സോക്രട്ടീസിന്‍റെ മരണം ബിസി. 399 ലായിരുന്നു. സോക്രട്ടീസിന്‍റെ ഏറ്റവുമടുത്ത ശിഷ്യനെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതിനാല്‍ ഏതന്‍സില്‍ ഏറെക്കാലം തുടരുന്നത് ബുദ്ധിയായിരിക്കില്ലെന്ന് പ്ലേറ്റോയ്ക്ക് തോന്നി. അക്കാലത്തറിയപ്പെടുന്ന ലോകം ആകെ ഒന്നു നേരില്‍ കാണാമെന്ന മോഹം പ്ലേറ്റോയ്ക്കുണ്ടായിരുന്നു. അദ്ദേഹം ഒട്ടും വൈകാതെ തന്നെ ലോകപര്യടനത്തിനു പുറപ്പെട്ടു. ഏതൊക്കെ രാജ്യങ്ങള്‍ അദ്ദേഹം ചുറ്റിസഞ്ചരിച്ചു എന്ന് കൃത്യമായി പറയാന്‍ നമുക്ക് രേഖകളൊന്നുമില്ല. പ്ലേറ്റോയുടെ പില്‍ക്കാല രചനകളില്‍ തിളങ്ങിനില്ക്കുന്ന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം സഞ്ചരിച്ചിരിക്കാവുന്ന നാടുകളെകുറിച്ച് ചില അനുമാനങ്ങള്‍ സാധ്യമാണ്. ഗണിതശാസ്ത്രത്തിന്‍റെ പിതാവായ പൈതഗോറസിന്‍റ ആശയങ്ങളുമായി പ്ലേറ്റോ പരിചയപ്പെട്ടത് ഇറ്റലിയില്‍ നിന്നായിരിക്കണം. അവിടെ നിന്ന് സിസിലി, സൈര്‍, ഈജിപ്ത്, ജുദ്ദിയാ (പാലസ്തീന്‍) തുടങ്ങിയ നാടുകളിലൂടെ കടന്നുപോയിരിക്കണം. ഗംഗയുടെ തീരപ്രദേശങ്ങളും അദ്ദേഹത്തിന്‍റെ യാത്രാപഥത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെട്ടിരിക്കണം. കാരണം അക്കാലത്തെ മഹത്തായ സമ്പ്രദായങ്ങളുടെയെല്ലാം മാറ്റൊലി പ്ലേറ്റോയുടെ രചനകളില്‍ പ്രതിഫലിക്കുന്നുണ്ടെന്നതു തന്നെ. ശരീരം കൊണ്ടല്ലെങ്കില്‍ മനസ്സു കൊണ്ടെങ്കിലും അന്ന് നിലവിലുണ്ടായിരുന്ന വിഭിന്ന സംസ്കാരങ്ങളെ പഠിച്ചറിയാന്‍ കഴിയാത്ത ഒരു വ്യക്തിക്ക് തയ്യാറാക്കാന്‍ കഴിയുന്നതല്ല പ്ലേറ്റോയില്‍ നിന്നും നമുക്ക് ലഭിച്ചിട്ടുള്ളതുപോലുള്ള കൃതികള്‍. ഒരു വ്യാഴവട്ടം നീണ്ടുനിന്ന തീര്‍ത്ഥയാത്രയെ തുടര്‍ന്ന് ഏതന്‍സില്‍ തിരിച്ചെത്തിയ പ്ലേറ്റോയുടെ മനസ്സ് ലോകത്തിന്‍റെ സര്‍വ്വ വിജ്ഞാനവും ശേഖരിച്ചു വച്ചിരിക്കുന്ന ഒരു വിശേഷചഷകമായി മാറിയെന്നതാണ് സത്യം. പക്ഷേ അപ്പോഴും സോക്രട്ടീസ് തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ പരമോന്നത മാതൃക. ഏതന്‍സിലെ മനോഹരമായ ഒരു നദീതീരത്ത് തത്ത്വചിന്ത അഭ്യസിപ്പക്കുന്ന ഒരു വിദ്യാലയം പ്ലേറ്റോ തുറന്നു. അക്കാദമി എന്ന് നാമകരണം ചെയ്യപ്പെട്ട ആ വിദ്യാലയത്തിന്‍റെ പരിസരമാകെ വൃക്ഷങ്ങളും സസ്യലതാദികളും നട്ടുപിടിപ്പിച്ചു. കമനീയമായ ശില്പങ്ങളെകൊണ്ട് ചുറ്റുപാടുകള്‍ അലങ്കരിച്ചു.
ഇന്ന് നമ്മള്‍ പ്ലേറ്റോയുടെ ദര്‍ശനങ്ങള്‍ എന്ന് വിളിക്കുന്ന തത്ത്വചിന്താ പദ്ധതികള്‍ അദ്ദേഹം ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു തുടങ്ങി. പ്ലേറ്റോ ഈ ദര്‍ശനങ്ങളെ വിളിച്ചിരുന്നത് സോക്രട്ടീസിന്‍റെ ദര്‍ശനങ്ങള്‍ എന്നായിരുന്നു. സോക്രട്ടീസ് തുടങ്ങിവെച്ച സംവാദ (Dialogue) സമ്പ്രദായത്തിലാണ് പ്ലേറ്റോ തന്‍റെ ആശയങ്ങളെ പ്രചരിപ്പിച്ചത്. ഇതു നിമിത്തം സോക്രട്ടീസ് എവിടെ നിര്‍ത്തുന്നു, പ്ലേറ്റോ എവിടെ അവസാനിപ്പിക്കുന്നു എന്ന വസ്തുത കൃത്യമായി നിര്‍ണ്ണയിക്കാന്‍ തത്ത്വചിന്താ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയാതെ വന്നിരിക്കുകയാണ്.
പ്ലേറ്റോ ആയാലും സോക്രട്ടീസ് ആയാലും ഇരുവരും ഒരുപോലെ യോജിക്കുന്ന ഒരു കാര്യം തത്ത്വചിന്ത പഠിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തത്ത്വചിന്തയുടെ ലക്ഷ്യം മനുഷ്യര്‍ക്കിടയില്‍ സാമാന്യ നീതി പാലിക്കപ്പെടുക എന്നതാണ്. നീതി മാത്രമാണ് യഥാര്‍ത്ഥ സന്തോഷത്തിന്‍റെ ഹേതു എന്ന് സോക്രട്ടീസ് പറയുമായിരുന്നു. അനീതി ചെയ്യുന്നവനും അനീതിക്ക് വിധേയരാക്കപ്പെട്ടവരും ഒരു പോലെ അസന്തുഷ്ടരായിരിക്കും. അനീതിയാണ് ഏറ്റവും വലിയ തിന്മ. നീതിയാണ് ഏറ്റവും വലിയ നന്മ. സോക്രട്ടീസിന്‍റേതായി പ്ലേറ്റോ ആവര്‍ത്തിച്ചുദ്ധരിക്കാറുള്ള ചില വാചകങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പ്രസിദ്ധ അമേരിക്കന്‍ ദാര്‍ശനികനായ എമേഴ്സന്‍റെ വാക്കുകളുദ്ധരിച്ചാല്‍ മനുഷ്യചിന്തയുടെ ഫലമായി ഇതുവരെ എഴുതപ്പെട്ടിട്ടുള്ളതും ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതുമായ ഏതു വിഷയമെടുത്താലും പ്ലേറ്റോ തന്‍റെ കൃതികളില്‍ സ്പര്‍ശിച്ചിട്ടില്ലാത്തതായ ഒരു വിഷയവും നിങ്ങള്‍ക്ക് കണ്ടെത്താനാവുകയില്ല. മനുഷ്യരുടെ സര്‍വ്വലൗകിക സാഹോദര്യം, പരിണാമശാസ്ത്രം, കമ്മ്യൂണിസം, ഫെമിനിസം, ജനനനിയന്ത്രണം, സ്വതന്ത്രസ്നേഹം (free love), സ്വതന്ത്രമായ ആശയവിനിമയം, ധാര്‍മ്മിക പ്രമാണങ്ങള്‍, പൊതുവായ സ്വത്തുടമസ്ഥാവകാശം എന്നുവേണ്ട അത്യാധുനങ്ങളായ ആശയങ്ങള്‍ പോലും പ്ലേറ്റോ തന്‍റെ ഡയലോഗിലും റിപ്പബ്ലിക്കുകളിലും മറ്റും ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. വൈവിദ്ധ്യമാര്‍ന്ന ഈ വിഷയ വൈപുല്യത്തിന്നാകെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നത് സാമൂഹ്യനീതിയെ സംബന്ധിച്ച പ്ലേറ്റോയുടെ കാഴ്ചപ്പാടാണെന്നോര്‍ക്കണം. സോക്രട്ടീസിനെ പോലുള്ള ഒരു ദാര്‍ശനിക പ്രതിഭ കൊല്ലപ്പെടുന്ന ഒരു സാമൂഹ്യനീതിയല്ല പ്ലേറ്റോ വിഭാവനം ചെയ്തത്. പിന്നെയോ സോക്രട്ടീസിനെ രാജാവാക്കുന്ന ഒരു സാമൂഹ്യ നീതി സാക്ഷാത്ക്കരിക്കപ്പെടുക എന്നതായിരുന്നു പ്ലേറ്റോയുടെ സ്വപ്നം.
തന്‍റെ സങ്കല്പത്തിലെ ഈ ആദര്‍ശവ്യവസ്ഥയുടെ മാര്‍ഗ്ഗനിര്‍ദ്ദേശരേഖകളാണ് പ്ലേറ്റോ തന്‍റെ 'റിപ്പബ്ലിക്' എന്ന ഗ്രന്ഥത്തിലൂടെ ആവിഷ്ക്കരിക്കുന്നത്. ചരിത്രത്തിലെ ആദ്യത്തെ ഉട്ടോപ്യ എന്ന് കൊണ്ടാടപ്പെടുന്നത് പ്ലേറ്റോയുടെ റിപ്പബ്ലിക്കാണ്. പ്ലേറ്റോയുടെ ആദര്‍ശവ്യവസ്ഥയിലെ പൗരസഞ്ചയത്തിന്‍റെ ജന്മം മുതലുള്ള ജീവിതം പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.
ഇണചേരല്‍ മുതല്‍ പാലിക്കപ്പെടേണ്ട ചില തത്ത്വങ്ങളുണ്ട്. സ്ത്രീ പുരുഷന്മാര്‍ സംഘം ചേര്‍ന്ന് താമസിക്കുക. സംഘത്തിലെ ഏറ്റവും മികച്ച പുരുഷനും മികച്ച സ്ത്രീയും ചേര്‍ന്ന് മികച്ച സന്താനങ്ങളെ സൃഷ്ടിക്കുക. കുട്ടികള്‍ സംഘത്തിന്‍റെ പൊതുസ്വത്തായി വളര്‍ന്നുവരണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അന്യോന്യം അവകാശങ്ങളും ബാദ്ധ്യതകളുമൊന്നും ഉണ്ടായിരിക്കില്ല. വ്യക്തിപരമായ വിവാഹബന്ധങ്ങളോ കുടുംബപരമായ ബന്ധങ്ങളോ പാടില്ല. ശിശുക്കള്‍ ജനിച്ചു കഴിഞ്ഞാലുടന്‍ അവരെ ഭരണകൂടത്തിന്‍റെ ചുമതലയുള്ള സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റണം. കുട്ടികള്‍ക്ക് മാതാപിതാക്കളോടോ മാതാപിതാക്കള്‍ക്ക് കുട്ടികളോടോ വൈകാരികമായ ഉടമസ്ഥതാബോധം രൂപപ്പെടാതിരിക്കാനാണ് ഇപ്രകാരം ചെയ്യേണ്ടത്. ഇങ്ങനെ രൂപപ്പെടുന്ന ഒരു സമൂഹത്തില്‍ മാത്രമേ വിശ്വസാഹോദര്യം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ. മനുഷ്യര്‍ കൂട്ടമായി താമസിക്കുന്ന കമ്മ്യൂണുകളില്‍ സ്ത്രീ പുരുഷന്മാര്‍ അന്യോന്യം സഹോദരീ സഹോദരന്മാരായി കണക്കാക്കണം. സാഹോദര്യം എന്ന ഒറ്റ ബന്ധമല്ലാതെ മറ്റു ബന്ധങ്ങളൊന്നും അനുവദനീയമായിരിക്കരുത്. ലൈംഗികബന്ധങ്ങളുടെ കാര്യത്തിലും പ്ലേറ്റോയുടെ റിപ്പബ്ലിക് സ്ത്രീ-പുരുഷന്മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നു. ഒരു വ്യവസ്ഥ മാത്രം കുട്ടികളെ സ്റ്റെയിറ്റിന് വിട്ടു കൊടുക്കണം. അനാവശ്യമായ ഗര്‍ഭധാരണം തടയണം. സത്രീപുരുഷന്മാര്‍ക്ക് ബാഹ്യമായ ഇടപെടലുകളൊന്നും കൂടാതെ തന്നെ സ്വതന്ത്രമായ സ്വകാര്യജീവിതം നയിക്കുവാന്‍ കഴിയണം. വ്യക്തികള്‍ അന്യോന്യം ശല്യപ്പെടുത്താതെ ജീവിക്കുന്നു എന്നുറപ്പുവരുത്തുക മാത്രമായിരിക്കണം സ്റ്റെയിറ്റിന്‍റെ ജോലി.