അക്ഷരങ്ങള്‍ ബാക്കിയാക്കി ഒ. എന്‍. വി. കുറുപ്പ് യാത്രയായിരിക്കുന്നു. കവി, ഗാനരചയിതാവ്, അധ്യാപകന്‍, മനുഷ്യസ്നേഹി എന്നിങ്ങനെ പല വിശേഷണങ്ങള്‍ അദ്ദേഹത്തിനു ചേരും. മാനവികതയുടെ വിശാലദര്‍ശനമാണ് അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്. കവിതയെ ജനകീയമാക്കുന്നതില്‍ ഒ. എന്‍. വി. വഹിച്ച പങ്ക് നിസ്തുലമാണ്. മനുഷ്യവികാരങ്ങളുടെ സമസ്തഭാവങ്ങളും ആവഹിക്കുന്ന ഗാനങ്ങളിലൂടെ അദ്ദേഹം നമ്മുടെ ഏകാന്തനിമിഷങ്ങളെ ധന്യമാക്കി. പ്രണയവും വിരഹവും ഏകാന്തതയും പ്രകൃതിഭംഗിയും എല്ലാം തുടിച്ചുനില്‍ക്കുന്ന ഗാനങ്ങള്‍ കവിതയുടെ നാടന്‍ഭാവങ്ങള്‍ വിടര്‍ത്തിയിട്ടു.
"പാടുവാനായ് വന്നു നിന്‍റെ പടിവാതില്‍ക്കല്‍" എന്നെഴുതിയ കവി നമ്മുടെ മനസ്സിന്‍റെ പടിവാതിലില്‍ മുട്ടിവിളിച്ചുകൊണ്ടിരുന്നു. നാം അദ്ദേഹത്തെ മനസ്സിനുള്ളില്‍ കുടിയിരുത്തുകയും ചെയ്തു.
"ഇവിടെ നില്‍ക്കാന്‍ അനുവദിക്കൂ!
പാടുവാന്‍ മാത്രം!" എന്നു വിളിച്ചുപറഞ്ഞെങ്കിലും കാലം അതു ചെവിക്കൊണ്ടില്ല. എങ്കിലും അദ്ദേഹത്തിന്‍റെ അനശ്വരവാണികള്‍ നമ്മെ തഴുകിനില്ക്കുന്നു.
നാടകഗാനങ്ങള്‍, സിനിമാഗാനങ്ങള്‍, ലളിതഗാനങ്ങള്‍ എന്നിങ്ങനെ ഒ.എന്‍.വിയുടെ ഗാനലോകം അതിവിപുലമാണ്. മലയാളികള്‍ മൂളിനടന്ന നാടകഗാനങ്ങള്‍ സമൂഹോന്മുഖമായ കാഴ്ചപ്പാടിലേക്ക് ഒരു കാലഘട്ടത്തെ നയിച്ചു. "പൊന്നരിവാളമ്പിളിയില്" എന്ന പാട്ടുപോലുള്ളവ ഉയര്‍ത്തിയ അലകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. 'വെള്ളാരംകുന്നിലെ' യും 'തുഞ്ചന്‍പറമ്പിലെ തത്ത' യും 'ചില്ലിമുളം കാടുകളും' 'മാരിവില്ലിന്‍ തേന്‍മലരും' ചെപ്പുകിലുക്കണ ചങ്ങാതി'യുമെല്ലാം ഇപ്പോഴും ജനമനസ്സില്‍ സജീവമാണ്. കെ. പി. എസിയും നാടകങ്ങളും സമൂഹത്തിന്‍റെ മാറ്റങ്ങള്‍ക്ക് ചാലകശക്തിയായപ്പോള്‍ അതിനു കരുത്തുറ്റ പിന്തുണയേകാന്‍ ഒ. എന്‍. വിയുടെ ഗാനങ്ങളുമുണ്ടായിരുന്നു എന്നത് ചരിത്രയാഥാര്‍ത്ഥ്യമാണ്. ജനകീയ സംസ്കാരത്തെക്കുറിച്ചു പഠിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഗാനങ്ങളെക്കുറിച്ചുകൂടി പരിഗണിക്കേണ്ടിവരും.
ഭാരതത്തിലെ പ്രമുഖരായ സംഗീതസംവിധായകരോടൊപ്പം ഒ. എന്‍. വി. പ്രവര്‍ത്തിച്ചു. ഭാവഗീതത്തോടടുത്തുനില്ക്കുന്ന അനേകം ഗാനങ്ങള്‍ അങ്ങനെ നമുക്കു ലഭിച്ചു. കെ. രാഘവന്‍, ദക്ഷിണാമൂര്‍ത്തി, എം. ബി. ശ്രീനിവാസന്‍, ജി. ദേവരാജന്‍, ബോംബെ രവി, സലില്‍ചൗധരി, രവീന്ദ്രന്‍, ജോണ്‍സണ്‍, കെ. ബാബുരാജ്, എ. ടി. ഉമ്മര്‍, കെ. പി. ഉദയഭാനു, ശരത്, എം. ജയചന്ദ്രന്‍ എന്നിങ്ങനെ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും സംഗീതസംവിധായകരോടൊത്തുചേര്‍ന്ന് ധാരാളം മനോഹരഗാനങ്ങള്‍ അദ്ദേഹം ഒരുക്കി. നാം പ്രണയിച്ചതും സന്തോഷിച്ചതും ദുഃഖിച്ചതുമെല്ലാം ഈ ഗാനങ്ങളോടൊത്താണ് എന്ന് ആ ഗാനങ്ങള്‍ തെളിയിക്കുന്നു. പി. ഭാസ്കരന്‍, വയലാര്‍, ഒ. എന്‍. വി. എന്നീ ത്രിമൂര്‍ത്തികള്‍ മലയാളഗാനരംഗത്ത് സൃഷ്ടിച്ച വസന്തം ഇപ്പോഴും നിശ്ശബ്ദതയില്‍ വിലയിച്ചിട്ടില്ല.
'വരിക ഗന്ധര്‍വ്വഗായകാ! വീണ്ടും
വരിക കാതോര്‍ത്തു നില്‍ക്കുന്നു കാലം' എന്ന് ഒ. എന്‍. വി. കുറിക്കുമ്പോള്‍ മനുഷ്യാത്മാവിന്‍റെ ശോകവും മാധുര്യവും പകര്‍ത്താന്‍ സാധിക്കുന്ന സര്‍ഗാത്മകശക്തിയെ ക്ഷണിക്കുകയാണ്.
'മധുരിക്കും ഓര്‍മ്മകളെ!
മലര്‍മഞ്ചല്‍ കൊണ്ടുവരൂ!
കൊണ്ടുപോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍! മാഞ്ചുവട്ടില്‍' എന്ന ഗാനം നമ്മെ ഗൃഹാതുരമായ ഓര്‍മ്മകളിലേക്കു കൊണ്ടുപോകുന്നു. മലയാളിയുടെ നഷ്ടസ്മൃതികളെ തൊട്ടുണര്‍ത്താന്‍ ഇത്തരം പാട്ടുകള്‍ക്കു കഴിയുന്നു. അതുകൊണ്ടാണ് പല തലമുറകള്‍ ഈ ഗാനങ്ങള്‍ ഏറ്റുപാടുന്നത്.
"എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും
തന്തികള്‍ പൊട്ടിയ തംബുരുവില്‍?
ഈ തംബുരുവില്‍?" എന്നു കേള്‍ക്കുമ്പോള്‍ ഒരു തേങ്ങല്‍ അറിയാതെ നമ്മില്‍ ഉറവെടുക്കുന്നു. "വീണകള്‍ മീട്ടിയ കാനനമൈനകള്‍ കരഞ്ഞു കരഞ്ഞു മയങ്ങുന്ന" രംഗം വല്ലാത്തൊരു നൊമ്പരമാണ് നമ്മിലുണര്‍ത്തുന്നത്.
"പ്രിയ സഖി, ഗംഗേ! പറയൂ
പ്രിയമാനസനെവിടെ?' എന്നു ചോദിക്കുന്ന കവി
'എന്തിനീ ചിലങ്കകള്‍
എന്തിനീ കൈവളകള്‍
എന്‍ പ്രിയനെന്നരികില്‍ വരില്ലയെങ്കില്‍?' എന്നും ചോദിക്കുന്നു. പ്രണയത്തിന്‍റെ ഭിന്നഭാവങ്ങള്‍ ഇഴചേര്‍ന്നു നില്‍ക്കുന്നതാണ് ഈ അന്വേഷണങ്ങള്‍.
"വിപഞ്ചികേ! വിടപറയും മുമ്പൊരു
വിഷാദഗീതം കൂടി! - ഈ
വിഷാദഗീതം കൂടി!" എന്ന് വേര്‍പാടിന്‍റെ വിഷാദം മൂര്‍ത്തമാക്കുന്നു.
"അരികില്‍ നീയുണ്ടായിരുന്നെങ്കിലിന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചുപോയി!" എന്നതാണ് ഏതു പ്രണയിനിയുടെയും ആഗ്രഹമെന്ന് നാം മനസ്സിലാക്കുന്നു.
"എന്‍റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ, നിന്നെയും തേടി
എന്‍ പ്രിയസ്വപ്നഭൂമിയില്‍ വീണ്ടും
സന്ധ്യകള്‍ തൊഴുതുവരുന്നു",
"മിഴികളില്‍ നിറകതിരായീ - സ്നേഹം
മൊഴികളില്‍ സംഗീതമായീ
മൃദുകരസ്പര്‍ശം പോലും - പിന്നെ
മധുരമൊരനുഭൂതിയായീ!" എന്നിങ്ങനെ സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ മുഗ്ധലാവണ്യം ആലേഖനം ചെയ്യുന്നു.
"ഒന്നിനി ശ്രുതിതാഴ്ത്തി
പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ്
ഉണര്‍ത്തരുതേ" എന്ന ലളിതഗാനം കേവലം ഒരു താരാട്ടു മാത്രമല്ല, ജീവിതത്തിന്‍റെ സൂക്ഷ്മാവിഷ്കാരം കൂടിയാണ്.
ഭരതമുനി വരച്ച കളത്തിലെ കരുക്കള്‍ നമ്മളാണ്. കാണികളും കളിക്കാരും നമ്മളാണ്.
"ഇണങ്ങും പിണങ്ങും
ഇണ വേര്‍പിരിയും
നിഴലുകള്‍ നമ്മളല്ലേ?
നിഴലുകളാടും അരങ്ങിതല്ലേ?" എന്നത് തത്ത്വചിന്തയുടെ ലളിതമായ അവതരണമാണ്.
"മനുഷ്യന്‍! ആ പദമെത്ര മനോഹരം
അതില്‍ത്തുടിക്കും പൊരുളെവിടെ?" എന്നു നമ്മുടെ മനുഷ്യത്വത്തെ കവി ചോദ്യം ചെയ്യുന്നു.
"കണ്ടും പിരിഞ്ഞും പരസ്പരം പിന്നെയും
കണ്ടുമുട്ടനായ്ക്കൊതിക്കും
പാന്ഥര്‍ പെരുവഴിയമ്പലം തേടുന്ന
താന്തപഥികര്‍ നമ്മള്‍!
നമ്മളനാഥജന്മങ്ങള്‍" എന്ന് മനുഷ്യജീവിതയാത്രയെ ഗാനം അടയാളപ്പെടുത്തുന്നു. ജീവിതത്തെക്കുറിച്ചുള്ള ദാര്‍ശനികവിചാരങ്ങളെ ഗാനങ്ങളില്‍ ഇണക്കിച്ചേര്‍ക്കുകയാണ് കവി. സാമാന്യജനമനസ്സുകളില്‍ ഇവ ചെലുത്തിയ സ്വാധീനം അഗാധമാണ്.
"ഒരു വട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം!" നാം കൈവിട്ടു പോന്ന മധുരകാലത്തേക്ക് മടങ്ങിപ്പോകാനുള്ള ആഗ്രഹം ഏവര്‍ക്കുമുണ്ട്. കുട്ടിക്കാലം അത്തരമൊരു ശാദ്വലഭൂമിയാണ്. ആ മാമ്പഴക്കാലത്തിന്‍റെ ഓര്‍മ്മകളിലാണ് നാം ജീവിക്കുന്നത്. എങ്കിലും മടക്കയാത്ര അസാധ്യമാണ്.
"വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം" എന്നു നാം തിരിച്ചറിയുന്നു. എങ്കിലും ഓര്‍മ്മകള്‍ നമുക്ക് പ്രധാനമാണ്.
"ഈശ്വരന്‍ മനുഷ്യനായവതരിച്ചു
ഈ മണ്ണില്‍ ദുഃഖങ്ങള്‍ സ്വയം വരിച്ചു!
ഇരവും പകലും കരയും കടലും
ഇടചേര്‍ന്ന ജീവിതക്കളിയരങ്ങില്‍" എന്ന് ഈശ്വസാന്നിധ്യത്തെക്കുറിച്ച് ഒ. എന്‍. വി. പാടുന്നു. അലച്ചിലിന്‍റെ നടുവിലും അഖില മനസ്സിലും അണുവിലും പള്ളിയുറങ്ങുന്ന ഈശ്വരനാണ് സത്യം. ആ ചൈതന്യത്തിന് അതിരുകളില്ല. അരങ്ങുകള്‍ മാറുന്നുവെങ്കിലും ഈശ്വരന്‍റെ അവതാരനാടകം അവിരാമം തുടരുന്നുവെന്ന് കവി വിശ്വസിക്കുന്നു.
"മെല്ലെ മെല്ലെ മുഖപടം മെല്ലൊതുക്കി
അല്ലിയാമ്പല്‍പ്പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്‍റെ കുളിര് കോരി
നിറുകയില്‍ അരുമയായ് കുടഞ്ഞതാരോ?" എന്ന വര്‍ണന എത്ര സൂക്ഷ്മമാണ് എന്ന് നാം അത്ഭുതപ്പെടും. ഇത്തരത്തിലുള്ള വര്‍ണചിത്രങ്ങള്‍ ഒ. എന്‍. വി. യുടെ ഗാനങ്ങളിലും കവിതകളിലും നിറഞ്ഞുനില്‍ക്കുന്നു.
"ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍-
മുകുളമായ് നീയെന്‍റെ മുന്നില്‍ നിന്നൂ!
തരളകപോലങ്ങള്‍ നുള്ളിനോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നു!" ലോലഭാവങ്ങളെ മൃദുലമായി അവതരിപ്പിക്കുമ്പോള്‍ അതിഭാവുകത്വത്തിന്‍റെ നിഴല്‍ വീഴുന്നില്ല എന്നതാണ് ശ്രദ്ധേയം. എല്ലാം പറയുന്നതിലല്ല സൗന്ദര്യം. പറയാതെ എന്തെല്ലാമോ സൂചിപ്പിക്കുമ്പോള്‍ അതിന്‍റെ സാധ്യതകള്‍ വിപുലമാകുന്നു.
"ഒരു പൂവിതള്‍കൊണ്ടു
മുറിവേറ്റൊരെന്‍ പാവം
കരളിന്‍റെ സുഖദമാം നൊമ്പരങ്ങള്‍" മൗനത്തിലൊതുക്കാനാണ് കവിക്കിഷ്ടം.
"ഇനിയും വസന്തം പാടുന്നു
കിളിയും കിനാവും പാടുന്നു
മലര്‍വള്ളിയില്‍ ശലഭങ്ങളായ്
ഹൃദയങ്ങളൂഞ്ഞാലാടി" എന്നത് സന്തോഷത്തിന്‍റെ, വസന്തത്തിന്‍റെ മുഹൂര്‍ത്തമാണ്. ഇതിനു സമാന്തരമായി ശിശിരത്തിന്‍റെ, വേര്‍പാടിന്‍റെ സന്ദര്‍ഭവുമുണ്ട്. എല്ലാം ഒ. എന്‍. വിയുടെ ഗാനങ്ങളില്‍ വിടര്‍ന്നു നില്ക്കുന്നു.
"വിട തരൂ! ഇന്നീ സായംസന്ധ്യയില്‍
ഏതോ കാണാത്തീരം തേടി
പിരിയുവാന്‍
ഇന്നീ സായംസന്ധ്യയില്‍
വാനംപാടി വീണ്ടും പാടി
വാടും പൂവിന്‍ മൗനം തേങ്ങി" സന്തോഷനിമിഷങ്ങളുടെ മറുപുറം ഈ വേര്‍പാടിന്‍റെ വേദനയാണ്. കാണാത്തീരം തേടിയുള്ള യാത്ര ഒരനിവാര്യതയുമാണ്. എല്ലാ സായംസന്ധ്യകളും വേര്‍പാടിന്‍റെ സൂചനകള്‍കൂടിയായി മാറുന്നു.
"എന്‍റെ സൂര്യന്‍ എരിഞ്ഞടങ്ങിയീ
സന്ധ്യതന്‍ സ്വര്‍ണ്ണമേടയും
എന്‍റെ കുങ്കുമപ്പാടമാകവേ
ഇന്നു കത്തിയെരിഞ്ഞുപോയ്
മേഘമായ് - മേഘരാഗമായ് വരൂ
വേഗമീ തീ കെടുത്തുവാന്‍" ശ്യാമസുന്ദര പുഷ്പത്തോട്, പ്രേമസംഗീതത്തോട് കവി വിളിച്ചു കേഴുന്നു. ഈ നിമിഷവും നാം അഭിമുഖീകരിക്കേണ്ട സത്യമാണ് എന്ന് കവിക്കറിയാം.
ഒ. എന്‍. വിയുടെ കവിതകളിലും ഗാനങ്ങളിലുമെല്ലാം ജീവിതത്തിന്‍റെ, കാലത്തിന്‍റെ, പ്രകൃതിയുടെ, ആത്മാവിന്‍റെ സൂക്ഷ്മഭാവങ്ങള്‍ ആരചിക്കുന്നവയാണ്. ഓരോ ജീവിതസന്ദര്‍ഭത്തെയും അത് സമ്പന്നമാക്കുന്നു.
"ഒടുവിലീയാത്രതന്നൊടുവിലെന്‍ നിഴലിന്‍റെ
മടിയില്‍ ഞാനൊരുനാള്‍ തളര്‍ന്നുവീഴും!
ഒരുപിടിയോര്‍മ്മകള്‍ മുകര്‍ന്നു ഞാന്‍ പാടും
ഒരു ഗാനം! ഈ ഹംസഗാനം!" എന്നെഴുതിയ കവി ഹംസഗാനം പാടി യാത്രയായിരിക്കുന്നു. എങ്കിലും ഒരു പിടി ഓര്‍മ്മകള്‍ ബാക്കിയാണ്.
"ഈ വഴിവക്കില്‍ കണ്ടൂ, തൂവേര്‍പ്പില്‍, കണ്ണുനീരില്‍
പൂവിടും വേറൊരു സൗന്ദര്യം ഞാന്‍
ജീവനെ ദഹിപ്പിക്കും സ്നേഹദുഃഖങ്ങളാണീ
ഭൂവിന്‍റെ ലാവണ്യമെന്നു പാടി
ഞാനിന്നു പാടി"
"നന്ദി! എന്‍ ജീവിതമേ, നന്ദി നീ
തന്നതിനെല്ലാം നന്ദി" എന്ന് എല്ലാറ്റിനോടും കവി നന്ദി ചൊല്ലുന്നു. ജീവനെ ദഹിപ്പിക്കുന്ന സ്നേഹദുഃഖങ്ങളാണ് ഈ ഭൂമിയുടെ സൗന്ദര്യമെന്നു കരുതുന്ന കവി ജീവിതത്തെ സമഗ്രമായി ആവിഷ്കരിക്കുന്നു. "തന്നതിനെല്ലാം നന്ദി" ചൊല്ലുകയാണ് നമ്മുടെ കടമ.