news-details
മറ്റുലേഖനങ്ങൾ

അസംബന്ധനാടകങ്ങള്‍

...മേലില്‍ നന്മയും തിന്മയും വെവ്വേറെയായി നിലനില്‍ക്കില്ല. ഈ നിമിഷം തിന്മയായി തോന്നുന്നത് അടുത്തനിമിഷം നന്മയായിത്തീരും. ഇപ്പോള്‍ ചൂഷണമായി കരുതപ്പെടുന്നത് അല്പനേരം കഴിയുമ്പോള്‍ ജനസേവനമായി വിലയിരുത്തപ്പെടും. തെരുവുഗുണ്ടകള്‍ പരമകാരുണികരായി വാഴ്ത്തപ്പെടും. അന്തഃസാരശൂന്യത അപാരജ്ഞാനമായി ആഘോഷിക്കപ്പെടും. അതിദരിദ്രര്‍ അജ്ഞാതവഴികളില്‍ അളവറ്റ സമ്പത്തിന്‍റെ അധിപരാകും. ചിലര്‍ ചവിട്ടിയരക്കപ്പെടും. കൊള്ളമുതല്‍ ഒരു പങ്ക് കൊള്ളക്കെതിരായ ആശയപ്രചാരണത്തിന് വകയിരുത്തപ്പെടും. ആര്‍ക്കും ഒന്നും അസ്വാഭാവികമായി അനുഭവപ്പെടില്ല. സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കാനുള്ളതും നല്ലതിന്. അതിനാല്‍ ഇനി ദുഃഖിക്കുന്നതില്‍ അര്‍ത്ഥമില്ല. ചിരിക്കുന്ന മനുഷ്യനേ ഭാവിയുള്ളു."

(ചിരിക്കുന്ന മനുഷ്യന്‍ - എന്‍. പ്രഭാകരന്‍)

എന്‍. പ്രഭാകരന്‍റെ കഥയിലെ ചിന്തകള്‍ ഇന്നിനെ കൃത്യമായി വ്യാഖ്യാനിക്കുന്നു. എത്ര വേഗമാണ് കാര്യങ്ങള്‍ തകിടംമറിയുന്നത്. ശരിയും തെറ്റും ഒന്നും പ്രസക്തമല്ലാത്ത, മൂല്യങ്ങള്‍ക്കിരിപ്പിടമില്ലാത്ത, എന്തും സാധ്യമാകുന്ന ഒരു സമൂഹമായി നാം മാറിയത് എത്രപെട്ടെന്നാണ്! ആരും ഇത്തരം കാര്യങ്ങളില്‍ ഉല്‍കണ്ഠാകുലരല്ല എന്നു തോന്നുന്നു. കാരണം എല്ലാവരും ഈ ജീര്‍ണ്ണതയുടെ ഭാഗമായി മാറിയിരിക്കുന്നു. കിട്ടാനുള്ളത് കൈക്കലാക്കാനുള്ള ശ്രമത്തിലാണെല്ലാവരും. ഒരു വിഹിതം കിട്ടിയാല്‍ നാം എന്തനീതിക്കും കൂട്ടുനില്‍ക്കും. നമ്മുടെ പക്ഷത്തുള്ളവരാണ് അധര്‍മ്മത്തിനു കുട പിടിക്കുന്നതെങ്കില്‍ നാം നിശബ്ദതകൊണ്ട് എല്ലാം അടച്ചുവയ്ക്കും. നല്ലതു പറയുന്നവര്‍ കര്‍മ്മംകൊണ്ട് അതിനെ നിഷേധിക്കുന്നു. രാഷ്ട്രീയത്തിലും മതത്തിലും സംസ്ക്കാരത്തിലുമെല്ലാം ഈ മൂല്യവ്യതിയാനം ആഴത്തില്‍ സംഭവിച്ചിരിക്കുന്നു. പ്രായോഗികവാദികളായി മാറിയപ്പോള്‍ ഏതനീതിയോടും അധര്‍മ്മത്തോടും ഒത്തുതീര്‍പ്പിലെത്താന്‍ നമുക്കു സാധിക്കുന്നു. മനസ്സാക്ഷിയുടെ ശല്യമൊന്നും ഇപ്പോഴില്ല.
ജീവിതത്തില്‍ വിജയം നേടുന്നവര്‍, കൂടുതല്‍ ആര്‍ജിക്കുന്നവരാകുന്നു. ഒടുങ്ങാത്ത ആര്‍ത്തിയിലേക്ക് ഇത് നമ്മെ പിടിച്ചുതാഴ്ത്തുന്നു. മഹത്തായ ആശയങ്ങളും സങ്കല്പങ്ങളും സ്വപ്നങ്ങളും എടുക്കാത്ത നാണയങ്ങളായി മാറുന്നു. ആരെത്തട്ടിവീഴ്ത്തിയാലും ഈ ഓട്ടപ്പന്തയത്തില്‍ വിജയിക്കാന്‍ നാം പുതിയ തലമുറയെ ഉദ്ബോധിപ്പിക്കുന്നു. ഇതിനിടയില്‍ നമ്മില്‍നിന്ന് മനുഷ്യത്വത്തിന്‍റെ സാരാംശങ്ങളുമാണ് വഴുതിപ്പോകുന്നത്. കൂടുതല്‍ മനുഷ്യത്വം കാണിക്കേണ്ടവര്‍ നരാധമന്മാരായി മാറുന്നു. എല്ലാ സാമൂഹ്യസ്ഥാപനങ്ങള്‍ക്കും ഇതിനുത്തരവാദിത്വമുണ്ട്. വിദ്യാഭ്യാസമൊന്നും ആരെയും യഥാര്‍ത്ഥ മനുഷ്യനാക്കുന്നില്ല. അഴിമതിയിലൂടെയോ തട്ടിപ്പിലൂടെയോ പണം നേടുന്നവന്‍ ആരാധ്യപുരുഷനാകുന്നു! കാലുനക്കിയും പാദസേവചെയ്തും പദവികളിലെത്തുന്നവര്‍ക്ക് എന്തു വ്യക്തിത്വമാണുള്ളത്! ത്രപാനാശം (നാണമില്ലായ്മ) വ്യാപകമായിരിക്കുന്ന കാലമാണിത്. ആരും ഏതു രൂപത്തിലും നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടാം. ശരിതെറ്റുകളെക്കുറിച്ചുള്ള വ്യാകുലതകളൊന്നും ഇനിയില്ല.

'മാലാഖമാര്‍ കാല്‍വയ്ക്കാന്‍ മടിക്കുന്നിടത്ത് സാത്താന്‍ പാഞ്ഞുകയറുന്നു' എന്ന ചൊല്ല് വര്‍ത്തമാനകാലത്ത് കൂടുതല്‍ അര്‍ത്ഥസാന്ദ്രമാകുന്നു. എന്തിനെയും തച്ചുതകര്‍ത്ത് മുന്നിലെത്താനുള്ള വ്യഗ്രതയില്‍ പലതും നാം മറക്കുകയും പരിത്യജിക്കുകയും ചെയ്യുന്നു. ഉണ്മയേത് നുണയേത് എന്ന് നാം ശങ്കിക്കുന്നു. സൗന്ദര്യത്തിന്‍റെ കുപ്പായമണിഞ്ഞിരിക്കുന്നു. പലതരത്തിലുള്ള പുറങ്കുപ്പായങ്ങളുമായാണ് നാം പുറത്തിറങ്ങുന്നത്. കുപ്പായത്തിനുള്ളില്‍ പതിയിരിക്കുന്ന ജീവിയുടെ വിശ്വരൂപം ആരും കാണുന്നില്ല. അതു നാം കരുതലോടെ മറച്ചുവയ്ക്കുന്നു. ഒന്നും അതിന്‍റെ സ്വാഭാവികതയിലല്ല പ്രത്യക്ഷപ്പെടുന്നത്. പരിവേഷങ്ങളുടെ വര്‍ണ്ണപ്പകിട്ടുകളില്‍ അലങ്കൃതമാണ് എല്ലാം. പൊയ്മുഖങ്ങള്‍ വ്യാപകമാകുന്ന കാലം. സ്വന്തം തനിമയെ ഏവരും ഭയപ്പെടുന്നു. ആടയാഭരണങ്ങള്‍ നമ്മുടെ സ്വത്വത്തെ നിര്‍വചിക്കുന്നു. ആരും കണ്ണാടിയില്‍ സ്വന്തം രൂപം കാണുന്നില്ല. കാണുന്നതാകട്ടെ, നാം ആഗ്രഹിക്കുന്ന ഏതോ രൂപം.

പരുവപ്പെടലിന് വിധേയരാകുന്ന നാം സ്വത്വനഷ്ടത്തിന്‍റെ വ്യാകുലത പേറി ജീവിക്കുന്നു. ഈ വലിയ കുത്തൊഴുക്കില്‍ യഥാര്‍ത്ഥജീവിതമാണ് തെന്നിയകലുന്നത്. സന്തോഷവും ലാളിത്യവുമാണ് ഇല്ലാതാകുന്നത്. ഒടുങ്ങാത്ത ആസക്തിയില്‍, എത്രയോ കാലം നിലനില്‍ക്കേണ്ട ഈ ഭൂമിയെയാണ് നാം ഇല്ലാതാക്കുന്നത്. ഈ മലകളും പുഴകളും കാടുകളും നമുക്കാഹരിക്കാനുള്ളതാണ് എന്നു കരുതിയാല്‍ 'നാളെ' എന്നൊന്നുണ്ടാകുമോ? എല്ലാ ആലോചനകളും യാത്രകളും ഏകമുഖമാകുന്നു. അനുഷ്ഠാനങ്ങളെല്ലാം ബാഹ്യമാകുന്നു. ഒന്നും ഉള്ളുകൊണ്ട് അറിയാന്‍ നാം ശ്രമിക്കുന്നില്ല. ആരും തിരിഞ്ഞുനോക്കുന്നില്ല. പിന്നിലായിപ്പോയാലോ എന്ന ഭീതിയാണു കാരണം. എല്ലാവരുടേയും മുഖത്ത് കിട്ടാതെപോയ എന്തിന്‍റെയോ വടുക്കള്‍. മറ്റുള്ളവര്‍ നേടിയത് കണ്ട് നാം അസ്വസ്ഥരാകുന്നു. സ്വന്തം ജീവിതം ജീവിക്കാന്‍ മറക്കുന്നവരാണ് ഏറെയും. മാര്‍ഗവും ലക്ഷ്യവും ഒരുപോലെ പാളിപ്പോയിരിക്കുന്നു. ജീവിതത്തിന് യഥാര്‍ത്ഥ ലാവണ്യം നഷ്ടപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥ സന്തോഷം അന്യമായിരിക്കുന്നു. എല്ലാം കെട്ടുകാഴ്ചകളായി അധഃപതിക്കുകയാണ്. മാറിനിന്ന് കാണാവുന്ന അസംബ്ധനാടകമായി ജീവിതം മാറുന്നു. 'ഗോദോയെക്കാത്തിരി'ക്കുന്നവരുടെ കൂട്ടമായി മനുഷ്യര്‍ മാറുന്നു. വ്യാജപ്രതീകങ്ങളെയാണ് നാം കാത്തിരിക്കുന്നത്.

ജീവിതത്തിന് തനിമയും അര്‍ത്ഥവും പകര്‍ന്നുനല്‍കുന്ന ചിലതെല്ലാം നാം സ്വയം കണ്ടെത്തേണ്ടതാണ്. ഓരോ വ്യക്തിക്കും ഓരോ നിയോഗമാണുള്ളത്. മറ്റുള്ളവരുടെ ജീവിതം നമുക്കുള്ളതല്ല. നമ്മുടെ വഴിയാണ് നമുക്കു സഞ്ചരിക്കാനുള്ളത്. എല്ലാവരും സഞ്ചരിക്കുന്ന പാത നമുക്കുള്ളതാകണമെന്നില്ല. കുറച്ചുകാലം മാത്രം നിലനില്‍ക്കുന്ന ഈ വാഴ്വ് ചില പൊരുളുകള്‍ നിറഞ്ഞതാക്കാനും നമുക്കു കഴിയും. എന്നാല്‍ സാഹചര്യങ്ങള്‍ അത്ര അനുകൂലമല്ല. വിപണിമൂല്യമാണ് എന്തിന്‍റെയും വില നിശ്ചയിക്കുന്നത്. വിപണിയില്‍ വിലയില്ലാത്തതിന് ഇന്ന് നിലനില്‍ക്കാന്‍ അര്‍ഹതയില്ല. അതുകൊണ്ടാണ് ചില മൂല്യങ്ങള്‍ അസംഗതമാകുന്നത്. വ്യാപാരത്തില്‍ നേട്ടമുണ്ടാക്കാന്‍ ഒന്നിന്‍റെയും തടസ്സമുണ്ടാകരുത്. മണ്ണും മനുഷ്യനും പ്രകൃതിയും മൂല്യങ്ങളുമെല്ലാം വസ്തുക്കള്‍ മാത്രമാകുന്നു.

ഇത്രവേഗത്തില്‍ നാം എങ്ങോട്ടാണ് പോകുന്നത്? എല്ലാം തച്ചുടച്ചുകൊണ്ടുള്ള ഈ പോക്ക് നമ്മെ എവിടെയെത്തിക്കും? ചിലതെല്ലാം നിലനിന്നില്ലെങ്കില്‍ നമുക്കൊരു നാളെയുണ്ടോ? ചോദ്യങ്ങള്‍ക്ക് അവസാനമില്ല. എങ്കിലും ചോദിക്കാതിരിക്കാനാവില്ല. കാരണം ചില അന്വേഷണങ്ങളെങ്കിലുമില്ലെങ്കില്‍ എന്തെങ്കിലും വെളിച്ചം അവശേഷിക്കുമോ! വല്ലാത്തൊരു അസംബന്ധസ്വഭാവത്തിലേക്കു പരിണമിച്ചുകൊണ്ടിരിക്കുന്ന കാലത്തെ നോക്കി ചിരിക്കാനേ കഴിയൂ! എങ്കില്‍ അതെങ്കിലും സാധിക്കട്ടെ. 

You can share this post!

മികച്ച ബന്ധങ്ങള്‍ക്കായി ചില ദീര്‍ഘകാലപദ്ധതികള്‍

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts