എല്ലാവരും എന്നെ നോക്കുന്നത് ഏതോ അന്യഗ്രഹജീവിയെ കാണുന്ന മട്ടിലാണ്. എനിക്ക് വട്ടാണ് എന്ന് പറയുന്നവരും കുറവല്ല. കാരണം ഞാന്‍ ആഘോഷങ്ങള്‍ക്കു പോകാറില്ല. പ്രത്യേകിച്ച് കല്യാണങ്ങള്‍ക്കും പിറന്നാള്‍ പാര്‍ട്ടികള്‍ക്കും. കാരണം ഇവിടെ ഒക്കെ പോയാല്‍ സമ്മാനപൊതി കൂടാതെ പോകാന്‍ പറ്റില്ല. അപ്പോള്‍ നിങ്ങള്‍ ഓര്‍ക്കും ഞാന്‍ ഒരു പിശുക്കന്‍ ആണ് എന്ന്. അല്ല. അതല്ല അതിന്‍റെ കാരണം. കാരണം ഞാന്‍ വഴിയെ പറയാം. എന്തായാലും ഇതിന്‍റെ പേരില്‍ വീട്ടില്‍ ഞാന്‍ മുരടന്‍ ആണ്. ലോകവുമായി ഒരു ബന്ധവും ഇല്ലാത്തവന്‍ എന്ന പേരുമുണ്ട്. കുടുംബാംഗങ്ങളുടെ പുച്ഛവും പരിഹാസവും വേറെയുമുണ്ട്. പക്ഷേ ഞാന്‍ അത് ഗൗനിക്കുന്നില്ല. കാരണം എന്‍റെ നിലപാടുകള്‍ക്ക് നല്ല ഉറപ്പുണ്ട്.
ഒന്ന് ചിന്തിച്ച് നോക്ക് എന്തൊരു ബോറ് പരിപാടി ആണ് വീഡിയോ ഗ്രാഫര്‍മാര്‍ പറയുന്നത് അനുസരിച്ച് വധൂവരന്മാരെ അനുമോദിക്കാന്‍ ക്യൂ നിന്ന് പോകുന്നത്. ഇനി ചെന്ന് കഴിഞ്ഞാലോ എവിടെ നില്‍ക്കണം, എപ്പം ചിരിക്കണം എങ്ങനെ ചിരിക്കണം, തല എന്തുമാത്രം ചെരിക്കണം, എന്നുവേണ്ട സംസാരത്തിന്‍റെ ഡയലോഗ് പോലും അവര് പറയുന്നത്പോലെ ആകേണ്ടിവരും. ശരിക്കും ഒരു നാടകംപോലെ. റിഹേഴ്സല്‍ ഇല്ലാത്ത നാടകം.
ശ്രദ്ധിച്ച് നോക്ക് നിങ്ങള്‍ നല്‍കുന്ന പൂച്ചെണ്ടിന് എന്താണ് സംഭവിക്കുന്നത് എന്ന്. ഒരു നിമിഷംപോലും ആ പൂക്കളുടെ ഭംഗി ആസ്വദിക്കപ്പെടുന്നില്ല. അപ്പോള്‍തന്നെ അത് ചവറ്റുകുട്ടകളിലേയ്ക്ക് നീങ്ങുകയാണ്. പൂക്കള്‍ക്ക് പകരം മറ്റെന്തെങ്കിലും ആണ് നല്‍കുന്നതെങ്കിലോ അവയുടെ സ്ഥിതി അതിലും ദയനീയം തന്നെ. പലപ്പോഴും പൊട്ടിച്ച്പോലും നോക്കാതെ ഇവയെല്ലാം വീടിന്‍റെ ഏതെങ്കിലും മൂലയില്‍ കൂട്ടിയിടപ്പെടുകയാണ് പതിവ്. മറ്റൊരു പരിപാടി വരുമ്പോള്‍ പുതിയ കടലാസില്‍ പൊതിഞ്ഞ് അടുത്ത സ്ഥലത്തേയ്ക്കും ട്രാന്‍സ്ഫര്‍ ലഭിക്കുകയും ചെയ്യുന്നു. ഇനി ഈ വസ്തുക്കള്‍ തരംതിരിക്കുകയാണെങ്കില്‍ അതിലും മോശമാണ് അവിടുത്തെ അവസ്ഥ. സമ്മാനത്തിന്‍റെ നിലയും വിലയും നോക്കി തന്ന ആളെ വിലയിരുത്തി വിമര്‍ശിച്ച് വധിക്കുന്ന വേദിയായി അവ മാറുന്നു.
വിരുന്നുശാലയില്‍ ആണ് ഏറ്റവും വലിയ തമാശകള്‍ നടക്കുന്നത്. സ്വയം വിളമ്പി എടുക്കുന്ന ഇടങ്ങളാണെങ്കില്‍ വളരെ ശ്രദ്ധയോടെവേണം ക്യൂവില്‍ നില്‍ക്കാന്‍ കാരണം മുന്‍പില്‍നിന്നും പിന്‍പില്‍നിന്നും എപ്പോള്‍ വേണമെങ്കിലും 'ആക്രമണം' പ്രതീക്ഷിക്കാം. ചാറായിട്ടും കറിയായിട്ടും നടത്തപ്പെടാന്‍ സാധ്യതയുള്ള ആക്രമണങ്ങളില്‍ അക്രമി സോറി എന്ന ഒറ്റ വാക്കുകൊണ്ട് മാന്യനാവുകയും പരിപാടി കഴിയുംവരെ നമ്മള്‍ വൃത്തികെട്ടവന്‍ എന്നും ശ്രദ്ധയില്ലാത്തവന്‍ എന്നും വിളിക്കപ്പെടുകയും ചെയ്യുന്നു. ഇനി ഭക്ഷണം വിളമ്പി നല്‍കുന്ന ഹാളില്‍ ആണെങ്കില്‍ ഇരിക്കുന്ന കസേരയുടെ പിറകില്‍ നില്‍പുണ്ടാവും നമ്മള്‍ കസേര ഒഴിയുന്നതുംകാത്ത് ചില മാന്യര്‍. പുറമേ ചിരിക്കുന്നുണ്ടെങ്കിലും കഴിച്ചിട്ട് എണീറ്റ് പോടോ എനിക്ക് വിശക്കുന്നു എന്ന അവരുടെ ദയനീയമായ കൊലവിളി അവരുടെ ചിരിയില്‍നിന്ന് മനസിലാക്കാവുന്നതേയുള്ളു.
ഒന്നും മനസിലാകാത്ത ഒരു വയസുകാരന്‍റെ birthday പാര്‍ട്ടിയെ എങ്ങനെ ആണ് കാണേണ്ടത്. അവന്‍റെ ഉറക്കവും സൗകര്യങ്ങളും എല്ലാം നശിപ്പിച്ച് കേക്ക് മുറിക്കുന്ന ചടങ്ങില്‍ കരഞ്ഞലമ്പാക്കിയത് കേട്ട് എല്ലാവരും ചിരിക്കുമ്പോള്‍ അവന്‍റെ ഉള്ള് പ്രാകുന്നുണ്ടാകും. എന്നാലും മുടങ്ങാതെ ചെറുതുങ്ങളുടെ birthday പാര്‍ട്ടികള്‍ നിര്‍ലോഭം തുടരുകയാണ്. കാരണം നടത്തിയില്ലെങ്കില്‍ അത് വലിയ കുറച്ചില്‍ ആണ്. ഉണ്ട് നിറഞ്ഞവരെ പിന്നെയും ഊട്ടുന്നതിലെ സാംഗത്യം എനിക്ക് ഇനിയും പിടികിട്ടിയിട്ടില്ല.
പാര്‍ട്ടികള്‍ക്ക് പോകുമ്പോള്‍ എന്ത് സമ്മാനം നല്‍കണം എന്നത് കുടുംബങ്ങളിലെ പ്രധാനചര്‍ച്ചാവിഷയംതന്നെ ആയി മാറുന്നുണ്ട്. ആര് എന്ത് സമ്മാനം നല്‍കി എന്ന് കൃത്യമായി അറിയാന്‍ അത് വീഡിയോയില്‍ പകര്‍ത്തുന്നത് കാണാം. അതുകൊണ്ട് സമ്മാനങ്ങള്‍ ചെറുതോ രണ്ടാംതരമോ ആകാന്‍ പാടില്ല എന്നുള്ളത് ഏറ്റവും മോശം അവസ്ഥ.
ഇനി നിങ്ങള്‍ പറ ഞാന്‍ ആഘോഷങ്ങള്‍ക്ക് പോണോ? ഞാന്‍ ശരിക്കും ഒരു അന്യഗ്രഹജീവി ആണോ?