നിങ്ങള്‍ എന്നു മുതലാണ് കത്തെഴുതാന്‍ തുടങ്ങിയതെന്ന് ഓര്‍മ്മയുണ്ടോ? ഞാന്‍ എഴുതിത്തുടങ്ങിയത് സ്കൂള്‍ പഠനം കഴിഞ്ഞു റിസള്‍ട്ട് കാത്തിരിക്കുന്ന സമയത്തായിരുന്നു. അയല്‍പക്കത്തെ കുട്ടികള്‍ എനിക്കായി കൊണ്ടുവന്നിരുന്ന കത്തുകള്‍ ആദ്യമൊക്കെ അമ്മ സംശയദൃഷ്ടിയോടെയാണ് നോക്കിക്കണ്ടത്... അമ്മ പൊട്ടിച്ചു വായിച്ച കത്തുകള്‍ പിന്നീടു വായിക്കുമ്പോള്‍ എനിക്ക് ഒരു രസവും തോന്നിയില്ല.... പരീക്ഷാഫലത്തെക്കുറിച്ചുള്ള ആകുലതകളും പഠനകാലത്തെ കുസൃതികളും നിറഞ്ഞ ആ എഴുത്തുകളില്‍ സ്നേഹം പൊടിഞ്ഞുനിന്നിരുന്നു. കടലാസ്സ് മടക്കി ഉണ്ടാക്കിയ കവറില്‍ ചിത്രപ്പണികള്‍ ചെയ്തു കൊടുത്തുവിട്ടിരുന്ന കത്തുകള്‍ റിസള്‍ട്ട് വന്നതോടുകൂടി നിന്നു....!
എല്ലാ കത്തുകളും ഒരുപോലെ അല്ല.... ഓരോ കത്തിനും ഓരോ മണമാണ്... പ്രണയത്തിന്‍റെ... മരണത്തിന്‍റെ... വേര്‍പാടുകളുടെ.... വിരഹത്തിന്‍റെ.... സന്തോഷത്തിന്‍റെ.... പ്രതീക്ഷകളുടെ... കാത്തിരിപ്പിന്‍റെ.... കണ്ണുനീരിന്‍റെ.... കടല്‍ കടന്നുവന്നിരുന്ന കത്തുകള്‍ക്ക് അത്തറിന്‍റെയും സ്പ്രേയുടെയും ഗന്ധമുണ്ടായിരുന്നു.
എന്‍റെ മുത്തശ്ശിയുടെ പെന്‍ഷന്‍ നല്‍കാന്‍ ഒരു പോസ്റ്റുമാന്‍ എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ വീട്ടില്‍ വന്നിരുന്നു. മുത്തശ്ശി കൊടുക്കുന്ന ഒരു ഗ്ലാസ് ചായയും 10 രൂപയും അയാളുടെ അവകാശമായിരുന്നു.... അയാള്‍ പറയുന്ന വിശേഷങ്ങള്‍ കേള്‍ക്കാന്‍ കതകിന്‍റെ പിന്നില്‍ ഞാന്‍ ഒളിച്ചുനിന്നിരുന്നു.... വിമാനത്തില്‍ കേറിവരുന്ന കത്തുകള്‍ക്ക് പുറത്തു മാത്രമേ മണമുള്ളെന്നും അകത്തു കണ്ണുനീരിന്‍റെ ഉപ്പുരസമാണെന്നും അയാളില്‍നിന്നാണ് ഞാന്‍ മനസ്സിലാക്കിയത്... അയാള്‍ എനിക്കായി എന്നെങ്കിലും കൊണ്ടുവരുന്ന കത്തുകള്‍ സ്വപ്നം കണ്ടു ഞാന്‍ നടന്നിരുന്നു... പക്ഷേ എനിക്ക് കിട്ടിയ കത്തുകളൊക്കെ പൊട്ടിച്ചു വായിച്ചവയായിരുന്നു... ഒടുവില്‍ എനിക്ക് വിവാഹസമ്മാനമായി കിട്ടിയ അഡ്രസ് ഇല്ലാത്ത പാര്‍സല്‍ പൊട്ടിച്ചു ഞാന്‍ എഴുതപ്പെടാത്ത അക്ഷരങ്ങള്‍ക്കുവേണ്ടി തിരഞ്ഞുനടന്നു.
ഹോസ്റ്റല്‍ മുറികളിലെ മടുപ്പിക്കുന്ന വാരാന്ത്യങ്ങളില്‍ ഞാന്‍ കത്തുകളുമായി ചടഞ്ഞുകൂടിയിരുന്നു... തൂലികസൗഹൃദങ്ങള്‍... ട്രെയിനിലെ യാത്രക്കിടയില്‍ പരിചയപ്പെട്ട വ്യക്തികള്‍... കൂട്ടുകാരികള്‍... പിന്നെ വടിവൊത്ത കയ്യക്ഷരത്തില്‍ നീല മഷിയില്‍ എനിക്കായി മാത്രം കുറിച്ചിട്ട കുറെ അക്ഷരങ്ങള്‍.... ഹോസ്റ്റല്‍ മുറ്റത്തെ ചാപ്പലിന്‍റെ പടിക്കെട്ടുകളില്‍ ഇരുന്നു ഞാന്‍ മടുക്കാതെ കത്തുകള്‍ വായിച്ചുകൊണ്ടിരുന്നു.... എഴുതിക്കൊണ്ടിരുന്നു.... പക്ഷേ ഞാനൊരിക്കലും കത്തുകള്‍ എത്തിച്ചിരുന്ന പോസ്റ്റ്മാനെ കണ്ടിരുന്നില്ല.... മേട്രന്‍റെ മുറിയില്‍ കത്തുകള്‍ തൂക്കിയിടുന്ന കൊളുത്തുകള്‍ പിടിപ്പിച്ച തുറന്ന ഒരു പെട്ടി ഉണ്ടായിരുന്നു. അതില്‍ ഞാന്നുകിടന്നിരുന്ന കത്തുകളിലെ അക്ഷരങ്ങള്‍ ചിലപ്പോഴൊക്കെ ചിരിപ്പിച്ചിരുന്നു... ചിലത് കുത്തിനോവിച്ചിരുന്നു... ചിലവ പരിഹസിച്ചു കൊഞ്ഞനം കുത്തി നിന്നിരുന്നു... മറ്റു ചിലത് കരയിപ്പിച്ചിരുന്നു... എന്നിട്ടും അവയോടു എനിക്ക് ഭ്രാന്തമായ സ്നേഹമായിരുന്നു.... പിന്നെപ്പോഴോ അവയ്ക്ക് നിറം മാഞ്ഞുതുടങ്ങി.... കത്തുകള്‍ വരാതെയായി... എഴുത്തുകള്‍ തൂക്കിയിടുന്ന ശൂന്യമായ കൊളുത്തുകള്‍ എന്നെ നോക്കി പല്ലിളിച്ചു കാട്ടി. വായിച്ച എഴുത്തുകള്‍ പിന്നെയും വായിക്കാന്‍ എനിക്ക് തോന്നിയില്ല..... അക്ഷരങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ കാത്തിരുപ്പുകള്‍ പതിയ പതിയെ അവസാനിച്ചു തുടങ്ങി....!
"അത് കത്തിക്കണ്ടാരുന്നു കുഞ്ഞേ... പിന്നീടു വായിക്കണംന്ന് തോന്നിയാലോ?" പിറകില്‍ കാവല്‍ക്കാരന്‍റെ വാക്കുകള്‍... അക്ഷരങ്ങള്‍ മുരണ്ടു... "ഞാന്‍ നിന്‍റേതാണെന്നും നീ എന്‍റേതാണെന്നും എന്നെങ്കിലും നമ്മള്‍ പറഞ്ഞിട്ടുണ്ടോ? എനിക്ക് നിന്നെക്കാള്‍ ഇഷ്ടം നിന്‍റെ അക്ഷരങ്ങളെയായിരുന്നു. പക്ഷേ ഇന്നെനിക്കു അതെല്ലാം പാടി മടുത്തുപോയ ചില പാട്ടുകള്‍ പോലെയായിത്തീര്‍ന്നിരിക്കുന്നു..."
"അതിലെ അക്ഷരങ്ങള്‍ കഴുവേറ്റപ്പെട്ടവയാണ്... ഈ കത്തുകള്‍ കത്തിച്ചു കിട്ടുന്ന ചാരത്തില്‍ കിടന്നു നമ്മുടെ പൂക്കാത്ത ചെടികള്‍ തഴച്ചുവളരാം... അവ ഒരിക്കല്‍ പൂവിടും... സുഗന്ധം പരത്തും... ഓര്‍മകളുടെ സുഗന്ധമുള്ള നിറമില്ലാത്ത അക്ഷരപ്പൂക്കള്‍...." അങ്ങനെ പറഞ്ഞുകൊണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. രാമേട്ടന്‍ മിണ്ടാതെ നിന്നു. അദ്ദേഹത്തിന് എന്‍റെ ചിരിയുടെ പിറകിലെ വേദന മനസ്സിലായോ എന്തോ? ഉണ്ടാവും... അദ്ദേഹമായിരുന്നു എന്‍റെ കത്തുകള്‍ പോസ്റ്റ് ചെയ്തിരുന്നത്... എനിക്ക് കത്തുകള്‍ ഉണ്ടെന്നു അറിയിച്ചിരുന്നതും...!
നിനക്ക് ഇടയ്ക്ക് എന്തെങ്കിലും ഒന്ന് കുത്തിക്കുറിച്ചൂടെ?..... മുടിയില്‍ കൈവിരലുകള്‍ ഓടിച്ചുകൊണ്ട് അമ്മയാണ് ചോദിക്കുന്നത്... ഞാന്‍ അക്ഷരങ്ങള്‍ മറന്നു തുടങ്ങിയിരുന്നുവെന്ന് അമ്മക്ക് അറിയില്ലല്ലോ... എന്‍റെ നിസംഗത അമ്മയെ സങ്കടപ്പെടുത്തിയോ? "നിന്‍റെ കത്ത് വായിക്കാന്‍ നല്ല രസമാണ് കുട്ടി... നീ മുന്നില്‍ വന്നു പറയുന്നപോലെ..." എന്‍റെ പഴയ മേശയിലെ കത്തുകള്‍ ചിതലരിച്ചുപോയെന്നും അമ്മ പറഞ്ഞു... "കടലാസിനല്ലേ ചിതലരിക്കുക...? അക്ഷരങ്ങള്‍ക്കല്ലല്ലോ... അല്ലേ അമ്മേ?" എന്‍റെ ചോദ്യം അവര്‍ കേട്ടതായി ഭാവിച്ചില്ല.... വിഷയം മാറ്റാന്‍ ഞാന്‍ വേറൊരു ചോദ്യമെറിഞ്ഞു... "അമ്മക്ക് എന്‍റൊപ്പം വന്നു നിന്നുകൂടെ?" അതിനു അമ്മ പെട്ടെന്ന് മറുപടി പറഞ്ഞു... "ജനലില്‍കൂടി ആകാശത്തിന്‍റെ ഒരു മൂല മാത്രം കാണുന്ന ആ വീട്ടിലേക്കോ?" അമ്മയുടെ കണ്ണുകള്‍ തൊടിയിലേക്ക് നീണ്ടു... "ആരാ അച്ഛന്‍റെ അസ്ഥിത്തറയില്‍ വിളക്കുവയ്ക്കുക?"
മകള്‍ക്ക് പരീക്ഷക്ക് പഠിക്കുന്നത് കേള്‍ക്കാം... കത്തിന്‍റെ ഫോര്‍മാറ്റ് ഈവിധം... "പ്രേക്ഷകന്‍, ഗ്രാഹകന്‍, അഭിസംബോധന.. ഉള്ളടക്കം അവസാനിപ്പിക്കല്‍..." ഞെട്ടിയുണര്‍ന്നുപോയി.... സ്വപ്നമായിരുന്നോ? അമ്മയെവിടെ? മകളുടെ ശബ്ദം നേര്‍ത്ത് നേര്‍ത്തു വന്നു... പുറത്തെ പെരുമഴയില്‍ അതലിഞ്ഞുപോയി... ഒരു ചോദ്യം ഉള്ളില്‍നിന്നുയര്‍ന്നുവന്നു... എന്നെ ആരെങ്കിലും കത്തെഴുതാന്‍ പഠിപ്പിച്ചിരുന്നോ?
മുത്തശ്ശിയുടെ മരണശേഷം അച്ഛന്‍ ഗേറ്റില്‍ സ്ഥാപിച്ച തപാല്‍പെട്ടിക്കുള്ളില്‍ കേരള സര്‍വീസും കുറെ ബില്ലുകളും വന്നു കിടന്നിരുന്നു... പോസ്റ്റ്മാന്‍ പിന്നീടു പടികടന്നു വന്നിട്ടുണ്ടോ എന്തോ? ആളനക്കം ഇല്ലാത്ത ഞങ്ങളുടെ വീട്ടില്‍ തപാല്‍പെട്ടി മഴയില്‍ നനഞ്ഞു കുതിര്‍ന്നു കിടപ്പുണ്ടാവും.... വെയില്‍കൊണ്ട് അതിന്‍റെ കടുംചുവപ്പ് നിറം മങ്ങിത്തുടങ്ങിയിരിക്കും.... ചിലപ്പോള്‍ മഴത്തുള്ളികള്‍ അതിനുള്ളില്‍ കിടക്കുന്ന കടലാസുകളെയും നനച്ചിട്ടുണ്ടാവും...!
ഞാന്‍ നഗരത്തിന്‍റെ സന്തതി ആയപ്പോള്‍ ജോലിയുടെ ഭാഗമായി അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു വാചകങ്ങള്‍ ഉണ്ടാക്കി കുറിപ്പുകളാക്കി പത്രങ്ങള്‍ക്കു അയച്ചുകൊടുത്തു... അത് ഒരിക്കലും എഴുത്ത് രൂപത്തിലായിരുന്നില്ല... മഷി പുരണ്ടു പത്രത്താളുകളില്‍ കിടക്കുമ്പോള്‍ അവ എന്‍റേതാണെന്ന് ഞാന്‍ അഭിമാനിച്ചു... പക്ഷെ അന്നൊക്കെ ഇടയ്ക്കെങ്കിലും ഞാന്‍ വാക്കുകള്‍ക്കായി പരതിയിരുന്നു... വിറയ്ക്കുന്ന വിരലുകള്‍ കൂട്ടിപ്പിടിച്ച് എഴുതിയിരുന്നു... പഠനാവശ്യത്തിനായി ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന മകളുടെ ചാര്‍ട്ടില്‍ നോക്കി അക്ഷരങ്ങള്‍ ശരി ആണെന്ന് ഉറപ്പുവരുത്തിയിരുന്നു....!
ചെടികള്‍ നനച്ചു നില്‍ക്കുമ്പോള്‍ പഴയ ഒരു കൂട്ടുകാരി വന്നു. അവള്‍ക്കെഴുതിയ എഴുത്തുകള്‍ അവളുടെ ഭര്‍ത്താവിന്‍റെ കൂട്ടുകാരന്‍ ആണ് എഴുതിയിരുന്നതെന്നും അവള്‍ എഴുതിയ കത്തുകള്‍ അയാള്‍ തന്നെയാണ് അവളുടെ ഭര്‍ത്താവിനു വായിച്ചുകൊടുത്തിരുന്നതെന്നും കേട്ടപ്പോള്‍ മരിക്കാന്‍ തോന്നിയെന്ന് അവള്‍ പറഞ്ഞു. പലപ്പോഴും നിരക്ഷരനായ അവളുടെ ഭര്‍ത്താവിന്‍റെ നിസ്സഹായതയാണ് എന്നെ മുറിപ്പെടുത്തിയത്... എത്ര വേദനയോടും ലജ്ജയോടുമായിരിക്കും അയാള്‍ അത് ഏറ്റുപറഞ്ഞിട്ടുണ്ടാവുക...! അക്ഷരങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണ്...
പടിയിറങ്ങിപ്പോയ അക്ഷരങ്ങള്‍ക്കും കത്തുകള്‍ക്കും പകരം മെയിലുകള്‍ ആയപ്പോള്‍ അക്ഷരങ്ങള്‍ വികൃതമായി... ആറ്റിക്കുറുക്കിയ ഉപചാരവാക്കുകളില്‍ അന്യംനിന്നുപോയ ഇഷ്ടങ്ങള്‍... സ്നേഹം... പ്രതീക്ഷകള്‍... അങ്ങനെ എന്തൊക്കെയോ... അക്ഷരങ്ങള്‍ സൃഷ്ടിക്കുന്ന വരികള്‍ക്ക് ഒരാളെ മനസിലേറ്റാനും ഇറക്കിവിടാനും കഴിയുമെന്ന് കാലം ഇതിനോടകം എനിക്ക് മനസ്സിലാക്കിതന്നിരുന്നു...!
വാല്‍ക്കഷണം.....!
ഒടുവില്‍ അയാള്‍ സ്വന്തമായി കത്തുകള്‍ എഴുതി.... വീടുകളിലെ ഗേറ്റിലെ തപാല്‍ പെട്ടിയിലിടാതെ കാളിംഗ്ബെല്‍ അമര്‍ത്തി പ്രതീക്ഷയോടെ കാത്തുനിന്നു... ആരെങ്കിലും ഒന്ന് ഇറങ്ങിവരാന്‍....! തുറക്കുന്ന ഏതെങ്കിലും ഒരു വാതിലിനരികില്‍ ഒരു മുത്തശ്ശനോ മുത്തശ്ശിയോ ഉണ്ടാകുമെന്ന് അയാള്‍ വൃഥാ മോഹിച്ചു... അയാളെ അവര്‍ അകത്തേക്ക് ക്ഷണിക്കുമെന്നും അവര്‍ക്കുള്ള കത്ത് അയാള്‍ വായിച്ചു കൊടുക്കുമെന്നും അപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം തന്‍റെ മനസ്സിലേക്ക് ഒഴുകി ഇറങ്ങുമെന്നും കത്തിനുള്ള മറുപടി അവര്‍ അയാള്‍ക്ക് പറഞ്ഞുകൊടുത്തു എഴുതിക്കുമെന്നൊക്കെ... വെറുതെ അയാള്‍ ആഗ്രഹിച്ചു....! പൂട്ടിക്കിടക്കുന്ന വീടുകളിലെ വൃദ്ധജന്മങ്ങള്‍ ഏതെങ്കിലും ശരണാലയത്തിലോ നഗരക്കാഴ്ചകളിലേക്കോ കുടിയേറിയിരിക്കുമെന്നു അയാള്‍ ഇനിയെങ്കിലും മനസ്സിലാക്കിയിരിക്കുമോ?
അയാളുടെ തോളില്‍ തൂക്കിയിട്ടിരുന്ന പിഞ്ഞിത്തുടങ്ങിയ സഞ്ചിയിലെ വിടവിലൂടെ കത്തുകള്‍ താഴേക്ക് ഊര്‍ന്നുവീണുകൊണ്ടിരുന്നു.... അയാളുടെ പാതയെ പിന്തുടര്‍ന്ന് നിറമുള്ള അക്ഷരങ്ങള്‍ കുത്തിനിറച്ച ഒരുപാട് കത്തുകളും... അതറിയാതെ അയാള്‍ യാത്ര ചെയ്തുകൊണ്ടേയിരുന്നു... പഴകിയ കുറെ അക്ഷരങ്ങളുടെ ഓര്‍മ്മച്ചിത്രങ്ങളുമായ്...!
(ബ്ലോഗ്: വഴക്കുപക്ഷികള്‍)