വേറിട്ട പാതയില്‍ ക്രിസ്തുവിനെ പ്രഘോഷിക്കുക ശ്രമകരംതന്നെ. പക്ഷേ മേരിഗിരി സിസ്റ്റേഴ്സ് എന്ന മെഡിക്കല്‍ മിഷന്‍ സഹോദരിമാര്‍ ആതുരസേവനരംഗത്ത് തങ്ങളുടേതായ വേറിട്ടപാത വെട്ടിത്തുടങ്ങിയിട്ട് 90 വര്‍ഷം തികയുകയാണ്. നാളിതുവരെ ഉടയവന്‍ നടത്തിയ വഴികളെ നന്ദിയോടെ ഓര്‍മിക്കുകയാണ് സഭാംഗമായ സി. ക്ലേര്‍.
സമൂഹത്തിന്‍റെ തുടക്കം
1936 വരെ കത്തോലിക്കാസഭയിലെ സന്ന്യസ്തര്‍ക്ക്, പ്രസവശുശ്രൂഷ ചെയ്യുന്നതിന് അനുവാദം ഇല്ലായിരുന്നു. വേണ്ടതായ ചികിത്സ ലഭിക്കാതെ ധാരാളം അമ്മമാരും നവജാതശിശുക്കളും മരണത്തിനിരയായി. ഈ സ്ഥിതി ഏറ്റവും രൂക്ഷമായിരുന്നത് പുരുഷഡോക്ടന്മാരുടെ സേവനം അനുവദനീയമല്ലാതിരുന്ന മുസ്ലീം സമൂഹത്തിലും. ഈ സാഹചര്യം കണ്ടറിഞ്ഞ വിദേശമിഷനറിമാര്‍ പരിഹാരമാര്‍ഗങ്ങള്‍ ആരാഞ്ഞു. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് സന്ന്യസ്തര്‍ക്ക് വൈദ്യരംഗം തുറന്നുകൊടുക്കുക കാലത്തിന്‍റെ ആവശ്യമെന്ന് കണ്ടറിഞ്ഞ, സ്കോട്ട്ലന്‍ഡ്കാരി അഗ്നസ് മക്ലാറന്‍, തന്‍റെ 64-ാമത്തെ വയസ്സില്‍ പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് മെഡിക്കല്‍ ബിരുദം നേടിയെടുത്തു. ഇവരുടെ ആഹ്വാനം സ്വീകരിച്ച് ആസ്ട്രിയാക്കാരി അന്ന ഡങ്കല്‍ ഐര്‍ലന്‍ഡിലെ കോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍പഠനത്തിന് സ്വയം സമര്‍പ്പിച്ചു. ഡോക്ടര്‍ ബിരുദം നേടിയ അന്ന ഡങ്കല്‍ പാക്കിസ്ഥാനിലെ മുസ്ലീംസ്ത്രീകള്‍ക്കുവേണ്ടി, റാവല്‍പിണ്ടി സെന്‍റ് കാതറിന്‍സ് ആശുപത്രിയില്‍ സേവനത്തിനുവേണ്ടി എത്തിചേര്‍ന്നു. കാനന്‍നിയമം മുടക്കു കല്പിച്ചിരുന്നതുകൊണ്ട് അവിടെ ഉണ്ടായിരുന്ന സന്ന്യാസിനികള്‍ക്ക് പ്രസവശുശ്രൂഷയില്‍ സഹായിക്കുക അസാധ്യമായിരുന്നു. ഈ ശുശ്രൂഷാരംഗത്ത് സന്ന്യസ്തരുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ് എന്ന് ഡോ. ഡങ്കലിന് ബോദ്ധ്യമായി. തന്‍റെ ജന്മനാടായ യൂറോപ്പ് യുദ്ധത്തിന്‍റെ കെടുതിയില്‍ ആയിരുന്നതുകൊണ്ട് സഹായം അവിടെനിന്നു ലഭിക്കുക അസാധ്യമെന്ന് കണ്ട് ഡോ. ഡങ്കല്‍ അമേരിക്കയിലേക്കു തിരിച്ചു. ഏകാകിയായിരുന്നെങ്കിലും, ദൈവത്തില്‍ ആശ്രയിച്ച്, അമേരിക്കയില്‍ ഉടനീളം യാത്രചെയ്ത് ഇക്കാര്യത്തെപ്പറ്റി പ്രസംഗിച്ചു. തിരസ്കരണങ്ങളും അവഹേളനങ്ങളും നേരിടേണ്ടിവന്നെങ്കിലും പ്രതീക്ഷ കൈവെടിയാതെ മുന്നോട്ടുനീങ്ങി. സേവനമനസ്ഥിതിയോടെ മുമ്പോട്ടു വന്ന ഒരു ഡോക്ടര്‍, രണ്ടു നേഴ്സുമാര്‍, ഇവരോടുചേര്‍ന്ന് അന്ന ഡങ്കല്‍ 1925 സെപ്റ്റംബര്‍ 30-ന് വാഷിംഗ്ടനില്‍ ഒരു നാല്‍വര്‍സംഘത്തിന് രൂപം കൊടുത്തു. ഒരു വര്‍ഷത്തെ സന്ന്യാസപരിശീലനത്തിനുശേഷം, കത്തോലിക്കാ സന്ന്യാസിനികളായി അംഗീകരിക്കപ്പെടാത്ത, സന്ന്യസ്തരായി വ്രതവാഗ്ദാനം ചെയ്ത് രോഗീശുശ്രൂഷയ്ക്ക് സ്വയം സമര്‍പ്പിച്ചു.
ഈ കാലഘട്ടത്തില്‍ കേരളത്തിലെ ഒരു കൊച്ചുഗ്രാമമായിരുന്ന ഭരണങ്ങാനത്ത് ബ്രദര്‍ സെബാസ്റ്റ്യന്‍ പിണക്കാട്ട് എന്ന വൈദികവിദ്യാര്‍ഥിക്ക് 'മെഡിക്കല്‍ മിഷന്‍' ഒരു പ്രത്യേക വിളിയായി അനുഭവപ്പെട്ടു. അന്ന ഡങ്കലുമായി കത്തിടപാടുകള്‍ നടത്തി; കത്തോലിക്കാകുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്ന അഞ്ചു യുവതികള്‍, ആതുരസേവനത്തിന് തയ്യാറായി മുമ്പോട്ടുവന്നു. ഇവര്‍ നേഴ്സിങ്ങ് പരിശീലനത്തിനായി 1940-ല്‍ മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സ് നടത്തിയിരുന്ന റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ ചേര്‍ന്നു. പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ നാലുപേര്‍ പാലായില്‍ പരുമലക്കുന്ന് എന്ന സ്ഥലത്ത്, അന്നത്തെ മെത്രാനായിരുന്ന മാര്‍ ജെയിംസ് കാളാശ്ശേരിയുടെ ആശീര്‍വാദത്തോടെ, ഒരു ആതുരസേവനസമൂഹത്തിന് ആരംഭം കുറിക്കുവാന്‍ ദൈവം ഇടയാക്കി. പിതാവിന്‍റെ ആഗ്രഹമനുസരിച്ച് സമൂഹത്തെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ച് “Medical Sisters of the Immaculate Heart of Mary, Queen of the Missions” എന്ന് നാമകരണം ചെയ്തു. പരുമലക്കുന്നിന് പിതാവ് നല്‍കിയ പേരാണ് 'മേരിഗിരി'. പില്ക്കാലങ്ങളില്‍ ഈ സമൂഹം മേരിഗിരി സിസ്റ്റേഴ്സ് എന്ന് വിളിക്കപ്പെട്ടു. പിതാവിന്‍റെയും പിണക്കാട്ടച്ചന്‍റെയും തീരുമാനമനുസരിച്ച് സന്ന്യാസപരിശീലനത്തിനായി അമേരിക്കന്‍ മെഡിക്കല്‍മിഷന്‍ സിസ്റ്റേഴ്സിനെ ക്ഷണിക്കുകയും അവര്‍ സന്തോഷപൂര്‍വ്വം ആ ചുമതല ഏറ്റെടുക്കുകയും ചെയ്തു.
ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി (Immaculate Heart of Mary - IHM) എന്ന പേരില്‍ 1948-ല്‍ റോഡ്സൈഡിലുള്ള ഒരു ചെറിയ വീട്ടില്‍ സീറോമലബാര്‍ സഭയിലെ ആദ്യ ആശുപത്രിയായി ഇന്നത്തെ മേരിഗിരി പ്രവര്‍ത്തനം ആരംഭിച്ചു. കാലക്രമത്തില്‍ ഈ കൊച്ചുസമൂഹവും ഇതിന്‍റെ സേവനരംഗങ്ങളും വളര്‍ന്നു. ഏതദ്ദേശീയസമൂഹമായി ആരംഭിച്ച മേരിഗിരി സിസ്റ്റേഴ്സ് 1953-ല്‍ അമേരിക്കയിലുള്ള ആഗോള മെഡിക്കല്‍ മിഷന്‍ സമൂഹത്തിന്‍റെ ഭാഗമായി. ഇതോടുകൂടി സമൂഹത്തിന്‍റെയും സേവനരംഗങ്ങളുടെയും ഉത്തരവാദിത്വം മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സിനോട് ചേര്‍ന്നുള്ളതായി. മേരിഗിരി സിസ്റ്റേഴ്സ് കേരള അതിര്‍ത്തി വിട്ടു മറ്റു സ്ഥലങ്ങളിലേക്ക് പോകുവാനും തുടങ്ങി.
Professional Medical Care ലക്ഷ്യമാക്കി മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സ് ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉന്നതനിലവാരമുള്ള ആശുപത്രികള്‍ ആരംഭിച്ചു. കാലക്രമത്തില്‍ ആതുരശുശ്രൂഷാരംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായി. വളര്‍ച്ചയുടെ വേലിയേറ്റത്തില്‍ ശുശ്രൂഷാരംഗം 'ആൗശെില'ൈ ആയി രൂപാന്തരപ്പെട്ടു. Speciality, Super speciality തുടങ്ങിയവയ്ക്കുള്ള പ്രാധാന്യം വര്‍ധിച്ചതോടെ സാധാരണക്കാര്‍ക്കും, പാവപ്പെട്ടവര്‍ക്കും ആതുരശുശ്രൂഷ ലഭിക്കുക അസാധ്യമായി.
ആതുരശുശ്രൂഷ എല്ലാവര്‍ക്കും, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക്, ഉള്ള അവകാശമാണെന്ന് തിരിച്ചറിഞ്ഞ മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സ് ആശുപത്രികളുടെ നടത്തിപ്പില്‍ കച്ചവടമനസ്ഥിതി സ്വീകരിക്കാന്‍ തയ്യാറായില്ല. ആതുരസേവനരംഗത്തെയും ആശുപത്രികളുടെ വളര്‍ന്നുവന്നുകൊണ്ടിരുന്ന അനീതിനിറഞ്ഞ പ്രവര്‍ത്തനശൈലിയെയും മനസ്സിലാക്കി ആഗോളതലത്തില്‍ സ്വയം വിമര്‍ശനത്തിന് തുടക്കമിട്ടു. 1968-73 കാലഘട്ടങ്ങളില്‍ നടത്തിയ വിലയിരുത്തലിന്‍റെയും, പ്രാര്‍ഥനയുടെയും ഫലമായി, രോഗം സുഖപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുപരി, രോഗം വരാതിരിക്കുവാനും അനീതിയെ ചെറുക്കുവാനും, പുറംതള്ളപ്പെട്ടവരുടെ ഇടയിലേക്ക് ഇറങ്ങുവാനും തീരുമാനമായി. ഇത് വളരെയധികം വിലകൊടുക്കേണ്ട ഒരു വെല്ലുവിളിയായിരുന്നു. യേശുവിന്‍റെ ആതുരശുശ്രൂഷാചൈതന്യവും പാവങ്ങളോടുള്ള പക്ഷംചേരലും ജീവിതശൈലിയാക്കാന്‍ ഒരുമ്പെട്ടപ്പോള്‍ ലക്ഷ്യപ്രാപ്തിക്കായി അന്നുവരെ വിലമതിച്ചിരുന്ന പലതും വിട്ടുകൊടുക്കുക അത്യന്താപേക്ഷിതമായി. വേണ്ടത്ര സൗകര്യമുള്ള സന്ന്യാസഭവനങ്ങള്‍, കൂട്ടായജീവിതം, അടുക്കും ചിട്ടയുമുള്ള ദിനചര്യ, ഇതിനെല്ലാം ഉപരിയായി ചോരയും നീരും കൊടുത്ത് വളര്‍ത്തിവലുതാക്കിയ, ശുചിത്വത്തോടെ സൂക്ഷിച്ചിരുന്ന ആശുപത്രികള്‍, സന്ന്യാസവസ്ത്രം എല്ലാംഉപേക്ഷിക്കപ്പെട്ടു. പകരമായിഗ്രാമങ്ങള്‍തോറും ചുറ്റിനടന്ന്, ദൈവരാജ്യപ്രഘോഷണത്തിന് പ്രാധാന്യം കൊടുത്ത് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, ആദിവാസികള്‍, ചേരിനിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, നീതിനിഷേധിക്കപ്പെട്ടവര്‍ തുടങ്ങിയവരോടൊത്ത്, പരിമിതമായ ജീവിതസൗകര്യങ്ങളോടുകൂടിയ കൊച്ചുവീടുകളില്‍, ചെറുസംഘങ്ങളായി ലളിതമായ ജീവിതം ആരംഭിച്ചു. പരമ്പരാഗതമായ സന്ന്യാസശൈലിയില്‍നിന്നുള്ള ഈ മാറ്റം പലവിധ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തള്ളിപ്പറയലിനും കാരണമായി. മെഡിക്കല്‍ മിഷന്‍ സമൂഹത്തില്‍തന്നെ വ്യത്യസ്തമായ ആഭിമുഖ്യങ്ങള്‍ ഈ മാറ്റത്തോടുണ്ടായി. യേശുവിന്‍റെ സൗഖ്യദായശുശ്രൂഷയില്‍, പാവങ്ങളോട് പക്ഷംചേര്‍ന്നു ജീവിക്കുവാനും, പ്രവര്‍ത്തിക്കുവാനുമുള്ള ഉറച്ചതീരുമാനത്തില്‍ നിലനില്ക്കുവാന്‍ സാധിച്ചത് ആഴമായ വിശ്വാസവും പരസ്പരധാരണയും പ്രാര്‍ഥനയും ദൗത്യത്തിലുള്ള തീക്ഷ്ണതയും സഹകരണവും മറ്റുമായിരുന്നു. ഒപ്പം ഇതേ ദൗത്യനിര്‍വഹണത്തിന് ഇറങ്ങിത്തിരിച്ച ആളുകളുടെ സഹായസഹകരണങ്ങളും ഒത്തുചേരലും വിലയിരുത്തലും പ്രാര്‍ഥനയും ഉണ്ടായിരുന്നു.
അലോപ്പതിചികിത്സയ്ക്ക് നന്മയോടൊപ്പം ദൂഷ്യവശങ്ങളും ഉണ്ടെന്ന് മനസ്സിലാക്കി ‘holistic health’ എന്ന സമഗ്ര ആരോഗ്യരീതി പ്രായോഗികമാക്കാന്‍ ശ്രമങ്ങള്‍ നടത്തി.
ഇന്ന് ആഗോളതലത്തില്‍ മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സിന്‍റെ പ്രവര്‍ത്തനരംഗങ്ങള്‍ വിവിധതരത്തിലുള്ളതാണ്. Non drug therapy ( (മരുന്നില്ലാ ചികിത്സ) -യില്‍ വളരെ ദൂരം യാത്ര ചെയ്തുകഴിഞ്ഞു. ഈ ചികിത്സാരീതികള്‍ക്കുള്ള പരിശീലനം ഇന്ന് സൗഖ്യദായകശുശ്രൂഷയുടെ ഭാഗമായിരിക്കുകയാണ്.
കേരളത്തിലെ മറ്റെല്ലാ ആശുപത്രികളും വിട്ടുകൊടുത്തെങ്കിലും ഭരണങ്ങാനത്തുള്ള കഒങആശുപത്രി നിലനിര്‍ത്തിക്കൊണ്ടുപോകുക ജനങ്ങളുടെ ആവശ്യമായിരുന്നു. സാധാരണജനങ്ങള്‍ക്ക് പ്രാപ്യമായ തരത്തിലുള്ള ചികിത്സകള്‍ ഇവിടെ ലഭ്യമാണ്. കാലത്തിന്‍റെ ഒഴുക്കിനെതിരായി പണമുണ്ടാക്കുകയല്ല, ശുശ്രൂഷയാണ് ആശുപത്രികളുടെ പ്രധാനലക്ഷ്യം എന്ന ബോധ്യം നിലനിര്‍ത്തി മുമ്പോട്ടുപോകുക വളരെ ശ്രമകരമാണ്. പ്രതിബന്ധങ്ങള്‍ വളരെ ശക്തമായതുതന്നെ. എങ്കിലും ആതുരസേവനത്തിലുള്ള ഇന്നത്തെ കച്ചവടസ്ഥിതി മനസ്സിലാക്കിയ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി ഒട്ടേറെ ആളുകള്‍ ഞങ്ങളോടൊപ്പം നിന്ന് ശക്തിപകരുന്നു.
മെഡിക്കല്‍ മിഷന്‍ സന്ന്യാസസമൂഹസ്ഥാപനത്തിന്‍റെ 90-ാം വര്‍ഷം ആഘോഷിക്കുന്ന ഈ അവസരത്തില്‍ പരമകാരുണികനായ ദൈവത്തോടും ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിക്കുവാനാണ് താന്‍ വന്നരിക്കുന്നത് എന്ന് ജീവിതംവഴി കാട്ടിത്തന്ന യേശുവിനോടും ഞങ്ങളോടൊപ്പംനിന്ന് ജീവനും ഊര്‍ജവും പകര്‍ന്നുതന്ന് കടന്നുപോയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു.