സ്വപ്നം കാണുവാനായിരുന്നു നിങ്ങള്‍ എന്നെ
പഠിപ്പിച്ചത്...
നക്ഷത്രങ്ങളെക്കുറിച്ചും, ശാസ്ത്രങ്ങളെക്കുറിച്ചും..
ദൂഗോളത്തിന്‍റെ ഗതിവിധികളെക്കുറിച്ചും....
എന്‍റെ സഞ്ചാരത്തെ നിങ്ങള്‍ തടഞ്ഞു വച്ചു
അവയെ യാഥാര്‍ത്ഥ്യമാക്കാന്‍ അനുവദിക്കാത്തവര്‍ക്കൊപ്പം,
ഈ പഥികന്‍ എങ്ങനെ യാത്ര തുടരും?
ഞാന്‍... രോഹിത് വെമുല....
സവര്‍ണ മേധാവിത്വത്തിന്‍റെ പുതിയ ഇര.,
ജനിച്ചു വീണപ്പോഴെ ജാതി തിരിച്ചറിഞ്ഞെങ്കില്‍ ,
എന്നിലെ ജീവനെ തച്ചുടയ്ക്കാമായിരുന്നു...
ഏകാന്തതയുടെ തീക്ഷ്ണമായൊരു ബാല്യം,
പിന്നിട്ടു വന്നപ്പോള്‍
മറ്റുള്ളവര്‍ക്കു മുന്നില്‍ ഞാന്‍ എനിക്കു തന്നെ
മനസ്സിലാകാത്ത
ഭീകരജീവിയായി സൃഷ്ടിക്കപ്പെടുകയായിരുന്നു.
സ്നേഹത്തിന്‍റെ ചങ്ങലക്കെട്ടുകളാല്‍ ,
ബന്ധിതമായ
മാനവ സംസ്കാരത്തിന് മതഭ്രാന്തിന്‍റെ,
കൃത്രിമ ചായക്കൂട്ടുകള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ ...
ഏകലവ്യന് പെരുവിരല്‍ നഷ്ട്ടപ്പെട്ട പോലെ ,
ശംബൂകന് ശിരസ്സ് നഷ്ട്ടപ്പെട്ട പോലെ ,
ഇന്ന് ഞാനും ... ഒരു ശൂന്യത മാത്രം
അവശേഷിപ്പിച്ച് യാത്രയാകുന്നു..........
അന്ന് ലോകം ഉച്ചത്തില്‍ വിളിച്ച് പറയും,
ആത്മഹത്യ കീഴടങ്ങലിന്‍റെ ലക്ഷണമാണെന്ന്....
പക്ഷേ എന്‍റെ മരണം,
കീഴടങ്ങാന്‍ മനസ്സില്ലാത്തവന്‍റെ,
വിലാപത്തിന്‍റെയും നിലവിളിയുടെയും
ശബ്ദം മാത്രമായി പ്രതിധ്വനിക്കും..............