ശിഷ്ടം
ഗണിതശാസ്ത്രവും ഭൂമിശാസ്ത്രവും
ജീവശാസ്ത്രവും ഹരിക്കപ്പെടുമ്പോള്‍
ഗണിത 'ശാസ്ത്ര' ത്തില്‍
ശിഷ്ടം അവസാനിക്കുന്നില്ല.
ഭൂമി'ശാസ്ത്ര'ത്തില്‍
ശിഷ്ടമില്ല.
'അവശിഷ്ടം' മാത്രം
ഹരണത്തിനിടയില്‍
കുഴഞ്ഞുവീണ
ജീവ 'ശാസ്ത്രം'
അത്യാഹിത വിഭാഗത്തില്‍
ശിഷ്ട ജീവന്‍ കാത്തുകിടക്കുന്നു.
പേടിച്ചരട്
അന്ന്,
പേടി മാറാന്‍ ആദ്യമായ്
അമ്മ കൈയില്‍ കെട്ടിത്തന്ന
ജപിച്ച കറുത്ത ചരട്
എന്നിട്ടും
അമ്മയെ പേടി
അച്ഛനെ പേടി
മാഷിനെ പേടി
ആനയെ പേടി
കടുവയെ പേടി
ഇന്ന്,
കാവിചരട്
മഞ്ഞചരട്
വെള്ളചരട്
ചുമന്ന ചരട്... അങ്ങനെ
ചരടുകള്‍ തന്നെ പേടിയാകുന്ന കാലം
നിയോഗം
ഉറക്കച്ചടവാര്‍ന്ന കണ്ണുകള്‍ തിരുമ്മി എഴുന്നേല്‍ക്കവേ
നഷ്ടങ്ങളുടെ നീണ്ട ജാഥ അലക്ഷ്യമായി നടന്നുനീങ്ങുന്നു
ജാഥയിലെ പരിചിതമുഖങ്ങള്‍
എന്നെ നോക്കി വിരസമായി പുഞ്ചിരിച്ചു.
നിദ്രാലസ്യം വിട്ടുമാറാത്ത എന്‍റെ കണ്ണുകള്‍ക്ക്
അവരുടെ പുഞ്ചിരിയുടെ അര്‍ത്ഥം ആദ്യം മനസ്സിലായില്ല
പിന്നീടെപ്പോഴോ ആ മുഖങ്ങള്‍ ഒന്നൊന്നായി
എന്‍റെ ഉറക്കം കെടുത്താനെത്തി.
തുറന്ന കണ്ണുകളോടെ അവരെ നോക്കിനോക്കിയിരിക്കേ
ഉണര്‍വ്വിന്‍റെയും ഏകാഗ്രതയുടെയും മറന്നുപോയ പാഠങ്ങള്‍
എന്‍റെ ഓര്‍മ്മകളില്‍ വിരുന്നിനെത്തി
ആ വിരുന്നുമേശയിലെ വിഭവങ്ങള്‍
എന്നോടൊന്നു പറഞ്ഞുതന്നു
എന്‍റെയുള്ളിലെ വിശപ്പിന്‍റെ ആഴം എത്രമാത്രമെന്ന്
തൃപ്തിയുടെ പുറംപൂച്ചണിഞ്ഞ എന്‍റെ ജീവിതം
പരിഹാസഭാവേന എന്നെ നോക്കിനില്‍ക്കേ
ശിരസ്സുകുനിഞ്ഞു നിന്ന എന്‍റെ
ആത്മാവില്‍ നിന്നതാ ഒരു പതിഞ്ഞ സ്വരം
"കുറച്ചുമുന്‍പ് കണ്ട ജാഥയിലുള്ളവര്
ഇപ്പോള്‍ എവിടെയെന്നു നിനക്കറിയാമോ?
അവരുടെ നിസ്സഹായതയുടെ ആഴം നീയറിയുന്നുണ്ടോ?"
"അറിയില്ല" എന്നല്‍പ്പം ജാള്യതയോടെ മൊഴിയവേ
ആത്മാവിലെ സ്വരത്തിന്‍റെ ഉടമ
ഹൃദയത്തിന്‍റെ ഉള്ളറകളിലേക്ക്
എന്നെ കൂട്ടിക്കൊണ്ടുപോയി
സ്നേഹത്തിന്‍റെ എന്നോ നഷ്ടപ്പെട്ട
പരിമളവും പേറിയുള്ള ആ യാത്രയില്‍
സത്യം പകരുന്ന സ്വാതന്ത്ര്യത്തിന്‍റെ കിളിവാതില്‍
എനിക്കായി തുറക്കപ്പെടുകയായിരുന്നു.
സുഖാലസ്യങ്ങളില്‍ അമിതമായി അഭിരമിക്കവേ
താഴെ വീണുടഞ്ഞ സ്ഫടികപാത്രങ്ങളുടെ
നിഴലുകള്‍ തന്നെയല്ലേ എന്‍റെ മുന്‍പിലൂടെ
വിരസമായ മുഖഭാവത്തോടെ നടന്നുനീങ്ങിയത്
സ്നേഹത്തിനു ഞാനിട്ട നിര്‍വചനങ്ങളൊക്കെയും
ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ മുറിഞ്ഞു മുറിഞ്ഞു കണ്ട
തുടര്‍ച്ച നഷ്ടപ്പെട്ടവയായിരുന്നു.
അസ്ഥിരതയുടെയും ഇടര്‍ച്ചയുടെയും
കൂടാരങ്ങളില്‍ എവിടെയോ
എന്‍റെ സ്നേഹം മയങ്ങുകയായിരുന്നുവോ?
കൈയില്‍ ഏല്‍പ്പിക്കപ്പെട്ടവയൊക്കെ
തച്ചുടച്ചുകളഞ്ഞ വികൃതിക്കുട്ടിയെ കണക്ക്
നിസ്സഹായതയോടെ ഞാനിരുന്നു
ആ നിസ്സഹായത സമ്മാനിച്ച ഒരു പിടി കണ്ണീര്‍ത്തുള്ളികള്‍
ഒരു സ്വകാര്യം എന്നോടു പറഞ്ഞു
'മറന്നുപോയ നിയോഗങ്ങളിലേക്ക്
എത്രയും വേഗം ചുവടുവെയ്ക്കുക
അഴുകിയ വസ്ത്രം ദൂരേയ്ക്കെറിയുക
മുന്നില്‍ കാണുന്ന മുഖങ്ങള്‍ക്ക്
ചിരിയുടെ ഒരു മുത്തം സമ്മാനിക്കുക
നിനക്കുമാത്രം ചെയ്യാന്‍ കഴിയുന്നവ മറ്റാരുചെയ്യും?"
കേട്ട സ്വകാര്യം പറഞ്ഞുതന്ന ഊര്‍ജ്ജവുമായി
ഞാന്‍ എഴുന്നേറ്റുനിന്നു
മറവിയുടെ പൊടിപിടിച്ച ലക്ഷ്യങ്ങളെ
തൂത്തുമിനുക്കിയെടുക്കാന്‍.