news-details
ധ്യാനം

വിശുദ്ധ കുര്‍ബാന ഒത്തിരി ധ്യാനചിന്തകള്‍ നമുക്കു നല്കുന്നുണ്ട്. "ഞാന്‍ നിങ്ങളെ സ്നേഹിച്ചു. അവസാനംവരെ സ്നേഹിച്ചു"(യോഹ 13/1). സ്നേഹത്തിന്‍റെ കൂദാശയാണ് വി. കുര്‍ബാന. വെറുപ്പും വിദ്വേഷവും ഉള്ളില്‍വച്ചുകൊണ്ട് ദിവ്യകാരുണ്യം സ്വീകരിക്കാനാവില്ല. സ്നേഹവും അനുരഞ്ജനവും ഉള്ള ഹൃദയങ്ങളിലേ ദിവ്യകാരുണ്യം പ്രവേശിക്കുകയുള്ളൂ. ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കാന്‍ പോകുമ്പോള്‍ ആര്‍ക്കെങ്കിലും നിന്നോടു വിരോധമുണ്ടെന്നു തോന്നുന്നപക്ഷം കാഴ്ചവസ്തുക്കള്‍ അവിടെ വച്ചിട്ട് ആ വ്യക്തിയോടു പോയി രമ്യതപ്പെടണമെന്നാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. യോഗ്യതയില്ലാതെ ഈ അപ്പം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെ തന്നെ ശിക്ഷാവിധിയെയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും(1കൊറി. 11. 23ളള). ഹൃദയവിശുദ്ധിയോടെ വേണം ദിവ്യകാരുണ്യം ഉള്‍ക്കൊള്ളുവാന്‍. വിശുദ്ധ കുര്‍ബാനയെ ദിവ്യകാരുണ്യമെന്നാണ് വിളിക്കുന്നത്. കാരുണ്യത്തിന്‍റെ സ്പര്‍ശനമില്ലാതെ ദിവ്യകാരുണ്യത്തെപ്പറ്റി പറയാനാവില്ല. ചിന്തയിലും സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം നാം കാരുണ്യം സൂക്ഷിക്കണം. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്കു കരുണ ലഭിക്കും. കുടുംബബന്ധങ്ങളില്‍, സാമൂഹ്യബന്ധങ്ങളിലൊക്കെ കാരുണ്യത്തിന്‍റെ മുഖം നാം കാണിക്കണം. കരുണയുള്ള മനുഷ്യരെന്ന് നമ്മെക്കുറിച്ച് ലോകം പറയണം. ആ വ്യക്തി നല്ല ഹൃദയമുള്ള വ്യക്തിയാണെന്ന് പറയുന്നതിന്‍റെ അര്‍ത്ഥം മറ്റൊന്നല്ല.

അപ്പവും വീഞ്ഞുമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്താണ് കര്‍ത്താവ് നമുക്കു നല്കിയത്. കൃതജ്ഞതയുടെ മനസ്സ് നാം സൂക്ഷിക്കണം. ഒത്തിരിയേറെ  കൃതജ്ഞതയോടെയേ നമുക്ക് അള്‍ത്താരയ്ക്കുമുന്‍പില്‍ നില്‍ക്കാനാവൂ. നൊന്തുപ്രസവിച്ച അമ്മയോടും ജനിപ്പിച്ച പിതാവിനോടും പഠിപ്പിച്ച ഗുരുജനങ്ങളോടുമെല്ലാം കൃതജ്ഞത വേണം. ജനിച്ചനാള്‍ മുതല്‍ ഇന്നുവരെ പ്രത്യക്ഷമായും പരോക്ഷമായും നമ്മെ വളര്‍ത്തിയ സകലരോടും നാം കൃതജ്ഞത ഉള്ളവരായിരിക്കണം. ഓര്‍മ്മകളില്‍ നിന്നാണ് കൃതജ്ഞത ജന്മമെടുക്കുന്നത്. "എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍" എന്ന് കല്പിച്ചുകൊണ്ടാണ് യേശുനാഥന്‍ വി. കുര്‍ബാന അര്‍പ്പിച്ചത്. ഇന്നു കൃതജ്ഞതയുടെ മനോഭാവങ്ങള്‍ മറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണ്. നന്ദിഹീനത ഇന്ന് ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഒറ്റയ്ക്കു നില്ക്കുന്ന തുരുത്തുപോലെ നിലകൊള്ളുവാനാണ് ഇന്ന് പലരും ആഗ്രഹിക്കുന്നത്. എന്നെയാരും വളര്‍ത്തിയിട്ടില്ല, എനിക്കാരോടും കടപ്പാടുമില്ല എന്ന ചിന്തയാണ് പലരിലും വളര്‍ന്നുവരുന്നത്. കൃതജ്ഞത നിറഞ്ഞ ഓര്‍മ്മകളുമായി നാം ബലിയര്‍പ്പിക്കണം.

ബലിയും വിരുന്നുമാണ് വിശുദ്ധ കുര്‍ബാന. എല്ലാ വിരുന്നിന്‍റെയും പിറകില്‍ ഒരു ബലിയുണ്ടല്ലോ. നമ്മുടെയൊക്കെ ജീവിതങ്ങള്‍ വിരുന്നായി മാറിയതിന്‍റെ പിന്നില്‍ മാതാപിതാക്കളുടെ ബലിയുണ്ട്. കറുത്തമുടികള്‍ നമ്മുടെ തലയില്‍ തഴച്ചുവളരുമ്പോള്‍ നരച്ചുവെളുത്ത മുടികളെ നാം ഓര്‍മ്മിക്കണം. ജീവിതത്തെ ബലിയാക്കി നമുക്കുവേണ്ടി സമര്‍പ്പിച്ചവരെ ഓര്‍ത്ത് കൊണ്ട് നാം നമ്മുടെ ജീവിതത്തെ വിരുന്നിന്‍റെ ആഘോഷമാക്കണം. മൂടിക്കെട്ടിയ മുഖവുമായല്ല നാം വിരുന്നില്‍ പങ്കെടുക്കുന്നത്. പ്രസന്നവദനരായി നാം വിരുന്നില്‍ പങ്കെടുക്കുന്നു. വിശുദ്ധ ബലിയില്‍  പങ്കെടുക്കുമ്പോഴും ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴും  പ്രസന്നമായ ഒരു മുഖഭാവം സൂക്ഷിക്കേണ്ടതുണ്ട്. മനോഹരമായ ഒരു ഉടമ്പടിയായിട്ടാണ് ദിവ്യകാരുണ്യത്തെ കര്‍ത്താവ് സ്ഥാപിച്ചത്. ഉടമ്പടിയാണെങ്കില്‍ അത് അനുസരിക്കാന്‍ നാം ബാധ്യസ്ഥരുമാണ്. തിരുശരീര രക്തങ്ങള്‍ സ്വീകരിക്കുകയെന്നതും ദിവ്യബലിയില്‍ പങ്കെടുക്കുകയെന്നതും നമ്മുടെ കടമയാണ്. ബലിയുടെ അരൂപിയില്‍ ജീവിച്ച് ദിവ്യകാരുണ്യം സ്വീകരിച്ച് ഈ ഉടമ്പടി നാം പാലിക്കണം. 1 കൊറി. 11-ാമധ്യായത്തില്‍ കര്‍ത്താവില്‍ നിന്നു ലഭിച്ചതും അവിടുന്ന് നമ്മെ ഭരമേല്പിച്ചതുമായ കല്പനയായിട്ടാണ് ദിവ്യകാരുണ്യത്തെ അവതരിപ്പിച്ചിരിക്കുന്നത്. യോഗ്യതയോടുകൂടി ഈ തിരുശരീരരക്തങ്ങള്‍ സ്വീകരിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. അയോഗ്യതയോടുകൂടി കുര്‍ബാനയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ചാല്‍ നമ്മുടെ തന്നെ ശിക്ഷാവിധിയെ ഭക്ഷിക്കുന്നു.

ഒറ്റിക്കൊടുത്തവന്‍റെയും തള്ളിപ്പറഞ്ഞവന്‍റെയും കൈകളിലേക്ക് തന്നെത്തന്നെ വച്ചുകൊടുക്കുന്നതാണ് ആദ്യത്തെ ദിവ്യകാരുണ്യം. എനിക്കെതിരെ ആരോപണം പറയുന്നവരോടും എന്നെ അന്യായമായി ദ്രോഹിക്കുന്നവരോടും ക്ഷമാപൂര്‍വ്വം ഇടപെടാന്‍ കഴിയുമ്പോള്‍ എന്‍റെ ജീവിതം ദിവ്യകാരുണ്യമായി മാറും. വാശിയും വൈരാഗ്യവും ഉള്ളില്‍ വച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ദിവ്യകാരുണ്യസംസ്കാരത്തിന് എതിരായാണ് നാം പ്രവര്‍ത്തിക്കുന്നത്. നന്മനിറഞ്ഞ മനസ്സുള്ളവര്‍ എന്തുചെയ്താലും അതു ദിവ്യകാരുണ്യ പ്രവൃത്തിയാകും. നിര്‍മ്മലമായ തിരുക്കരങ്ങളില്‍ എടുക്കുന്ന പ്രവൃത്തിയായി എല്ലാം മാറുന്നു. അനേകം ഗോതമ്പുമണികള്‍ പൊടിഞ്ഞ് ഓസ്തിയാകുന്നതുപോലെ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന ഒരു തിരുവോസ്തിയായി നാം മാറണം. പത്രോസിനെയും യൂദാസിനെയും സെബദിപുത്രന്മാരേയുമെല്ലാം ആ ദിവ്യകാരുണ്യഹൃദയം ഉള്‍ക്കൊണ്ടു. നമുക്ക് ഇഷ്ടമുള്ളവരെയും ഇഷ്ടമില്ലാത്തവരെയുമെല്ലാം ഉള്‍ക്കൊള്ളുവാന്‍ കഴിയണം. പൊടിച്ചതും നുറുങ്ങിയതുമെല്ലാം നമ്മുടെ ഹൃദയത്തില്‍ സ്ഥാനം കണ്ടെത്തട്ടെ. ഹൃദയത്തെ ഒരു 'ഷോകേയ്സ്' ആക്കാതെ ഒരു 'വേസ്റ്റ് ബോക്സ്' ആയി നമുക്കു സൂക്ഷിക്കാം. നുറുങ്ങപ്പെട്ട അപ്പത്തോടൊപ്പം നമ്മുടെ ജീവിതത്തെയും മറ്റുള്ളവര്‍ക്കായി നുറുക്കി കൊടുക്കാം.   

You can share this post!

പ്രാര്‍ത്ഥനയുടെ ഫലങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ കപ്പൂച്ചിന്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts