news-details
കവിത

നമ്മുടെ നീതിപീഠം!!!

നമ്മുടെ നീതിപീഠം!!!

എന്‍റെ കാല്‍ചങ്ങലകളെ ഞാനിന്നു പൊട്ടിച്ചെറിയുകയാണ്.
എനിക്ക് ചുറ്റും നിങ്ങള്‍ കെട്ടിയ വേലിക്കെട്ടുകള്‍ക്ക് ഞാനിന്നു തീയിടുകയാണ്അമ്മയോതിത്തന്ന അച്ചടക്കത്തിന്‍റെ ബാലപാഠങ്ങള്‍ക്കും ഒപ്പീസ് ചൊല്ലുകയാണ്.

പണ്ട് കൈയില്‍ കരുതിയിരുന്ന മൊട്ടുസൂചികള്‍ക്ക് പകരം
കുരുമുളക് പൊടി നിറച്ച സ്പ്രേ ബോട്ടിലുകളും ഒന്ന് വിരലമര്‍ത്തിയാല്‍
പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് പോകുന്ന ഹെല്പ് ലൈന്‍ നമ്പരുകളും ഒന്നും തന്നെ ഇന്നിന്‍റെ നേരുകള്‍ക്കു തടസ്സമാകുന്നില്ല. അവനു രക്ഷപ്പെടാന്‍ നിയമത്തിന്‍റെ പഴുതുകളേറെ.

ബാല്യത്തിന്‍റെ നിറപ്പകിട്ടുകള്‍ക്കുള്ളില്‍ നിന്നും കണ്ണ് തുറക്കും മുന്നേ ചിറകൊടിക്കപ്പെടുന്ന പെണ്ണ്കുരുന്നുകള്‍ പോലും കൗമാര ചാപല്യങ്ങള്‍ക്കിരയാവാം.
പക്ഷെ, ക്രൂരതയുടെ അതിര്‍വരമ്പുകള്‍ പ്രായത്തിന്‍റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തു
മുഖം മൂടിയണിഞ്ഞ്, ആര്‍ത്തട്ടഹസിക്കുമ്പോള്‍ തകരുന്ന കുടുംബങ്ങളുടെ മുമ്പില്‍ കണ്ണ്
മൂടിക്കെട്ടിയ നിയമ ദേവത എങ്ങിനെ
തല കുനിക്കാതെ നിക്കും?

തൂക്കു കയറു വേണ്ട... വന്‍ രാഷ്ട്രങ്ങളെപ്പോലെ അറുത്ത് മാറ്റുന്ന നിയമങ്ങളും വേണ്ടാ..
അടച്ചിടട്ടെ ഇരുട്ടുമുറിയില്‍..
അടങ്ങാത്ത ആഗ്രഹങ്ങള്‍ക്ക് അറുതി വരും വരെ..
ആരെയും കാണാതെ ..
ഇല്ലെങ്കില്‍ ഒരുക്കി കൊടുക്കൂ നിയമപീഠമേ..
ഇവരുടെ കാമ ഭ്രാന്തു തീര്‍ക്കാനുള്ള വിരിപ്പുമുറികള്‍!!

രക്ഷ നേടട്ടെ അബലകളായ ബാല്യങ്ങള്‍, കൗമാരങ്ങള്‍, യൗവനങ്ങള്‍, വാര്‍ദ്ധക്യങ്ങള്‍...
ഇനിയും ഞങ്ങള്‍ക്ക് വിശ്വാസമില്ല
ഈ നിയമപീഠത്തിന്‍റെ സുരക്ഷാകവചത്തില്‍..
സ്വയം മുന്നോട്ടിറങ്ങൂ യുവത്വമേ, സ്വയരക്ഷക്ക്..
നിങ്ങള്‍ക്ക് കൂട്ടിനുണ്ടാകും,
നന്മയുടെ ശക്തിയുള്ള സഹോദരങ്ങള്‍!!... 
 

 
 
ഒരിരുമ്പ് ദണ്ഡ് ,
അതു എവിടെ പതിക്കണം....
എത്ര ആഴത്തില്‍ പതിക്കണം....
എങ്ങനെ ക്രൂരമാകണം......
അവനറിയാമായിരുന്നൂ.....
അവിടമാണ് അവനെ ഭൂമിയിലെത്തിച്ചതത്രെ !!
മാറിടങ്ങള്‍...
അതെങ്ങനെ തകര്‍ക്കണം,
നായയുടെ മുന്നിലെ
ഇറച്ചികഷ്ണം പോലെ
കടിച്ചു കീറപ്പെടണം,
അവനറിയാമായിരുന്നൂ....
എന്തെന്നാല്‍ വിശന്നപ്പോള്‍
അതവനെ പാലൂട്ടിയതത്രെ......
കരഞ്ഞപ്പോള്‍, ജീവനായ് കേണപ്പോള്‍
കരളു ഉരുകും പോലെ ചവിട്ടി മെതിച്ച് ജീവനെടുക്കുവാനും
അവനറിയാമായിരുന്നത്രെ....
എന്തെന്നാല്‍ , കാലുറക്കും വരെ വീണു പോകാതെ...
അവനു താങ്ങായ്
ഒരു സ്ത്രീ കൂടെ നിന്നത്രെ.........
ഒടുവില്‍ വിചാരണ......
ഒന്നുമറിയാത്ത പ്രായപൂര്‍ത്തി
ആവാത്തവന്‍....
നിരപരാധി....
അതിനാല്‍,
ഒരോ പെണ്‍ജന്മവും
അവളുടെ ആത്മാഭിമാനവും
ഇവിടെ പലവുരു,
കൊല്ലപ്പെട്ടുപോയ്.......

You can share this post!

എനിക്ക് നിന്നോടും നിനക്ക് എന്നോടും തോന്നിപ്പോകുന്നത്

ജയപ്രകാശ് എറവ്
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts