ധ്യാനം ഇല്ലാതായ കാലമാണിത്. ആത്മാന്വേഷണത്തിന്‍റെ സാധ്യതകള്‍ തിരക്കുകള്‍ക്കിടയില്‍ ദുര്‍ബലമായിരിക്കുന്നു. സ്വന്തമുള്ളിലെ ബുദ്ധത്വത്തെ ഉണര്‍ത്താന്‍ നമുക്കു സാധിക്കുന്നില്ല. എവിടെയും പുറംകാഴ്ചകള്‍ നഷ്ടമാകുന്നു. ഉള്ളില്‍ സുപ്തമായിരിക്കുന്ന സ്വത്വത്തെ കണ്ടെത്താതെ അനന്തതയില്‍ ലയിക്കുന്ന വ്യര്‍ത്ഥപ്രയാണമായി ജീവിതം മാറുന്നു. ഇന്നിനെ അഭിമുഖീകരിക്കാതെ ഇന്നലെയിലും നാളെയിലും സ്വയം നഷ്ടപ്പെടുത്തുകയാണ് നാം. ഓരോന്നിനെയും അമിതഭാരം കൊണ്ടു മൂടിക്കളയുന്ന മൃതമായ അറിവുകളാല്‍ അളക്കുന്നതിനാല്‍ നവ്യതയെ കണ്ടെത്താന്‍ നമുക്കു കഴിയുന്നില്ല. അറിഞ്ഞതില്‍നിന്ന് മോചനം നേടാനാവാത്തവര്‍ക്ക് എല്ലാം ആവര്‍ത്തനവിരസത മാത്രം. ഓരോ നിമിഷത്തെയും നവ്യമാക്കുന്ന പുതിയ കാഴ്ചകള്‍ ഉള്‍ക്കാഴ്ചയിലേക്കുള്ള വാതില്‍ തുറക്കുന്നു. അടഞ്ഞവാതിലില്‍ മുട്ടിവിളിക്കുന്നവര്‍ ഒരിക്കലും സ്വത്വസ്വാതന്ത്ര്യത്തിന്‍റെ പ്രകാശത്തിലേക്കു കടക്കുന്നില്ല. ആത്മാവു നഷ്ടപ്പെട്ടവര്‍ വിഹ്വലതയുടെ മേഘപാളികള്‍ക്കിടയില്‍ തട്ടിവീഴുന്നു. ഈ പശ്ചാത്തലത്തില്‍ 'സെന്‍ നവ്യതയുടെ ആകാശം' (Zen Mind Beginner’s Mind)എന്ന ഷുന്‍റ്യു സുസുക്കിയുടെ ഗ്രന്ഥം ഏറെ പ്രസക്തമാകുന്നു. 'മിര്‍ദാദിന്‍റെ പുസ്തക'ത്തിനുശേഷം ജെനി ആന്‍ഡ്രൂസിന്‍റെ ശ്രദ്ധേയവിവര്‍ത്തനം കൂടിയാണിത്.
ആഗ്രഹങ്ങളുടെയും ആസക്തിയുടെയും പിന്നാലെ പായുന്ന മനസ്സ് സ്വാഭാവികമല്ല. ഈ യാത്ര അസ്വാഭാവികമാണ്. സത്യത്തെ ഒരിക്കലും അഭിസന്ധിക്കാത്ത അനുഭവമായി ജീവിതം മാറുന്നു. "അറിയുകയെന്നാല്‍ അറിഞ്ഞതില്‍നിന്നുള്ള മോചനം എന്നുതന്നെയാണ് അര്‍ത്ഥം. അതോടെ നാം നമ്മുടെ മനസ്സിലാക്കലുകളെ പുനര്‍മൂല്യനവീകരണം ചെയ്ത് പുനഃസൃഷ്ടിക്കുന്നു." "ഓരോ നിമിഷത്തെയും സജീവമാക്കുക എന്നതില്‍ക്കവിഞ്ഞ് യാതൊരു പ്രാധാന്യവും സെന്നിനില്ല" എന്നതാണ് വസ്തുത. ഓരോ നിമിഷവും സജീവമാകണമെങ്കില്‍ നവ്യമായ ഒരു കാഴ്ച അനിവാര്യമാണ്. അതിന് 'എല്ലാത്തിനെയും അവ ആയിരിക്കും പടി അംഗീകരിക്കുകയാണ്' വേണ്ടത്. അതാണ് സെന്‍വഴി. ആ വഴിയിലൂടെ സഞ്ചരിക്കുമ്പോഴാണ് നമ്മുടെ 'ശരിയായ സത്ത' പ്രകാശിക്കുന്നത്.
"മനസ്സിനെ ശുദ്ധമാക്കിവെക്കുകയും നമ്മുടെ ചര്യയെ അതിന്‍റെ ശുദ്ധരൂപത്തില്‍ സൂക്ഷിക്കുകയും ചെയ്യുകയാണ്" പ്രധാനം. അതത്ര എളുപ്പമല്ല. 'നമ്മിലെ തുടക്കക്കാരന്‍റെ മനസ്സിനെ സദാ നിലനിര്‍ത്തുകയാണ്' വേണ്ടത്. 'തുടക്കക്കാരന്‍റെ മനസ്സില്‍ സാധ്യതകള്‍ നിരവധിയാണ്; വിദഗ്ദ്ധനില്‍ അവ വിരളവും.' എല്ലാറ്റിനെയും പുതുതായി കാണാന്‍ കഴിയുന്ന മനസ്സില്‍ ഭൂതകാലത്തിന്‍റെ, അറിവിന്‍റെ, മുന്‍വിധിയുടെ ഭാരമില്ല. ആയിരിക്കുന്ന അവസ്ഥയില്‍ എല്ലാം തിരിച്ചറിയാന്‍ കഴിയുന്നുവെന്നതാണ് സെന്‍മനസ്സിന്‍റെ സവിശേഷത. 'തുടക്കക്കാരന്‍റെ മനസ്സ് കരുണയുടെ മനസ്സാണ്. മനസ്സ് കരുണയുള്ളതാകുമ്പോള്‍ അത് അതിരില്ലാത്തതാണ്.' വിദഗ്ദ്ധന്‍റെ മനസ്സ് പരിമിതിയുടെ കോട്ടയ്ക്കുള്ളില്‍ അടക്കപ്പെട്ടിരിക്കുന്നു. തുടക്കക്കാരന്‍റെ ശ്രദ്ധ കൈവരിക്കുമ്പോള്‍ നവ്യതയുടെ ചക്രവാളം തെളിയുന്നു.
നാം എന്തെങ്കിലും നേടാന്‍വേണ്ടിയാണ് എപ്പോഴും ശ്രമിക്കുന്നത്. "എന്തോ നേടുവാന്‍ ശ്രമിക്കുമ്പോള്‍ മനസ്സ് മറ്റെങ്ങോ അലഞ്ഞുതിരിയുവാന്‍ തുടങ്ങുന്നു. നേടുവാന്‍ ശ്രമിക്കാത്തപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരവും മനസ്സും കൃത്യമായി ഇവിടെയുണ്ട്.' ഇപ്പോള്‍ ഇവിടെയായിരിക്കുക എന്നത് ഒന്നും നേടാനല്ലാതെ അന്വേഷിക്കുക എന്നതാണ്. അങ്ങനെ മാത്രമേ നമ്മിലെ ബുദ്ധപ്രകൃതത്തെ കണ്ടെത്താനാവൂ. ഓരോ വ്യക്തിയിലേക്കുമുള്ള സാധ്യതയാണ് ബുദ്ധത്വം. അതൊരു ആയിത്തീരലും കണ്ടെത്തലും പൂവിടലുമാണ്. "എന്തെങ്കിലും ചെയ്യുകയെന്നാല്‍ നമ്മുടെതന്നെ പ്രകൃതത്തെ വെളിപ്പെടുത്തുകയെന്നാണ്. നാം മറ്റൊന്നിനെയും കരുതി നിലകൊള്ളുകയല്ല; നാം നമുക്കായിത്തന്നെ നിലകൊള്ളുകയാണ്." സ്വന്തം പ്രകൃതത്തെ സ്വതന്ത്രമായി വെളിപ്പെടുത്തുകയാണ് പ്രധാനം. താരതമ്യം ചെയ്ത് മറ്റുള്ളവരെപ്പോലെയാകാന്‍ മത്സരിക്കുമ്പോള്‍ സ്വപ്രകൃതത്തെയാണ് നാം ഉപേക്ഷിക്കുന്നത്. 'നിങ്ങളുടേതായ ശരീരവും മനസ്സും നിങ്ങള്‍ക്കുണ്ടായിരിക്കണം' എന്നതാണ് പ്രധാനം. 'നിങ്ങളുടെ പ്രാപഞ്ചികസത്തയെക്കുറിച്ച്, അഥവാ ബുദ്ധ പ്രകൃതത്തെക്കുറിച്ച് അവബോധത്തിലാകുക' എന്നതാണ് ശരിയായ രീതി. അതിന് 'വരുംപോലെ ഓരോന്നിലും ഏര്‍പ്പെടുക എന്നതാണ് ആകെ നാം ചെയ്യേണ്ടത്." ഇത് സ്വാഭാവികമായ ഒഴുക്കാണ്.
'കാര്യങ്ങളെ ആയിരിക്കുന്നതുപോലെ കാണുക, ആയിരിക്കുംപോലെ നിരീക്ഷിക്കുക, ഓരോന്നിനെയും വരുംപോലെ വന്നുപോകുവാന്‍ അനുവദിക്കുക' എന്നതാണ് സെന്‍ മാര്‍ഗം. ഇവിടെ കണക്കുകൂട്ടലുകളോ നിര്‍ബന്ധബുദ്ധിയോ ഇല്ല. 'മനസ്സിനെ ആയിരിക്കുംപോലെ വിടുന്നുവെങ്കില്‍ അത് ശാന്തമാകും. ഈ മനസ്സ് വലിയ മനസ്സ്, ബൃഹദ്ചിത്തം എന്നു വിളിക്കപ്പെടുന്നു.' പുറത്തുള്ള എന്തിനോടെങ്കിലും ബന്ധപ്പെട്ടിരിക്കുന്ന മനസ്സ് ചെറിയ മനസ്സാണ്. ബൃഹദ്ചിത്തം കൊണ്ട് ഓരോ അനുഭവത്തെയും അംഗീകരിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ കാഴ്ചകള്‍ വ്യത്യസ്തമാകും. ബൃഹദ്ചിത്തത്തിന്‍റെ ഉലയാത്ത സമചിത്തത നമ്മിലെ അവബോധത്തെ ഉണര്‍ത്തിനിര്‍ത്തുന്നു. പ്രശ്നങ്ങളുടെ മധ്യത്തില്‍ നിലനില്‍ക്കുന്നവര്‍ക്ക് സമചിത്തത കൈവരിക്കാനാവില്ല.
സ്വന്തം വഴി കണ്ടെത്തുക എന്നത് ഏറെ വിലപ്പെട്ടതാണ്. കുരുക്കുകളെല്ലാം അഴിച്ചാലേ അതു സാധ്യമാകൂ. ആശയത്തോട്, രീതിയോട് കെട്ടപ്പെട്ടിരിക്കുന്ന അവസ്ഥയെ മറികടക്കുക. കാര്യങ്ങളെ ആയിരിക്കുംപോലെ അംഗീകരിക്കുക. വന്നുചേരുന്ന എന്തിനെയും സ്വാഭാവികമായി സ്വീകരിക്കാന്‍ സാധിക്കുക എന്നത് അത്ര എളുപ്പമല്ല. ബൃഹദ്ചിത്തത്തില്‍ എല്ലാത്തിനും ഒരേ മൂല്യമാണ്. 'നിങ്ങള്‍ നിങ്ങള്‍തന്നെയായിരിക്കുമ്പോള്‍ മാത്രമാണ് എല്ലാത്തിനെയും ശരിയായ അര്‍ത്ഥത്തില്‍ വണങ്ങുവാന്‍ നിങ്ങള്‍ക്കാകുന്നത്.' അപ്പോള്‍ നാം ചെയ്യുന്നതെല്ലാം നമ്മുടെ ശരിയായ സത്തയുടെ വെളിപ്പെടലാവും. എങ്കില്‍ മാത്രമേ ആന്തരികമായ ഇച്ഛയെ ശമിപ്പിക്കാന്‍ നമുക്കു സാധിക്കൂ. ഓരോ അസ്തിത്വത്തിലും ബുദ്ധപ്രകൃതമുണ്ട് എന്നറിയുക. ബുദ്ധസത്തയെന്നത് മാനുഷികസത്തയുടെ, നമ്മുടെ ശരിയായ മനുഷ്യസത്തയുടെ മറ്റൊരു പേരാണ്. അത് പുറത്തല്ല, അകത്താണ്.
എന്തെങ്കിലും നേടുകയെന്നതല്ല പ്രധാനം; നമ്മുടെ ശരിയായ സത്തയെ വെളിപ്പെടുത്തുകയാണ്. 'എന്തെങ്കിലും ചെയ്യുന്നുവെങ്കില്‍ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും ചെയ്യുവിന്‍'. നാം ചെയ്യുന്ന ഓരോന്നിനും ശ്രദ്ധ ആവശ്യമാണ്. അങ്ങനെയെങ്കില്‍ 'ആരവങ്ങള്‍ക്കും മാറ്റത്തിനും മധ്യേയും നിങ്ങളുടെ മനസ്സ് ശാന്തവും നിശ്ചലവുമാകും.' നിങ്ങളുടെ ശാന്തവും സാധാരണവുമായ ചര്യയില്‍ തുടരുകമാത്രം ചെയ്യുക, നിങ്ങളുടെ സ്വഭാവം രൂപപ്പെട്ടുകൊള്ളും' എന്നു മനസ്സിലാക്കുക. ചര്യ സാധാരണവും ശാന്തവുമാകുമ്പോള്‍ അനുദിനജീവിതം തന്നെ ബോധോദയമായി മാറുന്നു. അതിന് നമ്മുടെ ചര്യകളില്‍നിന്ന് 'അധികങ്ങളെ' ഒഴിവാക്കണം. ഒരു പൂവു വിരിയുന്നതുപോലെ എല്ലാം സ്വാഭാവികമാവണം. നമ്മുടെ മനസ്സിലുള്ള ധാരണകളും ചിന്തകളും മനസ്സിനെ സങ്കീര്‍ണമാക്കുന്നു. 'ലളിതമായ തെളിഞ്ഞ മനസ്സോടെ എന്തെങ്കിലും ചെയ്യുമ്പോള്‍ നമുക്കു ധാരണകളോ നിഴലുകളോ ഇല്ല.' ശരിയായ ചിന്ത ഒരിക്കലും ഒരു നിഴലിനെ അവശേഷിപ്പിക്കുന്നില്ല. എന്നും പുതുക്കിക്കൊണ്ടിരിക്കണം എന്നു പറയുന്നത് അതുകൊണ്ടാണ്. 'നിങ്ങള്‍ നിങ്ങളെതന്നെ പൂര്‍ണമായി എരിക്കുക.' അപ്പോള്‍ എന്നും നൂതനമായ ജന്മങ്ങള്‍ സാധ്യമാകുന്നു. 'നാം ചെയ്തവയെ ദിവസം തോറും നാം മറക്കണം. ശരിയായ നിര്‍മമത അതാണ്. നാം പുതുതായെന്തോ ചെയ്യണം.' ഈ പ്രക്രിയ നമ്മുടെ ശരിയായ സൃഷ്ടികര്‍മ്മത്തെ വീണ്ടെടുക്കാന്‍ നമ്മെ സഹായിക്കും. മുമ്പ് നേടിയെടുത്ത ആശയത്തില്‍ മാത്രം ജീവിക്കുന്നവര്‍ക്ക് നിത്യവും പുതുക്കാന്‍ സാധിക്കില്ല. ഓരോ നിമിഷവും ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നാം നമ്മെത്തന്നെ പഠിച്ചുകൊണ്ടിരിക്കണം. സ്വയം അഭിസംബോധന ചെയ്യാന്‍ നമുക്കു സാധിക്കണം. 'നിങ്ങള്‍ നിങ്ങളായിരിക്കുമ്പോള്‍ കാര്യങ്ങളെ ആയിരിക്കുംപോലെ നിങ്ങള്‍ കാണുന്നു, ചുറ്റുപാടുകളുമൊത്ത് നിങ്ങള്‍ ഒന്നാവുന്നു. നിങ്ങളുടെ ശരിയായ സത്ത അവിടെയുണ്ട്.'
'നിങ്ങള്‍ നിങ്ങളുടേതായ മനോഭാവം വളര്‍ത്തിയെടുക്കുക' എന്നോര്‍ക്കുക. നിങ്ങളുടെ ശുദ്ധമായ സത്തയെ നശിപ്പിക്കാതിരിക്കുക. മനസ്സിനെ എപ്പോഴും തെളിച്ചമുള്ളതായി കാത്തുസൂക്ഷിക്കുക. സദാസമയവും സ്വാഭാവികതയില്‍ ആയിരിക്കുക. വികാരങ്ങളോട് ആന്തരികമായും വസ്തുനിഷ്ഠമായും സത്യസന്ധരായിരിക്കണം. എല്ലാം മാറുന്നു എന്നതാണ് ഓരോ അസ്തിത്വത്തിന്‍റെയും അടിസ്ഥാനതത്ത്വം എന്നറിയുക. കര്‍മ്മത്തിലെ ലയമാണ് ഉണ്മയുടെ സഹജഗുണം. അങ്ങനെ ജീവിക്കുമ്പോള്‍ നിലനില്പ് അര്‍ത്ഥപൂര്‍ണമാകുന്നു. പരമമായ സ്വതന്ത്രമായ അസ്തിത്വം സംജാതമാകുന്നു. എല്ലാത്തില്‍നിന്നും സ്വതന്ത്രമായിരിക്കുന്ന അനുഭവമാണ് സ്വാഭാവികത. "നിങ്ങളെത്തന്നെ മനസ്സിലാക്കുക എന്നതാണ് ഏറ്റവും മികച്ച വഴി. അപ്പോള്‍ എല്ലാത്തിനെയും നിങ്ങള്‍ മനസ്സിലാക്കും." നിമിഷംതോറും പുതിയതും വ്യത്യസ്തവുമായ ഒന്ന് നാം കണ്ടെത്തണം. ഇപ്രകാരമാണ് നാം ലോകത്തില്‍ ജീവിക്കേണ്ടത്.
നമ്മെ മനസ്സിലാക്കാനും എന്നും നവീകരിച്ചുകൊണ്ടിരിക്കാനും സഹായിക്കുന്ന ഉത്തമഗ്രന്ഥമാണ് 'സെന്‍ നവ്യതയുടെ ആകാശം.' സ്വയം കണ്ടെത്താനുള്ള ആഹ്വാനമാണ് ഈ പുസ്തകം നല്കുന്നത്. നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ധ്യാനനിമിഷങ്ങളെ പുനരാനയിക്കാന്‍ ഈ ഗ്രന്ഥം സഹായിക്കും. ബുദ്ധമനസോടെ ഇതു വിവര്‍ത്തനം ചെയ്ത ജെനി ആന്‍ഡ്രൂസിന് കൃതജ്ഞത അര്‍പ്പിക്കാം.