news-details
കവിത

ഡിവോഴ്സ് & ഉപ്പുപാടങ്ങള്‍ക്ക് പറയാനുള്ളത്

ഡിവോഴ്സ്
 
മാതാവും പിതാവും
തമ്മി തല്ലി കോടതിയില്‍
വെച്ച് പിരിയാന്‍നേരം
കോടതി
മക്കളോട് ചോദിച്ചു...
അച്ഛന്‍റെ കൂടെയോ...
അതോ അമ്മയുടെ
കൂടെയോ...
മക്കള്‍ പറഞ്ഞു...
ഞങ്ങള്‍
തെരുവിലേക്ക്
പോകുന്നു....
ഇവര്‍ ഒന്നിച്ചപ്പോള്‍
ഞങ്ങള്‍ ജനിച്ചു.
ഇവര്‍
പിരിയുമ്പോള്‍
ഞങ്ങള്‍ക്കെന്ത്
പ്രസക്തി....
ഞങ്ങളെ
തെരുവ് കാത്തിരിക്കുന്നു.
ഞങ്ങള്‍ തെരുവിലേക്ക്
പോകുന്നു. 
 
 
ഉപ്പുപാടങ്ങള്‍ക്ക് പറയാനുള്ളത്
 
അറ്റമെത്താത്ത
കഥകളാണ്....
കണ്ണീരു കാച്ചിയ
കഥകള്‍
വെയിലേറ്റ് വിണ്ട
പകല്‍പ്പാടങ്ങളെക്കുറിച്ച്,
നിറമില്ലാത്ത
വിളര്‍ത്ത
സ്വപ്നങ്ങളെക്കുറിച്ച്,
അതിരുകളിലേയ്ക്ക്
അളവുതെറ്റിപ്പടര്‍ന്ന
നീരടയാളങ്ങളെക്കുറിച്ച്,
വിയര്‍ത്തു വിയര്‍ത്ത്
മണംകെട്ടുപോയ
മങ്ങിയ, നനഞ്ഞ
പുതപ്പുകളെക്കുറിച്ച്...
നീറ്റിനീറ്റി ഉറവയില്‍
നിന്നേ കനച്ചുപോയ
കണ്ണീരുകൊണ്ടാണ്
ഉപ്പുപാടങ്ങള്‍
കൂനകൂട്ടുന്നത്
നിരതെറ്റി നട്ട
മുടിനാരുകള്‍ക്ക്
മേലേയ്ക്കൊരു നോട്ടം
വീണിരുന്നെങ്കില്‍,
പീലികള്‍
നിവര്‍ത്താത്ത
കണ്ണുകള്‍ക്കു
മീതെയൊരുമ്മ
കൊളുത്തിയിട്ടിരുന്നെങ്കില്‍,
കേട്ട് കേട്ട് അരം വന്ന
മുരടന്‍ വാക്കുകള്‍ക്കു
മേലെയൊരു
ചിരിപ്പൊട്ട് വന്ന്
വീണിരുന്നെങ്കില്‍,
പാടങ്ങളിലെ
ഉപ്പിനിത്ര കയ്പ്പും
ചവര്‍പ്പുമുണ്ടാവില്ലായിരുന്നു.
ഉപ്പുപാടങ്ങള്‍
ഇത്രമേല്‍
കഥക്കുഞ്ഞുങ്ങളെ
പെറ്റുകൂട്ടില്ലായിരുന്നു.

You can share this post!

സംസാരം

സിബിന്‍ ചെറിയാന്‍
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts