീടറിഞ്ഞു. മദ്യപിച്ച വാഹനമോടിച്ച് ആ വ്യക്തി ഉണ്ടാക്കിയ നാലാമത്തെ അപകടമായിരുന്നു അതെന്ന്. ചില ദിവസങ്ങള്‍ക്കുമുമ്പുമാത്രം ഇത്തരമൊരു കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ അയാള്‍ വീണ്ടും മദ്യപിച്ച് വാഹനമെടുത്ത് നിരത്തിലേക്കിറങ്ങുകയായിരുന്നു. തങ്ങളുടെ മക്കള്‍ക്കുണ്ടായ ദുരന്തത്തെത്തുടര്‍ന്ന് കാരിയുടെ മാതാപിതാക്കള്‍ നടത്തിയ നിയമയുദ്ധങ്ങളൊന്നും ഫലം കണ്ടില്ല. മദ്യപിച്ചുള്ള വാഹനമോടിക്കലിനെതിരെ അന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയില്‍ നിലവിലുണ്ടായിരുന്ന ദുര്‍ബ്ബലമായ നിയമങ്ങളെ വിശാലമായ പഴുതുകളിലൂടെ ആ മദ്യപാനിയായ ഡ്രൈവര്‍ വീണ്ടും രക്ഷപ്പട്ടു.
വിടരുംമുമ്പേ കൊഴിഞ്ഞുപോയ ആ കൗമാരക്കാരിയെ ഓര്‍ത്ത് കണ്ണീരൊഴുക്കിത്തളര്‍ന്ന കാന്‍ഡിലൈറ്റ്നര്‍ എന്ന വീട്ടമ്മയുടെ ഹൃദയത്തീയില്‍ കുരുത്ത പ്രസ്ഥാനമായിരുന്നു MADD - Mothers Against Drunken Driving. കേവലമൊരു വനിതയുടെ ഇച്ഛാശക്തി ഒരു രാജ്യത്തിന്‍റെയാകെ നീതിബോധത്തെ പുനര്‍നിര്‍വ്വചിച്ചതിന്‍റെ അനതിസാധാരണമായ ചരിത്രമായിത്തീര്‍ന്നു പിന്നീട് ആ പ്രസ്ഥാനം.
സമാനസ്വഭാവമുള്ള ദുരന്തങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷികളെ, അമ്മമാരെ സംഘടിപ്പിക്കുകയായിരുന്നു കാര്‍ഡി ലൈറ്റ്നര്‍ ആദ്യം ചെയ്തത്. അവര്‍ പത്രസമ്മേളനങ്ങള്‍ നടത്തി. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു. ചുവന്ന റിബണുകള്‍ വിതരണം ചെയ്തു. ഇത്തരം ദുരന്തങ്ങളുടെയും അവയുടെ പരിണതഫലങ്ങളുടെയും കണക്കെടുത്തു. സഹായസംഘങ്ങളെ സംഘടിപ്പിച്ചു. കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിച്ചു. അമേരിക്കന്‍ സെനറ്റില്‍ നിരന്തരമായ സമ്മര്‍ദ്ദം ചെലുത്തി.
രാഷ്ട്രീയ മുന്നണികളോ നേതാക്കളോ ആയിരുന്നില്ല പ്രത്യുത, ഒരു വീട്ടമ്മ രൂപം നല്‍കി നയിച്ച MADD എന്ന ഈ പ്രസ്ഥാനമായിരുന്നു, മദ്യപിച്ചുള്ള വാഹനമോടിക്കലിനെതിരെ ശക്തമായ നിയമങ്ങള്‍ക്ക് രൂപം നല്‍കാന്‍ യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രസിനെ നിര്‍ബന്ധമാക്കിയത്. യഥാര്‍ത്ഥ നേതൃത്വത്തിന്‍റെ ഇക്കാലത്തെ ഏറ്റവും പ്രചോദനാത്മകമായ ഉദാഹരണമാണ് കാന്‍ഡിലൈറ്റ്നര്‍. നീതിക്കുവേണ്ടി ദാഹിക്കുന്ന ഒരു വ്യക്തി തുനിഞ്ഞിറങ്ങിയാല്‍ ഒരു സമൂഹത്തില്‍ എന്തൊക്കെ മാറ്റം വരുത്താന്‍ കഴിയുമെന്നതിന്‍റെ പ്രത്യേക്ഷമായ തെളിവ്!!