മാനസികപ്രശ്നങ്ങളുള്ളവര്‍ക്കും ജീവിതത്തെ നേരിടാന്‍ ഭയമുള്ളവര്‍ക്കുമുള്ള സ്ഥലമല്ല സെമിനാരി. ഒരാള്‍ തന്‍റെ ദൈവവിളി വളര്‍ത്തുന്ന ഇടമാണത്. സുവിശേഷം ആഴത്തിലറിഞ്ഞ്, കുമ്പസാരത്തിന്‍റെയും കുര്‍ബാനയുടെയും പ്രാര്‍ത്ഥനയുടെയും അര്‍ത്ഥം നന്നായി ഗ്രഹിച്ച് വളരാനുള്ള സ്ഥലം. പറയുന്നത് ഫ്രാന്‍സിസ് പാപ്പയാണ്. പൊന്തിഫിക്കല്‍ ലിയോണി കോളേജ് ഓഫ് അനാഗ്നിയില്‍ തന്‍റെ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു, പാപ്പ. ഇറ്റലിയിലെ ലാസിയോ മേഖലയില്‍ പുരോഹിതാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന സെമിനാരിയാണ് അനാഗ്നി കോളേജ്.
'ഈ മനോഭാവത്തോടെയും അനുഭവത്തോടെയും പുരോഹിതവഴിയില്‍ നടക്കാന്‍ നിങ്ങള്‍ക്ക് ആകുന്നില്ലെങ്കില്‍ ഞാന്‍ ഹൃദയത്തില്‍ തൊട്ട് പറയുകയാണ്: ഈ വഴി വിട്ട് മറ്റൊരു ജീവിതശൈലി സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാകണം' പാപ്പാ പറഞ്ഞു.
'നിങ്ങള്‍ ഒരു തൊഴില്‍ പരിശീലനമല്ല ഇവിടെ നേടുന്നത്. ബിസിനസുകാരനോ ബ്യൂറോക്രാറ്റോ ആവുകയല്ല നിങ്ങളുടെ ലക്ഷ്യം. പാതിവഴിയില്‍ ലക്ഷ്യം മറന്ന അനേകം വൈദികര്‍ നമുക്കുണ്ട്. കഷ്ടമാണിത്. അവരുടെയുള്ളില്‍ ഒരു തൊഴിലാളിയാണുള്ളത്. ഒരു ബ്യൂറോക്രാറ്റ്. നിങ്ങള്‍ ഈ ചതിയില്‍ വീഴരുത്' പാപ്പാ അഭ്യര്‍ത്ഥിച്ചു.
'നിങ്ങളുടെ വിളി യേശുവിനെ പോലുള്ള ഇടയന്മാരാകാനാണ്. നല്ല ഇടയന്മാരാകാന്‍. അവിടുത്തേക്കു വേണ്ടി അവിടുത്തെ പ്രതിനിധിയായി ആടുകളെ മേയിക്കാനാണ് നിങ്ങളുടെ വിളി' പാപ്പാ കൂട്ടിച്ചേര്‍ത്തു.
എങ്ങനെയാണ് നല്ലിടയന്മാരാവുക? പാപ്പാ തന്നെ അതിന് വിശദീകരണം നല്‍കി. 'ഓരോ ദിവസവും സുവിശേഷം ധ്യാനിച്ച് സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും പ്രഘോഷിക്കുകയും ചെയ്തുകൊണ്ടാണത്. അനുരഞ്ജനത്തിന്‍റെ കൂദാശ വഴി ദൈവകാരുണ്യം അനുഭവിക്കലാണത്. കൂടെക്കൂടെ കുമ്പാസാരിക്കുന്നത് നല്ലതാണ്. അങ്ങനെ നിങ്ങള്‍ കരുണയും ഉദാരതയുമുള്ള ഇടയന്മാരാകും.
വി. അഗസ്റ്റിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് പാപ്പാ ഓര്‍മിപ്പിച്ചു:'ദുഷിച്ച ഇടയന്മാര്‍ക്ക് ദുരിതം! സെമിനാരികള്‍ വ്യക്തിത്വ വൈകല്യമുള്ളവരുടെ അഭയകേന്ദ്രമല്ല. മാനസികപ്രശ്നങ്ങളുള്ളവര്‍ക്കും ജീവിതത്തെ നേരിടാന്‍ ധൈര്യമില്ലാത്തവര്‍ക്കും ഒളിച്ചിരിക്കാന്‍ പറ്റിയ ഇടവുമല്ല, സെമിനാരി. ദൈവവിളിയില്‍ ബോധ്യമില്ലാത്തവരെ സ്വീകരിച്ചു അപകടത്തില്‍ ചെന്നു ചാടുന്നതിനേക്കാള്‍ നല്ലത് അത്തരം ദൈവവിളികള്‍ ഇല്ലാതിരിക്കുകയാണ്.'
ഹൃദയവയല്‍ - ബ്ലോഗ്