ഏതന്‍സിലെ പൗരസഞ്ചയം എടുത്തണിഞ്ഞിരുന്ന പൊങ്ങച്ചത്തിന്‍റെ പൊയ്മുഖങ്ങള്‍ എടുത്തുമാറ്റാന്‍ സോക്രട്ടീസ് ഉദ്യമിച്ചു. പൊയ്മുഖങ്ങള്‍ മാറ്റപ്പെട്ടപ്പോള്‍ സത്യം അവരെ തുറിച്ചുനോക്കി. അവരില്‍ പലരും തങ്ങളൊരു നികൃഷ്ട മൃഗമാണെന്ന സത്യത്തെ അഭിമുഖീകരിച്ചു. സ്വന്തം വൈകൃതങ്ങളെ കാപട്യങ്ങളുടെ മേലങ്കി ധരിപ്പിച്ച് സ്വയം മാന്യന്മാരായി നടന്നവര്‍ക്ക് സോക്രട്ടീസിനെപ്പോലൊരു പച്ചമനുഷ്യനെ വെച്ചു പൊറുപ്പിക്കാനാകുമായിരുന്നില്ല. അവര്‍ തിരിച്ചടിക്കുവാന്‍ തയ്യാറായി.
ഒരു പ്രഭാതത്തില്‍ സോക്രട്ടീസ് തെരുവിലെ ചന്തസ്ഥലത്തെത്തിയപ്പോള്‍ തനിക്കെതിരെ തയ്യാറാക്കിയ കുറ്റപത്രം പൊതുജനശ്രദ്ധയ്ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാനിടയായി. അക്ഷോഭ്യനായി നിന്നുകൊണ്ട് അദ്ദേഹം അത് വായിച്ചു. സോക്രട്ടീസ് ഏതന്‍സിലെ ഭരണകൂടത്തിന്‍റെ നിയമപ്രകാരം കുറ്റവാളിയാണ്. ഈ മനുഷ്യന്‍ നഗരവാസികള്‍ ആരാധിക്കുന്ന യാതൊരു ദൈവങ്ങളെയും ആരാധിക്കുന്നില്ല. അയാള്‍ അയാളുടേതു മാത്രമായ സ്വന്തം ആരാധനമൂര്‍ത്തികളെ യുവജനങ്ങളുടെ മനസില്‍ പ്രതിഷ്ഠിക്കാന്‍ നോക്കുന്നു. യുവാക്കന്മാരെ വഴിപിഴപ്പിക്കാന്‍ നോക്കുന്ന ഈ മനുഷ്യന്‍ നിയമപ്രകാരം മരണശിക്ഷക്കര്‍ഹനാണ്.
നഗരത്തിലെ പേരുകേട്ട തുകല്‍ വ്യാപാരിയായ അനിതുസ് ആയിരുന്നു സോക്രട്ടീസിനെതിരെ നടത്തിയ ഗൂഢാലോചനയില്‍ പ്രമുഖന്‍. ഇയാളുടെ ഏക മകന്‍ സോക്രട്ടീസിന്‍റെ ഉപദേശങ്ങളില്‍ ആകൃഷ്ടനാണെന്നയാളറിഞ്ഞു. വ്യാപാരത്തില്‍ യാതൊരു ശ്രദ്ധയുമില്ലാതെ തന്‍റെ മകന്‍ സത്യാന്വേഷണത്തില്‍ വ്യഗ്രത പൂണ്ട് അലഞ്ഞു നടക്കുന്ന കാഴ്ച ആ പിതാവിന് സഹിക്കുമായിരുന്നില്ല. തന്‍റെ മകന്‍റെ തലതിരിവിന് സോക്രട്ടീസിനോട് പകരം വീട്ടാന്‍ സമ്പന്നനായ ഈ ചര്‍മ്മവ്യാപാരി കരുക്കള്‍ നീക്കി. അറിവും തുകലും തമ്മില്‍ നടന്ന ഈ യുദ്ധത്തില്‍ തുകല്‍ വിജയം നേടി. അറിവ് അറസ്റ്റു ചെയ്യപ്പെട്ടു. വിചാരണക്കു വിധേയമാക്കപ്പെട്ടു.
മരണശിക്ഷയില്‍നിന്ന് വേണമെങ്കില്‍ ഒഴിവാകാനുള്ള പഴുതുകള്‍ സോക്രട്ടീസിന് ഉപയോഗിക്കാമായിരുന്നു. അദ്ദേഹം അതിനു ശ്രമിച്ചില്ല. ഏതന്‍സിലെ നിയമപ്രകാരം കുറ്റവാളി ആഗ്രഹിക്കുന്നുവെങ്കില്‍ മരണശിക്ഷക്കു പകരമായി നാടുകടത്തല്‍ ശിക്ഷ ഏറ്റുവാങ്ങാം. അഭിമാനത്തിന് മറ്റെന്തിനെക്കാളും വിലകല്പിച്ചിരുന്ന സോക്രട്ടീസിന് നിയമത്തിന്‍റെ ഇത്തരം ദാക്ഷിണ്യ പ്രകടനങ്ങളില്‍ താല്പര്യം തോന്നിയില്ലെന്നത് സ്വാഭാവികം. പ്ലേറ്റോ ഉള്‍പ്പെടെ ധാരാളം ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. കൈക്കൂലി വാങ്ങി അധികാരികളുടെ മനസ്സു മാറ്റുന്ന തന്ത്രം ഇന്നത്തെപ്പോലെ അന്നും പ്രയോഗത്തിലിരുന്നു. ഇത്തരം പിന്‍വാതില്‍ നീക്കങ്ങള്‍ക്ക് ശ്രമിച്ച ശിഷ്യന്മാരെ ഗുരു സ്നേഹപൂര്‍വ്വം തടഞ്ഞു. മരണം ആ ദാര്‍ശനികസാമ്രാട്ടിനെ തെല്ലും ഭയപ്പെടുത്തിയിരുന്നില്ല. മരണത്തിന്‍റെ കാലൊച്ച അദ്ദേഹം കാതോര്‍ത്തുകേട്ടു. ജീവിതത്തെ അഭിമുഖീകരിക്കുന്ന അതേ തന്‍റേടത്തോടെ മരണത്തെയും നേരിടണമെന്നായിരുന്നു അദ്ദേഹം അനുയായികള്‍ക്ക് നല്കിയ ഉപദേശം. നിഷ്കൃനാക്കപ്പെടുന്നതിനെക്കാള്‍ മെച്ചം മരണം തന്നെയെന്നദ്ദേഹം കണ്ടു. മരണത്തെക്കാള്‍ ഭീകരം അനീതിക്കു കൂട്ടുനില്ക്കലാണ്. അന്യായമായി തനിക്ക് മരണശിക്ഷ വിധിച്ച ന്യായാധിപന്മാരുടെ ജീവിതമാണ് തനിക്കു സംഭവിക്കാന്‍ പോകുന്ന മരണത്തേക്കാള്‍ കഷ്ടമായിട്ടുള്ളതെന്നദ്ദേഹം പ്രഖ്യാപിച്ചു.
മരണശിക്ഷ നടപ്പാക്കാന്‍ പോകുന്നതിന്‍റെ തലേദിവസം അനേകം ശിഷ്യന്മാര്‍ സോക്രട്ടീസിനെ ജയിലില്‍ വന്നു സന്ദര്‍ശിച്ചു. ആ രംഗം പ്ലേറ്റോ ഇങ്ങനെ വിവരിക്കുന്നു. പലരും അദ്ദേഹത്തിന്‍റെ പാദങ്ങളില്‍ വീണു നമസ്കരിച്ചു. അദ്ദേഹം അവരുടെ മൂര്‍ദ്ധാവില്‍ സ്നേഹചുംബനം അര്‍പ്പിച്ചു. ആത്മാവിന്‍റെ എന്നതു പോലെ ആശയങ്ങളുടെയും അമരത്വത്തില്‍ സോക്രട്ടീസിന് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. മരണം ഒരു ശാശ്വതമായ ഉറക്കം മാത്രമാണ്. അത് ആത്മാവിന് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ കടന്നു പോകേണ്ട കവാടമാണ്. ശരീരത്തെയല്ലാതെ ആത്മാവിനെ പീഡിപ്പിക്കുവാനോ നശിപ്പിക്കുവാനോ ആര്‍ക്കും കഴിയില്ല. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്‍റെ ശരീരത്തെ മാത്രമെ അടക്കം ചെയ്യാനാകൂ. ആത്മാവിന്‍റെ സ്വാതന്ത്ര്യത്തെ ആര്‍ക്കും നിഹനിക്കാവുകയില്ല. സൂര്യാസ്തമയത്തിനുള്ള സമയം അടുത്തു വന്നു. മരണശിക്ഷ നടപ്പാക്കാന്‍ നിയുക്തനായ ഉദ്യോഗസ്ഥന്‍ വിഷം നിറച്ച പാത്രവുമായി സോക്രട്ടീസിനെ സമീപിച്ചു. അയാളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. നിരപരാധിയായ ഒരു മഹാത്മാവിന്‍റെ ജീവനപഹരിക്കുവാനുള്ള ദ്രാവകമാണ് വിറക്കുന്ന തന്‍റെ കൈകളില്‍ വഹിച്ചിരിക്കുന്നതെന്ന കുറ്റബോധം അയാളെ അലട്ടി. അയാള്‍ ക്ഷമയാചന ചെയ്തുകൊണ്ട് പാത്രം സോക്രട്ടീസിനു നേരെ നീട്ടി. ആ മനുഷ്യന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. സോക്രട്ടീസിന്‍റെ അന്ത്യരംഗത്തിന് സാക്ഷികളാകാനെത്തിയ ശിഷ്യസംഘവും കണ്ണുനീര്‍ വാര്‍ത്തു. അവിടെ അക്ഷോഭ്യനായി ഒരാള്‍ മാത്രം. അത് സോക്രട്ടീസ് അല്ലാതെ മറ്റാരുമായിരുന്നില്ല. അദ്ദേഹം പുഞ്ചിരി പൊഴിച്ചുകൊണ്ട് എല്ലാവരെയും നോക്കി. കരച്ചിലടക്കാന്‍ അദ്ദേഹം എല്ലാവരെയും ഉപദേശിച്ചു. ഏതോ ശീതളപാനീയം കുടിക്കുന്ന ലാഘവത്തോടെ അദ്ദേഹം സുസ്മേരവദനനായി പാത്രത്തിലെ ഹെംലോക്ക് ദ്രാവകമത്രയും വലിച്ചു കുടിച്ചു. വിഷം ആ ശരീരത്തെ കീഴടക്കുന്ന രംഗം ഞങ്ങള്‍ വീര്‍പ്പടക്കി നോക്കി നിന്നു. ഞങ്ങളുടെ ഗുരുവിന്‍റെ ജീവിതത്തിലെ അന്ത്യനിമിഷം. ഏതന്‍സില്‍ ജീവിച്ചിരുന്നവരില്‍ വെച്ച് ഏറ്റവും നല്ലവനും ബുദ്ധിമാനുമായ മനുഷ്യന്‍റെ അന്ത്യത്തിന് സാക്ഷികളായി കൊണ്ട് അദ്ദേഹത്തിന്‍റെ വാത്സല്യശിഷ്യന്മാര്‍ ജയില്‍ കവാടത്തില്‍ നിന്നും വിടവാങ്ങി.