അധ്യാപകദിനത്തിലെ അധ്യാപകസംഗമവേദി. ഒരു പ്രാസംഗികന്‍ ചില പുതിയ പ്രവണതകളെക്കുറിച്ച് സൂചിപ്പിക്കുന്നു. ഏതു സ്കൂളിലെ സ്റ്റാഫ് റൂമില്‍ചെന്നാലും എല്ലാ അധ്യാപകരും ഒഴിവുസമയങ്ങളില്‍ ഫോണിലാണ് കുടുങ്ങിക്കിടക്കുന്നത്. ഏവരും ചതുരക്കളത്തില്‍ വിനോദവും വിജ്ഞാനവും തിരയുന്നു. ഇപ്പോള്‍ ഏവരും എടുത്തുപയോഗിക്കുന്ന ഹാസ്യം വാട്ട്സ് അപ്പ് തമാശകളാണ്. എല്ലാവരും ഫോണില്‍ തടവിലാക്കപ്പെട്ടിരിക്കുന്നു. എങ്ങും സെല്‍ഫികള്‍ വന്നു നിറയുന്നു. ആത്മാരാധനയുടെ, ആത്മരതിയുടെ പുതിയ കാലം അങ്ങനെ വന്നുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും പ്രൊഫൈല്‍ മാറുകയും സ്വന്തം ഇമേജില്‍ ആരാധനയോടെ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന നാര്‍സിസുകളാണ് എവിടെയും. (നാര്‍സിസ് ഗ്രീക്കുപുരാണത്തിലെ ഒരു കഥാപാത്രമാണ്. സ്വന്തം പ്രതിച്ഛായ കണ്ട് അതില്‍ മുഴുകിയിരുന്ന് മരണമടഞ്ഞയാളാണയാള്‍. ഇതില്‍ നിന്നാണ് മനശ്ശാസ്ത്രജ്ഞന്‍ ആത്മാരാധനയെ 'നാര്‍സിസം' എന്നു വിളിച്ചത്.) സെല്‍ഫികള്‍ 'സെല്‍ഫി'ന്‍റെ (self) ആഴങ്ങളിലേക്കല്ല നയിക്കുന്നത്. തൊലിപ്പുറമേയുള്ള കാഴ്ചകള്‍ എങ്ങും പെരുകുമ്പോള്‍ 'പൊള്ളമനുഷ്യ'ന്‍റെ സൃഷ്ടി പൂര്‍ണ്ണമാകുന്നു.
'പല ഫോസിലുള്ള ഫോട്ടോകള്‍' സെല്‍ഫികളായി മാറുന്നു.
"ചാഞ്ഞും ചരിഞ്ഞും
നിന്നും നടന്നുമുള്ളവ.
ചിരിച്ചും ചിന്തിച്ചും വരച്ചും മിഴിച്ചും
വലിച്ചും വായിച്ചും എഴുതിയുമുള്ളവ" എന്ന് കെ. ജി. ശങ്കരപ്പിള്ള കവിതയില്‍ കുറിക്കുന്നു. 'ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല ഈ സത്യം' എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുന്നില്ല. ആത്മരതിയുടെ ഘട്ടമാണിത്. സ്വയം കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. 'ലൈക്കുക'ളുടെ പെരുപ്പം ഓരോരുത്തരെയും രോമാഞ്ചം കൊള്ളിക്കുന്നു. മനുഷ്യന്‍ ബാഹ്യരൂപം മാത്രമാകുന്ന ദുരന്തമാണിവിടെ സംഭവിക്കുന്നത്.
"നമ്മെ കണ്ടിട്ടില്ലാത്തവരും
നിരന്തരം കാണുന്നവരും
നാം തന്നെയും
കാണട്ടെ" എന്നതാണ് ഓരോരുത്തരുടെയും വിചാരം. ആളുകള്‍ കണ്ടുകണ്ട് ഓരോ വ്യക്തിയും വലിയ ആളായിമാറുന്നു. ഊതിവീര്‍പ്പിച്ച ബലൂണുകള്‍ പോലെ ഓരോരുത്തരും വികസിച്ചതായി കരുതുന്നു. ഇതു വെറും 'വെര്‍ച്ച്വല്‍ റിയാലിറ്റി'യാണ് എന്നത് ആരും തിരിച്ചറിയുന്നില്ല. തൊട്ടറിയുന്ന യാഥാര്‍ത്ഥ്യത്തെ പടിക്കു പുറത്തുനിര്‍ത്തി 'സാങ്കല്പികയാഥാര്‍ത്ഥ്യ'ത്തില്‍ അഭിരമിക്കുന്നവരുടെ ആകാശം ചുരുങ്ങിപ്പോകുന്നു. ചുറ്റുമുള്ള ജീവിതസത്യങ്ങള്‍ കാണാതെ അവര്‍ മറ്റൊരു ലോകത്തില്‍ തടവിലാക്കപ്പെടുന്നു. 'ഒടിച്ചുമടക്കിയ ആകാശം' യഥാര്‍ത്ഥ ആകാശമല്ല എന്നറിയാത്തവര്‍ ആത്മരതിയുടെ, നാര്‍സിസത്തിന്‍റെ ഇരകളാകുന്നു.
"ആളുകള്‍ കണ്ടുകണ്ടാണ് സാര്‍
കടലുകള്‍ ഇത്ര വലുതായത്,
പുഴകള്‍ ഇതിഹാസങ്ങളായത്" എന്നു വിശ്വസിക്കുന്നവര്‍ എല്ലാവരെയും പ്രദര്‍ശനത്തിനു ക്ഷണിച്ച് കടലുപോലെ, പുഴപോലെ ഇതിഹാസങ്ങളായെന്ന് കരുതി സാഫല്യമടയുന്നു. അവനവനില്‍ തളംകെട്ടികിടക്കുന്ന ജീവിതം കപടസായൂജ്യത്തിന്‍റെ മുഹൂര്‍ത്തങ്ങള്‍ മാത്രമാണ് സൃഷ്ടിക്കുന്നത്. യഥാര്‍ത്ഥ സംവേദനങ്ങള്‍ക്കുപകരം വ്യാജമായ സംവേദനങ്ങളാണ് പെരുകുന്നത്. ഇത് മനുഷ്യനെ സ്വാഭാവികതയില്‍ നിന്ന് അകറ്റുകയും വ്യര്‍ത്ഥസങ്കല്പങ്ങളില്‍ മുക്കിത്താഴ്ത്തുകയും ചെയ്യുന്നു. സ്വയംകേന്ദ്രിത ലോകത്തിലെ പ്രജാപതികളായി, ആത്മരാമന്മാരായി സെല്‍ഫികളിലൂടെ യാത്ര തുടരുകയാണവര്‍.
'സെല്‍ഫി' നെ പ്രണയിക്കുന്നവരുടെ 'സെല്‍ഫി' കള്‍ ചരിത്രത്തില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും യഥാര്‍ത്ഥജീവിതാനുഭവങ്ങളില്‍നിന്നും പലപ്പോഴും വേറിട്ടു നില്‍ക്കുന്നു. തികച്ചും അരാഷ്ട്രിയമായ ഈ കാഴ്ചയില്‍നിന്ന് കാതലായ ചില സത്യങ്ങള്‍ ഊര്‍ന്നുപോകുന്നു. വേഷഭൂഷകളും ആടയാഭരണങ്ങളും ചാര്‍ത്തിയ ശരീരങ്ങള്‍ ആത്മശൂന്യമായ ജീവിതത്തിന്‍റെ പ്രതിനിധാനങ്ങളായി മാറുന്നു. പുറത്തൊരു ലോകമുണ്ട്, അവിടെ അനേകം ജനങ്ങളുണ്ട്. അവര്‍ക്ക് വേദനയും കണ്ണീരുമുണ്ട്. എന്നറിയാതെ ആത്മരതിയില്‍ മുഴുകുന്നവര്‍ അന്യവത്കരിക്കപ്പെട്ട ജീവിതമാണ് നയിക്കുന്നത്. സ്വയം പണിതീര്‍ത്ത ചങ്ങലയില്‍ ബന്ധിതരാണവര്‍. ഈ ബന്ധനത്തെ സായൂജ്യമായി കണക്കാക്കുന്നവര്‍ നിഴലുകളെയാണ് പ്രണയിക്കുന്നതെന്നാണ് യാഥാര്‍ത്ഥ്യം. അവനവനിലേക്കു തിരിച്ചുവച്ചിരിക്കുന്ന ക്യാമറ 'അവനവനിസ' ത്തിന്‍റെ പുതിയ അവതാരമാണ്. വിപണിയുടെ ഇരകളായി മാറുന്ന ആത്മരാമന്മാര്‍ എവിടെയും നിറയുകയാണ്. സമൂഹം എന്ന സങ്കല്പത്തിന് വലിയ ക്ഷതമാണ് ഇവര്‍ ഏല്പിക്കുന്നത്.
സി. ആര്‍. പരമേശ്വരന്‍റെ 'പ്രകൃതിനിയമം' എന്ന നോവലില്‍ 'അര്‍ശോരോഗികളുടെ കമ്യൂണ്‍' എന്നൊരു പ്രയോഗമുണ്ട്. സവിശേഷമായ ഒരു രാഷ്ട്രീയ ചരിത്രസാഹചര്യത്തിലാണ് അദ്ദേഹം അത്തരത്തിലൊരു പ്രയോഗം നടത്തുന്നത്. നമ്മുടെ സമൂഹത്തിന്‍റെ ശിഥിലീകരണവുമായി ആ പ്രയോഗത്തിന് ആഴത്തില്‍ ബന്ധമുണ്ട്. അതിനു തുല്യമായി ഇപ്പോള്‍ നമ്മുടെ സമൂഹത്തെ 'ആത്മാനുരാഗികളുടെ കമ്യൂണ്‍' എന്നു വിശേഷിപ്പിക്കാമെന്നും തോന്നുന്നു. സെല്‍ഫികളും ആത്മാനുരാഗവും ഇന്നിനെ നിര്‍വ്വചിക്കുന്നുണ്ട്. കെ. ജി. ശങ്കരപ്പിള്ള 'അഭിമുഖം' എന്ന കൊച്ചുകവിതയില്‍ ഇങ്ങനെ എഴുതുന്നു:
"ഏറ്റവും ഇഷ്ടം?
എന്നെത്തന്നെ.
അത് കഴിഞ്ഞാല്‍?
അത്
കഴിയുന്നില്ലല്ലോ!"
അവനവനില്‍ നിന്ന് പുറത്തുചാടാന്‍ കഴിയാത്ത ആത്മരതിയില്‍ മുങ്ങിത്താഴുന്നവരെയാണ് കവി ഇവിടെ അവതരിപ്പിക്കുന്നത്. 'ഞാനൊരു വലിയ സംഭവമാണ്' എന്ന് ഓരോരുത്തരും വിചാരിക്കുകയാണ്. 'സെല്‍ഫികളുടെ മനശ്ശാസ്ത്രം' പരിശോധിക്കുന്ന ചിലര്‍ നാര്‍സിസത്തിലും ആത്മരതിയിലുമെല്ലാം എത്തിനില്‍ക്കുന്നു. ഇത് കുടുംബത്തിലും സമൂഹത്തിലുമെല്ലാം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നാം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല. ഗൗരവതരമായ ഒരന്വേഷണവും നടത്താന്‍ സാധിക്കാത്തവിധം ചുരുങ്ങിപ്പോകുന്ന ജീവിതം എന്തായിരിക്കും നാളേയ്ക്കു കാത്തുവയ്ക്കുക എന്നാലോചിച്ചാല്‍ നാം അമ്പരന്നുപോകും. "ഏതു ലെന്‍സും ചരിത്രത്തിലേക്കാണ് നോക്കുന്നത്. കാഴ്ചപ്പാട് ഫോട്ടോഗ്രാഫറുടേത്. ഏതു ഫോട്ടോയും ചരിത്രരേഖയുമാണ്. നാം അറിഞ്ഞാലും ഇല്ലെങ്കിലും. ക്യാമറ അന്ധമാകുന്നത് പൊള്ളയായ പളപളപ്പുകളില്‍ കണ്ണഞ്ചുമ്പോഴാണ്. അവയവങ്ങളുടെ മാംസളതയില്‍ അഭിരമിക്കുമ്പോഴാണ്. ഉടല്‍ബിഹാരി മാത്രമായ ലെന്‍സ് ഒരു വിടനാണ്. വെറും ഐന്ദ്രിയന്‍. ഒരു വിടനും മനസ്സറിയുന്നില്ല. ആരോടും സ്നേഹവുമില്ല." ഇതാണ് ആത്മാനുരാഗികളായ, സെല്‍ഫിയില്‍ മയങ്ങുന്നവരെ മനസ്സിലാക്കാനുള്ള കാഴ്ചപ്പാട്. പുറമേയുള്ള അലങ്കാരങ്ങളും പളപളപ്പുകളും ചിരസ്ഥായിയല്ല. അസ്ഥിരമായ മായികപ്രഭയില്‍ എത്രകാലം നമുക്കു ജീവിക്കുവാന്‍ സാധിക്കും? നാം ഗൗരവമായി ചിന്തിക്കേണ്ടതാണീ പ്രശ്നമെന്നു തോന്നുന്നു. സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകള്‍ നമ്മെ വല്ലാതെ ഭ്രമിപ്പിക്കുന്നുണ്ട്. സന്തുലിതമായ ഒരു ദര്‍ശനത്തിലേക്കാണ് നമ്മുടെ ആലോചന നീങ്ങേണ്ടത്.
'ഛായാഗ്രഹിണി' എന്ന കവിതയില്‍ കല്പറ്റ നാരായണന്‍ ഇപ്രകാരം എഴുതുന്നു:
"ആത്മാരാധകര്‍
മുങ്ങിത്താഴുന്ന തടാകമാണവള്‍.
ഏകാന്തത പീലിവിരിച്ചാടുന്നത്
കണ്ണാടിയിലെ വിജനവീഥിയില്‍
ആളുകള്‍ സ്വാര്‍ത്ഥത മുടങ്ങാതെ പരിശീലിക്കുന്നത്
മറുപുറം കൊട്ടിയടച്ച ഈ സ്വകാര്യമുറിയില്‍
കണ്ണാടിയില്‍ ഇന്നോളവും
എന്നെയല്ലാതെ
മറ്റൊരാളെയും ഞാന്‍ കണ്ടീല"
സെല്‍ഫികളില്‍ തടവിലാക്കപ്പെട്ടവര്‍ ആത്മാരാധകരാണ്; കണ്ണാടിയില്‍ നോക്കിയിരിക്കുന്ന നാര്‍സിസ്റ്റുകള്‍. അവര്‍ ആ തടാകത്തില്‍ മുങ്ങിത്താഴുകയാണ്. ഏകാന്തതയില്‍ അവര്‍ പീലിവിരിച്ചാടുന്നു. അത് പോസ്റ്റു ചെയ്ത് മറ്റുള്ളവരെ കാണിക്കുന്നു. അവിടെ അവര്‍ സ്വാര്‍ത്ഥത പരിശീലിക്കുകയാണ്. കൊട്ടിയടച്ച സ്വകാര്യമുറിയില്‍ അവര്‍ തടവുശിക്ഷ അനുഭവിക്കുന്നു. എന്നാല്‍ സര്‍വതന്ത്രസ്വതന്ത്രരാണെന്ന മിഥ്യാധാരണയിലാണ് അവര്‍ ജീവിക്കുന്നത്. കണ്ണാടിയില്‍ നാം നമ്മളെ മാത്രമേ കാണുന്നുള്ളൂ. മറ്റൊരാളെയും അവിടെ നാം കാണുന്നില്ല. സെല്‍ഫികളില്‍ സ്വയം കണ്ട്, സ്വയം ആനന്ദിച്ച്, ആത്മരാമന്മാരായി കുറെയാളുകള്‍ മായികപ്രപഞ്ചത്തില്‍ ഒഴുകിനടക്കുന്നു. സ്വന്തം ബാഹ്യരൂപം മാത്രം കാണുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന പൊള്ളയായ സംസ്കാരത്തിന്‍റെ സൃഷ്ടിയില്‍ സെല്‍ഫികളുടെ സ്വാധീനമെത്രയുണ്ടെന്ന് ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു.