"ഒരു എഴുത്തുകാരനാവണമെന്ന് എപ്പോഴും മോഹിച്ചിരുന്നു; കാള്‍സാഹനെപ്പോലെ ഒരു ശാസ്ത്രലേഖകന്‍. അവസാനം എനിക്കെഴുതാന്‍ കഴിഞ്ഞത് ഈ കത്തുമാത്രവും.
ഞാന്‍ ശാസ്ത്രത്തെ സ്നേഹിച്ചിരുന്നു. നക്ഷത്രങ്ങളെ... പ്രകൃതിയെ... മനുഷ്യന്‍ പ്രകൃതിയുമായി വേര്‍പിരിഞ്ഞിട്ട് എത്രയോ കാലമായി എന്ന് തിരിച്ചറിയാതെ മനുഷ്യരെയും ഞാന്‍ സ്നേഹിച്ചു. ഞങ്ങളുടെ വികാരങ്ങള്‍ രണ്ടാം തരം മാത്രമാണ്. ഞങ്ങളുടെ സ്നേഹം നിര്‍മ്മിതമാണ്. ഞങ്ങളുടെ വിശ്വാസങ്ങള്‍ നിറം പിടിപ്പിക്കപ്പെട്ടവയാണ്. കൃത്രിമ കലകളിലൂടെയാണ് ഞങ്ങളുടെ മൗലികത മൂല്യമുള്ളതായിരുന്നുവെന്നറിയുന്നത്. വേദനിപ്പിക്കപ്പെടാതെ സ്നേഹിക്കുക എന്നത് തീര്‍ത്തും ബുദ്ധിമുട്ടായിരിക്കുന്നു." ഇതു നാം വായിക്കുന്നത് രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്കുറിപ്പിലാണ്. സ്ഥാപനത്തിന്‍റെ, ഭരണകൂടത്തിന്‍റെ ഇരയാണവന്‍. തന്‍റെ സ്വപ്നങ്ങള്‍ ഉള്ളിലൊതുക്കി അവന്‍ യാത്രയായി.
"ഒരു മനുഷ്യന്‍റെ മൂല്യം അവന്‍റെ പുറമേയുള്ള സ്വത്വത്തിലേക്കും ഏറ്റവും അടുത്ത സാധ്യതയിലേക്കും മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു" എന്ന് രോഹിത് തുടര്‍ന്നെഴുതുന്നു. "ചിലര്‍ക്ക് ജീവിതം തന്നെ ഒരു ശാപമാണ്. എന്‍റെ ജന്മം തന്നെയാണ് എനിക്കുണ്ടായ ഏറ്റവും വലിയ ദുരന്തം. കുഞ്ഞുന്നാളിലെ ഒറ്റപ്പെടലില്‍നിന്നും എനിക്ക് ഒരിക്കലും രക്ഷപ്പെടാറായിട്ടില്ല. ഭൂതകാലത്തിലൊരിക്കലും അംഗീകരിക്കപ്പെട്ടിട്ടില്ലാതിരുന്ന ഒരു കുട്ടി. ഈ നിമിഷം എനിക്ക് വേദന തോന്നുന്നില്ല. ഞാന്‍ ദുഃഖിക്കുന്നില്ല. എന്നില്‍ ഒരു ശൂന്യത മാത്രം. എന്നെക്കുറിച്ച് ഉത്കണ്ഠയില്ലാതായിരിക്കുന്നു. ദയനീയമാണ് ആ അവസ്ഥ. അതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്." തന്‍റെ കുറിപ്പില്‍ ഇതെല്ലാം എഴുതിവച്ചാണ് രോഹിത് ആത്മഹത്യ ചെയ്യുന്നത്. രണ്ടു ഫെലോഷിപ്പുകള്‍ നേടിയ അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥിയ്ക്കാണ് ഈ ഗതി വന്നത്. ഭരണകൂടത്തിനോ സര്‍വകലാശാലാ അധികൃതര്‍ക്കോ ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ പത്തോളം വിദ്യാര്‍ത്ഥികളാണ് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്തതെന്നറിയുമ്പോള്‍ എന്തോ ഗുരുതരമായ പ്രശ്നമുണ്ട് എന്ന് നാം മനസ്സിലാക്കുന്നു. ദളിത് പീഡനത്തിന്‍റെ കഥകള്‍ നിരവധിയാണ്. അത് നമ്മുടെ ചരിത്രത്തിന്‍റെ മറുപുറമാണ്. അപ്രിയസത്യങ്ങളാണ് ഈ ചരിത്രം.
'രോഹിത് വെമുല: നിഴലുകളില്‍നിന്ന് നക്ഷത്രങ്ങളിലേക്ക്' എന്ന ഗ്രന്ഥത്തില്‍ രോഹിതിന്‍റെ കുറിപ്പുകളും ചിന്തകളും നമുക്കു വായിക്കാം.
തന്‍റെ രാഷ്ട്രീയ നിലപാട് രോഹിത് വ്യക്തമാക്കുന്നുണ്ട്: സാംസ്കാരിക സങ്കുചിതത്വവും വര്‍ഗീയ രാഷ്ട്രീയവും തമ്മിലുള്ള കെട്ടിയുണരലിനെതിരെ പോരാടുക, കീഴാളദ്രാവീഡിയന്‍ ചരിത്രം പ്രചരിപ്പിക്കുക, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വീമ്പുപറച്ചിലിനു നടുവിലുള്ള റാഡിക്കല്‍ റിയലിസത്തിനുനേരെ ശക്തിയുക്തം ശബ്ദമുയര്‍ത്തുക. മാര്‍ക്സിസത്താല്‍ കണ്ടീഷന്‍ ചെയ്യപ്പെട്ട എന്‍റെ അടിസ്ഥാന ലോകവീക്ഷണം വച്ച് സാബാസ്ഹെസ് പ്രലോഭിപ്പിച്ച സമൂഹത്തിനുവേണ്ടി ഞാന്‍ സ്വപ്നം കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു" എന്ന് രോഹിത് ഒരു കുറിപ്പില്‍ പറയുന്നു. അംബേദ്കര്‍ ചിന്തകളാണ് അയാളുടെ കരുത്ത്. സ്വാനുഭവത്തിന്‍റെ വെളിച്ചത്തില്‍ അതിനുകൂടുതല്‍ തിളക്കം കൈവരുത്താന്‍ ഈ യുവാവ് ശ്രമിക്കുന്നു.
ഇങ്ങനെ ഇന്ത്യന്‍ അവസ്ഥയെക്കുറിച്ച് എഴുതുമ്പോള്‍ രോഹിത് ഇപ്രകാരമാണ് നിരീക്ഷിക്കുന്നത്: "ദേശീയസങ്കുചിതവാദവും മതഭ്രാന്തും കൂടിച്ചേരുന്നത് എത്രമാത്രം അപകടകരമായ ചേരുവയിലേക്കാണ് എത്തിക്കുക എന്നാണ് പ്രസ്തുത ആക്രമണം (മുംബൈ ആക്രമണം) നമുക്കു കാണിച്ചു തരുന്നത്. നമ്മളോരോരുത്തര്‍ക്കും ഈ ദിനം പ്രധാനമാകുന്നത് തീവ്രവാദപ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെയും അയുക്തികമായ മതവെറുപ്പിനെതിരെയും മതത്തെ ആശ്രയിക്കുന്നതിനെതിരെയും ഉറച്ചുതീരുമാനമെടുക്കുന്നതിലാണ്." നാം ചില തീരുമാനങ്ങളെടുത്തില്ലെങ്കില്‍ ഭാവി തീരെ ഇരുണ്ടതായിരിക്കുമെന്ന മുന്നറിയിപ്പാണ് രോഹിത് നല്കുന്നത്. ഇന്ന് ഇന്ത്യ നേരിടുന്ന പലതരത്തിലുള്ള വെല്ലുവിളികളെയും തനതായ രീതിയില്‍ വിലയിരുത്താന്‍ രോഹിത് ശ്രമിക്കുന്നു.
ഹൈദരബാദ് സര്‍വ്വകലാശാലയില്‍ താനനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ചു എഴുതുമ്പോള്‍ 'അവര്‍ക്ക് എന്നേക്കുമായി പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ കത്തിച്ചുകളയാനാവില്ല. ഇത് ക്രിസ്തുമസ് മാസമാണ്. ഉയിര്‍ത്തെഴുന്നേല്പ് ഈ കാലത്തേക്കാള്‍ ശക്തമായിരിക്കും' എന്നാണ് പ്രസ്താവിക്കുന്നത്. പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നിലാണ് ഇന്ത്യയിലെ ദളിത് സമൂഹം നില്ക്കുന്നത് എന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്.
'ദളിത് വിദ്യാര്‍ത്ഥികളുടെ മുറികളിലേക്ക് നല്ലയിനം കയറുകള്‍ എത്തിക്കണം' എന്നാണ് രോഹിത് വൈസ്ചാന്‍സലര്‍ക്കുള്ള കത്തില്‍ എഴുതുന്നത്. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഭ്രഷ്ട് കല്പിച്ചതാണ് സന്ദര്‍ഭം. "രക്ഷപെടാനുള്ള മാര്‍ഗമില്ലാതെ ഞങ്ങള്‍ ഇവിടെ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് എന്നെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 'ദയാവധം' അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു." എന്നതാണ് രോഹിതിന്‍റെ അഭ്യര്‍ത്ഥന. അംഗീകരിക്കപ്പെടാത്ത ഈ സമൂഹത്തിന്‍റെ വേദനയും പ്രതിഷേധവുമെല്ലാം ഈ വാക്കുകളിലുണ്ട്.
ഒരു ഫെയ്സ് ബുക്ക് കുറിപ്പ് രോഹിത് കവിതാരൂപത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: "ഒരിക്കല്‍ ... ഒരിക്കല്‍ നിങ്ങളറിയും ഞാനെന്തുകൊണ്ട് ഇത്രയും ക്ഷോഭിച്ചിരുന്നുവെന്ന്. അന്നു നിങ്ങളറിയും ഞാനെന്തുകൊണ്ട് സാമൂഹിക താത്പര്യങ്ങള്‍ വെറുതെ പങ്കുവയ്ക്കുന്നു എന്ന്. ഒരിക്കല്‍ നിങ്ങളറിയും ഞാനെന്തുകൊണ്ടാണ് ക്ഷമചോദിച്ചിരുന്നതെന്ന്. അന്നു നിങ്ങളറിയും ആ വേലികള്‍ക്കപ്പുറം കെണികളുണ്ടായിരുന്നുവെന്ന്. ഒരിക്കല്‍ നിങ്ങള്‍ക്കെന്നെ ചരിത്രത്തില്‍ കണ്ടെത്താനാവും. അതിന്‍റെ നിറം മങ്ങിയ താളുകളില്‍... ഇരുണ്ട വെളിച്ചത്തില്‍... അന്നു നിങ്ങള്‍ പറയും ഞാന്‍ വിവേകമുള്ളവനായിരുന്നെങ്കില്‍...
അന്നു രാത്രി
നിങ്ങളെന്നെ ഓര്‍ക്കും
നിങ്ങളെന്നെ അനുഭവിക്കും,
ഒരു ചെറുചിരിയോടെ
നിങ്ങളെന്നെ വിശ്വസിക്കും...
അതെ, അന്നു ഞാന്‍ പുനര്‍ജനിക്കും..."
ഇന്ന് നാം ആ യുവാവിനെ തിരിച്ചറിയുന്നു. അവന്‍ അനേകരില്‍ പുനര്‍ജനിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും.
രോഹിതിന്‍റെ ആത്മഹത്യയെ "സാമൂഹിക നിസംഗതയുടെ ദാരുണമായ അന്ത്യമെന്നേ ഇതിനെ പറയാന്‍ സാധിക്കൂ" എന്നാണ് മീന കുന്ദസ്വാമി പറയുന്നത്. മീന തുടര്‍ന്നെഴുതുന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. "ജാതിനിബിഡമായ പാഠപുസ്തകങ്ങള്‍, ഒറ്റപ്പെടുത്തുന്ന കലാലയാന്തരീക്ഷം, മേല്‍ജാതിയില്‍ അഭിരമിക്കുന്ന സഹപാഠികള്‍, ദളിതരെ, അവരുടെ നിര്‍ഭാഗ്യങ്ങളെ പഴിക്കുകയും അവരുടെ പരാജയം പ്രവചിക്കുകയും ചെയ്യുന്ന അദ്ധ്യാപകര്‍, ഇതൊക്കെയാണ് ഒരു ദളിത് വിദ്യാര്‍ത്ഥിക്ക് മറികടക്കേണ്ടിവരുന്ന അസാധ്യമായ വെല്ലുവിളികള്‍." ഈ വെല്ലുവിളി മറികടക്കാനാവാതെയാണ് രോഹിത് മരണത്തിലേക്ക് നടന്നടുത്തത്. "ബൗദ്ധികാധിപത്യത്തില്‍ ഉറഞ്ഞുകൂടിയിരുന്ന, അക്കാദമികരംഗത്തെല്ലാം ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജാതിബോധത്തിന് ജീവനുകളെ കൊന്നൊടുക്കാനുള്ള ശക്തിയുണ്ട്. പ്രതിരോധത്തിന്‍റെയും പ്രക്ഷോഭത്തിന്‍റെയും ഇടമാകേണ്ട ക്ലാസ്മുറികള്‍ അറിവ് കുത്തകയാക്കിയ, അത് അതേപടി നിലനിര്‍ത്താനാഗ്രഹിക്കുന്ന പൂണുലുകള്‍ പ്രയോഗിക്കുന്ന നിരന്തരജാത്യാധികാരത്തിന്‍റെ വേദിയായി മാറുന്നു' എന്നാണ് നിരീക്ഷിക്കുന്നത്. "ജാതി ഒരു കൊലയാളിയാണെന്ന സത്യത്തെ മൂടിനില്ക്കുന്ന നിശ്ശബ്ദതയെ രോഹിത്തിന്‍റെ ആത്മഹത്യ തകര്‍ത്തതുപോലെ ഈ ദന്തഗോപുരങ്ങളില്‍ നിന്നും ചാടി മരിക്കുന്ന സ്ത്രീകളുടെ കഥകള്‍ നമ്മളൊരിക്കല്‍ കേള്‍ക്കും" എന്നു കൂടി മീന കൂട്ടിച്ചേര്‍ക്കുന്നു.
'നാം കാത്തുസൂക്ഷിക്കണ്ട പ്രതിജ്ഞ'യായി മീന കുന്ദസ്വാമി കുറിക്കുന്നു: 'രോഹിത്, നിങ്ങള്‍ കാള്‍സാഗനെപ്പോലുള്ള ഒരു ശാസ്ത്രഎഴുത്തുകാരനാകാനുള്ള നിങ്ങളുടെ സ്വപ്നം ഉപേക്ഷിച്ച്, നിങ്ങളുടെ വാക്കുകള്‍ മാത്രം സാക്ഷിയാക്കി ഞങ്ങളെ ഉപേക്ഷിച്ചുപോയി. ഞങ്ങളുടെ ഓരോ വാക്കും നിങ്ങളുടെ മരണത്തിന്‍റെ ഭാരം ചുമക്കുന്നു. ഞങ്ങളുടെ ഓരോ കണ്ണീര്‍ത്തുള്ളിയിലും നിങ്ങളുടെ പൂവണിയാത്ത സ്വപ്നങ്ങളുണ്ട്. ജാതി അടിച്ചമര്‍ത്തലുകള്‍ക്കെതിരെ സ്ഫോടനാത്മകമായ ശബ്ദത്തോടെ നിങ്ങള്‍ പറയാനിരുന്ന കാര്യങ്ങള്‍ ഞങ്ങള്‍ പറയും. ഈ രാജ്യത്തെ ഓരോ സര്‍വകലാശാലയിലും ഓരോ കോളേജിലും ഓരോ സ്കൂളിലും ഞങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ നിങ്ങളുടെ ആത്മാവിനെ ആവാഹിച്ചുകൊണ്ടായിരിക്കും." കടന്നുപോയവന്‍റെ സ്വപ്നങ്ങള്‍ നമുക്ക് പുതിയ ഉത്തരവാദിത്വങ്ങളാണ് നല്കുന്നത്.