"നിന്‍റെ അചഞ്ചലമായ സ്നേഹത്തിന്‍റെ സമൃദ്ധിയിലൂടെ ഞാന്‍ നിന്‍റെ ആലയത്തില്‍ പ്രവേശിക്കും."
(സങ്കീര്‍ത്തനം)
ഉറക്കത്തിലെപ്പോഴൊ നീയെന്‍റെ
അരികെ വന്നു.
വിശുദ്ധമായ വസ്ത്രത്തിലായിരുന്നു നിന്‍റെ വരവ്.
ഇരുള്‍ മൂടപ്പെട്ട മുറിയില്‍ നിന്‍റെ തൂവെളിച്ചം.
ഇന്നലെ കണ്ട രൂപത്തില്‍നിന്ന്
നീയെത്ര മാറിപ്പോയി.
നിനക്കറിയാമായിരുന്നു
വെളുത്ത നിറമാണ് എനിക്കിഷ്ടമെന്ന്
നിലാവ് തോറ്റ് പോവുന്ന വെളിച്ചം.
ഇരുട്ടിനെ ഒതുക്കിതീര്‍ത്ത് നീ -
ഒഴുകിപ്പരക്കുകയാണ്.
'ആകാശത്തിന് മീതെയുള്ള നിന്‍റെ
മഹത്ത്വം' എന്നിലേക്ക്, എന്നിലേക്ക്
നിത്യധാരയായ്...!
ഞാന്‍ നിന്നെ പൂര്‍ണമായ മനസ്സോടെ
എന്നിലേക്ക് അടുപ്പിക്കുന്നു.
നമ്മള്‍ പരസ്പരം കരങ്ങള്‍ -
കോര്‍ത്തെടുത്ത് സന്തോഷിച്ച്
ആലയത്തിനുള്ളിലേക്കുളള കവാടം
തുറക്കുന്നു.
നീ പറഞ്ഞുറപ്പിക്കുന്ന താല്പര്യങ്ങളില്‍
മേഞ്ഞ് തളര്‍ന്നൊരു കുഞ്ഞാട് ഞാന്‍.
ഋതുക്കള്‍ ചുംബിച്ച് തലോടിയ നിന്‍റെ
വിരലുകള്‍ -
എന്‍റെ ശരീരമാകെ ഒഴുകി പരക്കുന്നു.
നിന്‍റെ സ്തുതികള്‍ എന്നിലുറങ്ങി കിടന്ന
സ്നേഹാക്ഷരങ്ങളെ ഉണര്‍ത്തുന്നു.
നമ്മള്‍ പരസ്പരം കാണുകയാണ്.
ഒരോ രോമകൂപങ്ങളിലും
എന്‍റെ അധരങ്ങള്‍ നിന്നിലേക്ക് ...!
നാണം കൊണ്ട് നീ മുഖം മറയ്ക്കുമ്പോള്‍
എന്‍റെ ഭാരം നിന്നില്‍ കനമില്ലാത്തൊരു
വസ്തുവായ് മാറുന്നു.
നിന്‍റെ കണ്ണ്,
അധരങ്ങള്‍,
നിറഞ്ഞ മാറിടം ....
അചഞ്ചലമായ സ്നേഹത്തിന്‍റെ
ആസക്തി നിറഞ്ഞ് നിറഞ്ഞ് ...!
എനിക്ക് നിന്നോടും
നിനക്ക് എന്നോടും
തോന്നിപോവുന്ന നിമിഷങ്ങളില്‍
ആകാശത്തിന് കീഴെ പ്രകൃതി
ഒരേ താളം തീര്‍ക്കുന്നു.
ഒരിളം കാറ്റേറ്റ് നമ്മള്‍ നിലാവിനെ മറക്കുന്നു.