news-details
മറ്റുലേഖനങ്ങൾ

തത്ത്വജ്ഞാനികളുടെ ലോകം

ഫിലോസഫി എന്ന യവനപദത്തിന് തത്ത്വചിന്തയെന്ന മലയാളപദം എത്രമാത്രം യോജിച്ച ഒരു വിവര്‍ത്തനമാണെന്ന കാര്യത്തില്‍ സംശയമുണ്ട്.  പാശ്ചാത്യ വിശകലനത്തില്‍ സര്‍വ്വ വിജ്ഞാനശാഖകളും അത്യന്തികമായി ഫിലോസഫിയാണ്. ദര്‍ശനം-ദാര്‍ശനികത തുടങ്ങിയ മലയാളപദങ്ങളും ഫിലോസഫിയുടെ വിവക്ഷിതാര്‍ത്ഥത്തെ പൂര്‍ണ്ണമായും പകര്‍ന്നുതരാന്‍ പര്യാപ്തമാണെന്നു തോന്നുന്നില്ല.  ഭാഷാപരമായ ഈ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ ആദ്യകാല യൂറോപ്യന്‍ തത്ത്വചിന്തകരുമായി ഹൃദ്യമായ ഒരു സല്ലാപത്തിനു വഴിയൊരുക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. പ്ലേറ്റോ ڇപ്രിയപ്പെട്ട ആഹ്ലാദാനുഭൂതി(Dear Delights) എന്നു വിളിക്കുന്ന തത്ത്വചിന്ത അഥവാ ദര്‍ശന ശാസ്ത്രത്തിന്‍റെ വിശാലലോകത്തിലേക്ക് ഒരു ദൂരക്കാഴ്ച മാത്രമേ ഇവിടെ ലക്ഷ്യമാക്കുന്നുള്ളൂ.

(1) ലോജിക് അഥവാ ന്യായവാദം (2) ഈസ്തറ്റിക്കസ് അഥവാ സൗന്ദര്യശാസ്ത്രം (3) എത്തിക്കസ് അഥവാ ധാര്‍മ്മികത (4) പൊളിറ്റിക്സ് അഥവാ രാഷ്ട്രീയം (5) മെറ്റാഫിസിക്സ് അഥവാ അതിഭൗതികത. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും വേരുകള്‍ വ്യാപിപ്പിച്ചിട്ടുള്ള തത്ത്വചിന്താ അവബോധത്തെ അവഗണിച്ചുകൊണ്ടുള്ള ജീവിതം മനുഷ്യന്‍റെ അന്തസ്സിനു യോജിച്ചതല്ല. ഈ വഴിക്കുള്ള സാമാന്യം വിപുലമായ ഒരു പഠനമാണ് ഈ ലേഖന പരമ്പര. ഇത് കൃത്യമായും ലക്ഷ്യമാക്കുന്നത് തത്ത്വചിന്തയുടെ ബാലപാഠങ്ങളെങ്കിലും അഭ്യസിക്കാന്‍ താല്പര്യമുള്ള കുട്ടികളെ മാത്രമല്ല, സാമാന്യ ജനങ്ങളെകൂടിയാണ്.

സോക്രട്ടീസ്, പ്ലേറ്റോ (ബി.സി. 469-399, 427-347)

അഗാത്തോണ്‍ ഏതന്‍സിലെ പ്രസിദ്ധനായ ഒരു കവിയായിരുന്നു. അദ്ദേഹം തന്‍റെ സമകാലികരായ കവികളെയും കലാകാരന്മാരെയും ദാര്‍ശനികരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു വിരുന്നു നടത്തി. രാത്രി മുഴുവന്‍ നീണ്ടുനില്ക്കുന്ന പനോപചാരം. ഇടയ്ക്ക് ചൂടുപിടിച്ച ദാര്‍ശനിക ചര്‍ച്ചകളും. ഏതന്‍സിലെ പ്രമുഖരായ ബുദ്ധിജീവികളെല്ലാം ആ വിരുന്നു സല്‍ക്കാരത്തില്‍ അണിനിരന്നിട്ടുണ്ട്.

പ്രേമം ആണ് ഏറ്റവും ശക്തമായ ദൈവം. മറ്റു ദൈവങ്ങളെല്ലാം അതിനു താഴെ മാത്രം. ഗ്രീസിലെ യുവനായകന്മാരെയെല്ലാം സാഹസിക കൃത്യങ്ങള്‍ക്ക് പ്രാപ്തരാക്കിയത് അവരുടെ ഹൃദയ നായികമാരോടുളള  തീവ്രമായ പ്രേമം ഒന്നു മാത്രമായിരുന്നു. കാമുകന്മാരുടെ ഒരു സൈന്യത്തെ തരൂ ഞാനീ ലോകത്തെ കീഴടക്കാം. (Give me an army made by lovers  I can conquere the world) അറിയപ്പെടുന്ന പ്രാസംഗികനായ ഫാദരസിന്‍റെ(Phaedrus) വാക്കുകള്‍  തൊട്ടടുത്തിരുന്ന പൗസാനിയസ് ഏറ്റുപിടിച്ചു. എന്താണീ പ്രേമം? എന്താണ് സ്നേഹം? സ്നേഹത്തിന് ഭൗതികവും ആത്മീകവുമായ വ്യത്യസ്ത രൂപങ്ങളില്ലെ? അതെങ്ങനെയാണ് വ്യവഛേദിക്കുക?

ഉത്തരത്തിനായി ആ ബുദ്ധിജീവി സദസ്സിലെ ഓരോരുത്തരെയും മാറി മാറി നോക്കി. ഹാസ്യസാമ്രാട്ടായ അരിസ്റ്റഫിനസിന്‍റെ  ഭാവനയ്ക്ക് ചൂടു പിടിച്ചു. അദ്ദേഹം ഒരു കല്പിത കഥയുമായി ചാടിയെഴുന്നേറ്റു. ആദ്യകാലത്ത് ആണും പെണ്ണും എന്ന വേര്‍തിരിവ് ഇല്ലായിരുന്നു. ഓരോ ശരീരത്തിലും നാലുകാലും ഈ രണ്ടു മുഖങ്ങളും ഇണചേരലും പ്രേമവുമൊക്കെ എത്ര അനായാസം കഴിയുമായിരുന്നു. മനുഷ്യന്‍റെ ഈ ഉത്കൃഷ്ടാവസ്ഥയില്‍ ദേവന്മാര്‍ക്ക് അസൂയ മൂത്തു. ഇങ്ങനെ പോയാല്‍ മനുഷ്യന്‍ ദേവലോകം കൂടി അധീനത്തിലാക്കും എന്ന സംശയം ദേവന്മാരെ അസ്വസ്ഥരാക്കി. സിയൂസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഒന്നായിരുന്ന സ്ത്രീ പുരുഷ സത്തയെ  വെട്ടി മുറിച്ച് രണ്ടാക്കി. അന്നു മുതല്‍ ഭൂമിയില്‍ സ്ത്രീയും പുരുഷനും രണ്ടു വ്യക്തികളായി രൂപാന്തരപ്പെട്ടു. തങ്ങളില്‍ നിന്ന് മുറിച്ചു മാറ്റപ്പെട്ട സത്തയെ തേടി ഓരോ സ്ത്രീയും പുരുഷനും അലയാന്‍ തുടങ്ങി. ഈ അലച്ചിലാണ് പ്രേമം.

ഹാസ്യത്തിന്‍റെ മേമ്പൊടി കലര്‍ന്ന ഈ വ്യാഖ്യാനം സദസ്സിനെ രസിപ്പിച്ചു. സദസ്സിലെ മുഖ്യാതിഥി സോക്രട്ടീസ് എന്തു പറയുന്നു എന്നറിയാന്‍ എല്ലാവരും അദ്ദേഹത്തെ ഉറ്റുനോക്കി. ڇഅരിസ്റ്റോഫിനസിന്‍റെ ഹാസ്യപ്രതിഭയ്ക്കു മുമ്പില്‍ എന്‍റെ അല്പബുദ്ധി നിഷ്ക്രിയമായി പോയിരിക്കുന്നു. സോക്രട്ടീസിന്‍റെ പ്രതിഭാശാലിയ്ക്ക് സഹജമായ ആ വിനയപ്രകടനം ശ്രദ്ധിച്ച എല്ലാവര്‍ക്കും തോന്നി സ്നേഹത്തെകുറിച്ച് ഇതുവരെ കേട്ടിട്ടില്ലാത്ത കാവ്യസുന്ദരമായ വിശദീകരണം അദ്ദേഹത്തില്‍ നിന്നുണ്ടാകും എന്ന്. അവര്‍ സോക്രട്ടീസിന്‍റെ വാക്കുകള്‍ക്കായി കാതോര്‍ത്തു. സോക്രട്ടീസിന്‍റെ ശൈലി ഉത്തരങ്ങള്‍ നല്കലല്ല. ഉത്തരം തേടുന്ന ചോദ്യശരങ്ങള്‍ എയ്തുവിട്ടുകൊണ്ട് പ്രതിയോഗിയുടെ വാദമുഖങ്ങളെ ഖണ്ഡിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ സമ്പ്രദായം. ചോദ്യങ്ങളല്ലാതെ ഉത്തരങ്ങള്‍ അപൂര്‍വ്വമായേ അദ്ദേഹത്തില്‍ നിന്നുണ്ടാകാറുള്ളൂ. ഉണ്ടാകുന്ന ഉത്തരങ്ങളാകട്ടെ സര്‍വ്വകാലികമായ സത്യപ്രസ്താവനകളായിരിക്കും. സോക്രട്ടീസ് സംസാരിച്ചു തുടങ്ങി. ദിവ്യതക്കുവേണ്ടിയുള്ള മനുഷ്യാത്മാവിന്‍റെ ദാഹമാണ് സ്നേഹം.  സ്നേഹിക്കുന്നവന്‍ സൗന്ദര്യത്തെ തേടുക മാത്രമല്ല ചെയ്യേണ്ടത്. സൗന്ദര്യത്തിന്‍റെ സ്രഷ്ടാവും കൂടി ആയിരിക്കണം. സ്നേഹത്തിലൂടെ അനശ്വരതയുടെ വിത്തുകള്‍ നശ്വരമായ ശരീരത്തില്‍ സ്ഥാപിക്കുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ഇതുകൊണ്ടാണ് കമിതാക്കള്‍ പ്രത്യുല്പാദനത്തിലൂടെ സ്വയം അനശ്വരരായി ഭവിക്കുന്നത്. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് സ്നേഹം പകരുന്നതും ഇതു  നിമിത്തമാണ്. സ്നേഹത്തിലൂടെ തങ്ങളോരോരുത്തരും സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുന്ന ദിവ്യസൗന്ദര്യം എന്താണ്? എന്താണ് ആത്യന്തിക സത്യം? സത്യം സൗന്ദര്യമാണ്. സത്യം മനുഷ്യനെ ദൈവത്തിലേക്കു നയിക്കുന്ന ഏക മാര്‍ഗ്ഗമാണ്. സോക്രട്ടീസിന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അതേ കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും ചെയ്ത ഒരു മനുഷ്യന്‍ ആ സദസ്സിലുണ്ടായിരുന്നു. അത് മറ്റാരുമായിരുന്നില്ല. സോക്രട്ടീസിന്‍റെ വത്സലശിഷ്യന്‍ പ്ലേറ്റോ. ഈ ശിഷ്യനിലൂടെയാണ് സോക്രട്ടീസ് എന്ന ലോകഗുരു പില്‍ക്കാല ലോകത്ത്ശാശ്വതയശസ്സ് കൈവരിച്ചത്.

സ്വര്‍ഗ്ഗത്തിന്‍റെ പ്രിയപുത്രന്‍ എന്നാണ് പ്ലേറ്റോവിനെ വിശേഷിപ്പിക്കാറുള്ളത്. ഇത്രയേറെ സൗഭാഗ്യ സമ്പൂര്‍ണ്ണമായ ജീവിതം അപൂര്‍വ്വം ചിലര്‍ക്കു മാത്രമേ ലഭിക്കാറുള്ളൂ. സമ്പന്നരും കുലീനവംശജരുമായ മാതാപിതാക്കള്‍, ആരെയും ആകര്‍ഷിക്കുന്ന ആകാരസുഭഗത, പ്രതിഭയുടെ കേളീരംഗമായ ഒരു മനസ്സ,് കൂര്‍മ്മതയുള്ള ബുദ്ധി, തിരതല്ലുന്ന വിജ്ഞാന തൃഷ്ണ. ഇവയൊക്കെ ചേര്‍ന്ന ഈ യുവകോമളന്‍ സോക്രട്ടീസിന്‍റെ ശിഷ്യത്വം സ്വീകരിച്ച് ജ്ഞാനവേട്ട തുടങ്ങി. ഗുരുവിനന്ന് അറുപത്തിരണ്ടും ശിഷ്യനന്ന് ഇരുപതും വയസ്സായിരുന്നു പ്രായം. പ്രഥമ ദര്‍ശനത്തില്‍ തന്നെ ഈ ഗുരുശിഷ്യന്മാര്‍ പരസ്പരം ആകൃഷ്ടരായി. മറ്റ് ഗുരുക്കന്മാരെപ്പോലെ മറ്റുള്ളവരെ പഠിപ്പിക്കുന്നതിലായിരുന്നില്ല, സോക്രട്ടീസിനു താല്പര്യം. പിന്നെയോ ആളുകളെ കൊണ്ട് ചിന്തിപ്പിക്കുന്നതിലായിരുന്നു. എനിക്കൊന്നും അറിഞ്ഞുകൂടാ എന്നതാണ് എനിക്ക് അറിയാവുന്ന ഏക കാര്യം എന്ന മട്ടിലായിരുന്നു സോക്രട്ടീസിന്‍റെ വിഷയങ്ങളോടുള്ള സമീപനം. എന്‍റെ അമ്മയുടെ ജോലി തന്നെയാണ് ഞാനും ചെയ്യുന്നത്. അവരൊരു വയറ്റാട്ടി (Midwife) ആയിരുന്നു. അവര്‍ സ്ത്രീകളെ പ്രസവിക്കാന്‍ സഹായിച്ചിരുന്നു. ഞാന്‍ മറ്റുള്ളവര്‍ക്ക് ആശയങ്ങളെ പ്രസവിക്കാന്‍ സഹായം നല്കുന്നു. തന്‍റെ പഠിപ്പിക്കലിനെ കുറിച്ച് ഇങ്ങനെയായിരുന്നു സോക്രട്ടീസ് പറഞ്ഞിരുന്നത്. ശിഷ്യന്മാരുടെ മനസ്സിനെ ശൂന്യപാത്രമായി കണ്ടുകൊണ്ട് തങ്ങള്‍ പഠിച്ചു വച്ചതത്രയും അങ്ങോട്ട് പകര്‍ന്നു കൊടുക്കുന്ന ആധുനിക ഗുരുക്കന്മാര്‍ സോക്രട്ടീസിനെ മാതൃകയാക്കിയിരുന്നെങ്കില്‍ നമ്മുടെ പുതിയ തലമുറ ഇത്ര കണ്ട് വഷളാകുമായിരുന്നില്ല. അദ്ദേഹം ചോദ്യങ്ങള്‍ക്കുപിന്നാലെ ചോദ്യങ്ങളുമായി നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് സഞ്ചരിച്ചു. എന്താണീ ജീവിതത്തിന്‍റെ അര്‍ത്ഥം? എന്താണ് ഭക്തി? എന്താണ് ജനാധിപത്യം? എന്താണ് നന്മ? എന്താണ് ധീരത? ഇത്തരം മൗലിക ചോദ്യങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്.

രാഷ്ട്രീയക്കാരോട് അദ്ദേഹം ചോദിച്ചു, ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കണമെന്നാണ് നിങ്ങള്‍ കരുതുന്നത്? നിയമജ്ഞരോട് ചോദിച്ചു ജീവിതത്തിന്‍റെ ലക്ഷ്യങ്ങളെകുറിച്ചും മനുഷ്യസ്വഭാവത്തെകുറിച്ചും നിങ്ങളെന്തു പഠനമാണ് നടത്തിയിട്ടുള്ളത്? അദ്ധ്യപകരെയും അദ്ദേഹം വെറുതെ വിട്ടില്ല. മറ്റുള്ളവരുടെ അജ്ഞത മാറ്റാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന നിങ്ങള്‍ നിങ്ങളുടെ സ്വന്തം അജ്ഞതയകറ്റാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? തെറ്റുകളെ നിര്‍മാര്‍ജ്ജനം ചെയ്ത് സത്യത്തെ പുറത്തുകൊണ്ടു വരിക എന്നതായിരുന്നു സോക്രട്ടീസിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി അദ്ദേഹം സ്വന്തം സുഖങ്ങളത്രയും അവഗണിച്ചു. തൊഴിലില്‍ അദ്ദേഹം ഒരു കൊത്തുപണിക്കാരനായിരുന്നു. ജോലിയില്‍ അദ്ദേഹം താല്പര്യം കാട്ടിയില്ല. ഭാര്യയും കുടുംബവും അവഗണിക്കപ്പെട്ടു. അവസരം കിട്ടുമ്പോഴൊക്കെ ഭാര്യ സാന്തിയോപ്പി ഇതൊക്കെപ്പറഞ്ഞ് അദ്ദേഹത്തിന്‍റെ നേരെ തട്ടിക്കയറുമായിരുന്നു. തത്ത്വചിന്തയുടെ രക്തസാക്ഷിയെന്ന് സോക്രട്ടീസിനെ വിളിച്ചാല്‍ അത് പൂര്‍ണ്ണമായും ശരിയായിരിക്കും. നിങ്ങള്‍ നിങ്ങളെതന്നെ അറിയുക എന്ന സന്ദേശമായിരുന്നു സോക്രട്ടീസ് ചിന്തയുടെ കാതല്‍.

You can share this post!

'അറിവി'നെ പൊളിച്ചെഴുതുക

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts