വിഷാദരോഗ (depression) ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(bipolar disorder)-ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍നിന്ന് രൂപപ്പെടുത്തിയ പതിനാലുദിവസത്തെ മനോനിലചിത്രണം (Mood Mapping) തുടരുന്നു. ജനിതകപാരമ്പര്യത്തില്‍നിന്ന് നമുക്ക് ലഭിച്ചതും അനുഭവത്തിലൂടെ നാം സ്വരൂപിച്ചതുമായ 'അറിവ്' നമ്മുടെ മനോനിലയെ എപ്രകാരം സ്വാധീനിക്കുമെന്നതാണ് ഒന്‍പതാം ദിവസത്തെ പഠനവും പ്രായോഗികപരിശീലനവും.
നിങ്ങളുടെ 'അറിവി'നെയും 'അറിവി'നെ നിങ്ങള്‍ ഉപയോഗിക്കുന്ന രീതിയെയും നിങ്ങള്‍ക്ക് പൊളിച്ചെഴുതാന്‍ സാധിക്കും. ഓരോ സന്ദര്‍ഭത്തെയും എങ്ങനെ പരിഗണിക്കണമെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു 'അറിവു'ണ്ട്. ആ 'അറിവ്' ഉപയോഗിച്ച് സന്ദര്‍ഭങ്ങളെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്‍റെ ഫലമായി നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും അല്ല ലഭിക്കുന്നതെങ്കില്‍ ആ 'അറിവ്' നിങ്ങള്‍ക്ക് ഉപേക്ഷിച്ച്, പുതിയ അറിവ് സ്വീകരിക്കാം. അതുവഴി ചുറ്റുപാടുകളെ, ചുറ്റുമുള്ള ആളുകളെ, നിങ്ങളെത്തന്നെ 'പുതുതായി അറിയാം.' ദുഃഖകരം എന്ന് ആദ്യചിന്തയില്‍ അനുഭവപ്പെടാവുന്ന സന്ദര്‍ഭത്തെ ഒന്നുകൂടി മനസിരുത്തിയാല്‍ പ്രസാദാത്മകമായി സമീപിക്കാം.
നിങ്ങളുടെ സമീപനമാണ് നിങ്ങളുടെ ബോധ്യം. നടന്നകാര്യം നിങ്ങളുടെ ജീവിതത്തിന് അന്ത്യം കുറിച്ചു എന്നു കരുതിയാല്‍ പിന്നെ ജീവിതകാലമത്രയും നിരാശയാവും ഫലം. ആ സന്ദര്‍ഭത്തെ ഒരു അവസരമാക്കി മാറി ചിന്തിച്ചാല്‍, നിങ്ങള്‍ക്ക് പുതിയൊരു ഉത്സാഹംതന്നെ അനുഭവപ്പെടും. ജീവിതത്തിലെ പ്രതിലോമകരമെന്നു തോന്നുന്ന ഏതനുഭവത്തിനും വലിപ്പചെറുപ്പവ്യത്യാസമില്ലാതെ, ഇതു ബാധകമാണ്.
നിങ്ങള്‍ നിങ്ങളെക്കുറിച്ചുതന്നെ രൂപപ്പെടുത്തിയിട്ടുള്ള ചില 'സത്യ'(ഉറച്ചബോധ്യങ്ങളെ)ങ്ങളെ മറികടക്കേണ്ടത് വളരെ അനിവാര്യമാണ്. നിങ്ങള്‍ നിര്‍ഭാഗ്യവാനും പ്രത്യാശയ്ക്ക് വകയില്ലാത്തവനും ഒന്നിനും കൊള്ളാത്തവനും മന്ദനും ആണ് എന്ന നിഗമനത്തിലേക്കാണ് നിങ്ങളുടെ അനുഭവം നിങ്ങളെ നയിച്ചിരിക്കുന്നതെങ്കില്‍ നിങ്ങള്‍ അങ്ങനെതന്നെ ആയിത്തീരും. ആ 'സത്യ'ങ്ങള്‍ സത്യങ്ങളല്ല എന്ന് നിങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നാം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ മാത്രമാണവ. ആ നിഗമനങ്ങളെ ഏതു രീതിയിലാണോ നാം അവയിലേക്ക് എത്തിച്ചേര്‍ന്നത് ആ രീതി ഉപയോഗിച്ചുതന്നെ നമുക്ക് മാറ്റിത്തീര്‍ക്കാം. നമ്മുടെ നല്ല വശങ്ങളെ നമുക്ക് പരിഗണിക്കാം. ആ നല്ല വശങ്ങളില്‍ നമുക്ക് സോല്‍സാഹം പരിശ്രമിക്കാം. പ്രസാദഭരിതമായ കാര്യങ്ങള്‍ കണ്ടെത്തുന്നതിന് ചിലപ്പോള്‍ നമുക്ക് കണ്ണുമടച്ച് ഭാവിയില്‍ വിശ്വാസം അര്‍പ്പിക്കേണ്ടി വന്നേക്കാം. എല്ലാറ്റിനെയും വിശ്വസിക്കേണ്ടി വന്നേക്കാം. പക്ഷേ നൂറില്‍ തൊണ്ണൂറ്റൊന്‍പതു തവണയും അതു ശരിയാകുമെന്നാണ് അനുഭവം.
ഭൂമിയില്‍ മറ്റെല്ലാ ജീവികളില്‍നിന്നും വ്യത്യസ്തമായി നിലനില്‍പ്പിന് മനുഷ്യന്‍ അറിവിനെ ആശ്രയിക്കുന്നു. പക്ഷേ നാം നമ്മുടെ അറിവ് എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെയും അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയും ആശ്രയിച്ചാണ് നമ്മുടെ നിലനില്‍പ്പ് എന്നത് വലിയൊരു ഉത്തരവാദിത്തമാണ് നമ്മില്‍ ഏല്പിച്ചിരിക്കുന്നത് എന്നോര്‍ക്കുക.
നമുക്ക് എത്രമാത്രം അറിയാം എന്നതല്ല നമ്മുടെ അറിവിനെ നാം എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണ് നമ്മുടെ മനോനിലയെ സ്വാധീനിക്കുക. നിങ്ങളുടെ 'അറിവ്' നിങ്ങളെ നിരാശയിലേക്ക്, തളര്‍ച്ചയിലേക്ക് ആണ് നയിച്ചതെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ അനുഭവത്തെ നോക്കിക്കണ്ട രീതിയെ, നിങ്ങളുടെ അനുഭവത്തെ വ്യാഖ്യാനിച്ച രീതിയെ, 'വേറൊരു രീതി'യില്‍ നോക്കികാണേണ്ടിയിരിക്കുന്നു. മറിച്ച് അനുഭവം, നല്ലതോ ചീത്തയോ എന്തുമാകട്ടെ നിങ്ങള്‍ 'നിങ്ങള്‍' തന്നെയാണ് എന്ന് നിങ്ങള്‍ക്ക് ഉറച്ചബോധ്യമുണ്ടെങ്കില്‍ നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് പ്രത്യാശയുണ്ടാകും. പ്രത്യാശ നിങ്ങള്‍ക്ക് ആത്മധൈര്യം തരും. ആത്മധൈര്യം പ്രസാദാത്മകമനോനില സമ്മാനിക്കും. പ്രത്യാശ, പ്രസാദാത്മകമായി ഭാവിയെ ആസൂത്രണം ചെയ്യാനുള്ള പ്രചോദനം തരും. ആസൂത്രണം ചെയ്തത് നടപ്പാക്കാനുള്ള ധൈര്യവും ഉത്സാഹവും തരും. അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനുള്ള വിവേകം തരും. നിങ്ങളുടെ അറിവും അതിനോട് നിങ്ങള്‍ പ്രതികരിക്കുന്ന രീതിയും അങ്ങനെ നിങ്ങളുടെ മനോനിലയെ സ്വാധീനിക്കുന്നു. 'അറിവിനോട്' പ്രസാദാത്മകമായി പ്രതികരിക്കാനായാല്‍ അതു നിങ്ങളെ നിഷേധാത്മകമനോനിലയില്‍നിന്ന് മോചിപ്പിക്കുന്നു. ശാന്തതയിലേക്കും കര്‍മ്മോത്സുകതയിലേക്കും ഉണര്‍ത്തുന്നു. അനിശ്ചിതത്വം മറ്റെല്ലാത്തിനും ഉപരിയായി ഉത്കണ്ഠയെ ഉണര്‍ത്തുന്നു. എന്തു സംഭവിക്കുന്നു എന്നറിയാതെ വരുമ്പോള്‍, എന്തു ചെയ്യണമെന്നറിയാതെ വരുമ്പോള്‍, നിങ്ങള്‍ ഓരോന്ന് സങ്കല്പിച്ചു കൂട്ടുന്നു. അതു നിങ്ങളെ ഭയപ്പെടുത്തുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുമ്പോള്‍, എന്ത് ചെയ്യണമെന്ന് മനസ്സിലാകുമ്പോള്‍, എന്താണ് ചെയ്യേണ്ടതെന്ന് അറിയുമ്പോള്‍, അതു നിങ്ങളുടെ കഴിവിന്‍റെ പരമാവധിയില്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. അടുത്ത ചുവട് ഏതെന്ന് അസന്ദിഗ്ദ്ധമായി അറിയുകയും ആ ചുവട് വയ്ക്കാന്‍ ആത്മവിശ്വാസം ഉണ്ടാകുകയും ചെയ്താല്‍ മാത്രമേ, പക്ഷേ, അതു സാധിക്കൂ. സംശയങ്ങള്‍ നിങ്ങളെ വലിയ ഉത്കണ്ഠയിലാഴ്ത്തും. 'അറിവ്' നിങ്ങള്‍ക്ക് ഉറപ്പുനല്‍കും. ഒപ്പം വ്യത്യസ്തമായവ തിരഞ്ഞെടുക്കാനുള്ള സാഹചര്യങ്ങളും. വ്യത്യസ്ത തിരഞ്ഞെടുപ്പിനുള്ള സാധ്യത നിങ്ങള്‍ക്ക് 'അധികാരം' നല്‍കുന്നു. അതു നിങ്ങളെ 'ഉയര്‍ത്തുന്നു.' അതിനാല്‍ നിങ്ങളുടെ അറിവിനെ 'നന്നായി' ഉപയോഗിക്കുക. അറിവിനെ 'നന്നായി' ഉപയോഗിക്കാനുള്ള ഹ്രസ്വകാല, ദീര്‍ഘകാല തന്ത്രങ്ങള്‍ നമുക്ക് അടുത്ത അധ്യായങ്ങളില്‍ പരിശോധിക്കാം.
(തുടരും)