news-details
മറ്റുലേഖനങ്ങൾ

പ്രസാദത്തിലേയ്ക്ക് പതിനാല് പടവുകള്‍

വിഷാദരോഗ(റലുൃലശൈീി)ത്തിനും അതിന്‍റെ അതിതീവ്രനിലയായ വ ിരുദ്ധധ്രുവ മാനസികവ്യതിയാനത്തിനും സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ പതിനാലുദിവസത്തെ മരുന്നില്ലാ ചികിത്സ, മനോനിലചിത്രണം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുന്നു. അറിവും മനോനിലയും തമ്മിലുള്ള ബന്ധമാണ് ഒന്‍പതാം ദിവസം നാം പരിശോധിക്കുന്നത്. അറിവ് മനോനിലയില്‍ ചെലുത്തുന്ന സ്വാധീനം പരിശോധിച്ച് നല്ല അറിവിലൂടെ നല്ല മനോനില എങ്ങനെ കൈവരിക്കാമെന്ന് നാം പഠിക്കും.

ടോം മാത്യു"മറ്റുള്ളവരുടെ പിഴവുകളില്‍നിന്ന് പഠിക്കുക. തനിയെ പഠിക്കാന്‍ ഒരു ജന്മം മതിയാകില്ല."

- എലേനോര്‍ റൂസ്വെല്‍റ്റ്

നമ്മുടെ അറിവാണ് നല്ല മനോനിലയിലേക്കുള്ള നാലാമത്തെ താക്കോല്‍. പെരുമാറ്റങ്ങളും പ്രവൃത്തികളും അറിവില്‍ നിന്നാകണം. അപ്പോഴത്തെ തോന്നലില്‍ നിന്നുള്ള പെരുമാറ്റങ്ങളെയും പ്രവര്‍ത്തനങ്ങളെയും തടയാനുള്ള ധാരണയും ശിക്ഷണവും പഠനത്തില്‍ നിന്നാണ് ഉണ്ടാവുക. ടെന്നീസ് കളിക്കുന്നത് പഠിച്ചിട്ടാണ്. സ്വന്തം ഭാഷയും അന്യഭാഷയും പഠിച്ചാണ് സംസാരിക്കുക.

നിങ്ങളുടെ നാട്ടിലെ സംസ്കാരവും ആചാരമര്യാദകളും പഠിച്ചാണ് നിങ്ങള്‍ മനസ്സിലാക്കുന്നത്. അങ്ങനെയാണ് സമൂഹത്തില്‍ പെരുമാറാന്‍ നിങ്ങള്‍ പഠിക്കുക. അതാണ് നിങ്ങളുടെ അറിവ്.

നിങ്ങളുടെ അറിവില്‍ നിന്നാണ് നിങ്ങളുടെ ചിന്തകള്‍ ഉത്ഭവിക്കുന്നത്. നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ച, സ്വാധീനിക്കുന്ന എല്ലാ വ്യക്തികളും എല്ലാ സംഭവങ്ങളും ചേര്‍ന്ന് രൂപപ്പെട്ടതാണ് നിങ്ങളുടെ അറിവ്. നിങ്ങളുടെ മാതാപിതാക്കള്‍, നിങ്ങളുടെ വിദ്യാഭ്യാസം, സുഹൃത്തുക്കള്‍, സമൂഹം, നിങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍, വിജയങ്ങള്‍, പരാജയങ്ങള്‍ എല്ലാം നിങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അതാണ് നിങ്ങളുടെ അറിവിന്‍റെ അടിത്തറ.

നിങ്ങളുടെ ലോകം എന്താണെന്നും അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അതിന്‍റെ സ്വഭാവം എന്താണെന്നും നിങ്ങളോട് പറഞ്ഞുതരുന്നത് നിങ്ങളുടെ അറിവാണ്. നിങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ചില ധാരണകള്‍, മാറ്റമില്ലാത്ത 'സത്യ'ങ്ങളായി നിങ്ങളുടെ മനസ്സില്‍ വേരുറച്ചു കിടക്കുന്നുണ്ടാകും. നിങ്ങളുടെ സ്വഭാവവും ഒരു പരിധിവരെ അതിനെ സ്വാധീനിച്ചിട്ടുണ്ടാകാമെങ്കിലും നിങ്ങള്‍ വളര്‍ന്ന ലോകത്തെ എപ്രകാരം കണ്ടാണ് നിങ്ങള്‍ വളര്‍ന്നത് എന്നതാവും നിങ്ങളില്‍ രൂഢമൂലമായ വിശ്വാസങ്ങളായി രൂപപ്പെടുക. നിങ്ങളുടെ അനുഭവങ്ങളാണ് നിങ്ങളുടെ പാഠങ്ങള്‍. അതാണ് നിങ്ങളുടെ ലോകത്തെ നിര്‍വ്വചിക്കുന്നത്. നിങ്ങളുടെ അനുഭവങ്ങളും അറിവും പ്രസാദാത്മകമെങ്കില്‍, ധനാത്മകമെങ്കില്‍ അതു നിങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തും. ആകാംക്ഷയും അരക്ഷിതബോധവും അതു കുറയ്ക്കും. എന്നാല്‍ നിങ്ങളുടെ അനുഭവങ്ങള്‍ ഋണാത്മകവും (നെഗറ്റീവ്) നിഷേധാത്മകവും ആണെങ്കില്‍ അതു നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ചുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ആത്മവിശ്വാസമില്ലായ്മയും അതില്‍നിന്നുണ്ടാകുന്ന പെരുമാറ്റങ്ങളും പ്രവൃത്തികളും ആകാംക്ഷയും അരക്ഷിതത്വവും വര്‍ധിപ്പിക്കും. അത് നിങ്ങളുടെ ആത്മാഭിമാനത്തെ തകര്‍ക്കും. അനുഭവങ്ങളും വിശ്വാസങ്ങളും മറ്റുള്ളവരുമായുള്ള ബന്ധത്തെ മാത്രമല്ല അവനവനുമായുള്ള ബന്ധത്തെയും സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, മാതാപിതാക്കളാല്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന മക്കള്‍, ആത്മവിശ്വാസത്തോടെ ആഗ്രഹിക്കുന്നതെന്തും പ്രവര്‍ത്തിക്കാനും പൂര്‍ത്തിയാക്കാനും കഴിവുള്ളവരാണെന്ന ദൃഢവിശ്വാസത്തോടെ തങ്ങളുടെ മുതിര്‍ന്ന ജീവിതത്തിലേക്കു പ്രവേശിക്കും. എന്നാല്‍ നിരന്തരം കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും കേട്ടു വളര്‍ന്നവര്‍ക്ക് മുതിര്‍ന്നാലും ആത്മവിശ്വാസം കുറവായിരിക്കും. ഒന്നിനും കൊള്ളാത്തവരാണ് തങ്ങളെന്ന് അവര്‍ കരുതും. ശരിയായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിവുള്ളവരാണ് തങ്ങളെന്ന് അവര്‍ക്ക് വിശ്വാസമുണ്ടാകില്ല. നമ്മുടെ ജീവിതമാണ് നമ്മുടെ പാഠം. ആ പാഠത്തില്‍നിന്നാണ് നാം നമ്മുടെ ലോകത്തെ നിര്‍വ്വചിക്കുക. എന്തൊക്കെ ചേര്‍ന്നാണോ നമ്മെ രൂപപ്പെടുത്തിയത് അതാണ് നാം.

പക്ഷേ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിറഞ്ഞ മേഖലകള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകാം - നന്നായി വളര്‍ത്തപ്പെട്ടവരുടെയും അല്ലാത്തവരുടെയും. ഒരു പക്ഷേ അത് അനുഭവങ്ങള്‍ പ്രതിലോമകരങ്ങളായതുകൊണ്ടാവാം. അല്ലെങ്കില്‍ അങ്ങനെയാണെന്ന് നമ്മുടെ അറിവ് നമ്മോടു പറയുന്നതുമാകാം. പ്രശ്നമേഖലകള്‍ നമ്മെ ഉത്കണ്ഠാകുലരാക്കും. അതു നമ്മുടെ മനോനിലയെ ബാധിക്കും. മാത്രവുമല്ല, നമ്മുടെ അനുഭവങ്ങള്‍ നമ്മെ ചില പ്രത്യേക ചിന്താഗതിയിലേക്ക് നയിക്കും. അത് പ്രസാദാത്മകവുമാകാം, നിഷേധാത്മകവുമാകാം. ഈ ചിന്താഗതി നമ്മുടെ മനോനിലയെ ആഴത്തില്‍ സ്വാധീനിക്കും. പ്രസാദാത്മകമായ അനുഭവങ്ങളില്‍ നിന്നുണ്ടാകുന്ന പ്രസാദാത്മകമായ ചിന്താഗതി പ്രസാദാത്മകമായ മനോനിലയും ആഹ്ലാദവും സമ്മാനിക്കും. നിഷേധാത്മകമായ അനുഭവങ്ങളില്‍ നിന്നുണ്ടാകുന്ന നിഷേധാത്മകമായ അറിവും അതില്‍നിന്ന് ഉത്ഭവിക്കുന്ന നിഷേധാത്മകമായ ചിന്താഗതിയും  നിഷേധാത്മകമായ മനോനിലയിലേക്കും നിരാശയിലേക്കും വെറുപ്പിലേക്കും നയിക്കും.
ഉദാഹരണത്തിന് സ്കൂള്‍ കാലങ്ങളില്‍ കണക്കിന് നിങ്ങള്‍ തീരെ മോശമായിരുന്നിരിക്കും. അതിനാല്‍ കണക്ക് നിങ്ങള്‍ക്ക് തീരെ വഴങ്ങില്ലെന്നും അക്കങ്ങള്‍ തന്നെ നിങ്ങള്‍ക്ക് അപരിചിതമാണെന്നും നിങ്ങള്‍ സ്വയം തീരുമാനിച്ചിട്ടുണ്ടാവാം.  കണക്കില്‍ നിന്ന് എപ്പോഴും അകലം പാലിക്കാനാവും ബോധപൂര്‍വ്വം നിങ്ങളുടെ ശ്രമം. അതിനാല്‍ത്തന്നെ നിങ്ങളുടെ വരവുചെലവുകണക്കുകള്‍ കൂട്ടിമുട്ടിക്കുക എന്നത് എപ്പോഴും നിങ്ങളെ ഉല്‍ക്കണ്ഠയില്‍ ഉള്‍പ്പെടുത്തിയെന്നു വരാം. അനുഭവം അങ്ങനെയാണ് നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത് എന്നു കരുതി നിങ്ങള്‍ക്ക് കണക്ക് അത്ര ബാലികേറാമലയാകണമെന്നൊന്നുമില്ല. നിങ്ങള്‍ക്ക് ലഭിച്ച ശിക്ഷണം  ഒരുപക്ഷേ മോശമായിരുന്നിരിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും കാരണത്താല്‍ കണക്ക് ക്ലാസിനോട് നിങ്ങള്‍ക്ക് അകല്‍ച്ച തോന്നിയിരിക്കാം.

ഏതെങ്കിലും ഒരു വിഷയം അറിയില്ലെന്ന അടിയുറച്ച വിശ്വാസം ചിലപ്പോള്‍ ഒന്നും അറിയില്ല എന്ന അപകടത്തിലേക്കും നയിച്ചേക്കാം. നമ്മുടെ അനുഭവങ്ങളാണ് നമ്മുടെ മാനസികാവസ്ഥയുടെ അടിസ്ഥാനം. അങ്ങനെ വരുമ്പോള്‍ കാര്യങ്ങളെ നാം നേരായ വഴിയിലൂടെ ആയിരിക്കണമെന്നില്ല നോക്കിക്കാണുക.

എന്തായാലും, കാര്യങ്ങളെ നാം ഗ്രഹിക്കുന്ന രീതി നമുക്ക് തീര്‍ച്ചയായും മാറ്റാന്‍ കഴിയും. പുതിയൊരു ചിന്താഗതി നമുക്ക് പഠിച്ചെടുക്കാന്‍ കഴിയും. അങ്ങനെ നമുക്ക് പുതിയ 'അറിവ്' രൂപപ്പെടുത്താം. അങ്ങനെ പ്രസാദാത്മകവും ഉന്മേഷാത്മകവുമായ മനോനില കൈവരിക്കാം. നിഷേധാത്മക അനുഭവങ്ങള്‍ നല്കിയ നിഷേധാത്മക അറിവില്‍നിന്ന് പ്രസാദാത്മകതയെ നമുക്ക് മെനഞ്ഞെടുക്കാം. (തുടരും)

You can share this post!

ഉള്‍ക്കളമൊരുക്കാം ഉത്ഥിതനിലേക്കുണരാന്‍

ടോംസ് ജോസഫ്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts