അമ്മയെന്ന മധുരപദമാണ് ആനി മരിയ സിസ്റ്ററിനെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസില്‍ നിറയുക. വിനിമയ അപഗ്രഥനത്തില്‍ അന്തര്‍ദേശീയ അംഗീകാരം ലഭിച്ച ഏഷ്യയിലെ ആദ്യവ്യക്തിയായിരുന്നു ആനിയമ്മ. പാലായില്‍ പ്രവര്‍ത്തിച്ചിരുന്ന ആവില ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് ട്രാന്‍സാക്ഷണല്‍ അനാലിസിസിന്‍റെ സാരഥിയായിരുന്ന ആനിയമ്മയുടെ ശിഷ്യസമ്പത്ത് വിപുലമായിരുന്നു.
ഒരു കന്യാമഠത്തിന്‍റെ ആവൃതിക്കുള്ളില്‍ തികഞ്ഞ ബ്രഹ്മചര്യത്തില്‍ ജീവിക്കുമ്പോഴും അവര്‍ അനേകരുടെ അമ്മയായിരുന്നു. ചെറുകാര്യങ്ങളില്‍ മനസുടക്കി ആകുലതകളില്‍ മുഴുകി സ്വജീവിതം ദുസ്സഹമാക്കുന്നവര്‍ക്ക് ആനിയമ്മയുടെ മൃദുമന്ത്രണം കേള്‍ക്കാം. “Life is a celebration” അതേ, ജീവിതം ആഘോഷമാണ്. ജീവിതത്തിലെ ഓരോ നിമിഷത്തെയും ആയിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കാനും മുന്‍വിധികളില്ലാതെ അനുഭവിക്കാനുമുള്ള പരിശീലനം ആയമ്മ ഞങ്ങള്‍ക്ക് തരുന്നു.
ഒരുമിച്ചുള്ള സഞ്ചാരം തുടര്‍ന്നപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ കൂടുതല്‍ വെളിച്ചം കണ്ടു. ഞങ്ങളുടെ ഒത്തുകൂടലിനെ ‘Human Laboratory’ എന്നാണമ്മ വിശേഷിപ്പിച്ചിരുന്നത്. വ്യക്തികളുടെ സ്വകാര്യത അങ്ങേയറ്റം മാനിച്ചിരുന്നു. ക്ലാസ് മുറിയില്‍ പങ്കുവയ്ക്കപ്പെടുന്നതൊന്നും പുറത്ത് സംഭാഷണവിഷയമാകരുതെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധി പുലര്‍ത്തി. ഗ്രൂപ്പിന്‍റെ സ്വകാര്യത സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞ എടുപ്പിച്ചശേഷമേ പരിശീലനപരിപാടിക്ക് പ്രവേശനം നല്‍കിയിരുന്നുള്ളു. എന്തെങ്കിലും അവിഹിത ഇടപെടലുകള്‍ അനുവദിച്ചിരുന്നില്ല. സ്നേഹം, പങ്കുവയ്ക്കല്‍, പരസ്പരബഹുമാനം എന്നീ മൂല്യങ്ങളില്‍ അടിയുറച്ചാണ് അമ്മ ഗ്രൂപ്പിനെ നയിച്ചിരുന്നത്. ഗ്രൂപ്പ് സമ്മേളനങ്ങള്‍ സ്വന്തം കുടുംബത്തിലെത്തിയ പ്രതീതിയാണ് ഞങ്ങള്‍ക്ക് നല്‍കിയത്. ഇണങ്ങിയും പിണങ്ങിയും ദുഃഖിച്ചും സന്തോഷിച്ചുമൊക്കെ വികാരങ്ങളുടെ സ്വതന്ത്രമായ പ്രകടനം ഞങ്ങള്‍ ഗ്രൂപ്പില്‍ നടത്തിയിരുന്നു. മനഃശാസ്ത്രപഠനങ്ങളുടെ പിന്‍ബലത്തില്‍ അമ്മ ഇവയൊക്കെ അപഗ്രഥിക്കുകയും പെരുമാറ്റ വൈകല്യങ്ങളുടെ പൊരുളുകള്‍ ഞങ്ങള്‍ക്ക് തെളിച്ചുതരികയും ചെയ്തു. ഗ്രൂപ്പുകള്‍ പുതിയ പെരുമാറ്റരീതികളുടെ പരിശീലനക്കളരികളായി ഉറച്ചുപോയ ഫലരഹിതമായ പ്രതികരണരീതികള്‍ മാറ്റി ഫലം തരുന്ന പുതിയ രീതികള്‍ പരീക്ഷിക്കാന്‍ അമ്മ ഞങ്ങളെ പരിശീലിപ്പിച്ചു.
ശീലങ്ങളുടെ അടിമത്തത്തില്‍നിന്ന് സ്വാതന്ത്ര്യത്തിന്‍റെ സമൃദ്ധിയിലേക്ക് അമ്മ ഞങ്ങളെ നയിച്ചു. ജീവിതം ആഘോഷമായി. സ്വാതന്ത്ര്യത്തിന്‍റെ ഒരു പടി കയറിക്കഴിഞ്ഞപ്പോള്‍ അമ്മ ഞങ്ങള്‍ക്ക് മുദ്രാവാക്യം മാറ്റിത്തന്നു. “Life is thanks giving” ജീവിതം നന്ദിപ്രകടനമാണ്. തങ്ങളുടേതായ കര്‍മ്മസരണികളില്‍ തികഞ്ഞ അവബോധത്തോടെ പ്രവര്‍ത്തിക്കാന്‍, ലോകത്തിന് പരമാവധി പ്രയോജനം നല്‍കാന്‍, അങ്ങനെ ആത്മസാക്ഷാത്കാരം നേടാന്‍ പടിപടിയായി അമ്മ ഞങ്ങളെ പഠിപ്പിച്ചു.
ഓരോ നിമിഷവും അവബോധത്തോടെ ജീവിക്കാന്‍ പഠിപ്പിച്ച അമ്മയുടെ ഇഷ്ടസൂക്തം "ആത്മജ്ഞാനം ശ്രേഷ്ഠജ്ഞാനം" എന്നതായിരുന്നു. സ്വയം മനസിലാക്കുക എന്ന വിഷമമേറിയ പാതയില്‍ എന്നും ഞങ്ങള്‍ക്ക് വഴികാട്ടിയായി. "തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക" എന്ന ബൈബിള്‍ സൂക്തത്തിലൂടെ സ്വയം സ്നേഹിക്കാന്‍ അമ്മ ഞങ്ങളെ പ്രചോദിപ്പിച്ചു. സ്വയം സ്നേഹമുള്ളവനേ മറ്റുള്ളവരെ സ്നേഹിക്കാന്‍ സാധിക്കൂ. “I am Ok, you are Ok’ ('എന്നെ കൊള്ളാം നിങ്ങളെയും കൊള്ളാം') എന്ന ആരോഗ്യകരമായ നിലപാടുതറയിലേക്ക് ആനിയമ്മ ഞങ്ങളെ നയിച്ചു.
തന്‍റെ ശിഷ്യരെ സ്ഥിരമായ ആശ്രയബോധത്തില്‍ കഴിയാന്‍ ആയമ്മ അനുവദിച്ചിരുന്നില്ല. രണ്ടു വര്‍ഷത്തെ തീവ്രപരിശീലനത്തോടെ കോഴ്സ് പൂര്‍ത്തിയായി. ഗ്രൂപ്പ് പിരിഞ്ഞശേഷവും ഇടയ്ക്കൊക്കെ ഞങ്ങള്‍ ഒത്തുകൂടുകയും ആനിയമ്മയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. സ്വാശ്രയം, പരാശ്രയം, പരസ്പരാശ്രയം എന്നിവയുടെ സംതുലനം ജീവിതത്തില്‍ പാലിക്കാന്‍ അങ്ങനെ ഞങ്ങള്‍ പരിശീലിച്ചു. അമ്മയുടെ മാറോടു ചേര്‍ന്ന് വളര്‍ന്ന കുഞ്ഞിന് ആ ഓര്‍മ്മ മതി സുരക്ഷിതത്വബോധം നല്‍കാന്‍. അതുപോലെ ഗ്രൂപ്പില്‍ വളര്‍ന്ന ഞങ്ങള്‍ പിരിഞ്ഞശേഷവും ആ നല്ല അനുഭവങ്ങളുടെ സ്വാധീനത്തില്‍ ഉള്‍ക്കരുത്താര്‍ജ്ജിച്ചു.
ഒരു വര്‍ഷം മുന്‍പ് തന്‍റെ മണവാളനായ ഈശോയുടെ കൈപിടിച്ച് തന്‍റെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ പക്കലേക്ക് പോയി, തികച്ചും സന്തുഷ്ടയായി സ്വര്‍ഗത്തില്‍ കഴിയുന്ന മാലാഖകുഞ്ഞാണിപ്പോള്‍ ആനി മരിയ. ഞങ്ങളുടെ വഴികളില്‍ വെളിച്ചം വിതറുന്ന വിശിഷ്ട നക്ഷത്രം.