നമ്മള്‍ കാറിലോ ബസിലോ മറ്റേതെങ്കിലും വാഹനത്തിലോ റോഡുമാര്‍ഗം യാത്ര ചെയ്തുകൊണ്ടിരിക്കുകയാണെന്നു കരുതുക. ഒരു ദിശയിലേക്കു പൊയ്ക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്നൊരു യൂ-റ്റേണ്‍ (u-turn) എടുത്ത് നേരെ എതിര്‍ദിശയിലേക്കോടാന്‍ തുടങ്ങിയാല്‍ ദിശമാറിയ വിവരം നാം പെട്ടെന്നുതന്നെ മനസ്സിലാക്കും.
എന്നാല്‍, നമ്മള്‍ സഞ്ചരിക്കുന്നത് ഒരു ട്രെയിനിലാണെന്നു കരുതുക. ട്രെയിന്‍ വളവു തിരിഞ്ഞ് നേരെ എതിര്‍ദിശയിലേക്കോടാന്‍ തുടങ്ങിയാലും ദിശമാറിയ വിവരം നാമറിഞ്ഞെന്നു വരുകയില്ല. കാരണം സുവ്യക്തമാണ്. ട്രെയിന്‍ വളവുതിരിയുന്നത് വളരെ സാവധാനവും, വലിയൊരു അര്‍ദ്ധവൃത്തം സൃഷ്ടിച്ചുകൊണ്ടുമായിരിക്കും. അതിനാല്‍ ദിശ നേരെ വിപരീതമായാലും ആ വിവരം നാമറിയുകയില്ല. എന്നാല്‍ കാറിലോ, ബസ്സിലോ മറ്റോ റോഡുമാര്‍ഗ്ഗം യാത്ര ചെയ്യുമ്പോള്‍ അങ്ങനെയല്ല, വളരെ പെട്ടെന്ന് ചെറിയൊരു അര്‍ദ്ധവൃത്തം സൃഷ്ടിച്ചുകൊണ്ടുള്ള തിരിച്ചിലായതിനാല്‍ ദിശ മാറുന്ന വിവരം നാം അപ്പോള്‍ത്തന്നെ അറിയുന്നു.
മാധ്യമങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ച് പത്രമാസികകളുടെയും വാരികകളുടെയും കാര്യത്തില്‍ മേല്‍വിവരിച്ചതുപോലെയൊരു പ്രതിഭാസമുണ്ട്. മഞ്ഞപ്പത്രങ്ങളും അശ്ലീലപ്രസിദ്ധീകരണങ്ങളും മറ്റും കുട്ടികളും യുവാക്കളുമൊക്കെ വായിച്ച് വഴിതെറ്റാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇത്തരം പ്രസിദ്ധീകരണങ്ങളും മറ്റും നിഷിദ്ധമാണെന്ന് കുട്ടികള്‍ക്കും യുവാക്കള്‍ക്കും ബോദ്ധ്യവുമുണ്ട്. റോഡുമാര്‍ഗ്ഗം പോകുന്ന വാഹനങ്ങളുടെ ദിശാമാറ്റം പെട്ടെന്നറിയുന്നതുപോലെ ഇത്തരം പ്രസിദ്ധീകരണങ്ങളെ നമുക്ക് വിവേചിക്കാനും തിരിച്ചറിയാനും കഴിയും.
എന്നാല്‍, നല്ലതെന്നും, അഭികാമ്യമെന്നും മുദ്രകുത്തി നാമൊക്കെ അംഗീകരിക്കുകയും നമ്മുടെ ഇളംതലമുറയ്ക്കു വായിക്കാന്‍ നല്‍കുകയും ചെയ്യുന്ന ചില പ്രസിദ്ധീകരണങ്ങളില്‍ ഇടയ്ക്കൊക്കെ പ്രത്യക്ഷപ്പെടുന്ന ചില ലേഖനങ്ങളും, ചര്‍ച്ചകളും, സര്‍വ്വേറിപ്പോര്‍ട്ടുകളുമൊക്കെ നാമറിയാത്ത രീതിയില്‍ നമ്മുടെ വളര്‍ന്നുവരുന്ന തലമുറയെ നാശത്തിലേക്കു തള്ളിവിടുന്നതാണെന്ന തിരിച്ചറിവ് നമുക്കിനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
ട്രെയിന്‍ വളവുതിരിയുമ്പോള്‍ ദിശാമാറ്റം നാമറിയാത്തതുപോലെ സാവധാനമുള്ള ഈ ദിശാമാറ്റം വടക്കോട്ടു പോകാനുള്ള വായനക്കാരനെ തെക്കുകൊണ്ടെത്തിക്കുകയാണു ചെയ്യുന്നത്.
കുറെ നാളുകള്‍ക്ക് മുമ്പ് മലയാളത്തിലെ പ്രചുരപ്രചാരമുള്ള ഒരു പത്രത്തിന്‍റെ സണ്‍ഡേസപ്ലിമെന്‍റില്‍ രണ്ടു യുവമിഥുനങ്ങള്‍ ആത്മഹത്യചെയ്ത സംഭവത്തെ ഒരു ഭാവഗീതംപോലെ മനോഹരമാക്കി വിവരിച്ചിരിക്കുന്നതു വായിക്കാനിടയായി. ഭാര്യാഭര്‍ത്താക്കന്മാര്‍, അതും വിവാഹം കഴിഞ്ഞിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമായവര്‍, വളരെ നിസ്സാരമായ ഒരു കാര്യത്തിന് ആത്മഹത്യ ചെയ്തത് വളരെ വിശദമായും വിദഗ്ധമായും ആരെയും കൊതിപ്പിക്കുന്ന രീതിയിലും ഭാവാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. അപക്വമതികളായ പല സാധാരണ വായനക്കാരും ഈ ഫീച്ചര്‍ പല പ്രാവശ്യം വായിച്ചതായി പറഞ്ഞറിയാനിടയായി. ഈ ലേഖനം (ഫീച്ചര്‍) എന്തുദ്ദേശ്യത്തില്‍ എഴുതിയിട്ടുള്ളതാണ് എന്ന് പലരോടും തിരക്കിയെങ്കിലും എല്ലാവരും ഇതേ മറുചോദ്യം ചോദിക്കുകയാണുണ്ടായത്. അല്പമെങ്കിലും ചിന്തിക്കുന്ന പലരും ഈ ലേഖനത്തെ, ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഒരു പരസ്യമായി ചിത്രീകരിച്ചുകണ്ടു.
മറ്റൊരുദാഹരണം വിവരിക്കാം:
ഒരിക്കല്‍ വനിതകള്‍ക്കായുള്ള ഒരു മാസികയില്‍ കോളേജുകുമാരിമാരെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ ഒരു സര്‍വ്വേയുടെ റിപ്പോര്‍ട്ടു പ്രസിദ്ധീകരിച്ചു കണ്ടു. സര്‍വ്വേയില്‍ പങ്കെടുത്ത കുമാരിയോട് വിവാഹപൂര്‍വ്വ ബന്ധങ്ങളെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞപ്പോള്‍ 80% പേരും അത്തരം ബന്ധപ്പെടലുകളില്‍ തെറ്റില്ല എന്ന അഭിപ്രായം പ്രകടിപ്പിച്ചതായും കണ്ടു. ഇതു വായിക്കാനിടയാകുന്ന യുവതീയുവാക്കളുടെ മനസ്സില്‍ എന്തു ധാരണയാണുണ്ടാകുക? നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളില്‍ 80% പേരും ഇങ്ങനെ വിവാഹപൂര്‍വ്വ ബന്ധങ്ങളുള്ളവരാണെന്നോ, അല്ലെങ്കില്‍ അത്തരം ബന്ധങ്ങളാഗ്രഹിക്കുന്നവരാണെന്നോ അല്ലേ? എന്നാല്‍ സത്യം എവിടെ നില്‍ക്കുന്നു?
സമൂഹത്തിലെ സമ്പന്നവിഭാഗം മാത്രം പഠിക്കുന്ന, പട്ടണത്തിലെ ഏറ്റവും മുന്തിയ കോളേജില്‍നിന്നും ഇത്തരമൊരു സര്‍വ്വേയില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്താന്‍ 'ഗട്ട്സു'ള്ളവരില്‍നിന്നുമുള്ള അഭിപ്രായം നമ്മുടെ നാട്ടിലെ മുഴുവന്‍ പെണ്‍കുട്ടികളുടെയും അഭിപ്രായമായി തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായത്. എന്നാല്‍ ഇത്തരം സര്‍വ്വേയിലും മറ്റും പങ്കെടുത്ത് തുറന്ന് അഭിപ്രായം പറയുവാന്‍ പോലും ധൈര്യമില്ലാത്തവരാണ് നമ്മുടെ പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും. എന്തിനും മടിയില്ലാത്ത തിരഞ്ഞെടുക്കപ്പെട്ട ഒരു ന്യൂനപക്ഷത്തിന്‍റെ അഭിപ്രായം സാമാന്യവല്‍ക്കരിച്ചു കാണിച്ച് പ്രസിദ്ധീകരിക്കുമ്പോള്‍ ഇതു വായിക്കുന്ന സാധാരണയുവാക്കളുടെയും, കുമാരീകുമാരന്മാരുടെയും ധാരണ എത്രമാത്രം തെറ്റായി രൂപാന്തരപ്പെടുമെന്ന് നമുക്ക് ഊഹിക്കാമല്ലോ?
മഞ്ഞപ്പത്രങ്ങളും, അശ്ലീലപ്രസിദ്ധീകരണങ്ങളും നമ്മുടെ ഇളംതലമുറ വായിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയതുകൊണ്ടുമാത്രം ലക്ഷ്യം നേടാന്‍ നമുക്കു കഴിയുകയില്ല. നല്ലതെന്നംഗീകരിച്ച് നാം വായിക്കാനനുവദിക്കുന്ന പല പത്രമാസികകളിലും കടന്നുവരുന്ന ഇത്തരം വാര്‍ത്തകളും റിപ്പോര്‍ട്ടുകളും മറ്റും അശ്ലീലപ്രസിദ്ധീകരണങ്ങളേക്കാളേറെ ദോഷം ചെയ്യും. കാരണം അശ്ലീലപ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി ഒരു മുന്‍വിധിയോടെയായിരിക്കും ആരും സമീപിക്കുക. എന്നാല്‍ നല്ലതായി ഗണിക്കപ്പെടുന്ന പത്രമാസികകളില്‍ വരുന്ന, മേല്‍ വിവരിച്ച തരത്തിലുള്ള ഫീച്ചറുകളും, റിപ്പോര്‍ട്ടുകളും മറ്റും വളരെ സാവധാനം അനുവാചകരെ തെറ്റായ ദിശയിലേക്കു നയിക്കുകയായിരിക്കും ചെയ്യുക. ഇത്തരം ഫീച്ചറുകളും ലേഖനങ്ങളും മറ്റും നമ്മുടെ ഇളംതലമുറ വായിക്കുന്നത് വളരെ ജാഗ്രതയോടെ വേണം നാം വീക്ഷിക്കുവാന്‍.
മോഷ്ടാവിനെ കണ്ടാല്‍ നമുക്കു തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ ബന്ധുവായി നടിച്ച് വീട്ടില്‍ കയറിപ്പറ്റി രാത്രിയില്‍ മോഷണം നടത്തിപ്പോകുന്ന കള്ളനെ നമുക്കു മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരികയില്ലല്ലോ. മേല്‍പറഞ്ഞ മാധ്യമങ്ങള്‍ ഇതുതന്നെയല്ലേ ചെയ്യുന്നത്.