news-details
ധ്യാനം

കുരിശുകളുടെയും സഹനത്തിന്‍റെയും അര്‍ത്ഥം തേടി മനുഷ്യന്‍ അലയുന്ന കാലമാണിത്. പരിഹരിക്കാനാവാത്ത പ്രശ്നങ്ങള്‍ ജീവിതത്തില്‍  കടന്നുവരുമ്പോള്‍ ഇതിന്‍റെയെല്ലാം അര്‍ത്ഥമെന്തെന്ന് ചിന്തിച്ച് മനുഷ്യന്‍ ആകുലപ്പെടുന്നു. കുരിശുകളെ എങ്ങനെ നേരിടാമെന്നു പഠിപ്പിച്ച വലിയ വിശുദ്ധനാണ് ഫ്രാന്‍സിസ് അസ്സീസി. പ്രത്യക്ഷത്തിലുള്ള തകര്‍ച്ചകളുടെ മുമ്പില്‍ ദൈവത്തിന്‍റെ ഇടപെടല്‍ കണ്ടെത്തിയവനാണ് ഫ്രാന്‍സിസ് അസ്സീസി. ലോകത്തിന്‍റെ പ്രശസ്തിയുടെ പിന്നാലെ അദ്ദേഹം ഓടിനടക്കുമ്പോഴായിരുന്നു ആദ്യത്തെ പ്രഹരം. തന്‍റെ പദ്ധതികള്‍ ദൈവത്തിന്‍റെ പദ്ധതികളുമായി ഒത്തുപോകുന്നവയല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മനുഷ്യന്‍ പദ്ധതികള്‍ മെനയുമ്പോള്‍ അന്തിമമായ തീരുമാനം ദൈവത്തിന്‍റേതാണെന്നു ഫ്രാന്‍സിസ് അറിയുന്നു. താന്‍ വരച്ച വരയിലൂടെ ദൈവത്തെ നടത്താതെ ദൈവം വരച്ച വരയിലൂടെ ഫ്രാന്‍സിസ് നടന്നുതുടങ്ങി. കുരിശുരൂപത്തിന്‍റെ മുമ്പിലിരുന്ന് ഫ്രാന്‍സിസ് ധ്യാനിച്ചു. ആ ധ്യാനം അദ്ദേഹത്തെ രണ്ടാം ക്രിസ്തുവെന്ന പേരിന് അര്‍ഹനാക്കിത്തീര്‍ത്തു. പിതാവിന്‍റെ ഹിതത്തിന് പൂര്‍ണ്ണമായി കുരിശില്‍ സമര്‍പ്പിച്ച യേശുനാഥന്‍റെ ജീവിതമാതൃകയില്‍ ഫ്രാന്‍സിസും ചലിച്ചു തുടങ്ങി. മനുഷ്യന്‍റെ പദ്ധതികള്‍ തകര്‍ത്തുകൊണ്ട് ദൈവം പ്രവര്‍ത്തിക്കുന്നതിന്‍റെ പൊരുളെന്തെന്ന അന്വേഷണം  അദ്ദേഹം ആരംഭിച്ചു.

താല്‍ക്കാലികമായ സഹനങ്ങള്‍ക്കുശേഷം ഒരു ഉത്ഥാനമുണ്ടെന്ന് ഫ്രാന്‍സിസ് തിരിച്ചറിഞ്ഞു. ഗോതമ്പുമണി അഴിഞ്ഞശേഷം (യോഹ. 12/14) പുതുനാമ്പിന്‍റെ മുളച്ചുപൊട്ടല്‍ ഉണ്ടാകുന്നതുപോലെ തകര്‍ച്ചകള്‍ക്കും വേദനകള്‍ക്കും ശേഷം ഒരു പുതുജീവന്‍ ഉണ്ടാകും. സഹനത്തിന്‍റെ അളവു വര്‍ദ്ധിക്കുന്തോറും വരാനിരിക്കുന്ന നന്മയുടെ അളവും വര്‍ദ്ധിക്കുന്നു. ചെറിയ ക്ലാസിലെ പരീക്ഷകള്‍ ജയിക്കുമ്പോള്‍ ചെറിയ പ്രമോഷന്‍. പരീക്ഷയുടെ കാഠിന്യം കൂടുന്തോറും അതിനു ലഭിക്കുന്ന സമ്മാനവും വലുതായിരിക്കും. ഈ തിരിച്ചറിവ് വിശുദ്ധ ഫ്രാന്‍സിസിനെ ബലപ്പെടുത്തി. ലോകത്തിന്‍റെ മോഹവലയത്തില്‍ കുടുങ്ങി ഫ്രാന്‍സിസ് സഞ്ചരിച്ചപ്പോള്‍ അദ്ദേഹം ദൈവത്തെ മറന്നുപോയിരുന്നു. രണ്ടു കണ്ണുകളും തുറന്നിരുന്നപ്പോള്‍ സാവൂള്‍ കര്‍ത്താവിനെ മറന്നു. കണ്ണുകളില്‍ അന്ധത ബാധിച്ചപ്പോള്‍ അന്ധതയ്ക്ക് അപ്പുറമുള്ള കര്‍ത്താവിനെ അദ്ദേഹം കണ്ടുമുട്ടി. ഏറ്റവും വലിയ നൊമ്പരത്തിന്‍റെ നിമിഷത്തില്‍ പിതാവിന്‍റെ വിരിക്കപ്പെട്ട കരങ്ങള്‍ പുത്രന്‍ തിരിച്ചറിഞ്ഞു. എപ്പോഴും ആകാശത്തുള്ള നക്ഷത്രങ്ങളെ കാണുവാന്‍ അന്ധകാരം കടന്നുവരണമല്ലോ. അതുപോലെ ദൈവത്തിന്‍റെ സാന്നിധ്യമനുഭവിക്കുവാന്‍ തകര്‍ച്ചകളുടെ അന്ധകാരം നമ്മെ ഗ്രസിക്കണം.

തായ്ത്തണ്ടിനോടു ചേര്‍ന്നുനില്‍ക്കുന്നതിനെ കൂടുതല്‍ ഫലം തരുവാനായി വെട്ടിയൊരുക്കുമെന്നുള്ള (യോഹ. 15: 1-10) സന്ദേശം ഫ്രാന്‍സിസ് പിതാവില്‍ ആഴമായി പതിഞ്ഞു. ഓരോ കുത്തുവാക്കുകളും ഓരോ തകര്‍ച്ചയും ഒരു വെട്ടിയൊരുക്കലാണ്. ഒരു കാലത്ത് കൂര്‍ത്തമുനയുള്ള കല്ലുകള്‍ നിരന്തരമായ ഒഴുകലിനുശേഷം മിനുസമുള്ള കല്ലുകളായി മാറുന്നു. ഇതുപോലെ ഒരുപാടു സഹനങ്ങള്‍ക്കുശേഷം നമ്മുടെ വ്യക്തിത്വം മിനുസമുള്ളതായി മാറും. ഇളകിയാടി മറിഞ്ഞു നടന്ന ഫ്രാന്‍സിസ് കര്‍ത്താവിന്‍റെ മേശപ്പുറത്തെ മിനുസമുള്ള കല്ലായി മാറി. എന്‍റെ സ്വഭാവശുദ്ധീകരണത്തിനും വ്യക്തിത്വത്തിന്‍റെ തിളക്കത്തിനുമായി സഹനങ്ങളെ ദൈവം അനുവദിക്കുന്നു. ഫ്രാന്‍സിസിന്‍റെ ആത്മീയശക്തി വളര്‍ന്നത് കുരിശിന്‍റെ അനുഭവത്തില്‍ നിന്നാണ്. ക്രൂശിതന്‍റെ സംസാരം ഫ്രാന്‍സിസിനെ ഇരുത്തിചിന്തിപ്പിച്ചു. വിനീതനും ക്രൂശിതനുമായ കര്‍ത്താവിന്‍റെ സന്ദേശവാഹകനായി അദ്ദേഹം മാറി. മനസ്സിന്‍റെ കരുത്ത് ഉറപ്പിക്കാനായി ദൈവം നമുക്ക് സഹനങ്ങള്‍ തരും. കൂടുതല്‍ സഹിക്കുന്നവര്‍ക്കാണ് കൂടുതല്‍ മനശ്ശക്തി. ഫ്രാന്‍സിസ് കൂടുതല്‍ സഹിച്ചു. പഞ്ചക്ഷതധാരിയായ അദ്ദേഹത്തിന്‍റെ സഹനങ്ങള്‍ ആത്മീയതയുടെ ഉന്നതശൃംഗങ്ങളില്‍ ഫ്രാന്‍സിസിനെ എത്തിച്ചു. എന്‍റെ സഹനങ്ങള്‍ എന്നെ വളര്‍ത്തുന്നതിനുള്ള അവസരമായി ദൈവം ഒരുക്കുന്നു. ഇതായിരുന്നു ഫ്രാന്‍സിസിന്‍റെ അനുഭവം.

ലോകത്തിന്‍റെ പാപത്തിന് പരിഹാരമായിരുന്നു ക്രിസ്തുവിന്‍റെ കുരിശുമരണം. ഈ ഭൂമിയില്‍ തിന്മ പെരുകുമ്പോഴെല്ലാം നീതിമാന്മാര്‍ സഹിക്കേണ്ടി വരുന്നു. ഈ സഹനത്തില്‍ ഫ്രാന്‍സിസും ഭാഗഭാക്കായി മാറി. സ്വന്തം ശരീരത്തിലനുഭവിച്ച നൊമ്പരങ്ങള്‍ സഭയുടെയും മനുഷ്യവംശത്തിന്‍റെയും വിശുദ്ധീകരണത്തിനായി അദ്ദേഹം സമര്‍പ്പിച്ചു. അനുദിന ജീവിതത്തിലെ കുരിശുകളെ ലോകത്തിന്‍റെ വിശുദ്ധീകരണത്തിനായി അനുഭവിച്ചു തീര്‍ക്കുന്ന ഒരു ആദ്ധ്യാത്മിക കാഴ്ചപ്പാട് നമുക്കും ലഭിക്കട്ടെ. അതുവഴി കര്‍ത്താവിന്‍റെ സമാധാന ദൂതരായി നമുക്കും മാറാം.       

You can share this post!

പ്രാര്‍ത്ഥനയുടെ ഫലങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ കപ്പൂച്ചിന്‍
അടുത്ത രചന

ദൈവരാജ്യം ബലപ്രയോഗത്തിലൂടെ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts