സന്തോഷത്തിന്‍റെ മാനദണ്ഡം എന്താണ്? കൂടുതല്‍ സമ്പത്ത് കരസ്ഥമാക്കുന്നതാണോ സന്തോഷം? ആഗോളീകരണകാലത്ത് നിലനില്ക്കുന്ന മാത്സര്യത്തിന്‍റെ സമ്പദ്വ്യവസ്ഥ മനുഷ്യനെ യഥാര്‍ഥസന്തോഷത്തിലേക്കു നയിക്കുന്നുണ്ടോ? ഈ ചോദ്യങ്ങളില്‍നിന്നാണ് സന്തോഷത്തിന്‍റെ സമ്പദ്ശാസ്ത്രം (Economy of Happiness) എന്ന ചിന്ത ഉയര്‍ന്നുവരുന്നത്. സാമ്പത്തികപ്രവര്‍ത്തനത്തിനു പിന്നിലുണ്ടാകേണ്ട ധാര്‍മികമായ അടിത്തറ നഷ്ടപ്പെട്ട കാലത്ത് ശൈഥില്യത്തിന്‍റെ വ്യവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമ്പത്തിന്‍റെ വിതരണത്തിലെ വര്‍ധമാനമാകുന്ന അസമത്വം ലോകത്തില്‍ അശാന്തിനിറയ്ക്കുന്നു. 'വലുതാണ് സുന്ദരം' എന്നു കരുതുന്ന സമ്പദ്ശാസ്ത്രം സന്തോഷത്തെയും 'വലുതുകളുമായി' ബന്ധിപ്പിച്ചു. ഇതിനു ബദലായിട്ടാണ് 'ചെറുതാണ് സുന്ദരം' എന്ന സാമ്പത്തികസിദ്ധാന്തവുമായി ഇ. എഫ്. ഷൂമാക്കര്‍ കടന്നുവരുന്നത്. ആധുനികസാമ്പത്തികശാസ്ത്രചിന്തകളെ അദ്ദേഹം തലതിരിച്ചിട്ടു. അസ്തിത്വത്തിനര്‍ഥം നല്കുന്ന ജീവിതശൈലി രൂപപ്പെടുത്താന്‍ സഹായകമാകുന്ന സമ്പദ്വ്യവസ്ഥയേ സന്തോഷം പ്രദാനം ചെയ്യുന്നുള്ളൂ.
'നിലനില്പിന്‍റെ സമ്പദ്വ്യവസ്ഥയില്‍' ജെ. സി. കുമരപ്പ അവതരിപ്പിക്കുന്ന ദര്‍ശനങ്ങള്‍ സന്തോഷത്തിന്‍റെ സമ്പദ്ശാസ്ത്രത്തിലേക്കുള്ള ചൂണ്ടുപലകകളാണ്. സി.പി. ഗംഗാധരന്‍ പറയുന്നു: "തൊഴിലെന്നത് കൂലി നേടാനുള്ള ഉപായം മാത്രമായി തരംതാഴുന്നില്ല. മാനവികസിദ്ധികളുടെ പരിപോഷണത്തിനും വ്യക്തിത്വവികാസത്തിനും ഉതകുമെന്നതിനുപുറമേ അതു സാമൂഹിക ഐക്യദാര്‍ഢ്യത്തിനു വഴിയാകുന്നുണ്ട്." തൊഴിലിനെ പണവുമായി മാത്രം ബന്ധപ്പെടുത്തുന്ന സങ്കല്പമാണിന്നുള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ പണം നേടുന്ന തൊഴില്‍ ബഹുമാന്യമെന്നു ഗണിക്കപ്പെടുന്നു. മനുഷ്യന്‍റെ മറ്റു സാധ്യതകളെ അസംഗതമെന്ന് എഴുതിത്തള്ളുന്ന ഏകമാനചിന്തകളുടെ വ്യാപനം ജീവിതത്തിന്‍റെ അര്‍ഥം ചുരുക്കിക്കളയുന്നു. മനുഷ്യനെയും പ്രകൃതിയെയും പരമാവധി ചൂഷണം ചെയ്ത് സമ്പത്ത് വാരിക്കൂട്ടുന്നവന്‍ സന്തോഷം വിലകൊടുത്തു വാങ്ങാമെന്നു കരുതുന്നു. നിത്യമായ അശാന്തിയിലേക്കുള്ള യാത്രയായി ജീവിതം മാറുന്നു. ഈ മത്സരത്തില്‍ ആരും വിജയിക്കുന്നില്ല എന്നതാണ് വസ്തുത.
നിലനില്ക്കുന്ന ഉദാരവത്കൃത, മത്സരാധിഷ്ഠിത സമ്പദ്വ്യവസ്ഥ മാനുഷ്യകത്തിന്‍റെ ജീവിതത്തില്‍ ഏല്പിച്ച ക്ഷതങ്ങള്‍ നിരവധിയാണ്. പരിസ്ഥിതിദൂഷണവും യുദ്ധങ്ങളും കലാപങ്ങളുമെല്ലാം സമ്പദ്ശാസ്ത്രവുമായി കൂട്ടുപിണഞ്ഞുകിടക്കുന്നു എന്ന കാര്യം ആരും ശ്രദ്ധിക്കുന്നില്ല. "മനുഷ്യരും മറ്റു ജീവികളും മഹാപ്രകൃതിയുമുള്‍പ്പെട്ട ജീവിതത്തിന്‍റെ സമഗ്രവികസനത്തിനുപകരം സമൂഹത്തില്‍ ഒരു വിഭാഗത്തിന്‍റെ ഭൗതികഭോഗസമൃദ്ധിയാണ് പുരോഗതിയെന്ന് അംഗീകരിക്കാന്‍ നാം വിധിക്കപ്പെട്ടിരിക്കുന്നു. പുരോഗതിയുടെ പേരില്‍ കടപുഴക്കപ്പെടുന്ന സംസ്കാരങ്ങളും ഭ്രഷ്ടരാക്കപ്പെടുന്ന ജനവര്‍ഗങ്ങളും പെരുകിപ്പെരുകിവരുന്നു."
ഇപ്പോള്‍ പ്രയോഗത്തിലിരിക്കുന്ന സമ്പദ്വ്യവസ്ഥ ഹിംസാത്മകമാണ്. "പ്രകൃതിയോടിണങ്ങിച്ചേരാനുള്ള വഴികള്‍ കണ്ടെത്തി കൂടുതല്‍ സന്തുഷ്ടിനേടാനും നിലനില്പിന്‍റെ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍ത്തന്നെ അതിനോടടുക്കാനും നമുക്കു കഴിയും" എന്നു ജെ. സി. കുമരപ്പ പറയുന്നു. അതിന് ഹിംസാത്മകമായ സമീപനങ്ങളില്‍നിന്ന് മാറി നടക്കണം. ഹിംസ മനുഷ്യനോടു മാത്രമല്ല, പ്രകൃതിയോടും ജീവജാലങ്ങളോടുമെല്ലാമുള്ളതാണ്. "ഇച്ഛാശേഷി എന്ന സിദ്ധിയുടെ പയോഗത്തിലൂടെ അന്യജന്തുക്കളെക്കാള്‍ മെച്ചപ്പെട്ടവിധത്തില്‍ പ്രകൃതിയോടൊത്തു ജീവിക്കാന്‍ മനുഷ്യനു കഴിയും. അതിന്‍റെ ദുരുപയോഗത്തിലൂടെ പ്രകൃതിയുടെ സാമ്പത്തികക്രമത്തെ തകിടം മറിക്കാനും അങ്ങനെ ഒടുവില്‍ ആത്മനാശത്തിന്‍റെ കുഴിതോണ്ടാനും അവനാവും" എന്ന് കുമരപ്പ പറയുമ്പോള്‍ സമ്പദ്ശാസ്ത്രത്തിന്‍റെ മാനങ്ങള്‍ ഏറെ വിപുലവും അഗാധവുമാകുന്നു.
പണം ചിലരില്‍ കുന്നുകൂടുന്നു. ഉപഭോഗതൃഷ്ണയില്‍ മനുഷ്യന്‍ ആണ്ടുമുങ്ങിയിരിക്കുന്നു. സമ്പദ്വ്യവസ്ഥയുടെ പുരോഗതി ഉപഭോഗവുമായി കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു." ഈ ദുരയന്മാരും വെറിയന്മാരും വാരിക്കൂട്ടുന്നതും ആര്‍ഭാടങ്ങളില്‍ ധൂര്‍ത്തടിക്കുന്നതും കൈമാറിക്കൊടുക്കുന്നതുമായ ഭൗതികനേട്ടങ്ങള്‍ സാമൂഹിക ശൈഥില്യങ്ങള്‍ക്കും തലമുറകളെ നശിപ്പിക്കുന്ന അനന്തമായ ഹിംസയ്ക്കും വഴിയൊരുക്കുന്നു" എന്നു കുമരപ്പ നിരീക്ഷിക്കുമ്പോള്‍ വര്‍ത്തമാനകാല സമ്പദ്വ്യവസ്ഥയും വിപണിയും അകപ്പെട്ടിരിക്കുന്ന ദൂഷിതവലയത്തെക്കുറിച്ച് നമുക്കു വ്യക്തമാകുന്നു. "കൊടുക്കുന്നവനും വാങ്ങുന്നവനും ഒരുപോലെ സംതൃപ്തി നല്കുന്ന കൈമാറ്റങ്ങളാണ് സമൂഹത്തില്‍ നടക്കേണ്ടത്. ഒരാളിന്‍റെ ലാഭം അന്യന്‍റെ നഷ്ടമായി മാറുന്ന കൈമാറ്റമാകരുത്" എന്ന് കുമരപ്പ. സംതൃപ്തിയാകണം സമ്പദ്വ്യവസ്ഥയെ നയിക്കേണ്ടത് എന്നാണ് അദ്ദേഹം എടുത്തുപറയുന്നത്. "കൂടുതല്‍ പണം, കൂടുതല്‍ സൗഖ്യം എന്ന സമവാക്യം തെറ്റിപ്പോകുന്നു. പണത്തോത് ഇവിടെ മനുഷ്യമൂല്യത്തോതുമായി പിണങ്ങിയിരിക്കുന്നു" എന്ന് അദ്ദേഹം തുടര്‍ന്നുപറയുമ്പോള്‍ മൂല്യവ്യവസ്ഥിതിയെക്കുറിച്ചും സൂചിപ്പിക്കുന്നു. ഉത്തമമൂല്യങ്ങളും ദര്‍ശനങ്ങളും നിയന്ത്രിക്കുന്ന സമ്പദ്വ്യവസ്ഥ നൈതികതയില്‍ നങ്കൂരമുറപ്പിക്കുന്നു. ഈ നൈതികത, ധാര്‍മികത, നഷ്ടപ്പെടുമ്പോള്‍ സന്തോഷവും സമാധാനവും അപ്രത്യക്ഷമാകുന്നു. ഇതാണ് ഇന്നത്തെ ലോകത്തില്‍ നാം കാണുന്നത്. "ക്ഷണാപ്രഭാചഞ്ചലമായ ഭൗതികസമ്പത്തില്‍ കണ്ണുനട്ട കാലത്തിന് ഈ മൂല്യപ്രമാണങ്ങള്‍ കൈമോശം വന്നിരിക്കുന്നു. നഷ്ടം നികത്താന്‍ നാം എല്ലാവിധത്തിലും ശ്രമിക്കണം" എന്നാണ് കുമരപ്പ യുടെ നിര്‍ദേശം.
നടരാജഗുരുവിന്‍റെ 'ഏകലോകസാമ്പത്തികദര്‍ശനം ഒരു മാര്‍ഗരേഖ' എന്ന ഗ്രന്ഥം സമ്പദ്ശാസ്ത്രത്തില്‍ ഉണ്ടായിരിക്കേണ്ട മൂല്യബോധത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. "മറ്റെല്ലാ വസ്തുക്കളുടെയും കാര്യത്തിലെന്നപോലെ പണവും, ആയിരിക്കേണ്ട സ്ഥാനത്തിരിക്കുകയും അതിനെ മനുഷ്യസഹജമായ തരത്തില്‍ വേണ്ടത്ര വിവേകത്തോടുകൂടി ഉപയോഗിക്കുകയും ചെയ്യുകയാണെങ്കില്‍ അതു വേണ്ടതുതന്നെയാണ്" എന്നാണ് അദ്ദേഹം പ്രസ്താവിക്കുന്നത്. 'പണം മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ പണത്തിനുവേണ്ടിയല്ല' എന്നതാണ് അദ്ദേഹത്തിന്‍റെ ദര്‍ശനം. എന്നാല്‍ ഇന്ന് പണകേന്ദ്രികൃതസമ്പദ്വ്യവസ്ഥ മനുഷ്യനെ പണത്തിനു താഴെ നിര്‍ത്തുന്നു. "അത് മനുഷ്യരാശിയുടെ മുഴുവന്‍ ആനന്ദത്തെ ഉന്നംവയ്ക്കുന്നതായിരിക്കണം. ആ ആനന്ദം സംജാതമാകുന്നതാകട്ടെ, മനുഷ്യജീവിതത്തില്‍ പ്രസക്തമായി വരുന്ന ജീവിതമൂല്യങ്ങളെ തികച്ചും യോഗാത്മകമായി കൈകാര്യം ചെയ്യുമ്പോഴും ആ ആനന്ദം ഓരോരുത്തരുടെയും നന്മയെയും പൊതുനന്മയെയും ഒരേസമയം സൂചിപ്പിക്കുന്നതുമായിരിക്കും" എന്ന് നടരാജഗുരു ശരിയായി നിരീക്ഷിക്കുന്നു. വ്യക്തിനന്മയും പൊതുനന്മയും ലക്ഷ്യംവയ്ക്കുന്ന സമ്പദ്ശാസ്ത്രമേ ലോകത്തില്‍ സന്തോഷം നിറയ്ക്കൂ. സാമ്പത്തികശാസ്ത്രത്തിന്‍റെ കാര്യത്തില്‍ വളരെയൊന്നും ആലോചിക്കാതെ പെട്ടെന്നുതന്നെ നമുക്കെടുക്കാവുന്ന താത്ത്വികമായ നിലപാട് ഇതാണ്. സാമ്പത്തികശാസ്ത്രം മനുഷ്യനുവേണ്ടിയുള്ളതാണ്; സാമ്പത്തികശാസ്ത്രത്തിനു വേണ്ടിയുള്ളതല്ല മനുഷ്യന്‍. ആ ശാസ്ത്രം പൊതുവായ സംതൃപ്തി നല്കുകയും പ്രയോഗക്ഷമമാണെന്ന് അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്‍ അതിനെ അംഗീകരിക്കുകതന്നെ വേണം എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. 'മനുഷ്യന്‍റെ ആനന്ദത്തെ അതിന്‍റെ മാനകമായി ഉറപ്പുവരുത്തണ'മെന്നും അദ്ദേഹം പറയുന്നുണ്ട്.
സാമ്പത്തികശാസ്ത്രം മതമായി മാറിയിരിക്കുന്നുവെന്നാണ് നടരാജഗുരു നിരീക്ഷിക്കുന്നത്. "മതങ്ങള്‍ വച്ചുനീട്ടുന്നത് പരലോകത്തില്‍ അനുഭവിക്കാനിടയുള്ള സുഖത്തെപ്പറ്റിയുള്ള പ്രത്യാശയാണ്. സാമ്പത്തികശാസ്ത്രം അതുപോലെതന്നെ ഇഹലോകത്തിലുള്ള ജീവിതം മെച്ചപ്പെടുത്താം എന്നുള്ള പ്രത്യാശ നല്കുന്നു." അങ്ങനെയാണ് മതവും സാമ്പത്തികശാസ്ത്രവും ഒന്നിക്കുന്നത്. "മതത്തിന്‍റെയും സാമ്പത്തികശാസ്ത്രത്തിന്‍റെയും പേരില്‍ ഇന്ന് ഒരര്‍ഥവും ഇല്ലാത്ത തരത്തിലുള്ള വാചകക്കസര്‍ത്ത് വളരെയധികം കേള്‍ക്കുന്നുണ്ട്" എന്നു പറയുമ്പോള്‍ നടരാജഗുരു രണ്ടിന്‍റെയും പൊള്ളത്തരമാണ് വ്യക്തമാക്കുന്നത്.
ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നതുകൊണ്ട് മനുഷ്യര്‍ അനുഭവിക്കുന്ന ജീവിതസംതൃപ്തി ഉയരണമെന്നില്ല. അതു മറ്റുചില ഘടകങ്ങളുമായി ബന്ധപ്പെട്ടാണ് നില്ക്കുന്നത്. "സാമ്പത്തികശാസ്ത്രജ്ഞന്‍ താത്പര്യം കാണിക്കുന്നത് വിനിമയപ്രധാനമായ മൂല്യങ്ങളിലാണ്. വിനിമയം ചെയ്യാനാവാത്തവയുടെ കാര്യത്തില്‍ അവര്‍ താത്പര്യം വയ്ക്കാറില്ല എന്നുതന്നെ പറയാം. എന്നിരുന്നാലും വിനിമയം ചെയ്യാനാവാത്ത തരത്തിലുള്ള പലതിനും മനുഷ്യജീവിതത്തില്‍ വളരെ പ്രധാനമായൊരു സ്ഥാനമാണുള്ളത്" എന്ന നടരാജഗുരുവിന്‍റെ കാഴ്ചപ്പാട് സുപ്രധാനമാണ്. എല്ലാറ്റിന്‍റെയും വില വിപണി നിശ്ചയിക്കുന്ന കാലത്ത് വിപണിയില്‍ വിലയില്ലാത്തതെല്ലാം അപ്രസക്തമാകുന്നു. ഇതുവഴിയുണ്ടാകുന്ന മൂല്യഭ്രംശങ്ങള്‍ നിരവധിയാണ് എന്ന് വര്‍ത്തമാനകാലം വിളിച്ചുപറയുന്നു. 'സാമ്പത്തികകാര്യചിന്തയുടെ രംഗത്തുനിന്ന് മനുഷ്യപ്പറ്റ് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുകയാണ്" എന്ന് ഏറെക്കാലം മുന്‍പ് നടരാജഗുരു പറഞ്ഞിട്ടുണ്ട്. മനുഷ്യപ്പറ്റില്ലാത്ത സമ്പദ്വ്യവസ്ഥയ്ക്ക് ഒരിക്കലും മനുഷ്യരാശിക്ക് യഥാര്‍ഥസന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യാനാവില്ല. ജോണ്‍ റസ്കിന്‍റെ ഈ നിരീക്ഷണം ശ്രദ്ധിക്കുക: "ജീവിതം എന്നതല്ലാതെ വേറൊരു സമ്പത്തില്ല. ജീവിതം എന്നതിലാകട്ടെ സ്നേഹിക്കുവാനും ആനന്ദിക്കുവാനും ആദരിക്കാനുമുള്ള അതിന്‍റെ എല്ലാ ശക്തികളും ഉള്‍പ്പെട്ടിരിക്കുന്നു. ശ്രേഷ്ഠരും സന്തുഷ്ടരുമായ മനുഷ്യജീവികളെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ പോഷിപ്പിച്ചെടുക്കുന്ന രാജ്യമേതോ അതാണ് ഏറ്റവും സമ്പന്നം." ശ്രേഷ്തയും സന്തുഷ്ടിയുമെല്ലാം സാമ്പത്തികവ്യാപാരങ്ങളില്‍ പ്രധാനമാണ് എന്നാണ് റസ്കിന്‍ കണ്ടെത്തുന്നത്. "ഇന്നു നിലവിലുള്ള സാമ്പത്തികശാസ്ത്രത്തിന്‍റെ മനുഷ്യോചിതമല്ലാത്തതും അസാന്മാര്‍ഗികവുമായ പശ്ചാത്തലത്തില്‍നിന്ന് അതിനെ മോചിപ്പിക്കേണ്ടിയിരിക്കുന്നു" എന്നാണ് നടരാജഗുരു തറപ്പിച്ചു പറയുന്നത്.
"അസമത്വത്തിലധിഷ്ഠിതമായ ഒരു സംസ്കാരത്തിന്‍റെ നാലതിരുകള്‍ക്കുള്ളില്‍ കഴിയുന്നിടത്തോളംകാലം സാമാന്യജനങ്ങള്‍ക്ക് സാമ്പത്തികവികാസം നാളെയുടെ വാഗ്ദാനമായി അനുഭവപ്പെടും" എന്നു പറഞ്ഞത് ആന്ദ്രെഗോര്‍സാണ്. 'ഇക്കോളജി രാഷ്ട്രീയം തന്നെ' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം രാഷ്ട്രീയത്തെയും ഇക്കോളജിയെയും സമ്പദ്ശാസ്ത്രത്തെയുമെല്ലാം കൂട്ടിയിണക്കി നിലവിലുള്ള പ്രശ്നങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്നു. "വളര്‍ച്ചയുടെ പ്രത്യയശാസ്ത്രത്തെ ഭേദിക്കണമെങ്കില്‍, ഇതിന് കടകവിരുദ്ധമായ നിലപാടാണ് അടിവരയിട്ട് പ്രസ്താവിക്കേണ്ടത്. എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നവ മാത്രമേ ഓരോ ആള്‍ക്കും ഉണ്ടായിട്ടു കാര്യമുള്ളൂ. ആര്‍ക്കും സവിശേഷപദവിയോ ആപേക്ഷികദാരിദ്ര്യമോ ഉളവാക്കാത്ത വസ്തുക്കള്‍ മാത്രമേ ഉത്പാദിപ്പിക്കാവൂ. സമ്പന്നതകുറഞ്ഞാലും കൂടുതല്‍ സന്തോഷം സാധ്യമാണ്. ആര്‍ക്കും സവിശേഷപദവിയില്ലാത്ത സമൂഹത്തില്‍ ആരും ദരിദ്രരല്ല എന്നാണ് ഗോര്‍സ് നിരീക്ഷിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ നിലവിലുള്ള സമ്പദ്വ്യവസ്ഥ അനീതിയും അസമത്വവും നിറഞ്ഞതും അസംതൃപ്തി വിതയ്ക്കുന്നതുമാണ്. "കണ്ടമാനം ഉപഭോഗം ചെയ്യുന്നത് ഒഴിവാക്കുക മാത്രമല്ല, ഉപഭോഗംതന്നെ പരമാവധി കുറയ്ക്കുകയാണ് പ്രധാനം. നിലവിലുള്ള വിഭവങ്ങള്‍ വരുംതലമുറയ്ക്കും ലഭിക്കണമെങ്കില്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ല" എന്നു പറയുമ്പോള്‍ പുതിയ കാലത്തെ കാഴ്ചപ്പാടുകളെ തിരുത്തുകയാണദ്ദേഹം. "വൈവിധ്യമാര്‍ന്ന മനുഷ്യാഭിരുചികള്‍ക്കും കഴിവുകള്‍ക്കും പ്രകാശനത്തിനുള്ള അവസരം നല്കുന്നതും വൈവിധ്യമാര്‍ന്ന മാനുഷികനിയമങ്ങളുടെ ബാഹുല്യത്തിന്‍റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയതും വലുപ്പം കുറഞ്ഞതും വ്യത്യസ്തത പുലര്‍ത്തുന്നതുമായ സാമ്പത്തികയൂണിറ്റുകളെ"ക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് ഒരു ബദല്‍ സമ്പദ്വ്യവസ്ഥ മുന്നില്‍കണ്ടുകൊണ്ടാണ്. 'അധികമാണ് മെച്ചം' എന്ന ചിന്തയെ അദ്ദേഹം തള്ളിക്കളയുന്നു. 'കുറച്ചുകൊണ്ട് കൂടുതല്‍ മെച്ചമായി കഴിയാം. ഉപഭോഗവും അധ്വാനവും കുറച്ച് കൂടുതല്‍ മെച്ചമായ ജീവിതം നയിക്കാം' എന്നാണ് ഗോര്‍സ് പറയുന്നത്.
ഇപ്പോള്‍ നിലനില്ക്കുന്ന സമ്പദ്വ്യവസ്ഥ നമ്മെ സംഘര്‍ഷത്തിലേക്കും മത്സരത്തിലേക്കും അശാന്തിയിലേക്കും തള്ളിവിടുന്നതാണ്. ഇതിനുപകരമാണ് സന്തോഷത്തിന്‍റെ സമ്പദ്വ്യവസ്ഥ അവതരിപ്പിക്കുന്നത്. 'ഏതു സമ്പദ്ശാസ്ത്രവും ആ പേരിന് അര്‍ഹമായിത്തീരണമെന്നുണ്ടെങ്കില്‍ അതിന്‍റെ കേന്ദ്രസ്ഥാനമായി മനുഷ്യനെ കാണുകതന്നെ വേണം' എന്നാണ് നടരാജഗുരു പറയുന്നത്. മനുഷ്യനും പ്രകൃതിയും കേന്ദ്രത്തില്‍ വരുന്ന സമ്പദ്ശാസ്ത്രത്തെക്കുറിച്ച് ഗോര്‍സ് പ്രസ്താവിക്കുന്നു. "സാമ്പത്തികശാസ്ത്രം എന്നതിന് സമഗ്രസ്വഭാവമുള്ള ഒരു നിര്‍വചനം നല്കുകയാണെങ്കില്‍ അത് ഇങ്ങനെയായിരിക്കും: അത് മനുഷ്യജീവിതത്തിലെ മൂല്യങ്ങളെ സംബന്ധിക്കുന്ന അറിവാണ്." സമ്പദ്ശാസ്ത്രം മാനുഷികമൂല്യങ്ങളെക്കൂടി പരിഗണിക്കേണ്ടതുണ്ട് എന്നു സാരം. മൂല്യങ്ങളുടെ സമഗ്രതലങ്ങളെയും സ്പര്‍ശിക്കുന്ന സമ്പദ്ശാസ്ത്രത്തിനു മാത്രമേ ലോകത്തില്‍ സന്തോഷം നിറയ്ക്കാന്‍ കഴിയൂ.