news-details
കവിത

അറിവുകേടുകള്‍

ഉരുണ്ട ഭൂമിയില്‍
പരന്നു കിടക്കുകയാണ്
സംശയങ്ങള്‍,

ഉത്തരംമുട്ടുകളുടെ
ഇടവഴിയില്‍
ഇഴഞ്ഞുനടക്കുന്ന
ചോദ്യസര്‍പ്പങ്ങള്‍,

അന്ധന്‍റെ കണ്ണില്‍
അരങ്ങേറുന്ന
കെട്ടുകാഴ്ചകള്‍,

ബധിരന്‍റെ കാതില്‍
കൊഴുക്കുന്ന
രാഗവിസ്താരങ്ങള്‍,

വിശക്കുന്നവന്‍റെ
മുമ്പിലെ
നക്ഷത്ര-
പ്പാചകഷോകള്‍,
ആണ്ടാചാരമായി
നീട്ടുന്ന
വാഗ്ദാന ഭിക്ഷകള്‍,

വോട്ടു ക്യൂവിന്
മുമ്പില്‍
അവതരിക്കുന്ന
ഇസ്തിരിച്ചിരികള്‍,

തെറ്റിപ്പോയ
വഴിക്കണക്കായി
നിര്‍ദ്ധാരണം
കാത്തുകിടക്കുന്ന
നിസ്സഹായതയുടെ
കടുംകെട്ടുകള്‍
 
 
 
തൂവലാവാന്‍ കൊതിച്ചവന്‍- ടോണി



തൂവലാവാന്‍ കൊതിച്ച
ഒരുവനുണ്ടായിരുന്നു
ലോകത്തിന്‍റെ കനങ്ങളൊക്കെ
കൊഴിക്കാന്‍ കൊതിച്ചവന്‍
പഴങ്കഥയിലെ ശിബിയെന്നപോല്‍
അവന്‍ മാംസമറുത്തുമാറ്റിക്കൊണ്ടേയിരുന്നു.
പ്രോമിത്യൂസിന്‍റെ കണ്ണുപോലെ
അതു വളര്‍ന്നുവന്നു.
അവന്‍ എന്നും പീഡയനുഭവിച്ചു
ആ പീഡ അവന് ആനന്ദമായിരുന്നു.
അവന്‍റെ വഴി പീഡിതന്‍റേതായിരുന്നു
കുരിശിന്‍റെ വഴി
ഗൊല്‍ഗാഥയുടെ ഗാഥ
ഒരുനാള്‍
മാംസഅടരുകള്‍
അഴിഞ്ഞുവീണു
അവന്‍ കുഞ്ഞുതൂവലായ്
ലോകത്തിന്‍റെ
കനങ്ങളഴിഞ്ഞവന്‍
നിശൂന്യന്‍
നിസ്തുലന്‍
വിശുദ്ധന്‍
 
വായ്പ- റെജി മലയാലപ്പുഴ
 

അരിയും പയറും
പഞ്ചസാരയും
പടിഞ്ഞാറ്റേതില്‍നിന്നും
'വായ്പ' വാങ്ങുവാന്‍
അമ്മ പറയുമായിരുന്നു.
അങ്ങനെയാണ്
ആദ്യമായ് 'വായ്പ'
എന്ന പദം പഠിച്ചത്.
പക്ഷേ,
എനിക്കുവേണ്ടി
വിദ്യാഭ്യാസം 'വായ്പ' വാങ്ങിയപ്പോഴാണ്
അച്ഛന് കയറെടുക്കേണ്ടി വന്നത്.
ക്ലാസ് മുറിക്കുള്ളിലാകുമ്പോഴും
'ജീവന്‍' എഴുതിത്തള്ളുന്ന
വായ്പാ വിദ്യാഭ്യാസത്തെക്കുറിച്ചായ് ചിന്ത

You can share this post!

ഇടം

ജോപ്പന്‍സ്
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts