2013 ജൂണ്‍ 17ന് ഇസ്താംബൂളിലെ ഗെസി പാര്‍ക്കില്‍ ഏര്‍ദെം ഗുണ്ടൂസ് എന്ന മുപ്പത്തിനാലുകാരനായ നൃത്തസംവിധായകന്‍, അവിടെ പ്രകടനങ്ങള്‍ നിരോധിച്ചതിനെതിരെ എട്ടുമണിക്കൂര്‍ ഒരേ നില്‍പ്പില്‍നിന്ന് പ്രതിഷേധിച്ചു. ഇന്‍റര്‍നെറ്റിലൂടെ വാര്‍ത്ത പരന്നതോടെ നൂറുകണക്കിനാളുകള്‍ നിയമപാലകരെ നിസ്സഹായരാക്കിക്കൊണ്ട് അയാള്‍ക്കൊപ്പം ചേര്‍ന്നു നിലയുറപ്പിച്ചു. 'നില്‍ക്കുന്ന മനുഷ്യന്‍' എന്ന് പ്രശസ്തനായ ഏര്‍ദെം അഹിംസാത്മക പ്രതിരോധത്തിന്‍റെ പ്രതീകമാണിപ്പോള്‍. അദ്ദേഹത്തെക്കുറിച്ച് സച്ചിദാനന്ദന്‍ എഴുതിയ കവിതയാണ് 'നില്‍ക്കുന്ന മനുഷ്യന്‍.'
"ഒരു മനുഷ്യന്‍ നില്‍ക്കുന്നു
നിശ്ചലം നിശ്ശബ്ദം
പ്രകടനം നിരോധിച്ച
പാര്‍ക്കില്‍"
എന്നു തുടങ്ങുന്ന കവിത പ്രതിരോധത്തിന്‍റെ പുതിയൊരു അടയാളമായി ഏര്‍ദെമിനെ ഉയര്‍ത്തിക്കാണിക്കുന്നു. ഒരാള്‍ നൂറാളുകളായും ആയിരമായും പെരുകുന്നു. അവരെല്ലാം നിശ്ചലമായി നില്‍ക്കുന്നു. അധികാരത്തിന്‍റെ ശക്തിയെ അങ്ങനെ അവര്‍ വെല്ലുവിളിക്കുന്നു. തിരുവനന്തപുരത്ത് ആദിവാസികള്‍ നടത്തിയ നില്‍പ്പുസമരം ഇതിനു സമാന്തരമായി നമുക്കോര്‍ക്കാം. തങ്ങള്‍ക്കു നിലനില്‍ക്കാനുള്ള ഇടത്തിനായി, അവകാശത്തിനായി അവര്‍ നടത്തിയ സമരമായിരുന്നു അത്. അനീതികള്‍ക്കെതിരെ മനുഷ്യന്‍ ഉയര്‍ന്നുനില്‍ക്കുന്നതിന്‍റെ പ്രതീകമാണ് ഈ സമരങ്ങള്‍. തങ്ങളെ രക്ഷിക്കാന്‍ മറ്റാരും വരാനില്ല എന്ന തിരിച്ചറിവില്‍നിന്നാണ് പ്രാന്തവല്‍ക്കരിക്കപ്പെട്ട, മാറ്റിനിര്‍ത്തപ്പെട്ട സമൂഹങ്ങള്‍ നട്ടെല്ലുനിവര്‍ത്തി എഴുന്നേല്ക്കുന്നത്. ഇത് സമൂഹത്തോടും ലോകത്തോടുമുള്ള വലിയ ചോദ്യമാണ്; അധര്‍മ്മത്തിനെതിരെയുള്ള ചോദ്യം. അതുകൊണ്ടാണ് സച്ചിദാനന്ദന്‍ ഇപ്രകാരം എഴുതുന്നത്:
"ഇതൊരു രാജ്യമാണ്
അനീതിയോട് എതിരിടുന്ന
ഒരു രാജ്യം.
സ്വേച്ഛാധിപതികള്‍ക്കെതിരെ
നിലയുറപ്പിച്ച ഒരു രാജ്യം
ഭാവിയുടെ തിളങ്ങുന്ന ഒരു തുണ്ട്"
ഈ പ്രതീക്ഷയുടെ 'തുണ്ട്' നാളെ പുതിയ അധ്യായങ്ങള്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തേക്കാം. ഒരാളുടെ നില്‍പ്പ് അനേകരുടെ പ്രതിഷേധമായി മാറാം.
"നിരോധിച്ച ഒരിടത്ത്
ഒറ്റയ്ക്കു നില്‍ക്കുന്ന
മനുഷ്യനാണ് കവിത"
എന്ന് കവിതയെയും അഹിംസാത്മകപ്രതിഷേധമായി കവി കാണുന്നു. 'പാതകങ്ങള്‍ മഴപോലെ പെയ്യുന്ന' കാലത്ത് കൂടുതല്‍ ശക്തമായ പ്രതിരോധങ്ങള്‍ അനിവാര്യമാകുന്നു. അതിന് കവിയും കവിതയും പിന്തുണയേകുന്നുവെന്നാണ് സച്ചിദാനന്ദന്‍ സൂചിപ്പിക്കുന്നത്.
ടാക്സിന്‍ സ്ക്വയറില്‍ നടന്ന ഇണകളുടെ ചുംബനപ്രതിഷേധത്തെയും സച്ചിദാനന്ദന്‍ നില്‍പ്പുസമരത്തോടു ചേര്‍ത്തുനിര്‍ത്തുന്നു. വര്‍ത്തമാനകാലത്തിന്‍റെ കൊല്ലുന്ന നിയമത്തെയാണ് അവര്‍ ലംഘിക്കുന്നതെന്ന് കവി പറയുന്നു. കൂടാതെ അവര്‍ പുതിയ നിയമം സൃഷ്ടിക്കുകയാണ്.
"അവര്‍ നിയമം
നിര്‍മ്മിക്കുകയാണ്
ഭാവിയുടെ ജീവിപ്പിക്കുന്ന
നിയമം."
കൊല്ലുന്ന നിയമങ്ങള്‍ക്കു ബദലായി ജീവിപ്പിക്കുന്ന നിയമം.
'സ്പര്‍ശം' എന്ന കവിതയില്‍ സ്പര്‍ശത്തിന്‍റെ അര്‍ത്ഥസാധ്യതകളാണ് കവി അന്വേഷിക്കുന്നത്. ഓരോ സ്പര്‍ശത്തിനും ഓരോ അര്‍ത്ഥമാണുള്ളത്. ഓരോ ജീവജാലവും സ്പര്‍ശത്തിന്‍റെ പരിധിയിലാണ്.
"നട്ടുനനച്ചവളുടെ സ്പര്‍ശത്തില്‍
വൃക്ഷം കോരിത്തരിച്ചു പൂവിടുന്നു
വെട്ടുകാരന്‍റേതില്‍ ഞെട്ടി ഇല പൊഴിക്കുന്നു."
ഇതു രണ്ടുതരത്തിലുള്ള സ്പര്‍ശത്തിന്‍റെ അനുഭവമാണ്. സ്പര്‍ശത്തില്‍നിന്നാണ്, സ്പര്‍ശത്തിലൂടെയാണ് ആഴത്തിലുള്ള സ്നേഹാനുഭവത്തിലേക്ക് ലോകം വളരുന്നത്. എല്ലാ സ്പര്‍ശങ്ങളും സംശയഗ്രസ്തമാകുന്ന സാഹചര്യത്തില്‍ സ്പര്‍ശത്തിന്‍റെ ശുദ്ധി വീണ്ടെടുക്കേണ്ടതാണ്.
"അങ്ങനെ നാം ജനിക്കുന്നു
ഒരു സ്നേഹസ്പര്‍ശത്തില്‍നിന്ന്
ആ ഓര്‍മ്മ നഷ്ടപ്പെടുമ്പോള്‍
നാം പതുക്കെ മരിക്കുന്നു"
എന്നാണ് കവിയുടെ ദര്‍ശനം. സ്നേഹസ്പര്‍ശത്തിന്‍റെ ഓര്‍മ്മകളാണ് നമ്മെ ജീവിപ്പിക്കുന്നത്.
'പ്രാര്‍ത്ഥന' എന്ന കവിത യഥാര്‍ത്ഥസംഭവുമായി ബന്ധപ്പെട്ടതാണ്. സിറിയന്‍ വിപ്ലവത്തിനിടയില്‍ ഒരു മുത്തശ്ശി സര്‍ക്കാര്‍പട്ടാളക്കാര്‍ക്ക് പഴങ്ങള്‍ വീതിച്ചുകൊടുത്ത് കലാപകാരികളുടെ ജീവനുവേണ്ടി അഭ്യര്‍ത്ഥിച്ച സംഭവമാണ് ഈ കവിതയുടെ പ്രചോദനം. ആ മുത്തശ്ശി പട്ടാളക്കാരുടെ മുന്നില്‍ പ്രാര്‍ത്ഥിക്കുന്നു. ഓരോരുത്തരെയായി രക്ഷിക്കണമെന്നാണ് പ്രാര്‍ത്ഥന.
"പകരം ഈ തള്ളയെ
വെടിവെച്ചോളൂ
സ്വാതന്ത്ര്യം മരിക്കുന്നിടത്ത്
എനിക്കും ജീവിക്കേണ്ടാ
ദൈവത്തെയും കൊന്നോളൂ
വെറുപ്പു നിറഞ്ഞിടത്ത്
ദൈവത്തിനിടമില്ല."
എന്നാണ് മുത്തശ്ശി അഭ്യര്‍ത്ഥിക്കുന്നത്. സ്വാതന്ത്ര്യം മരിക്കുന്നിടത്ത് ജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുന്നു. അതുപോലെ വെറുപ്പു നിറഞ്ഞിടത്ത് ദൈവത്തിന് ഇടമില്ല. സ്വാതന്ത്ര്യവും സ്നേഹവും നിറഞ്ഞിടത്ത് ജീവിക്കുമ്പോഴാണ് മനുഷ്യജീവിതം പൂത്തുലയുന്നത് എന്ന് കവി വിശ്വസിക്കുന്നു.
നമ്മുടെ 'വാസനകളുടെ മുന ചതഞ്ഞുപോയിരിക്കുന്നു'വെന്ന് കവി നിരീക്ഷിക്കുന്നു. നമ്മുടെ ജാഗ്രത്തായ സ്പര്‍ശനികള്‍ മരവിച്ചുപോയിരിക്കുന്നു. അതുകൊണ്ട് നാമൊന്നും അറിയുന്നില്ല. നിസ്സംഗതയാണ് നമ്മെ ഭരിക്കുന്നത്. നാം നമ്മില്‍ ചുരുണ്ടുകൂടിയിരിക്കുന്നു. ഒരിടത്തും പുതിയ ചോദ്യങ്ങള്‍ കിളിര്‍ക്കുന്നില്ല. എല്ലാ അനീതികളോടും അധര്‍മ്മത്തോടും നാം സന്ധിചെയ്തിരിക്കുന്നു. യാഥാര്‍ത്ഥ്യത്തോടു മുഖാമുഖം നില്‍ക്കാന്‍ നാം ഭയക്കുന്നു. അങ്ങനെയൊരു ജീവിതത്തിന് എന്തര്‍ത്ഥമാണുള്ളത്? ശൂന്യതയുടെ പുതിയ തുരുത്തുകള്‍ സൃഷ്ടിച്ച് നാം മാറിനില്‍ക്കുന്നു. ഇത് തിരിച്ചറിയുന്നിടത്താണ് പുതിയ ജീവിതത്തിനായുള്ള തുടക്കം എന്ന് കവി വിശ്വസിക്കുന്നു. ഈ നിസ്സംഗത നമ്മെ ഇല്ലാതാക്കും എന്നതാണ് സത്യം. യാഥാര്‍ത്ഥ്യത്തെ മുഖാമുഖം ദര്‍ശിക്കാനാണ് ഈ ജീവിതം. അങ്ങനെ വരുമ്പോള്‍ നമ്മുടെ ജാഗ്രതയ്ക്ക് ജീവന്‍വയ്ക്കും.
"ശത്രുവിനെ ഓര്‍മ്മിക്കുക
ഭൂമിയുടെ വാതിലില്‍ കാവലിരിക്കുക
ദിക്കുകളുടെ കടിഞ്ഞാണ്‍ പിടിക്കുക
പുഴയെടുത്തു കഴുത്തിലണിയുക
നെഞ്ചില്‍ കാട്ടുപച്ച കുത്തുക
ശൂന്യതയ്ക്കു മിടിപ്പു നല്‍കുക."
ഇതാണ് നമ്മുടെ ജീവിതത്തിന്‍റെ അടയാളം. എല്ലാറ്റിനും ജാഗ്രതയോടെ കാവലിരിക്കുക നമ്മുടെ നിയോഗമാണ്. ഇല്ലെങ്കില്‍ ശത്രുക്കള്‍ എല്ലാം നശിപ്പിക്കും. ഈ ശൂന്യതയ്ക്ക് പുതിയ മിടിപ്പു നല്‍കുക.
"തീക്ഷ്ണമായതെല്ലാം
പെട്ടെന്ന് കത്തിത്തീരുന്നു
ശാന്തമായതുമാത്രം
അതിജീവിക്കുന്നു,
ഹിംസയെ അതിജീവിക്കുന്ന
അഹിംസയെപ്പോലെ
യുദ്ധം തകര്‍ത്ത വീടിന്‍റെ
കല്ലുകള്‍ക്കിടയില്‍ നിന്ന്
വിരിഞ്ഞുയരുന്ന ഒരു പൂവ്"
ഈ പൂവാണ് നാളെയുടെ പ്രതീക്ഷ. നാം സൃഷ്ടിച്ച അതിരുകളെ പ്രകൃതി അതിജീവിക്കുന്നു. 'സോദരങ്ങളുടെ പോരില്‍ ചോരക്കളമായി മാറിയ ഭൂമിയില്‍' പുതിയപൂക്കള്‍ വിരിക്കുന്നു പ്രകൃതി. ഇതു നാം കാണുന്നില്ല. 'ഉറക്കെ മിടിക്കുന്ന ഹൃദയമുള്ള കാടുകള്‍ നാം' കാണാതെ പോകുന്നു. എന്തിനോ വേണ്ടി ഓടിക്കൊണ്ടിരിക്കുന്നവര്‍ സ്വാതന്ത്ര്യംപോലും നഷ്ടപ്പെടുത്തുന്നു.
അപ്പോള്‍ കവിക്കു പറയാനുള്ളതിതാണ്;
"കോപ്പകളില്‍ എന്നും പ്രത്യാശ നിറയട്ടെ
പച്ചയ്ക്കു പച്ചയും ചുകപ്പിനു ചുകപ്പും
അനന്തതയ്ക്കു ലാഘവവും
ഉണ്ടാകട്ടെ."
ഓരോന്നും അതിന്‍റെ തനിമയില്‍ ആവിഷ്കരിക്കപ്പെടുന്ന കാലമാണ് കവി സ്വപ്നംകാണുന്നത്. അല്ലെങ്കില്‍ എങ്ങനെയാണ് ലോകത്തിന് അതിജീവിക്കാന്‍ സാധിക്കുക?
"ഒരു കണ്ണില്‍ വിശ്വാസവും
മറുകണ്ണില്‍ ദൈന്യവുമായി
ഈ മനുഷ്യര്‍ എത്രനാള്‍
പിടിച്ചുനില്‍ക്കും, ഈ ഇടിമിന്നലുകള്‍ക്കു
കീഴില്‍, ഈ തിരക്കോളില്‍?"
എന്നു കവി ചോദിക്കുന്നു. സാധാരണ മനുഷ്യന് എങ്ങനെ മുന്നോട്ടുപോകാന്‍ കഴിയും എന്നതുതന്നെയാണ് പ്രധാനപ്രശ്നം.
ഒരു കവിതയില്‍ സച്ചിദാനന്ദന്‍ എഴുതുന്നതുപോലെ "അതൊരു മിടിക്കുന്ന ഹൃദയമാണ്,
നാളെ ഉണ്ടെന്ന് അതു മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നു."
സച്ചിദാനന്ദന്‍റെ കവിതകളും കാലംമിടിക്കുന്ന ഹൃദയമാണ്. വര്‍ത്തമാനത്തെയും ഭാവിയെയും ഭൂതത്തെയും ഈ കവിത സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. 'നാളെ' ഉണ്ടെന്നു നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.