news-details
ധ്യാനം

ഒരു പുതിയ വര്‍ഷത്തിലേക്കു നാം പ്രവേശിക്കുകയാണല്ലോ. പുത്തന്‍ പ്രതീക്ഷകളുമായി പുതിയ വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ പഴയ മനുഷ്യനെ ഉരിഞ്ഞുകളയുവാനുള്ള ഒരവസരമായി നാം ഇതിനെ കാണണം. ഉപ്പും പ്രകാശവുമായി ജീവിക്കുവാനാണ് ക്രിസ്തു നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഉപ്പ് ആന്തരികവിശുദ്ധിയേയും പ്രകാശം ബാഹ്യമായ സാക്ഷ്യത്തെയും ഓര്‍മ്മിപ്പിക്കുന്നു. ആന്തരിക വിശുദ്ധിയില്ലാത്ത മനുഷ്യന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും മഷിയില്ലാത്ത പേനാകൊണ്ട് എഴുതുന്നതുപോലെയാണ്. ഉള്ളിലുള്ള നന്മയാണ് ബാഹ്യജീവിതത്തില്‍ പ്രകാശമായി കടന്നുവരുന്നത്. നമ്മുടെ മനസ്സിനെ വിശുദ്ധീകരിച്ചുകൊണ്ടു പുതിയ വര്‍ഷത്തിലേക്കു പ്രവേശിക്കാം.

സമയം അതിവേഗം കടന്നുപോകും. അതിന്‍റെ ഓര്‍മ്മയാണ് ഓരോ പുതിയ വര്‍ഷവും നമുക്കു നല്കുന്നത്. എത്ര വേഗമാണ് കഴിഞ്ഞ വര്‍ഷം കടന്നുപോയത്. നാം എടുക്കുന്ന ഓരോ തീരുമാനവും അതേ ദിവസംതന്നെ പൂര്‍ത്തിയാക്കണം. 'നാളെ'യാകട്ടെ എന്നു കരുതി മാറ്റിവയ്ക്കുന്നതൊന്നും പൂര്‍ത്തിയാക്കണമെന്നില്ല. മരണം മനുഷ്യനെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും ദിനപത്രത്തില്‍ വരുന്ന വാര്‍ത്തകളില്‍ എത്രയോ പ്രിയപ്പെട്ടവരെയാണ് മരണമടഞ്ഞവരുടെ പട്ടികയില്‍ കാണുന്നത്. ഇങ്ങനെപോയാല്‍ ഒരുദിവസം നമ്മുടെ പടവും പ്രത്യക്ഷപ്പെടും. നിത്യവും വെള്ളമെടുത്തു തീരുന്ന ഒരു തുരുത്തുപോലെയാണ് മനുഷ്യജീവിതം. ദൈവത്തില്‍ സമ്പൂര്‍ണമായി ആശ്രയംവയ്ക്കുക. മറ്റെവിടെ ആശ്രയം വച്ചാലും നമ്മള്‍ തകര്‍ന്നുപോകും. ദൈവാശ്രയബോധത്തിന്‍റെ ഒരു വര്‍ഷമായിരിക്കട്ടെ പുതുവര്‍ഷം.

പ്രാര്‍ത്ഥനയില്‍ നിന്നും ശക്തി സ്വീകരിച്ചുകൊണ്ടു മുന്നേറുവാന്‍ നമുക്കു കഴിയണം. ഓരോ ദിവസത്തിന്‍റെയും രാത്രിയുടെ താഴും പ്രഭാതത്തിന്‍റെ താക്കോലുമായി പ്രാര്‍ത്ഥന മാറണം. ദൈവം കാണുന്ന വിധത്തില്‍ ജീവിതാനുഭവങ്ങളെ നോക്കികാണുവാന്‍ പ്രാര്‍ത്ഥന ശക്തിപ്പെടുത്തും. പ്രതികൂല സാഹചര്യങ്ങളും അപ്രതീക്ഷിതമായ സംഭവങ്ങളും നമ്മെ തളര്‍ത്തുമ്പോള്‍ നമുക്കു പിടിച്ചുനില്‍ക്കുവാന്‍ കഴിയുന്നത് പ്രാര്‍ത്ഥനവഴിയാണ്. ജീവിതത്തിന് പ്രതീക്ഷയും തകര്‍ച്ചകളില്‍ ആത്മബലവും നല്കി പ്രാര്‍ത്ഥന നമ്മെ വഴി നടത്തും. നമ്മുടെ വിലയും നിലയും മനസിലാക്കുവാന്‍ പ്രാര്‍ത്ഥന വഴി നമുക്കു സാധിക്കുന്നു. ഒന്നും ശാശ്വതമല്ലെന്നും എല്ലാം കടന്നുപോകുന്ന മിഥ്യകളാണെന്നും നാം പഠിക്കുന്നത് ശരിക്കും പ്രാര്‍ത്ഥിക്കുമ്പോഴാണ്. 2016 കരുണയുടെ പ്രത്യേകവര്‍ഷമാണല്ലോ. ദൈവം നമ്മോടുകാണിച്ച കരുണയെപ്രതി ദൈവത്തിന് നന്ദി പറയുവാനുള്ള അവസരം. കുറ്റങ്ങളും കുറവുകളുമുള്ള യാക്കോബ്ബിനെ ദൈവം അനുഗ്രഹിച്ചു. 'ഇസ്രായേല്‍' എന്ന പേരു നല്‍കി. നമ്മുടെ മാനുഷികമായ കുറ്റങ്ങളും കുറവുകളും ദൈവം മറന്ന് നമ്മോട് കരുണ കാണിക്കും. മനുഷ്യന് മറക്കുവാന്‍ കഴിയും. എന്നാല്‍ ദൈവത്തിന് ക്ഷമിക്കുവാന്‍ കഴിയും. നമ്മെ മുറിപ്പെടുത്തിയവരോടും വേദനിപ്പിച്ചവരോടും ക്ഷമിക്കുവാന്‍ കഴിയട്ടെ. കുടുംബത്തിനുള്ളിലും സമൂഹത്തിനുള്ളിലും കൂടുതല്‍ കരുണയുള്ളവരായി നമുക്കു ജീവിക്കാം. ഭാര്യാഭര്‍ത്തൃബന്ധങ്ങളിലെ സംഭാഷണങ്ങളില്‍ കരുണയുടെ സ്പര്‍ശനമുണ്ടാകണം. മക്കള്‍-മാതാപിതാക്കള്‍ ബന്ധങ്ങളില്‍ കാരുണ്യത്തിന്‍റെ പ്രവാഹമുണ്ടാകണം. കരുണ കാണിക്കുന്നവര്‍ക്കു കരുണ ലഭിക്കുമെന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ നമ്മുടെ ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കട്ടെ.

ദൈവം മനുഷ്യനെ വിശ്വസിച്ച് ഓരോരോ ദൗത്യം ഏല്‍പ്പിക്കുന്നു. പരസ്പരവിശ്വാസം നഷ്ടപ്പെടുന്ന ഒരു ലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മറ്റുള്ളവരെ വിശ്വസിക്കുവാനും ആത്മവിശ്വാസത്തില്‍ വളരുവാനും ഈ നവവത്സരത്തില്‍ ഇടയാകട്ടെ. ദൈവത്തില്‍ ആഴമായി വിശ്വസിക്കുന്നവര്‍ മനുഷ്യരെയും വിശ്വസിക്കും. പരസ്പരവിശ്വാസത്തിന്‍റെ കുറവ് മനുഷ്യരെ അസ്വസ്ഥരാക്കുന്നു. ഞാന്‍ കബളിപ്പിക്കപ്പെട്ടാലും അപരനെ അവിശ്വസിക്കാതിരിക്കുക. എന്‍റെ തലയിലെ ഓരോ മുടിയും ദൈവം എണ്ണിത്തിട്ടപ്പെടുത്തിയെങ്കില്‍ ഞാനെന്തിന് ആകുലപ്പെടണം?

ബന്ധങ്ങളുടെ ലോകത്തില്‍ ഞാന്‍ വളരേണ്ടവനാണ്. ദൈവത്തോടും മനുഷ്യരോടും മനസ്സാക്ഷിയോടും പ്രകൃതിയോടും നല്ല ബന്ധങ്ങള്‍ പുലര്‍ത്തി ഞാന്‍ മുന്നേറണം. സമൂഹത്തിന്‍റെ  ഉന്നമനത്തിനായി എനിക്കു ചെയ്യാവുന്നതെല്ലാം ചെയ്തു സമൂഹത്തെ വളര്‍ത്തണം. ഞാന്‍ ഒറ്റപ്പെട്ട ഒരു ദ്വീപല്ല. ഒരുപാടുപേര്‍ക്കിടയില്‍ ജീവിക്കുന്ന വ്യക്തിയാണ്. ആരെയും തകര്‍ക്കാതെ പറ്റുന്നവിധത്തില്‍ മറ്റുള്ളവരെ വളര്‍ത്താന്‍ നമുക്കു ശ്രമിക്കാം. അപരന്‍റെ വളര്‍ച്ചയില്‍ അസൂയാലുക്കളാകാതെ അവരെ അനുഗ്രഹിക്കുന്നവരായി നമുക്കു ജീവിക്കാം. പൂവിനെപ്പോലും നുള്ളിനോവിക്കാത്ത കേവല  സ്നേഹത്തിന്‍റെ പ്രതീകങ്ങളായി നമുക്കു മാറാം. അതിനുള്ള ശക്തി നല്ലവനായ ദൈവം നമുക്കു പ്രദാനം ചെയ്യട്ടെ.     

You can share this post!

പ്രാര്‍ത്ഥനയുടെ ഫലങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ കപ്പൂച്ചിന്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts