പന്തക്കുസ്താ തിരുനാളിനുശേഷമുള്ള ദിവസങ്ങളിലൂടെ നാം കടന്നുപോവുകയാണ്. പരിശുദ്ധാത്മാവിന്‍റെ ശക്തി പ്രാപിച്ച സഭ ഫലദാനങ്ങളാല്‍ നിറഞ്ഞുനില്‍ക്കുന്നവളാണ്. വ്യക്തിയിലും സഭയിലും ദൈവാത്മാവിന്‍റെ ഫലങ്ങളുണ്ടോയെന്ന് ഓരോരുത്തരും ആത്മശോധന നടത്തണം. ഒരു പുതിയ ആകാശത്തിലേക്കും ഒരു പുതിയ ഭൂമിയിലേക്കും പരിശുദ്ധാത്മാവ് നമ്മെ നയിക്കും. കര്‍ത്താവിന്‍റെ പരസ്യജീവിതാരംഭത്തില്‍ ദൈവത്തിന്‍റെ ആത്മാവ് അവനെ മരുഭൂമിയില്‍ കൊണ്ടുചെന്നു ശക്തിപ്പെടുത്തി. പരിശുദ്ധാത്മാവ് നമ്മെ ശക്തിപ്പെടുത്തുമ്പോള്‍ നാം പുതിയ മനുഷ്യരായി മാറും.
ആത്മാവിന്‍റെ ഫലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്നേഹം. ഇഷ്ടവും സ്നേഹവും വ്യത്യസ്തമാണ്. ഇഷ്ടങ്ങള്‍ മാറിമറിഞ്ഞ് കടന്നുപോകും. സ്നേഹം നിത്യമാണ്. അതിന് മാറ്റമില്ല. 1 കൊറി. 13-ല്‍ ഈ സ്നേഹത്തെക്കുറിച്ച് പൗലോസ് പറയുന്നുണ്ട്. വെള്ളം വീഞ്ഞായി മാറിയതുപോലെ ഇഷ്ടം സ്നേഹമായി വളരണം. സ്നേഹത്തിന്‍റെ സാന്ദ്രത ഇഷ്ടത്തേക്കാള്‍ ശക്തികൂടിയതാണ്. ആണിയടിച്ചവരെയും കുരിശില്‍ തറച്ചവരെയും അവസാനംവരെ സ്നേഹിച്ച കര്‍ത്താവിന്‍റെ മാതൃക നമ്മുടെ മുമ്പിലുണ്ട്. ഒറ്റിക്കൊടുക്കുന്നവരെയും തള്ളിപ്പറയുന്നവരെയും ഒന്നുപോലെ സ്നേഹിക്കുവാന്‍ നമുക്ക് കഴിയുന്നുണ്ടോ?
ആനന്ദമാണ് മറ്റൊരു ഫലം. സന്തോഷവും ആനന്ദവും വ്യത്യസ്തമാണ്. സന്തോഷം ലോകം തരുന്നതാണ്. ആനന്ദം പരിശുദ്ധാത്മാവ് തരുന്നതാണ്. ഓശാന വിളിയുടെ മുമ്പിലും കൊലവിളിയുടെ മുമ്പിലും ഉള്ളില്‍ കളയാതെ സൂക്ഷിക്കുന്ന ഒന്നാണ് ആനന്ദം. ഏതു വിമര്‍ശനത്തിന്‍റെയും മുമ്പില്‍ തളരാതെ പിടിച്ചുനില്‍ക്കാന്‍ ആനന്ദം എന്നെ സഹായിക്കും. മുഖഭാവങ്ങളില്‍നിന്ന് ഈ ആനന്ദം വായിച്ചെടുക്കാം. പരിശുദ്ധ അമ്മയുടെ സ്തോത്രഗീതത്തില്‍ ഈ ആനന്ദത്തെക്കുറിച്ച് പറയുന്നുണ്ട്.
ആത്മീയാനന്ദം സമാധാനത്തിലേക്കു നമ്മെ നയിക്കും. ലോകം തരുന്നതുപോലെയല്ല ഈ സമാധാനം. ലോകത്തിന് ഇത് എടുത്തുമാറ്റാനാവില്ല. യുദ്ധമില്ലാത്ത അവസ്ഥയല്ല സമാധാനം. അകവും പുറവും തമ്മിലുള്ള ആഴമായ ബന്ധത്തില്‍നിന്നുമാണ് സമാധാനം ജനിക്കുന്നത്. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ സമാധാനപ്രാര്‍ത്ഥന ശ്രദ്ധിക്കപ്പെടേണ്ടതാണ്. വിദ്വേഷമുള്ളിടത്ത് സ്നേഹവും നിരാശയുള്ളിടത്ത് പ്രത്യാശയും പകരുന്ന മാനസികാവസ്ഥ ഇവിടെയുണ്ട്. സമാധാന സ്ഥാപകര്‍ ഭൂമി അവകാശപ്പെടുത്തുമെന്ന് യേശു പഠിപ്പിക്കുന്നുണ്ട്.
ക്ഷമയാണ് ആത്മാവിന്‍റെ മറ്റൊരു ഫലം. ക്ഷമിച്ചു പ്രാര്‍ത്ഥിക്കാന്‍ നമുക്കു കഴിയുമോ? കുരിശില്‍ കിടന്നുപോലും ശത്രുക്കള്‍ക്കുവേണ്ടി ക്ഷമിച്ചു പ്രാര്‍ത്ഥിച്ച ഗുരുവിന്‍റെ മാതൃക നമുക്കുണ്ട്. മറ്റുള്ളവര്‍ നമ്മെ വേദനിപ്പിക്കുമ്പോഴും അവരോടു ക്ഷമിക്കുവാന്‍ നമുക്കു കഴിയണം. ക്ഷിപ്രകോപം ക്ഷമയ്ക്കു വിരുദ്ധമാണ്. ദൈവം നമ്മോടു കാണിക്കുന്ന കരുണയാണ് ക്ഷമ. കുടുംബബന്ധങ്ങളില്‍ സാമൂഹ്യബന്ധങ്ങളില്‍ നമ്മെ വേദനിപ്പിച്ചവരോടു ക്ഷമിക്കുവാന്‍ കഴിയുമോ? പൂര്‍വ്വയൗസേപ്പിനെ പലരും മുറിപ്പെടുത്തി. പക്ഷേ അദ്ദേഹത്തിന് ഒരു മകനുണ്ടായപ്പോള്‍ നല്‍കിയ പേര് മനാസ്സെ എന്നായിരുന്നു. ആ പേരിന്‍റെ അര്‍ത്ഥം 'നീ പൊറുക്കണം' എന്നാണ്. ആദ്യത്തെ രക്തസാക്ഷിയായ സ്റ്റെഫാനോസ് തന്നെ കല്ലെറിഞ്ഞ് കൊന്നവര്‍ക്കുവേണ്ടി ക്ഷമിച്ചു പ്രാര്‍ത്ഥിച്ചു. പരിശുദ്ധാത്മാവ് ഒരു വ്യക്തിയില്‍ നിറയുമ്പോള്‍ ആ വ്യക്തി സകലരോടും ക്ഷമിക്കും.
മറ്റുള്ളവരുടെ വേദനകളില്‍ ദയ തോന്നുന്നത് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണ്. അപരന്‍റെ അഴലില്‍ എനിക്കു ദയ തോന്നണം. ഞാനവനു വേണ്ടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവനെന്തു സംഭവിക്കുമെന്ന ചിന്ത ദയയില്‍ നിന്നും വരുന്നതാണ്. കാലില്‍ ചൂടുവെള്ളം വീഴുമ്പോള്‍ എനിക്കു പൊള്ളലനുഭവപ്പെടുന്നില്ലെങ്കില്‍ എന്‍റെ കാല്‍പ്പാദത്തില്‍ കുഷ്ഠം ബാധിച്ചിച്ചിട്ടുണ്ട്. വേദനിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ എന്‍റെ മനസ്സില്‍ ദയ തോന്നുന്നില്ലെങ്കില്‍ അതു ഹൃദയത്തെ ബാധിച്ച കുഷ്ഠമാണ്. നന്മ കാണുവാനും സംസാരിക്കുവാനും കഴിയുന്ന മാനസികാവസ്ഥയും പരിശുദ്ധാത്മാവിന്‍റെ ഫലം തന്നെയാണ്.
പരിശുദ്ധാത്മാവിന്‍റെ അഞ്ചാമത്തെ ഫലമായി കാണുന്നത് വിശ്വസ്തതയാണ്. വാക്കു പാലിക്കാനും വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമുണ്ടാക്കാന്‍ കഴിയുന്നതും പരിശുദ്ധാത്മാവിന്‍റെ ഇടപെടല്‍ വഴിയാണ്. മനസ്സാക്ഷിയില്‍ വിശ്വസ്തതയുള്ളവര്‍ ലോകത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. സൗമ്യതയാണ് മറ്റൊരു ഫലം. പരുഷമായ സംസാരങ്ങളും പ്രവൃത്തികളും നിറുത്തിവയ്ക്കും. ശാന്തനായ കുഞ്ഞാടിനെപ്പോലെ ഏതു വിപരീതസാഹചര്യത്തിലും നിന്നുകൊടുക്കുക. പൊട്ടിത്തെറിക്കാനുള്ള നിരവധി സാഹചര്യങ്ങളില്‍ സൗമ്യത കൈവെടിയാതെ സൂക്ഷിക്കുക. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന വ്യക്തിത്വമായി ആ വ്യക്തി രൂപാന്തരപ്പെടും.
ആത്മസംയമനമാണ് മറ്റൊരു ഫലം. നിയന്ത്രണമില്ലാത്ത വാക്കുകള്‍ പറയില്ല. നിയന്ത്രണം വിട്ട ബന്ധങ്ങളില്‍ വീഴില്ല. അനാവശ്യസംസാരങ്ങളില്‍ നിന്നൊഴിഞ്ഞുനില്‍ക്കും. ആരുടെയും സല്‍പ്പേരു നശിപ്പിക്കുന്ന സംസാരങ്ങള്‍ നാവില്‍നിന്നു പുറത്തുവരില്ല. ശാന്തമായിരുന്ന് തീരുമാനങ്ങള്‍ എടുക്കും. വളരെ നല്ല പക്വതയുള്ള വ്യക്തിയായി പരിശുദ്ധാത്മാവ് നമ്മെ രൂപപ്പെടുത്തും.