news-details
വേദ ധ്യാനം

അന്ധത നരകത്തിലേക്കുള്ള പാസ്പോര്‍ട്ട്

ധനവാന്‍റെയും ലാസറിന്‍റെയും ഉപമ (ലൂക്കാ 16:19-31) യുടെ വ്യാഖ്യാനത്തില്‍ ധനവാനെ നരകത്തിലേക്കു തള്ളിയ അയാളുടെ തിന്മകളെക്കുറിച്ചും ലാസറിന് സ്വര്‍ഗത്തില്‍ ഇടം കൊടുത്ത അയാളുടെ സഹനശീലത്തെക്കുറിച്ചും വിശദീകരണങ്ങള്‍ കേട്ടിട്ടുണ്ട്. അത്തരം വിശദീകരണങ്ങളൊന്നും തന്നെ ഉപമയോടു നീതി പുലര്‍ത്തുന്നതേയല്ല. ദൈവവുമായോ മതവുമായോ ബന്ധപ്പെട്ട് ഏതെങ്കിലും വീഴ്ച ധനവാനു സംഭവിച്ചതായി ചെറി യൊരു സൂചനപോലും ഉപമ നല്‍കുന്നില്ല. ലാസറിന്‍റെ ക്ഷമാശീലത്തെക്കുറിച്ചോ, സഹനങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുത്തതിനെക്കുറിച്ചോ സങ്കല്‍പനങ്ങള്‍ മെനയാമെന്നല്ലാതെ, ഉപമ ഇത്തരം കാര്യങ്ങളെക്കുറിച്ച് 'കമാ'ന്നൊരു വാക്കു പറയുന്നില്ല.

ഏതൊരു ഉപമയുടെ വ്യാഖ്യാനത്തിലും അവശ്യം അന്വേഷിക്കേണ്ടത് പ്രസ്തുത ഉപമയുടെ സന്ദര്‍ഭമാണ്. ധനവാന്‍റെയും ലാസറിന്‍റെയും ഉപമ യേശു ആരോടാണു പറഞ്ഞത്? ഇതിനുത്തരം ലൂക്കാ 16:13 ലുണ്ട്: പണത്തോട് ആസക്തിയുള്ള  ഫരിസേയരോടാണ് ഈ ഉപമ യേശു പറഞ്ഞത്. ദൈവത്തിനും മാമോനുമിടയില്‍ ഒരു പാലമിട്ട് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാമെന്നത് ഒരു വ്യാമോഹം മാത്രമാണെന്നുള്ള യേശുവിന്‍റെ ദര്‍ശനത്തോടു പുച്ഛത്തോടെ പുറംതിരിഞ്ഞുനിന്നവരോട് അവന്‍ പറഞ്ഞ കഥയാണിത്. അപ്പോള്‍, മതാത്മകതയുടെ നൂലാമാലകളില്‍ കുടുങ്ങിക്കിടന്ന് ആത്മീയരെന്നു ഭാവിക്കുമ്പോഴും മാമോനെ ദൈവത്തിനൊപ്പം പ്രതിഷ്ഠിച്ച് സത്യത്തില്‍ ലൗകികായതയില്‍ ജീവിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ഉപമ. അതുകൊണ്ടുതന്നെ ഈ ഉപമ വിമര്‍ശന വിധേയമാക്കുന്നത് ഫരിസേയരുടെയും (ഒപ്പം നമ്മുടെയും) ആത്മരക്ഷയെക്കുറിച്ചുള്ള പരികല്‍പനയാണ്.

ധൂര്‍ത്തപുത്രന്‍റെ ഉപമയെ (ലൂക്കാ 15:11-32) അധികരിച്ച് ഇളയവന്‍ എന്തുകൊണ്ട് വീടു വിട്ടു പോയി എന്ന രീതിയിലുള്ള വിചിന്തനം കഥയെ അനാവശ്യമായി വലിച്ചുനീട്ടലാണ്. (ധൂര്‍ത്ത പുത്രന്‍റെ വീട്ടിലെ അമ്മയുടെ അഭാവത്തെക്കുറിച്ചൊക്കെയാണു ചില ഉദീരണങ്ങള്‍! ഉപമ പറഞ്ഞ വ്യക്തിയേക്കാള്‍ വ്യാഖ്യാതാവിനു കാര്യങ്ങളറിയാം എന്ന ഈഗോയുടെ പ്രയോഗമാണ് ഇത്തരം വ്യാഖ്യാനങ്ങള്‍.) അതുപോലെതന്നെ, ലാസര്‍ എങ്ങനെ സ്വര്‍ഗത്തിലെത്തി എന്നതല്ല ഈ ഉപമയുടെ പ്രധാനപ്രമേയം. ലാസര്‍ കഥയില്‍ ഉടനീളം ഒരു നിശ്ശബ്ദ കഥാപാത്രമാണ്. മാലാഖമാരും ധനവാന്‍റെ അഞ്ചു സഹോദരന്മാരും നായ്ക്ക ളുമെന്നതുപോലെ മാത്രമുള്ള കഥാപാത്രം. കഥയുടെ വിവിധ ചേരുവകളാണ് ഇവരെല്ലാം. നമ്മുടെ ഉപമയില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നതും സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതും ധനവാനാണ്. അതുകൊണ്ടുതന്നെ ധനവാനാണ് കേന്ദ്രകഥാപാത്രം.  അയാള്‍ എങ്ങനെ നരകത്തിലെത്തി  എന്നതാണു കഥയുടെ കേന്ദ്രപ്രമേയം.

ഭൂമിയിലുള്ള തന്‍റെ സഹോദരന്മാരെങ്കിലും താന്‍ തിരിച്ചറിയാതെപോയ കാര്യം അറിയണമെന്ന് ധനവാന്‍ ആഗ്രഹിക്കുന്നുണ്ടല്ലോ. വെറുതെ ഒന്നു സങ്കല്‍പിക്കുക: ധനവാന്‍റെ അപേക്ഷപ്രകാരം അബ്രാഹം ലാസറിനെ സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് അയയ്ക്കുകയാണ്. എങ്കില്‍ അതിനര്‍ത്ഥം വേദഗ്രന്ഥത്തിലെ വെളിപാട് പൂര്‍ണമല്ലെന്നാണ്! മനുഷ്യനോടു ദൈവത്തിനു സംവദിക്കാനുള്ളതെല്ലാം വേദഗ്രന്ഥത്തില്‍ ഉണ്ടെന്നതാണു പ്രമാണം. ദൈവം നേരിട്ടിറങ്ങിവന്നാലും പറയാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് വേദഗ്രന്ഥത്തിലേതില്‍ നിന്നും വ്യത്യാസമുണ്ടാകില്ല.

ധനവാന്‍ മതപരമായ ഏതെങ്കിലും തെറ്റു ചെയ്തെന്ന് ഉപമയിലില്ല. എന്നിട്ടും അയാള്‍ മോശയും പ്രവാചകരും പറഞ്ഞതിനു വിരുദ്ധമായി ജീവിച്ചു എന്നു വ്യക്തം. (പീഡകരുടെ സ്ഥലത്ത് വരാതിരിക്കാന്‍ മോശയും പ്രവാചകരും - അതായത് വേദഗ്രന്ഥം - പഠിപ്പിക്കുന്നത് അനുസരിച്ചാല്‍ മതിയെന്ന് അബ്രാഹം പറയുമ്പോള്‍ ധനവാന്‍ അതനുസരിച്ചിട്ടില്ല എന്നാണല്ലോ സൂചന.)

ധനവാന്‍റെ പാപം ഇതാണ്: പടിവാതില്‍ക്കലെ വിശപ്പിനെ അവഗണിക്കുന്ന സുഭിക്ഷത. ഇതു വ്യക്തമാക്കുന്ന എത്ര വേദഭാഗങ്ങള്‍ വേണമെങ്കിലുമുണ്ട്. "ഇന്നു ഞാന്‍ നിനക്കു നല്കുന്ന ഈ കല്പന നിന്‍റെ ശക്തിക്കതീതമോ അപ്രാപ്യമാം വിധം വിദൂരസ്ഥമോ അല്ല. നാം അതു കേള്‍ക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനുമായി നമുക്കു വേണ്ടി ആരു സ്വര്‍ഗത്തിലേക്കു കയറിച്ചെന്ന് അതു കൊണ്ടുവന്നു തരും എന്നു നീ പറയാന്‍, അതു സ്വര്‍ഗത്തിലല്ല... വചനം നിനക്കു സമീപസ്ഥമാണ്; അതു നിന്‍റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്" (നിയമാവര്‍ത്തനം 30:11-14). ദൈവനിയമം അറിയാനാകാത്തവിധം നിഗൂഢമല്ലെന്നു സാരം. അത് വേദപുസ്തകത്തില്‍ എഴുതിവച്ചിട്ടുണ്ട്. അതിലൊരെണ്ണം ഇതാണ്: "ഭൂമിയില്‍ ദരിദ്രര്‍ എന്നുമുണ്ടായിരിക്കും. ആകയാല്‍, നിന്‍റെ നാട്ടില്‍ വസിക്കുന്ന അഗതിയും ദരിദ്രനുമായ നിന്‍റെ സഹോദരനുവേണ്ടി കൈയയച്ചു കൊടുക്കുക എന്നു ഞാന്‍ നിന്നോടു കല്പിക്കുന്നു" (നിയമാവര്‍ത്തനം 15:11). മോശ കൊടുത്ത കല്പനയാണിത്. ഇതു പാലിക്കുന്നതോ നിരാകരിക്കുന്നതോ ആണ് ജീവന്‍റെയും മരണത്തിന്‍റെയും നിദാനം. "നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ എല്ലാ പ്രയത്നങ്ങളിലും സമൃദ്ധമായി അനുഗ്രഹിക്കും... ഈ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന എല്ലാ കല്പനകളും ചട്ടങ്ങളും അനുസരിക്കുന്നതിനായി നീ നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ വാക്കു കേള്‍ക്കുകയാണെങ്കില്‍ മാത്രമേ അതു സംഭവിക്കൂ"(നിയമാവര്‍ത്തനം 30:9-10). ഇവയെക്കുറിച്ചൊന്നും അറിയില്ലെന്നു ധനവാന്‍ പറയുന്നത് ശുദ്ധ നുണയാണ്.

പ്രവാചകരും മോശ പറഞ്ഞതുതന്നെയാണു പഠിപ്പിച്ചിട്ടുള്ളത്. "ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്‍റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?" (ഏശയ്യാ 58:6-7) കൃത്യവും വ്യക്തവും ശക്തവുമായ രീതിയില്‍ ആമോസ് കാലങ്ങള്‍ക്കുമുമ്പേ മുന്നറിയിപ്പു തന്നു കഴിഞ്ഞ താണ്: "ദന്തനിര്‍മിതമായ തല്പങ്ങളില്‍, വിരിച്ച മെത്തകളില്‍ നിവര്‍ന്നു ശയിക്കുകയും ആട്ടിന്‍ പറ്റത്തില്‍നിന്ന് കുഞ്ഞാടുകളെയും കാലിക്കൂട്ടത്തില്‍നിന്ന് പശുക്കിടാങ്ങളെയും ഭക്ഷിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! വീണാനാദത്തോടൊത്ത് അവര്‍ വ്യര്‍ഥഗീതങ്ങള്‍ ആലപിക്കുന്നു; ദാവീദിനെപ്പോലെ അവര്‍ പുതിയ സംഗീതോപകരണങ്ങള്‍ കണ്ടുപിടിക്കുന്നു. ചഷകങ്ങളില്‍ വീഞ്ഞു കുടിക്കുകയും വിശിഷ്ടലേപനങ്ങള്‍ പൂശുകയും ചെയ്യുന്ന ... അവരായിരിക്കും ആദ്യം പ്രവാസികളാവുക. നിങ്ങളുടെ വിരുന്നും മദിരോത്സവവും അവസാനിക്കാറായി" (ആമോസ് 6:4-7). ഇത്രയുമൊക്കെ മതി താന്‍ 'പീഡകളുടെ സ്ഥലത്ത്' എങ്ങനെയെത്തിയെന്നു ധനവാനു പിടുത്തം കിട്ടാന്‍. അവ യ്ക്കൊക്കെ നേര്‍ക്കു കണ്ണടച്ചു നിന്നിട്ട് അജ്ഞ തയെന്ന മുടന്തന്‍ന്യായം അയാള്‍ മുന്നോട്ടു വയ്ക്കുന്നു. ഫലത്തില്‍ അത് അബ്രാഹത്തി നെതിരായ കുറ്റാരോപണം കൂടിയായിത്തീരുക യാണ്!

പുതിയ നിയമത്തിലും മുന്‍പു കണ്ട വേദഗ്രന്ഥ ഭാഗങ്ങളുടെ അലയടികള്‍ കേള്‍ക്കാനാകും. "ജനക്കൂട്ടം സ്നാപക യോഹന്നാനോടു ചോദിച്ചു: ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? അവന്‍ പറഞ്ഞു: രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ.  ചുങ്കക്കാരും സ്നാനം സ്വീകരിക്കാന്‍ വന്നു. അവരും അവനോടു ചോദിച്ചു: ഗുരോ, ഞങ്ങള്‍ എന്തു ചെയ്യണം?  അവന്‍ പറഞ്ഞു: നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുത്. പടയാളികളും അവനോടു ചോദിച്ചു: ഞങ്ങള്‍ എന്തു ചെയ്യണം? അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായ കുറ്റാരോപണവും അരുത്. വേതനംകൊണ്ടു തൃപ്തിപ്പെടണം" (ലൂക്കാ 3:10-14). ഏതു സദ്യയിലും വിശക്കുന്നവര്‍ വിസ്മരിക്കപ്പെടരുത് എന്നതാണ്  യേശുവിന്‍റെ പാഠം (ലൂക്കാ 14:13-14). ഇവയുടെയൊക്കെ ചുവടു പിടിച്ചുള്ള യാക്കോബിന്‍റെ വാക്കുകള്‍ തീക്ഷ്ണമാണ്: "ധനവാന്മാരേ... നിങ്ങളുടെ സ്വര്‍ണത്തിനും വെള്ളിക്കും കറ പിടിച്ചിരിക്കുന്നു. ആ കറ നിങ്ങള്‍ക്കെതിരായ സാക്ഷ്യമായിരിക്കും. തീപോലെ അതു നിങ്ങളുടെ മാംസത്തെ തിന്നുകളയും. അവസാന നാളുകളിലേക്കാണ് നിങ്ങള്‍ സമ്പത്തു ശേഖരിച്ചുവച്ചത്. നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവു ശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു.... നിങ്ങള്‍ ഭൂമിയില്‍ ആഡംബരപൂര്‍വ്വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയ ങ്ങളെ നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു" (യാക്കോബ് 5:2-5).

ഉപമയിലെ ധനവാന്‍റെ ജീവിതത്തില്‍ മതപരമായ ഒരു വീഴ്ചയും സംഭവിക്കാത്തപ്പോഴും അയാള്‍ വേദഗ്രന്ഥം പരിഗണിച്ചതേയില്ല എന്നതിന് ഉപമയില്‍ സൂചനകളുണ്ട്. അയാളുടേതു ചെമന്ന പട്ടും മൃദുലവസ്ത്രങ്ങളുമായിരുന്നല്ലോ. പട്ടിന് ചെമന്ന നിറം കൊടുക്കുന്ന ഡൈ വളരെ വിലപിടിപ്പുള്ളതായിരുന്നു. 1.4 ഗ്രാം ഡൈ ഉണ്ടാക്കാന്‍ വേണ്ടിയിരുന്നത് ഒരു പ്രത്യേക ഇനത്തില്‍പെട്ട പന്ത്രണ്ടായിരം കക്കകളാണ്. എത്ര ധൂര്‍ത്താണ് ആ വസ്ത്രമെന്നതിനെക്കുറിച്ച് ഏകദേശ ധാരണ അങ്ങനെ നമുക്കു കിട്ടുന്നുണ്ട്. വിഭവസമൃദ്ധമാണ് എല്ലാ ദിവസവും അയാളുടെ തീന്‍മേശ. ഭക്ഷണശേഷം കൈവിരലുകള്‍ വൃത്തിയാക്കാന്‍ ഇന്നത്തെ നാപ്കിന്‍പോലെ അന്നുപയോഗിച്ചിരുന്നത് റൊട്ടിക്കഷണങ്ങളാണ്. ഉപയോഗശേഷം എറിഞ്ഞുകളയുന്ന അത്തരം റൊട്ടിക്കഷണ ങ്ങള്‍ക്കു വേണ്ടിയാണ് ലാസര്‍ നായ്ക്കള്‍ക്കൊപ്പം മത്സരിച്ചിരുന്നത്. (അപ്പം കിട്ടാതെ വരുമ്പോള്‍ ലാസര്‍ സ്വയം ശപിക്കാനും നായ്ക്കളെ ആട്ടിയ കറ്റാനുമൊക്കെയാണു കൂടുതല്‍ സാധ്യത. ഉപമയില്‍ ഇത്തരം സൂചനകളൊന്നുമില്ല എന്നതംഗീകരിക്കുന്നു. സഹനദാസനായി ലാസറിനെ ചിത്രീകരിക്കുന്ന ഭാവനയേക്കാള്‍ യുക്തിഭദ്രമാണ് ഈ ഭാവനയെന്നേ പറയാനുള്ളൂ. ലേഖനത്തിന്‍റെ തുടക്കത്തില്‍ പറഞ്ഞത് ഇവിടെ ആവര്‍ത്തിക്കുകയാണ്: ലാസറിന്‍റെ നന്മയോ, അയാള്‍ എങ്ങനെ സ്വര്‍ഗത്തിലെത്തി എന്നതോ ഉപമയുടെ വിഷയമേയല്ല. കഥക്കു വേണ്ട ഒരു ചേരുവ മാത്രമാണയാള്‍.) ഒടുക്കം ലാസര്‍ ആരുമറിയാതെയങ്ങു മരിച്ചുപോകുന്നു, ധനവാനാകട്ടെ മരിച്ച് അടക്ക പ്പെടുന്നു. അടക്കപ്പെടാതെ പോയവനെ ദൈവദൂതന്മാര്‍ സംവഹിക്കുന്നു; ആഘോഷമായ മരിച്ചടക്കു കിട്ടിയവന്‍ പരിത്യക്തനായിത്തീരുന്നു.

ധനവാനും ലാസറിനും ഇടയിലുള്ള കൊടിയ സാമ്പത്തിക അസമത്വം, അതൊന്നു ശ്രദ്ധിക്കാന്‍ പോലുമാകാതെ ധനവാന്‍ നടത്തുന്ന ആറാട്ട് - ഇത് "ആയിരക്കണക്കിനു മുട്ടാടുകളുടെ ചോരയിലോ പതിനായിരക്കണക്കിന് എണ്ണപ്പുഴകളിലോ" (മിക്കാ 6:7) കഴുകിക്കളയാനാകാത്ത കറയാണ്. ആത്മീയതയ്ക്ക് അങ്ങനെ കൃത്യമായ സാമ്പത്തികമാനം ഉണ്ടെന്ന് ഈ ഉപമ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ഈ അസമത്വം സൃഷ്ടിച്ചത് ധനവാനാണെന്നോ, അയാളുടെ സമ്പത്ത് തട്ടിപ്പും വെട്ടിപ്പും നട ത്തിയുണ്ടായതാണെന്നോ ഉപമ പറയുന്നില്ല. അത്തരമൊരു പാപവും ചെയ്യാത്തവനാണ് അയാള്‍. എന്നിട്ടും അയാള്‍ ദൈവസന്നിധിയില്‍നിന്നു പുറത്താക്കപ്പെടുകതന്നെ ചെയ്യും. അയാളുടെ ഒരേയൊരു പാപം സുഭിക്ഷത സൃഷ്ടിച്ച അന്ധതയാണ്.

ശിക്ഷയനുഭവിക്കുന്ന ധനവാന്‍ അബ്രാഹത്തെ വിളിക്കുന്നത് 'പിതാവേ' എന്നാണല്ലോ. ഒട്ടുമേ സത്യസന്ധമായ വിളിയല്ലത്. സ്നാപകയോഹന്നാന്‍റെ മുന്നറിയിപ്പ് നമുക്കറിവുള്ളതാണ്: "മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ക്കു പിതാവായി അബ്രാഹമുണ്ട് എന്നു പറഞ്ഞു നിങ്ങള്‍ അഭിമാനിക്കേണ്ടാ" (ലൂക്കാ 3:8). അബ്രാഹം വിശക്കുന്ന മൂവര്‍ക്ക് ആതിഥ്യമരുളിയ വ്യക്തിയാണ് (ഉല്‍പത്തി 18). ഹെബ്രാ യര്‍ 13:2 ല്‍ അതിനെക്കുറിച്ചു പരാമര്‍ശമുണ്ട്. അതിനര്‍ത്ഥം അബ്രാഹം വിശ്വാസത്തിന്‍റെ പിതാവെന്നതുപോലെതന്നെ വിശക്കുന്നവന് വിരുന്നൊരു ക്കേണ്ടതിന്‍റെകൂടെ മാതൃകയാണ്. അങ്ങനെ നോക്കുമ്പോള്‍ ധനവാന്‍റെ 'പിതാവേ' എന്ന വിളിയില്‍ കാപട്യത്തിന്‍റെ മുഴക്കം കേള്‍ക്കുന്നു.

പരലോകത്തെക്കുറിച്ചു പഠിപ്പിക്കാന്‍ പറഞ്ഞ ഒരുപമയല്ല നമ്മുടെ ഉപമ. ഈ ഭൂമിയില്‍ എങ്ങനെ വ്യാപരിക്കണമെന്നതുതന്നെയാണ് കഥയുടെ ഫോക്കസ്. ഭോഷനായ ധനികന്‍റെ ഉപമയിലും (ലൂക്കാ 12:16-21) അവിശ്വസ്തനായ കാര്യസ്ഥന്‍റെ ഉപമയിലും (ലൂക്കാ 16:1-8) പരലോകമല്ലല്ലോ ഫോക്കസ്. നിത്യജീവന്‍റെയും നിത്യശിക്ഷയുടെയും ബാക്ക്ഗ്രൗണ്ടില്‍ പറയുന്ന മറ്റു ചില ഭാഗങ്ങള്‍കൂടി ഒന്നു പരിഗണിക്കുക: നല്ല സമരിയാക്കാരന്‍റെ ഉപമ (ലൂക്ക 10), കടം ഇളച്ചു കിട്ടിയ ഭൃത്യന്‍ സഹഭൃത്യനോടു നിര്‍ദ്ദാക്ഷിണ്യം പ്രവര്‍ത്തിച്ചതിനെക്കുറിച്ചുള്ള ഉപമ (മത്തായി 18), അന്ത്യവിധി (മത്തായി 25) ... ഇവയിലൊക്കെ തെറ്റു ചെയ്തവരായി ചിത്രീകരിക്കപ്പെടുന്നവരെല്ലാം അയല്‍ക്കാ രനെ പരിഗണിക്കാതെ പോയവരാണ്.

ദൈവ-മനുഷ്യബന്ധത്തില്‍ ഏറ്റവുമാദ്യം ഉയര്‍ന്ന ചോദ്യങ്ങളിലൊന്ന് "നിന്‍റെ സഹോദരന്‍ എവിടെ"യെന്നതായിരുന്നല്ലോ. ദൈവത്തോളം അയല്‍ക്കാരനെ പരിഗണിക്കാത്ത ഏതു ജീവിതവും ഉറപ്പായും ദൈവസന്നിധിയില്‍നിന്നു പുറന്തള്ളപ്പെടും. ധനവാന്‍റെയും ലാസറിന്‍റെയും ഉപമ അക്കാര്യത്തില്‍ ഒരു സംശയവും ബാക്കി വയ്ക്കാന്‍ അനുവദിക്കുന്നില്ല. ധനവാനും ലാസറും തമ്മില്‍ ഇഹലോകത്തിലുള്ള അകലം കണ്ണാടിയിലെന്നതുപോലെ പരലോകത്ത് പ്രതിബിംബിക്കും.

You can share this post!

പിറകേ പോകുന്ന ദൈവം, പിറുപിറുക്കുന്ന മനുഷ്യര്‍

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

ജപമാല മാസം

ഡോ. എം.ഏ. ബാബു
Related Posts