news-details
വേദ ധ്യാനം

തിന്മയുടെ നടുക്കുണ്ട് ദൈവരാജ്യം

മത്തായി 13:24-30 ആണ് വിളയുടെയും കളയുടെയും ഉപമ പറയുന്നത്. ഈ ഉപമയുടെ വ്യാഖ്യാനവും മത്തായി അതേ അധ്യായത്തില്‍ നല്‍കുന്നുണ്ട് (13:36-43). ആദ്യം വിത്തു വിതയ്ക്കല്‍ (വാക്യം 24), പിന്നെ കളവിതയ്ക്കല്‍ (25), തുടര്‍ന്ന് വിളയുടെയും കളയുടെയും വളര്‍ച്ച(26), സേവകന്മാരുടെ ചോദ്യവും യജമാനന്‍റെ ഉത്തരവും (27  -28a), വീണ്ടും ചോദ്യവും ഉത്തരവും (28b--30) എന്ന രീതിയിലാണല്ലോ ഉപമ പറയപ്പെട്ടിരിക്കുന്നത്. ഉപമയുടെ വ്യാഖ്യാനം 13:37-43 ലുണ്ട്. കഥയിലെ ഏഴ് ഐറ്റംസ് ഏതിന്‍റെയൊക്കെ പ്രതീകമാണെന്ന് 37-39 വാക്യങ്ങളും, യുഗാന്ത്യവിധിയെക്കുറിച്ച് 40-43 വാക്യങ്ങളും പറഞ്ഞുവയ്ക്കുന്നു.

ഗോതമ്പു ചെടികള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ട കളകള്‍, പ്രത്യേകിച്ചും അവ കതിരിടുന്നതിനുമുമ്പ്, ഗോതമ്പുചെടിയെപ്പോലെ തന്നെയിരിക്കും എന്നതുകൊണ്ട് വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ അവ പറിച്ചുനീക്കപ്പെടാറില്ല. ഈ കളയില്‍ ഉണ്ടാകുന്നത് വിഷാംശമുള്ള ഒരിനം ഫംഗസാണത്രേ. ഗോതമ്പു മണികള്‍ക്കൊപ്പം അവ കിടന്നാല്‍ ഗോതമ്പു ഭക്ഷ്യ യോഗ്യമല്ലാതായിത്തീരും. അതുകൊണ്ട് കൊയ്ത്തിന്‍റെ സമയത്ത് അവയെ വേര്‍തിരിച്ച്, കത്തിച്ചു കളയും.

ഈ ഉപമ പൊതുവേ വ്യാഖ്യാനിക്കപ്പെട്ടത് സുവിശേഷത്തില്‍തന്നെ ഈ ഉപമയ്ക്കു നല്‍കപ്പെട്ട വ്യാഖ്യാനം കണക്കിലെടുക്കാതെയാണ്. സഭയെ ക്കുറിച്ചുള്ള ഉപമയായിട്ടാണ് സെന്‍റ് അഗസ്റ്റിന്‍ ഇക്കഥയെ കാണുന്നത്. സഭയ്ക്കുള്ളില്‍ നല്ലയാപ്പിളും ചീത്തയാപ്പിളും ഉണ്ടാകാമെന്നും ചീത്തയാപ്പിള്‍ ഏതെന്നു തീരുമാനിക്കേണ്ടത് മനുഷ്യരല്ല, ദൈവമാണെന്നും വിധിതീര്‍പ്പ് ദൈവത്തിന്‍റേതായ തുകൊണ്ട് ആ അവകാശത്തില്‍ മനുഷ്യന്‍ കൈകടത്താന്‍ പാടില്ലെന്നും അതുകൊണ്ടുതന്നെ വിളയും കളയും ഒരേപോലെ വളരേണ്ടതുണ്ടെന്നുമൊക്കെ അഗസ്റ്റിന്‍ വാദിച്ചു. സഭയിലെ പാഷണ്ഡികളാണ് ഉപമയിലെ കളയെന്നാണു ജോണ്‍ ക്രിസോസ്റ്റമിന്‍റെ വാദം. സഭയ്ക്കുള്ളില്‍ നന്മയും തിന്മയും വേര്‍തിരിക്കാനാവാത്ത വിധത്തില്‍ ഇടകലര്‍ന്നി രിക്കുന്നുവെന്നും ഈ യാഥാര്‍ത്ഥ്യത്തിന്‍റെ മുന്നില്‍ നാം ക്ഷമയോടെ കാത്തിരിക്കണമെന്നും ആണത്രേ ഉപമയുടെ പാഠം.

ഈ വ്യാഖ്യാനത്തിന്‍റെ പുത്തന്‍ പതിപ്പുകള്‍ കാലമേറെ മുന്നോട്ടു പോയിട്ടും നാം കാണുന്നുണ്ട്. 'വിലാപവും പല്ലുകടിയുമുണ്ടാകും' എന്ന പ്രയോഗം മത്തായിയുടേതു മാത്രമാണെന്നും (ഈ സുവി ശേഷത്തില്‍ ആറു തവണയാണ് ഈ പ്രയോഗമുള്ളത്. ലൂക്കാ 13:28 ഒഴികെ, പുതിയ നിയമത്തില്‍ മറ്റൊരിടത്തും ഈ പ്രയോഗം കാണുന്നതേയില്ല.) അതുകൊണ്ട് തന്‍റെ സഭയിലെ സവിശേഷമായ പ്രശ്നങ്ങളെ സഭാംഗങ്ങള്‍ ക്ഷമയോടെ അഭിമുഖീകരിക്കാനായി മത്തായി ഈ ഉപമയും വ്യാഖ്യാനവും  എഴുതിച്ചേര്‍ത്തതാണെന്നും അഭിപ്രായമുണ്ട്.

മറ്റുചില വ്യാഖ്യാനങ്ങളാകട്ടെ, ഒരു വ്യക്തിയിലെ തന്നെ നന്മകളോടും തിന്മകളോടും കുറേക്കൂടി അനുഭാവപൂര്‍വം ഇടപെടണമെന്നതാണ് ഉപമയുടെ പാഠമെന്നു വാദിച്ചു.

ഇവിടെ നാം ശ്രദ്ധിക്കേണ്ടത്, വിഭിന്നങ്ങളായ ഈ മൂന്നു വ്യാഖ്യാനങ്ങളും സത്യത്തില്‍ ഒരേ കാര്യമാണു പറയുന്നത് എന്നതാണ്. സഭ ആകമാനമായാലും മത്തായിയുടെ സഭ മാത്രമായാലും ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ കാര്യം മാത്രമെടുത്താലും നന്മ-തിന്മകളെ കൈകാര്യം ചെയ്യുമ്പോള്‍ വിധിതീര്‍പ്പുകള്‍ക്കു വലിയ സ്ഥാനമില്ല. അതു ദൈവത്തിന്‍റെ മാത്രം അധികാരപരിധിയില്‍ പെടുന്നതാണ്. അപ്പോള്‍, ദുഷ്ടത പെരുകുമ്പോള്‍ മനു ഷ്യന് ആകെ ചെയ്യാനാകുന്നത് കൈ കൂപ്പി, ദൈവത്തിന്‍റെ ന്യായം നടപ്പിലാകാന്‍ പ്രാര്‍ത്ഥിക്കുക എന്നതു മാത്രമാണല്ലോ. ബ്രഹ്മപുരം ഇവിടെ കത്തിക്കൊണ്ടിരുന്നാലും വര്‍ഗീയവിഷം ഇവിടെ പടര്‍ന്നു പിടിച്ചാലും പെണ്ണ് അക്രമിക്കപ്പെട്ടാലും വിധിക്കാന്‍ നാമാരാണ്?!  എന്തിനാണു നാം പ്രതികരിക്കേണ്ടത്? ഏതാണു കളയെന്നോ വിളയെന്നോ തിരിച്ചറിയാനാകാത്തതുകൊണ്ട് നമുക്ക് ഇങ്ങനെ ദൈവത്തിന്‍റെ ഇടപെടലിനായി കാത്തിരിക്കുക എന്നതു മാത്രമാണു കരണീയം.

ഏതൊരു ഉപമയും പ്രധാനമായും പറയപ്പെട്ടത് കേള്‍വിക്കാരുടെ നിലപാടുകളെ സ്വാധീനിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യത്തോടെയാണ്. ദാവീദിനോടു നാഥാന്‍ പറഞ്ഞ ഉപമയിലെ 'ആ മനുഷ്യന്‍ നീതന്നെ' എന്ന വിധിവാക്യം രാജാവിന്‍റെ നെഞ്ചിനെ തുളയ്ക്കുന്നുണ്ടല്ലോ. നല്ല സമരിയാക്കാ രന്‍റെ ഉപമയും കൃത്യമായ നിലപാടെടുക്കാന്‍ ശ്രോതാക്കളെ നിര്‍ബന്ധിക്കുകയാണ്. എന്നാല്‍, വിളയുടെയും കളയുടെയും ഉപമയ്ക്ക് നാം മുന്‍പു കണ്ട മൂന്നു വ്യാഖ്യാനങ്ങളില്‍ ഏതെങ്കിലുമാണു നല്‍കുന്നതെങ്കില്‍, കൈയും കെട്ടി നോക്കി നില്‍ക്കുക എന്നതല്ലാതെ, കേള്‍വിക്കാര്‍ ചെയ്യേണ്ടതെന്താണ്?

മുന്‍പു കണ്ട മൂന്നു വ്യാഖ്യാനങ്ങള്‍ക്കും യേശുവിന്‍റെ ചില പഠിപ്പിക്കലുകള്‍ നിമിത്തമായി എന്നതു വസ്തുതയാണ്. മത്തായി 5:21-22 ലും 7:1-5 ലും സഹോദരനെ വിധിക്കുന്നതിനെതിരേ ശക്തമായ താക്കീതുകളുണ്ട്. നല്ല വിത്തു വിതയ്ക്കപ്പെട്ട നിലത്താണു പിന്നീട് കളകള്‍ വളരുന്നത്. 'നല്ല വിത്തു' വിതയ്ക്കപ്പെട്ട നിലം സഭയാണെന്നും (അതു മത്തായിയുടെ സഭയോ, ആഗോളസഭയോ ആകാം) അതിലെ സഹോദരാംഗങ്ങളെ വിധിക്കരുതെന്നും അങ്ങനെ ഉപമയെ വായിച്ചെടുക്കുകയാണ്.

പക്ഷേ, നാം ശ്രദ്ധിക്കേണ്ടത്, ഉപമയ്ക്ക് സുവിശേഷംതന്നെ നല്‍കുന്ന വ്യാഖ്യാനം (13:36 --43) ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ അനുവദിക്കുന്നില്ല എന്നതാണ്. 13:36-43 ല്‍ വ്യാഖ്യാനം നല്‍കാതെ, ഉപമ മാത്രമേ സുവിശേഷത്തില്‍ തന്നിരുന്നുള്ളൂ എങ്കില്‍, മുന്‍പു കണ്ട എല്ലാ വ്യാഖ്യാനങ്ങള്‍ക്കും ന്യായീകരണം ഉണ്ടാകുമായിരുന്നു. എന്നാല്‍, 13:36-43 അത്തരം വ്യാഖ്യാനങ്ങളെ തള്ളിക്കളയുന്നു. ഉപമയില്‍ ചെറിയൊരു സൂചനയായി മാത്രം കാണുന്ന 'ന്യായവിധി'ക്കാണു വ്യാഖ്യാനത്തില്‍ ഊന്നല്‍ മുഴുവന്‍ നല്‍കിയിരിക്കുന്നത്. മാത്രവുമല്ല, വിത്തു വിതയ്ക്കപ്പെട്ട വയല്‍ ലോകമാണെന്ന് മത്തായി 13:38 വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉപമയുടെ പ്രതിപാദ്യവിഷയം സഭയല്ല.

മത്താ.13:36-43 ലെ വ്യാഖ്യാനം യേശുവിന്‍റേ തെല്ലെന്നും മത്തായിയുടെ സ്വന്തമാണെന്നും വാദമുണ്ടായിട്ടുണ്ട്. അങ്ങനെ വാദിക്കണമെങ്കില്‍ 'ന്യായവിധി' എന്നത് യേശുവിന്‍റെ ഒരു പ്രധാന പ്രമേയമല്ല എന്നു തെളിയിക്കേണ്ടിവരും. ഏതു സുവിശേഷം എടുത്താലും അത്തരമൊരു വാദം നിലനില്‍ക്കില്ല എന്നത് ഒറ്റനോട്ടത്തില്‍തന്നെ വ്യക്തമാകുന്ന വസ്തുതയാണ്. ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത് അവയ വങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണെന്ന് മത്താ. 5:30. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളൊക്കെ തീയിലെറിയപ്പെടുമെന്ന് മത്താ. 7:20. സ്വര്‍ഗീയ പിതാവു നട്ടതല്ലാത്ത ചെടികളൊക്കെയും പിഴുതുമാറ്റപ്പെടുമെന്ന് മത്താ. 15:13. യേശു പ്രോത്ഘാടനം ചെയ്ത ദൈവരാജ്യം എന്തും അനുവദിച്ചു കൊടുക്കുന്ന, ആരോടും ഒരു വിലയും ആവശ്യപ്പെടാത്ത ഒന്നല്ല എന്നതു പകല്‍പോലെ വ്യക്തമാണല്ലോ. സുവിശേഷങ്ങളില്‍ ഉടനീളം കാണുന്ന തിരഞ്ഞെടുപ്പും വിധിയുമൊക്കെയാണ് മത്താ. 13:36-43 ലെ ഉപമയുടെ വ്യാഖ്യാനത്തിലും നാം കാണുന്നത്. ഈ വ്യാഖ്യാനത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്: സഭാജീവിതത്തിലെ നന്മതി ന്മകളോടോ, വൈയക്തിക ജീവിതത്തിലെ നന്മതി ന്മകളോടോ നാം പുലര്‍ത്തേണ്ട ക്ഷമാപൂര്‍ണമായ നിലപാടല്ല ഉപമയുടെ പ്രധാന പ്രമേയം, പിന്നെ യോ ന്യായവിധി തന്നെയാണ്.

മറ്റൊരു പ്രധാനകാര്യം നാം പരിഗണിക്കേണ്ടത് ഉപമയുടെ പരിസരമാണ്. വിതക്കാരന്‍റെ ഉപമയ്ക്കു ശേഷവും കടുകുമണി-പുളിമാവ് ഉപമകള്‍ക്കുമുമ്പുമാണ് വിളയുടെയും കളയുടെയും ഉപമ നാം വായിക്കുന്നത്. വിതക്കാരന്‍ വിതച്ചത് സ്വര്‍ഗരാജ്യത്തിന്‍റെ വിത്താണെന്ന് മത്താ. 13:19. കടുകുമണിയും പുളിമാവും ഉപമിക്കുന്നതും സ്വര്‍ഗരാജ്യത്തെക്കുറിച്ചു തന്നെ (മത്താ. 13:31, 33). അപ്പോള്‍, ഈ ഉപമകള്‍ക്കിടയില്‍ വരുന്ന വിളയുടെയും കളയുടെയും ഉപമയും സഭയെക്കുറിച്ചോ വ്യക്തിയെക്കു റിച്ചോ അല്ല, സ്വര്‍ഗ (ദൈവ) രാജ്യത്തെക്കു റിച്ചുതന്നെയാണെന്നത് സുവ്യക്തമാണല്ലോ. മത്തായി 13-ലെ എല്ലാ ഉപമകളും ദൈവ (സ്വര്‍ഗ) രാജ്യത്തെക്കുറിച്ചുള്ളതാണെന്ന് ഉപമകളിലോ അവയുടെ വ്യാഖ്യാനങ്ങളിലോ കൃത്യമായി പറയുന്നുമുണ്ട്.

നാമിവിടെ പരിഗണിക്കുന്ന ഉപമ ഉത്തരം നല്‍കുന്നത് സഭയിലെ (വ്യക്തിയിലെ) തിന്മയുടെ സാന്നിധ്യത്തോട് എങ്ങനെ പ്രതികരിക്കണം എന്ന ചോദ്യത്തിനല്ല, പിന്നെയോ ഇത്രയും തിന്മയുടെ മധ്യത്തിലും ഇവിടെ ദൈവരാജ്യം സന്നിഹിത മാണോ എന്ന ചോദ്യത്തിനാണ്. മത്തായിയുടെ സുവിശേഷത്തിന് Word Biblical Commentary എഴുതിയ ഡി. എ. ഹാഗ്നറുടെ അഭിപ്രായത്തില്‍, യേശുവും അവന്‍റെ ചെറുശിഷ്യസമൂഹവും, തിന്മ തേരോട്ടം നടത്തുന്ന ഈ ലോകത്ത്, ദൈവ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നുവോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള ശ്രമമാണ് നമ്മുടെ ഉപമ നിര്‍വഹിക്കുന്നത്.

ഇപ്പറഞ്ഞ ചോദ്യത്തിന് മറ്റനേകം ഉപചോദ്യങ്ങളും നമുക്കു ചോദിക്കാനാകും: റോമാക്കാര്‍ ഭരിക്കുമ്പോഴും ഇവിടെ ദൈവരാജ്യമുണ്ടെന്ന് എങ്ങനെ പറയാനാകും? ഇത്രയേറെ മനുഷ്യര്‍ സുവിശേഷം തിരസ്കരിച്ചിട്ടും ദൈവരാജ്യത്തിന് ഈ മണ്ണില്‍ വേരോട്ടമുണ്ടോ? മിശിഹാ വന്ന തിനുശേഷവും എന്തേ ഇപ്പോഴും നന്മ നിറഞ്ഞവരും തിന്മ നിറഞ്ഞവരും ഇവിടെ ഇടകലര്‍ന്നു ജീവിക്കുന്നു?

ദൈവരാജ്യം വന്നുകഴിയുമ്പോള്‍ കതിരും പതിരും വേര്‍തിരിക്കപ്പെടുമെന്ന് സ്നാപക യോഹന്നാന്‍ കരുതിയിരുന്നുവെന്ന് സുവിശേഷ ങ്ങളില്‍നിന്നു വ്യക്തമാണ് (മത്താ. 3:10-12). ജറുസലെമിനെ വിജാതീയരില്‍നിന്നു മിശിഹാ വിമുക്തമാക്കി, എല്ലാ അശുദ്ധരെയും നിഷ്കാ സനം ചെയ്ത്, ഒരു വിശുദ്ധ ജനതയ്ക്കു രൂപം കൊടുക്കുമെന്ന പ്രതീക്ഷ, യേശുവിന്‍റെ കാലത്തു രചിക്കപ്പെട്ട 'സോളമന്‍റെ സങ്കീര്‍ത്തനങ്ങള്‍' എന്ന അപ്പോക്രിഫല്‍ പുസ്തകത്തില്‍ (17:21-32)മുഴങ്ങുന്നുണ്ട്. തീവ്രവാദികളായ സെലറ്റുകളും സമാധാന പ്രിയരായ ഫരിസേയരും ലോകത്തെ വെറുത്ത് ഖുംറാന്‍ ഗുഹകളില്‍ താമസമാക്കിയ എസ്സീനു കളും സമാനമായ പ്രതീക്ഷ പുലര്‍ത്തിയിരുന്നവരാണ്. എന്നാല്‍, ഇത്തരം പ്രതീക്ഷകള്‍ക്കനുസൃതമായി യേശുവിന്‍റെ ജീവിതകാലത്ത് എന്തെങ്കിലും നടന്നതായി നാം കാണുന്നതേയില്ല. അപ്പോള്‍ യേശു മിശിഹായാണെന്നും അവനിലൂടെ ദൈവ രാജ്യം ഉത്ഘാടനം ചെയ്യപ്പെട്ടുവെന്നും എങ്ങനെ പറയാനാകും? ഈ പ്രശ്നത്തിന് ഉത്തരം നല്‍കാ നാണ് നമ്മുടെ ഉപമ ശ്രമിക്കുന്നത്.

തിന്മയുടെ മുമ്പില്‍ നാമെന്തു ചെയ്യണമെന്നല്ല ഈ ഉപമ പഠിപ്പിക്കുന്നത്. ഇത്രയും തിന്മയുടെ നടുക്കും ദൈവരാജ്യം ഇവിടെ പ്രവര്‍ത്തനക്ഷമ മാണോ എന്നതാണ് ഉപമയുടെ പാഠം. തിന്മയുടെ സാന്നിധ്യത്തെക്കുറിച്ച് ഈ ഉപമ ഒട്ടും ആശങ്കപ്പെ ടുന്നതേയില്ല. ദൈവം നീതി സ്ഥാപിക്കാതെ, വിധിതീര്‍പ്പുകള്‍ അവിടുന്നു നിര്‍വഹിക്കാതെ ഇക്കാലവും ഈ ലോകവും അവസാനിക്കില്ലെന്നു ഉപമ ഉറപ്പു നല്‍കുന്നു. പാട്ടില്‍ പറയുന്നപോലെ, 'ഒടുക്കം എല്ലാം നന്മയായി മാറും. എല്ലാം നന്മയായിത്തീര്‍ന്നില്ലെങ്കില്‍ സത്യമായും അത് ഒടുക്കം ഒട്ടല്ലതാനും.'

ഉപമയുടെ വ്യാഖ്യാനത്തില്‍ പറയുന്ന ഒരു കാര്യംകൂടി ഇവിടെ പരാമര്‍ശിക്കട്ടെ. മനുഷ്യ പുത്രന്‍ തന്‍റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും തൂത്തെറിയുമെന്നും അപ്പോള്‍ നീതിമാന്‍മാര്‍ പിതാവിന്‍റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കുമെന്നും മത്താ.13:41-42 ല്‍ നാം വായിക്കുന്നു. പുത്രന്‍റെ രാജ്യവും പിതാവിന്‍റെ രാജ്യവും തമ്മിലൊരു വ്യതിരിക്തതയുണ്ടെന്ന് ഈ വചനഭാഗം നമ്മെ ഓര്‍മിപ്പിക്കുന്നു. 'ക്രിസ്തു എല്ലാ ഭരണവും അധികാരവും ശക്തിയും നിര്‍മാര്‍ ജനംചെയ്ത് രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ എല്ലാറ്റിന്‍റെയും അവസാനമാകും' (1 കോറി. 15:24). ചുരുക്കത്തില്‍ പുത്രന്‍റെ രാജ്യത്ത് ഇന്നും തിന്മയ്ക്കെതിരായ യുദ്ധം നടക്കുകയാണ്. തിന്മ ഇനിയും പൂര്‍ണമായും തോല്‍പ്പിക്കപ്പെട്ടിട്ടില്ല. പക്ഷേ ആ തോല്‍വി ഉറപ്പായും ഉണ്ടാകും. അതോടെ പിതാവിന്‍റെ രാജ്യം സംസ്ഥാപിതമാകും. അതുവരെ ഇവിടെ സംഭവിക്കുന്ന തെല്ലാം ദൈവം അനുവദിക്കുന്നതുകൊണ്ടാണെന്നു പറയുന്നത് കുട്ടിത്തമായിരിക്കും. ദൈവത്തിന്‍റെ പരമാധികാരത്തെക്കുറിച്ചുള്ള വിചാരങ്ങള്‍ക്കും കുറച്ചൊരു പതം വരേണ്ടതുണ്ട്. ഉപമയുടെ വ്യാഖ്യാനം അത്തരം ചില സൂചനകള്‍കൂടി നല്‍കുന്നുണ്ട്.

You can share this post!

അന്ധത നരകത്തിലേക്കുള്ള പാസ്പോര്‍ട്ട്

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

ജപമാല മാസം

ഡോ. എം.ഏ. ബാബു
Related Posts