news-details
ധ്യാനം

അന്ധകാരത്തില്‍നിന്നും പ്രകാശത്തിലേക്ക് യാത്രചെയ്യുവാന്‍ വിളിക്കപ്പെട്ടവരാണ് നാം. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ഒന്നാമദ്ധ്യായത്തില്‍ അന്ധകാരവും പ്രകാശവും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് പറയുന്നുണ്ട്. പ്രകാശത്തിന്‍റെ ആഗമനത്തെ അന്ധകാരം എതിര്‍ക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അന്ധകാരത്തിന്‍റെ പ്രവൃത്തികളെ ജഡത്തിന്‍റെ വ്യാപാരങ്ങളായും പ്രകാശത്തിന്‍റെ പ്രവൃത്തികളെ ആത്മാവിന്‍റെ ഫലങ്ങളായും ഗലാത്തിയര്‍ക്കുള്ള ലേഖനത്തില്‍ 15 മുതലുള്ള വാക്യങ്ങളില്‍ വി. പൗലോസ് വ്യാഖ്യാനിക്കുന്നു. മനുഷ്യന്‍റെ ജീവിതത്തിലുണ്ടാകേണ്ട  ബാഹ്യമായ സാക്ഷ്യത്തെയാണ് പ്രകാശം സൂചിപ്പിക്കുന്നത്. കടലിലൂടെ യാത്ര ചെയ്യുന്ന കപ്പലുകള്‍ ലൈറ്റ് ഹൗസിലെ പ്രകാശം കണ്ടാണ് തീരത്ത് എത്തുന്നത്.  ലൈറ്റ് ഹൗസിലെ പ്രകാശത്തേക്കാള്‍ ആഴം കൂടിയതാണ് മൊബൈല്‍ ടവറില്‍നിന്നുമുള്ള പ്രകാശപ്രസരണം. പക്ഷേ നമുക്കതു കാണുവാന്‍ കഴിയുന്നില്ല. ആത്മാവിന്‍റെ നിറമുള്ള മനുഷ്യരുടെ അവസ്ഥയും ഇതു തന്നെയാണ്. ബാഹ്യമായി ഓളംവയ്ക്കുന്ന ആളുകളെപ്പോലെ അവര്‍ ശ്രദ്ധിക്കപ്പെടുന്നില്ല. പക്ഷേ ആത്മീയമനുഷ്യരില്‍ നിന്നു പുറപ്പെടുന്ന  പ്രകാശതരംഗങ്ങള്‍ ചുറ്റുമുള്ള സമൂഹത്തെ കാര്യമായി സ്വാധീനിക്കുന്നു. ട്രാഫിക് പോയിന്‍റുകളില്‍ നാം രണ്ടുവിധത്തിലുള്ള പ്രകാശങ്ങള്‍ കാണാറുണ്ട്. അവ ചുമപ്പും പച്ചയുമാണ്. മുമ്പോട്ടു പോകരുതെന്ന് ചുമപ്പുനിറവും മുമ്പോട്ടു പോകാമെന്ന് പച്ചനിറവും സൂചിപ്പിക്കുന്നു. നമുക്ക് ഇഷ്ടമില്ലാത്തവര്‍ നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവരെ നിരുത്സാഹപ്പെടുത്തുന്ന ചുവപ്പു ലൈറ്റുകളായി നാം മാറരുത്. നമുക്ക് ഇഷ്ടമുള്ളവര്‍ തെറ്റു ചെയ്യുമ്പോള്‍ അവരുടെ നേരെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്ന പച്ച ലൈറ്റുകളായും നാം മാറരുത്.

ദൈവത്തിന്‍റെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവുമാണ് പ്രകാശത്തെയും അന്ധകാരത്തെയും നിര്‍ണ്ണയിക്കുന്നത്. 'പ്രകാശമുണ്ടാകട്ടെ' എന്നതായിരുന്നു ദൈവം സംസാരിച്ച ആദ്യവചനം(ഉല്‍. 1/3). ആ നിമിഷം അന്ധകാരം മാറി, പ്രകാശം ഉദിച്ചു. ഇസ്രായേല്‍ ജനത മരുഭൂമിയില്‍ യാത്ര ചെയ്തപ്പോള്‍ ഇരുട്ടിനെ അകറ്റുവാന്‍ ദീപസ്തംഭമായി ദൈവം കൂടെ നടന്നു. ഇരുളുനിറഞ്ഞ പാതിരാവില്‍ ദൈവം മനുഷ്യനായി പിറന്നപ്പോള്‍ നക്ഷത്രപ്രകാശം ലോകം ദര്‍ശിച്ചു. "ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു" (യോഹ 8/12) എന്ന് യേശു പറഞ്ഞു. പ്രകാശമായ ക്രിസ്തു കുരിശില്‍ മരിച്ചപ്പോള്‍ പ്രകാശവും മരിച്ചു. സൂര്യന്‍ മറഞ്ഞുപോയി. യഥാര്‍ത്ഥസൂര്യന്‍ കുരിശിലുയര്‍ന്നപ്പോള്‍ പ്രപഞ്ചത്തിന്‍റെ സൂര്യന്‍ കണ്ണടച്ചു. നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ് (മത്താ. 5/13-14) എന്ന് കര്‍ത്താവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പ്രകാശത്തിന്‍റെ ആയുധങ്ങള്‍ ധരിച്ച് അന്ധകാരത്തിനെതിരെ നാം യുദ്ധം ചെയ്യണം. എഫേസൂസുകാര്‍ക്കുള്ള ലേഖനം ആറാമദ്ധ്യായം പത്തുമുതലുള്ള വാക്യങ്ങളില്‍ അന്ധകാരശക്തികള്‍ക്കെതിരെ നാം യുദ്ധം ചെയ്യണമെന്ന് പൗലോസ് അപ്പസ്തോലന്‍ ആഹ്വാനം ചെയ്യുന്നു. 'അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്ക് നമ്മെ നയിക്കണമേ' എന്നതാണ് ആര്‍ഷഭാരതത്തിന്‍റെ പ്രാര്‍ത്ഥന.

അന്ധകാരവും പ്രകാശവും തമ്മിലുള്ള യുദ്ധം നമ്മുടെയുള്ളിലുണ്ട്. റോമാ 7/15ല്‍ പൗലോസ് പറയുന്നു, "ആഗ്രഹിക്കുന്ന നന്മയല്ല ഇച്ഛിക്കാത്ത തിന്മ ചെയ്യുന്ന അധമനായ മനുഷ്യനാണ് ഞാന്‍." മറ്റുള്ളവരെക്കുറിച്ചു നന്മ മാത്രം പറയുവാന്‍ നമ്മിലെ പ്രകാശം നമ്മെ പ്രേരിപ്പിക്കുമ്പോള്‍ തിന്മ പറയുവാനും കുറ്റം പറഞ്ഞു പരത്തുവാനും തിന്മ നമ്മെ നിര്‍ബന്ധിക്കുന്നു. നന്മ നിറഞ്ഞ കാര്യങ്ങള്‍ ആലോചിച്ചു പ്രസാദാത്മക തരംഗങ്ങള്‍ നമ്മില്‍ സൃഷ്ടിക്കുവാന്‍ പ്രകാശത്തിന്‍റെ ശക്തി നമ്മെ പ്രചോദിപ്പിക്കുന്നു. അതേ സമയം തിന്മ നിറഞ്ഞ ചിന്തകള്‍കൊണ്ട് ശരീരത്തെ സുഖിപ്പിക്കാന്‍ അന്ധകാരശക്തി നമ്മെ പ്രലോഭിപ്പിക്കും. നേരത്തെ കിടന്നുറങ്ങുവാനും വളരെ താമസിച്ച് എഴുന്നേല്ക്കുവാനുമുള്ള പ്രേരണ നമ്മിലുണ്ട്. അതിരാവിലെ ഉണരുവാനും തിരുസന്നിധിയിലായിരിക്കുവാനും പ്രകാശം നമ്മെ ഓര്‍മ്മിപ്പിക്കും.

ഒരേ ഏദന്‍തോട്ടത്തിലാണ് നന്മയും തിന്മയും കടന്നുവന്നത്. ഒരേ അമ്മയില്‍ നിന്നാണ് കായേനും ആബേലും ജന്മമെടുത്തത്. ഒരേ മണ്ണിലാണ് കളയും വിളയും നിറഞ്ഞുനില്ക്കുന്നത്. ഇതുപോലെ ഒരേ വ്യക്തിയിലാണ് നന്മതിന്മകള്‍ നിറഞ്ഞുനില്ക്കുന്നത്. വിളയെ നശിപ്പിക്കാതെ കളയെ പിഴുതെറിയാന്‍ നമുക്കു കഴിയണം. കളകള്‍ മുളയ്ക്കാത്ത വിളനിലങ്ങളില്ല. ഈ തിരിച്ചറിവാണ് നമ്മെ  തിരിച്ചുനടത്തേണ്ടത്. ബലപ്രയോഗത്തിലൂടെയാണ് ദൈവരാജ്യം സ്വന്തമാക്കേണ്ടതെന്ന് യേശു പഠിപ്പിച്ചു. ഈ ബലപ്രയോഗം നമ്മുടെയുള്ളിലുള്ള അന്ധകാരശക്തികളോടാണ് നാം നടത്തേണ്ടത്. ഇരുട്ടിനെയും അതിന്‍റെ പ്രവര്‍ത്തനങ്ങളെയും വിവേചിച്ചറിഞ്ഞ് പ്രകാശത്തിന്‍റെ പ്രചോദനങ്ങളെ ഉള്‍ക്കൊണ്ട് തിളങ്ങുന്ന വ്യക്തിത്വങ്ങളായി നമുക്കു പ്രശോഭിക്കാം. 

You can share this post!

പ്രാര്‍ത്ഥനയുടെ ഫലങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ കപ്പൂച്ചിന്‍
അടുത്ത രചന

ആരാണ് മനുഷ്യന്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ കപ്പൂച്ചിന്‍
Related Posts