ജാതിവിചാരങ്ങള്‍ പെരുകുന്ന / തെളിയുന്ന കാലമാണിത്. വസ്ത്രത്തിനും തൊഴിലിനും ഭക്ഷണത്തിനും വരെ ജാതിയുണ്ടെന്നു സമകാലിക സംഭവങ്ങളും സംവാദങ്ങളും വിവാദങ്ങളും വിളിച്ചോതുമ്പോള്‍ പുതുതിരിച്ചറിവുകള്‍ എല്ലാത്തരം അയിത്ത ബോധങ്ങളില്‍നിന്നും നമ്മെ വിമുക്തരാക്കണം. അതിരുകള്‍ മായ്ക്കുന്ന ക്രിസ്തു സ്നേഹം അളവില്ലാതൊഴുകട്ടെ. എല്ലാവര്‍ക്കുമിടമുള്ള പുല്‍ക്കൂടും എല്ലാവര്‍ക്കും അഭയമേകുന്ന കുരിശുമാണവന്‍റെ സൂചകങ്ങള്‍. അവഗണനകളും മാറ്റിനിര്‍ത്തലുകളും ക്രൈസ്തവികതയ്ക്കിണങ്ങുകയില്ലെന്നു വ്യക്തം. തീവ്രമതബോധത്തിന്‍റെ വക്താവാ യിരുന്ന സാവൂളിനെ വിജാതീയരുടെ അപ്പസ്തോലനായ പൗലോസായി പരിവര്‍ ത്തിപ്പിച്ച ക്രിസ്ത്വനുഭവം നമ്മിലിനിയും ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു; മാറ്റിനി ര്‍ത്തപ്പെട്ടവരിലേക്കു ചേര്‍ന്നുനില്ക്കുന്ന ക്രിസ്തുശൈലി നാമിനിയും സ്വന്തമാക്കേ ണ്ടിയിരിക്കുന്നു. മഹിമാ ബോധങ്ങളും പണവും പ്രതാപങ്ങളുമൊക്കെ നിര്‍ണയിക്കുന്ന വിടവുകളെ സ്നേഹത്താല്‍ മറികടക്കാനാകുമ്പോഴാണ് ക്രിസ്തുവിന്‍റെ പാതയില്‍ നാമണയുക. മതിലുകളില്ലാത്ത ലോകമാണ് സ്നേഹരാജ്യമാവുക; ദൈവരാജ്യമാവുക. 'അവിടത്തെ രാജ്യം വരേണമേ' എന്ന് അര്‍ത്ഥമറിഞ്ഞു പ്രാര്‍ത്ഥിക്കാനാകണം, ജീവിതത്തെ തദനുസൃതം ക്രമപ്പെടുത്താനാകണം.
അകലങ്ങളെ എത്തിപ്പിടിക്കലാണു നോമ്പ്. അനിഷ്ടങ്ങളാല്‍ അകറ്റിനിര്‍ത്തിയവരെ ചേര്‍ത്തു പിടിക്കാനാകണം, ചെയ്തികളാല്‍ അകന്നുപോയ പുണ്യങ്ങളെ നന്മകളാല്‍ എത്തിപ്പിടിക്കാനും വീണ്ടെടുക്കാനു മാകണം. അകലെ നില്ക്കുന്നതു മരമല്ലെന്നും മനുഷ്യനാണെന്നും സഹോദരനാണെന്നുമുള്ള തിരിച്ചറിവാണ് പ്രഭാതമായെന്നറിയാനുള്ള മാര്‍ഗ്ഗമെന്ന് ഗുരുമൊഴി.
അകലെ നില്ക്കുന്നതു കര്‍ത്താവാണെന്ന തിരിച്ചറിവാണു സ്നേഹമുള്ള ശിഷ്യത്വമെന്ന് ആദ്യ ശിഷ്യരുടെ ജീവിതമൊഴി (യോഹ.21,7). അകലങ്ങളിലുള്ള അനുഗമനങ്ങളില്‍ തള്ളിപ്പറയലുണ്ടാകുമെന്നതിനാല്‍ നോമ്പൊരുക്ഷണമാണ്; അടുത്തിരിക്കാന്‍ (ഉപവസിക്കാന്‍), ഒന്നായിത്തീരാന്‍. അവനിലൊന്നാകുക (യോഹ. 17, 21) എന്നതാണല്ലോ വിളിയും പരമമായ നിയോഗവും.
നോമ്പിന്‍റെ സാരം ദൈവസാമീപ്യവും സായൂജ്യവുമാണ്. പ്രാര്‍ത്ഥനകളും പരിത്യാഗങ്ങളും ദൈവത്തെ കാട്ടിത്തരുന്നതും ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നതുമാകണം. ഭോജ്യങ്ങള്‍ വെടിയുകയെന്നതു മാത്രമല്ല നോമ്പിന്‍റെ സാരമെന്നു പഠിപ്പിക്കുന്ന സഭ, പരിപാവനമായ ഉപവാസത്തിന്‍ പാത 'ഉള്‍ക്കളമഴകിലൊരുക്കീടാനും അപരനുതുണതന്‍ കരമേകാനും സഹജരെ നിത്യം സേവിക്കാനു'മുള്ള ശൈലിയായി ഭവിക്കണമെന്ന് ആഗ്രഹിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
നോമ്പു ദൈവത്തെ കാണലാണ്; തന്നിലും അപരനിലും. അതിനാല്‍ ഹൃദയം ദേവാലയമാ ക്കാനും ജീവിതം ബലിയാക്കി മാറ്റുവാനുമുള്ള അവസരമാക്കി മാറ്റാം നോമ്പിന്‍ നാളുകളെ. 'ദൈവം എല്ലായിടത്തുമുണ്ടല്ലോ, പിന്നെന്തിനു ദേവാലയത്തില്‍ പോകണം' എന്ന ചോദ്യമുന്നയിച്ച ശിഷ്യനോട് ഗുരുവിന്‍റെ മറുപടി 'ദൈവം എല്ലായിടത്തുമുണ്ട്; പക്ഷേ ഞാന്‍ എല്ലായിടത്തും ഒന്നുപോലെയല്ല' എന്നതായിരുന്നു. എന്നും ഒന്നുപോലെ യല്ലാത്ത നമുക്കുള്ള അവസരമാണു നോമ്പ്. കുറച്ചു ദിവസങ്ങള്‍, നിമിഷങ്ങള്‍ ആത്മാന്വേഷണത്തിനും ദൈവാന്വേഷണത്തിനുമായി മാറ്റി വയ്ക്കാന്‍; തദ്വാരാ കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യരും ദൈവമക്കളുമാകാന്‍.
നോമ്പു വിചാരങ്ങളിലെല്ലാം യാത്രയുടെ സൂചകങ്ങളുണ്ട്. പുറപ്പാടിന്‍റെ സ്മരണയാണല്ലോ നോമ്പുദിനങ്ങളുടെ സംഖ്യാപരസൂചകം. തിരിഞ്ഞു നടക്കലെന്ന രൂപകം നോമ്പിന്‍റെ ചൈ തന്യത്തോടു ചേര്‍ത്ത് ഏറെ ഉപയോഗിക്കാറുണ്ട്. പറുദീസാനുഭവത്തിലേക്ക് - ദൈവൈക്യത്തിലേക്ക് - തിരികെ നടക്കാനുള്ള ക്ഷണമായി നോമ്പിനെ തിരിച്ചറി യുമ്പോള്‍ ഈ മടക്കയാത്രയിലെ മനോഭാവങ്ങളും സുപ്രധാനങ്ങളാകുന്നു. അനുതാപത്തോടെ തിരിഞ്ഞു നടന്ന ധൂര്‍ത്തപുത്രനെയും (ലൂക്കാ 15: 11-32) നന്ദിയോടെ തിരികെ വന്ന സുഖമാക്കപ്പെട്ട കുഷ്ഠരോഗിയെയും (ലൂക്കാ 17: 12-19) നോമ്പിലെ മടക്കയാത്രകളുടെ മാതൃകയായി അവതരിപ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പാ സൗഖ്യത്തിന്‍റെയും വീണ്ടെടുപ്പിന്‍റെയും ഇടമായി കുമ്പസാരക്കൂടിനെ ഉയര്‍ത്തിക്കാട്ടുന്നു. ഏറ്റുപറച്ചിലിന്‍റെ കുമ്പസാരക്കൂടുകളിലും അനുരഞ്ജനത്തിന്‍റെ ബലിവേദികളിലും നന്ദിയോടെ അണയാന്‍ നോമ്പു നമ്മെ ഒരുക്കട്ടെ.
നുകങ്ങള്‍ എടുത്തുമാറ്റല്‍ നോമ്പിന്‍റെ നിയോഗമാണ്. കുറ്റപ്പെടുത്തലുകളാലും പഴിചാരലുകളാലുമൊക്കെ വാക്കുകൊണ്ടും സ്വാര്‍ത്ഥതയാലും വിദ്വേഷത്താലുമൊക്കെ പ്രവൃത്തികൊണ്ടും നിസംഗതകൊണ്ടും അപരനുമേല്‍ ചുമത്തിയനുകങ്ങളെടുത്തു മാറ്റുവാനുള്ള ആഹ്വാനമാണു നോമ്പ്. 'ഒരു പീഡയെറുമ്പിനും വരുത്തരുതെന്നു ള്ളനുകമ്പ' (അനുകമ്പാദശകം) എന്ന ഗുരുവരിയെ ശീലിക്കുന്ന കാലമായി നോമ്പിനെ മാറ്റാനായാല്‍ ഇതു ജീവിതത്തിന്‍റെ വരള്‍ച്ചയല്ല, വസന്തമാകും. ആത്മനവീകരണത്തിന്‍റെ ഫലങ്ങള്‍ നന്മയുടെ പരിമളം പരത്തും.
പ്രാര്‍ത്ഥനോപവാസങ്ങളോടൊപ്പം ദാനധര്‍മ്മത്തിന്‍റെ പാഠവും നോമ്പിന്‍റെ ഭാവമായി സഭ ഉയര്‍ത്തിക്കാട്ടാറുണ്ട്. നിനക്കുള്ളതെല്ലാം പങ്കിടാന്‍ ഉപദേശിക്കുന്ന ഗുരുവിനെയാണ് അനുഗമിക്കുന്നതെങ്കില്‍ ദാനധര്‍മ്മം പണത്തിന്‍റെ പകുത്തു നല്കല്‍ മാത്രമല്ല. സമയവും സന്തോഷവുമെല്ലാം സമ്പത്താണ്; പങ്കിട്ടേ മതിയാവൂ. അവഗണനകളുടെ ലോകത്ത് ഒരു പുഞ്ചിരി പോലും വിലയേറിയ ദാനമാണ്. തിരക്കുപിടിച്ച ലോകത്ത് ദൈവത്തിനായും സഹോദരര്‍ക്കായും നമ്മുടെ സമയത്തെ പകുത്തു വയ്ക്കാന്‍ ഈ നോമ്പില്‍ തീരുമാനിക്കാം, ശീലിക്കാം. 'അവനൊരു അപരിചിതനായിരുന്നു. ഒരു പുണ്യസ്ഥലം തേടുന്ന പഥികനും നമ്മുടെ വാതിലുകളില്‍ മുട്ടിയ ഒരു സന്ദര്‍ശകനും വിദൂരദേശത്തു നിന്നുള്ള ഒരതിഥിയുമായിരുന്നു. കരുണയുള്ള ഒരു ആതിഥേയനെപ്പോലും കണ്ടുമുട്ടാത്തതിനാല്‍ അവന്‍ സ്വന്തം സ്ഥലത്തേക്കു മടങ്ങിപ്പോയി'- ഖലീല്‍ ജിബ്രാന്‍ (മനുഷ്യപുത്രനായ ഈശോ). നോമ്പ് നമ്മുടെ പരിസരങ്ങളില്‍ കരുണയുടെ ഇടങ്ങള്‍ തീര്‍ക്കട്ടെ; നമ്മെ കരുണയുള്ളവരാക്കട്ടെ. കരുണയുടെ കരങ്ങള്‍ വിരിച്ചുകൊണ്ട് നോമ്പിന്‍റെ ധന്യമായ പ്രാര്‍ത്ഥന നമുക്കും ഏറ്റു ചൊല്ലാം : 'കര്‍ത്താവേ, കരുണയുണ്ടാകണമേ.'