പരിശുദ്ധ കന്യാമറിയത്തിന്‍റെ ഓട്ടങ്ങളും യാത്രകളും വിശുദ്ധഗ്രന്ഥം വിവരിക്കുന്നുണ്ട്. ദൈവദൂതനില്‍നിന്നു മംഗളവാര്‍ത്ത ലഭിച്ച മറിയം യൂദായുടെ കുന്നിന്‍ചെരിവിലുള്ള എലിസബത്തിന്‍റെ ഭവനത്തിലേക്ക് ഓടുന്നു. താന്‍ സ്വീകരിച്ച ദൈവാനുഭവത്തെ പങ്കുവയ്ക്കാനുള്ള ഓട്ടമായിരുന്നു അത്. ദൈവത്തിന്‍റെ സ്പര്‍ശനം ഏറ്റുമേടിച്ച ഒരാള്‍ക്ക് അടങ്ങിയിരിക്കാനാവില്ല. നിറവയറുള്ള എലിസബത്തിനെ ശുശ്രൂഷിക്കാനായി മറിയം ഓടിപ്പോയി. ദൈവത്തെ അനുഭവിച്ചവരെല്ലാം മനുഷ്യന്‍റെ അത്യാവശ്യങ്ങളിലേക്ക് ഓടിച്ചെല്ലണമെന്ന് മറിയം നമ്മെ പഠിപ്പിക്കുന്നു. പുല്‍ത്തൊഴുത്തില്‍ ജന്മം കൊടുത്തപൈതലായ യേശുവിനെ രക്ഷിക്കാനായി ഈജിപ്തിലേക്കുള്ള ഓട്ടമാണ് രണ്ടാമത്തേത്. തന്‍റെയുള്ളിലുള്ള ദൈവത്തെ നഷ്ടപ്പെട്ടുപോകാതെ കാത്തുസൂക്ഷിക്കാനുള്ള യാത്രയായിരുന്നു അത്. നമുക്കു ലഭിച്ച ദൈവാനുഗ്രഹങ്ങളെ കളയാതെ സൂക്ഷിക്കണമെന്നും നമ്മുടെ ദൈവസാന്നിധ്യാനുഭവങ്ങളെ വിലകൊടുത്തു കാക്കണമെന്നും നാം പഠിക്കുന്നു. ഹേറോദേസിന്‍റെ ഭരണകാലം കഴിഞ്ഞെന്നറിയുമ്പോള്‍ വീണ്ടും വാഗ്ദത്തഭൂമിയിലേക്ക് മറിയം തിരിച്ചോടുന്നു. നസ്രത്തില്‍ചെന്ന് തിരുക്കുടുംബമായി മറിയം ഒളിച്ചുപാര്‍ക്കുന്നു. സൂക്ഷ്മതയോടെ കാത്തുസൂക്ഷിക്കേണ്ട കുടുംബജീവിതത്തെ നാം മറിയത്തില്‍ കാണുന്നു.
മതപരമായ പാരമ്പര്യപ്രകാരം 12 വയസ്സുള്ള യേശുവിനെ ദൈവാലയത്തില്‍ കൊണ്ടുപോകുന്ന മറിയത്തെയാണ് നാം പിന്നീട് കാണുന്നത്. മറിയം തന്‍റെ ഓട്ടത്തിന്‍റെ യാത്ര തുടരുകയാണ്. കുഞ്ഞുങ്ങള്‍ക്കു ജന്മം കൊടുക്കുന്ന ഓരോ അമ്മയും മക്കളെ ദൈവത്തിനു സമര്‍പ്പിക്കണമെന്നും ദൈവാനുഭവത്തില്‍ വളര്‍ത്തണമെന്നും ഈ ഓട്ടം നമ്മെ ഓര്‍മിപ്പിക്കുന്നു. ദൈവാലയത്തിലെ പ്രാര്‍ഥനകള്‍ക്കുശേഷം തിരിച്ചുപോരുമ്പോള്‍ യേശുവിനെ കാണാതെ പോകുന്നു. മകനെ കാണാതായ അമ്മയുടെ ഹൃദയം അസ്വസ്ഥമായി. മനസ്സില്‍ ഭാരവുമായി മറിയം ദൈവാലയത്തിലേക്കു തിരിച്ചോടി. മൂന്നാംദിവസം യേശുവിനെ കണ്ടുകിട്ടിയപ്പോള്‍ തന്‍റെ ഓട്ടത്തിന്‍റെ പ്രതിഫലം മറിയം അനുഭവിച്ചു. നഷ്ടപ്പെട്ടുപോയ ദൈവത്തെ കണ്ടുപിടിക്കുന്നതുവരെ ഓട്ടം തുടരണമെന്നും മറിയം ഓര്‍മിപ്പിക്കുന്നു. നമ്മുടെയൊക്കെ അനുദിനജീവിതത്തില്‍ ദൈവത്തെ നഷ്ടപ്പെട്ടവരാണോ നമ്മള്‍? കുടുംബപ്രാര്‍ഥനയും വ്യക്തിപരമായ പ്രാര്‍ഥനയും ബൈബിള്‍ വായനയുമൊക്കെ നിന്നുപോയ ജീവിതങ്ങള്‍ ദൈവത്തെ നഷ്ടപ്പെട്ട ജീവിതങ്ങളാണ്. നഷ്ടപ്പെട്ട ദൈവസാന്നിധ്യത്തിലേക്ക് നാം മടങ്ങണം. അവിടെ ഒരു കണ്ടുമുട്ടലുണ്ടാവും. ആ കണ്ടുമുട്ടലില്‍ നാം പുതിയ മനുഷ്യരായിത്തീരും.
കാനായിലെ കല്യാണവീട്ടില്‍വച്ചാണ് മറിയത്തെ നാം വീണ്ടും കാണുന്നത്. എല്ലാ കണക്കുകൂട്ടലുമുള്ള കല്യാണവീട്ടില്‍ വീഞ്ഞ് തീര്‍ന്നപ്പോള്‍ അവരുടെ വേദനയിലേക്ക് മറിയം കടന്നുവരുന്നു. കുരുക്കിടുവാന്‍ മനുഷ്യനു കഴിയുമ്പോള്‍ കുരുക്കഴിക്കാന്‍ ദൈവത്തിനേ കഴിയൂ എന്ന് മറിയം പഠിപ്പിച്ചു. പ്രശ്നങ്ങള്‍ക്കു പരിഹാരം തരുന്നവന്‍ പന്തലിന്‍റെയുള്ളില്‍ തന്നെയുണ്ടെന്ന് മറിയം നമ്മെ ബോധ്യപ്പെടുത്തുന്നു. മനുഷ്യന്‍റെ സകല പ്രശ്നങ്ങളും തമ്പുരാന്‍റെയടുക്കല്‍ കൊണ്ടുവന്നു പരിഹരിക്കണമെന്ന പാഠമാണ് മറിയം പഠിപ്പിക്കുന്നത്. കുരിശിന്‍റെ ചുവട്ടിലേക്ക് ഓടുന്ന മറിയത്തിന്‍റെ രൂപമാണ് പിന്നീട് നാം കാണുന്നത്. കുരിശിന്‍ചുവട്ടില്‍ മറിയം നിന്ന പാറമേല്‍ ചോരത്തുള്ളികള്‍ ഇറ്റിററുവീണു. മറിയം ആകാശത്തിലേക്കു കണ്ണുനട്ടു പറഞ്ഞു, "നിന്‍റെ ഇഷ്ടം എന്നിലും എന്‍റെ പ്രിയ മകനിലും നിറവേറട്ടെ."
സെപ്റ്റംബര്‍ മാസത്തില്‍ മറിയത്തിന്‍റെ ജനനത്തിരുനാള്‍ നാം ആഘോഷിക്കുന്നു. അധികമൊന്നും സംസാരിക്കാതെ നടന്ന അമ്മയാണ് മറിയം. ദൈവത്തോടും ദൈവപുത്രനോടും ദൈവകുമാരനോടും മാത്രം സംസാരിച്ച അമ്മ. ഒരുപാടു ബഹളം വച്ചുനടക്കുന്ന ലോകത്തിന്‍റെ മുമ്പില്‍ നിശ്ശബ്ദയായി മറിയം നില്ക്കുന്നു. "ഞാന്‍ കളിമണ്ണാണ്. നീയാണ് കുശവന്‍" എന്നു പറഞ്ഞുകൊണ്ട് മറിയം സമ്പൂര്‍ണസമര്‍പ്പണം നടത്തി. "ഇതാ കര്‍ത്താവിന്‍റെ ദാസി" യെന്നു പറഞ്ഞ് ജീവിതം തുടങ്ങിയ മറിയം "അവന്‍ പറയുന്നതുപോലെ ചെയ്യുക" എന്നു പറഞ്ഞു ബൈബിളിന്‍റെ താളുകളില്‍നിന്ന് അപ്രത്യക്ഷയായി. ഈ അമ്മയുടെ ജന്മത്തിരുനാളിന്‍റെ ഓര്‍മകള്‍ മനസ്സിലലയടിച്ചുയരുമ്പോള്‍ മറിയത്തിന്‍റെ ജീവിതമാതൃകകള്‍ നമ്മെ സ്പര്‍ശിക്കണം. ദൈവസ്നേഹത്തിന്‍റെ ഓട്ടം നടത്തിയ അമ്മ നമുക്കും ആ തീക്ഷ്ണത ലഭിക്കാന്‍ എന്നെന്നും പ്രാര്‍ഥിക്കുന്നു.