news-details
മറ്റുലേഖനങ്ങൾ

വഴിത്താര

ശിഷ്യന്മാരെല്ലാം ചുവടുവെച്ചത് ക്രിസ്തുവിന്‍റെ പിന്നാലെയായിരുന്നു എന്ന് പലപ്പോഴും ഓര്‍ക്കാതെ പോകുന്നത് നമ്മളാണ്. ക്രിസ്തുവിന്‍റെ പിന്നാലെയുള്ള പ്രയാണം സുഖാനുഭവങ്ങളുടെ ഘോഷയാത്രയാണ് എന്ന തെറ്റിദ്ധാരണയുള്ളതും നമുക്കാണ്. ദൈവാനുഗ്രഹത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പ്പങ്ങള്‍പോലും തെറ്റിപ്പോയത് അങ്ങനെയാണല്ലോ! ക്രിസ്തുവിനെ അനുഗമിച്ചവര്‍ അവന്‍ തെളിച്ച പാതയിലൂടെയാണ് നടന്നത്. അവന്‍ നല്കിയ സ്വപ്നമാണവരുടെ ഹൃദയം നിറയെ! അവനോതിയ പാഠങ്ങളാണ് ശിരസ്സ് നിറയെ. അവന്‍റെ ചോരവീണ മണ്ണില്‍നിന്ന് അവരുടെ കാലുകള്‍ക്ക് ചിറക് മുളച്ചു. അത്യുന്നതങ്ങളില്‍നിന്ന് അഗ്നിനാവുകള്‍ അവരുടെ മേല്‍ പാറിയെത്തി. റൂഹാ അവരില്‍ കത്തിപ്പടര്‍ന്നു. പിന്നെയവര്‍ നടന്ന വഴികളത്രയും ഒരഗ്നിക്കാവടിയാട്ടമാണ്. പ്രലോഭകന്‍റെ ഇരുള്‍ വീണ ഇടനാഴികളിലേക്കാണ് അവര്‍ നെഞ്ചില്‍ തീയുമായ് ഇറങ്ങിയത്. മരണപര്യന്തമുള്ള ചവിട്ടടികളില്‍ പരീക്ഷകന്‍ അവരെ ചൂഴ്ന്നു നിന്നു. ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങേണ്ടു എന്ന് തേടിക്കൊണ്ട് ചുറ്റിനടപ്പുണ്ട് ഈ പാതയോരത്ത്!  എന്നാലവര്‍ ഭയപ്പെട്ടില്ല. തങ്ങളുടെ ഗുരുനാഥന്‍ നടന്ന വഴിയാണത്. നന്മയാല്‍ തിന്മയെ കീഴ്പ്പെടുത്തിയവന്‍റെ  മഹാമാര്‍ഗ്ഗം! തന്‍മരണത്താല്‍ മരണത്തെ ജയിച്ചവന്‍റെ മഹായാനം അവരുടെ മനസ്സിലുണ്ട്. ഹേ മരണമേ, നിന്‍റെ വിഷമുള്ള് എവിടെ? നിന്‍റെ ജയം എവിടെ എന്നാര്‍ത്തുംകൊണ്ട് ആ വഴിത്താര അവരിങ്ങനെ ഓരോരുത്തരായി ചരിത്രത്തില്‍ തെളിച്ചെടുത്തു. അല്പകാലത്തേക്ക് വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ വ്യസനിക്കേണ്ടി വന്നാലും അതില്‍ ആനന്ദിക്കുവിന്‍ കാരണം അഗ്നിശോധനയെ അതിജീവിക്കുന്ന നശിച്ചുപോകുന്ന സ്വര്‍ണ്ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം എന്ന് ഘോഷിച്ച് അവര്‍ ജനത്തെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് ആനയിച്ചു. ശിഷ്യന്മാരുടെ നടപടി പുസ്തകം ഇനിയുമിനിയും ആവര്‍ത്തിച്ച് ധ്യാനിക്കണം. വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ട് ഓടുന്ന മഞ്ഞുമേഘങ്ങളുമാകാതിരിപ്പാന്‍ നാം അവരെ അംഗീകരിക്കേണ്ടതുണ്ട്. ഒരു മനസ്സോടെ ജീവിച്ചവരുടെ കൂട്ടമാണ് സഭ എന്നറിയണം. സകലവും പൊതുവക എന്നെണ്ണിയവരുടെ കൂട്ടം. പണം വാങ്ങി കൈയ്വെയ്പ്പ് നല്‍കാതിരുന്നവര്‍. തിരുവെഴുത്തിന്‍റെ പൊരുള്‍ തിരിച്ചുനല്‍കാന്‍ എത്രവേണമെങ്കിലും കൂടെ പോരുന്നവര്‍. പരസ്പരമുള്ള തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ശേഷിയുള്ളവര്‍. തെരുവോരങ്ങളില്‍ സുവിശേഷമായിത്തന്നെ സ്വയം ജീവിച്ചു തീര്‍ത്തവര്‍. ഹൃദയത്തില്‍ കുത്ത് കൊള്ളുന്ന പള്ളിപ്രസംഗങ്ങള്‍ നടത്തിയവര്‍.  സാമൂഹിക തിന്മകളെ നിര്‍ഭയം ശാസിച്ചവര്‍. നന്മയ്ക്ക് പകരം ഉപദ്രവം ഏറ്റതില്‍ ആനന്ദിച്ചവര്‍. ദേവന്മാര്‍ക്ക് തുല്യം ബഹുമാനം നല്കാനെത്തിയവരുടെ മുമ്പില്‍ നിന്ന് ഒഴിഞ്ഞുമാറിയവര്‍. കേട്ട പഴികള്‍ക്കും ട്രോളുകള്‍ക്കുമെതിരെ പ്രാര്‍ത്ഥനാനിര്‍ഭരമായ മൗനം പാലിച്ചവര്‍. വാഴ്ത്തലുകളെയും താഴ്ത്തലുകളെയും ഋഷിതുല്യമായ ആന്തരികസ്വച്ഛതയോടെ അതിജീവിച്ചവര്‍. തെറ്റുകള്‍ ഏറ്റുപറഞ്ഞ് തിരുത്താന്‍ കരുത്തുണ്ടായിരുന്നവര്‍. അവനോടുകൂടെ മരിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍. ഇതാണ് സഖേ അപ്പോസ്തലന്മാര്‍ പകര്‍ന്നു വെച്ച പൈതൃകം. നിശ്ചയമായും ഇതാണ് സ്നേഹിതാ അപ്പോസ്തലിക പാരമ്പര്യം! ഇതാവണം സഖാവേ നാം പിന്തുടര്‍ന്ന് കൊണ്ടാടേണ്ട എല്ലാ ശ്ലൈഹീക  പിന്‍തുടര്‍ച്ചകളും.

You can share this post!

ഉള്‍ക്കളമൊരുക്കാം ഉത്ഥിതനിലേക്കുണരാന്‍

ടോംസ് ജോസഫ്
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts