news-details
അധ്യാത്മികം

വേട്ടപട്ടിയുടെ മുന്നില്‍നിന്ന് കുതറിയോടുന്ന മുയലിന്‍റെ തിടുക്കമായിരുന്നു അയാള്‍ക്ക്. പ്രൗഢിയും പ്രതാപവും ഇല്ലാതെ നില്‍ക്കുന്നവന്‍ ഗുരുവാണെന്ന് പറയുവാന്‍ അയാള്‍ ഭയപ്പെട്ടു. ഉത്സാഹത്തിമിര്‍പ്പോടെ ഗുരുവിനൊപ്പം നടന്നിരുന്ന കാര്യങ്ങളായിരുന്നു മനസ്സ് നിറയെ. എങ്കിലും ഭീരുത്വം സമ്മതിച്ചില്ല. മുന്നോട്ട് ഏറെക്കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് എന്ന ചിന്തപോലും അപ്പോള്‍ അയാള്‍ക്കില്ലായിരുന്നു. ചങ്കുരുകി മൗനമായി കരയുവാന്‍ മാത്രമാണ് സാധിച്ചത്. ഗുരുവിന്‍റെ വാക്കുകളായിരുന്നു ഇരുതലവാള്‍പോലെ അവന്‍റെ ഉള്ളില്‍ വേദന ഉളവാക്കിയത്. "പീറ്റര്‍ നീ എന്നെ തള്ളിപ്പറയും." പിന്നെ അയാളെ കാണുന്നത് ജറുസലേത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്‍റെ നടുവിലാണ്. അപ്പോള്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. വാക്കുകളില്‍ തീക്ഷ്ണത കളിയാടിയിരുന്നു. ഇത്തരമൊരു മാറ്റം അയാള്‍ക്കുണ്ടായെങ്കില്‍ അതിനു പിന്നില്‍ ശക്തമായ ഒരാന്തരിക പരിവര്‍ത്തനമുണ്ടായിരുന്നു. ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നതും അതാണ്. ദൈവത്തിന്‍റെ ആത്മാവായിരുന്നു അയാളെ രൂപപ്പെടുത്തിയത്. അയാളുടെ ലക്ഷ്യങ്ങള്‍ സ്ഥിതീകരിക്കപ്പെട്ടത് പരിശുദ്ധാത്മാവിന്‍റെ ശക്തമായ പ്രേരണകൊണ്ടായിരുന്നു.

ക്രിസ്തുവിന്‍റെ ചൈതന്യമായിരുന്നു പത്രോസിനെ നയിച്ചത്. ഈ ചൈതന്യം തന്നെയായിരുന്നു ഗുരുവിനെ ഏറ്റുപറയാന്‍ സന്നദ്ധനാക്കിത്തീര്‍ത്തതും. മാമോദീസായിലൂടെ ലഭിച്ച പരിശുദ്ധാത്മാവിനെ വീണ്ടും ബലപ്പെടുത്തുകയാണ് തൈലാഭിഷേകത്തില്‍. ജഡികതയില്‍ നിന്നും ആത്മീയതയിലേക്കുള്ള യാത്രയുടെ തുടക്കം കുറിക്കുകയാണിവിടെ. ഒരു യാത്രയും ലക്ഷ്യമില്ലാത്തതല്ല. അനന്തമായ ദൈവത്തിലേക്കാണ് ഓരോ സൃഷ്ടിയുടെയും പദചലനം. ഈ യാത്രയില്‍ ഒരാളെ കൂടെകൂട്ടുവാന്‍ ദൈവം ആവശ്യപ്പെടുന്നുണ്ട്, തന്‍റെ ആത്മാവിനെ. അപ്പോള്‍ അവന്‍റെ സ്വരം ശ്രവിക്കുവാന്‍ അവന്‍ നല്‍കുന്ന സഹായകന്‍ നമ്മെ ഒരുക്കും.

ഭാരതീയ ഗുരുക്കന്മാരുടെ അഭിപ്രായത്തില്‍ സാധനയില്‍ ശ്രവണം, മനനം, നിദിദ്ധ്യാസനം എന്നീ മൂന്നു ഘടകങ്ങളാണുള്ളത്. ഗുരുമുഖത്തുനിന്ന് അര്‍ത്ഥത്തോടുകൂടി കേള്‍ക്കുന്നത് ശ്രവണം, ശ്രവിച്ചത് മനനം ചെയ്തുറപ്പിക്കുക, മനനം ചെയ്തുറപ്പിച്ചതിനെ ധ്യാനിച്ച് സാക്ഷാത്കരിക്കുക. ഇത്തരമൊരു ധ്യാനമാണ് ജീവിതത്തിനാവശ്യം. അതാണ് ഈ തലമുറയ്ക്ക് നഷ്ടപ്പെടുന്നതും. ബോധത്തില്‍നിന്ന് അവബോധത്തിലേയ്ക്ക് നാം നീങ്ങേണ്ടിയിരിക്കുന്നു. അവബോധം ഇല്ലാതെ വരുമ്പോഴാണ് ജീവിതം യാന്ത്രികമായിത്തീരുന്നത്. ആത്മാവില്‍നിന്ന് ജനിച്ചത് ആത്മാവാണെന്ന് പാടിയുറപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പുരമുരകളില്‍നിന്ന് സുവിശേഷം പ്രസംഗിക്കുവാനാണ് നമ്മുടെ വിളി. ഈ നൂറ്റാണ്ട് പ്രാധാന്യം കല്‍പ്പിക്കുന്നത് വാക്കുകളേക്കാള്‍ ജീവിതങ്ങള്‍ക്കാണ്. സ്നേഹത്തില്‍ ചാലിച്ച വാക്ക്, വിശ്വസ്തതയുടെ ഹൃദയം, കനിവ് പകരുന്ന നോട്ടം എന്നതിന്‍റെയൊക്കെ ആകെ തുകയാവണം ജീവിതം. വാഴ്ത്തപ്പെട്ട ചാള്‍സ് ഡീഫൊക്കാള്‍ഡ് പറയുന്നതിങ്ങനെയാണ്: "നിന്‍റെ വിളി സുവിശേഷം പ്രഘോഷിക്കലാണ് അത് വാക്കുകള്‍കൊണ്ടാവാതിരിക്കട്ടെ. പിന്നെയോ, ജീവിതംകൊണ്ട്."

ജീവിതം ആഘോഷങ്ങളുടേതാവണം. ആഘോഷം ആത്മീയതയില്‍ അടിയുറച്ചതാകണം. ഇത് കൂടുതല്‍ നിറം പകരുന്ന ചിന്തയാണ്. നിങ്ങള്‍ ദൈവാലയങ്ങളാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും പൗലോസ്ശ്ലീഹാ ഉദ്ഘോഷിക്കുന്നതും ഈ അര്‍ത്ഥത്തിലാണ്. നമ്മുടെ ദൈവാലയ പരികര്‍മ്മ ശുശ്രൂഷയിലെന്നപോലെ തൈലം പൂശപ്പെടുമ്പോള്‍ മറ്റൊരു ദൈവാലയമായി നാമും വാഴ്ത്തപ്പെടുന്ന മഹനീയ വേളയാണ് തൈലാഭിഷേകം. ദൈവം ഉള്ളില്‍ വസിക്കുമ്പോള്‍, ദൈവാത്മാവ് നമ്മില്‍ വാഴുമ്പോള്‍ നാം നിരാശപ്പെടുന്നെങ്കില്‍ അതിനര്‍ത്ഥം നാം ഒരു പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു എന്നാണ്.

നിശ്ചലതയുടെ ജീവിതം നയിക്കുക. അതായത് മിഴികള്‍ പൂട്ടി ക്രിസ്തുവിനെ ധ്യാനിക്കുക. മിഴികള്‍ പൂട്ടുക എന്നാല്‍ പഞ്ചേന്ദ്രിയങ്ങളും ഒപ്പം ഞാനെന്ന ഭാവവും. പരിശുദ്ധാത്മാവിന്‍റെ കാരുണ്യം നമ്മുടെ ഉള്ളിലെത്തുന്ന വെളിച്ചമാണെന്നും അത് അണഞ്ഞുപോകുകയോ നമ്മെ അപകടത്തിലേയ്ക്ക് നയിക്കുകയോ ഇല്ലെന്ന ബോധ്യത്തിലേക്കും അപ്പോള്‍ നാം എത്തിച്ചേരും. അതിന്‍റെ ഫലമോ നമ്മുടെ ഉള്ള് അലൗകികമായ ശാന്തിയും സമാധാനവും കൊണ്ട് നിറയും.

ദൈവാത്മാവിന്‍റെ വിവിധ വിശേഷണങ്ങള്‍ ഏശയ്യാ പ്രവാചകന്‍ ക്രിസ്തുവിനെക്കുറിച്ച് പറയുമ്പോള്‍ അവതരിപ്പിക്കുന്നുണ്ട്. "കര്‍ത്താവിന്‍റെ ആത്മാവ് അവന്‍റെമേല്‍ വരും. ജ്ഞാനത്തിന്‍റെ, വിവേകത്തിന്‍റെ, ഉപദേശത്തിന്‍റെ, ശക്തിയുടെ, അറിവിന്‍റെ, ദൈവഭക്തിയുടെ ആത്മാവ്. ഈ ആത്മാവാണ് പ്രവാചകരുടെ അന്തരംഗത്തില്‍ വിളക്കുകൊളുത്തി അസമത്വത്തിനെതിരെ ഗര്‍ജ്ജിക്കുവാന്‍ പ്രാപ്തരാക്കിയത്; ന്യായാധിപന്മാരെ നേര്‍വഴികാട്ടിയത്, രാജാക്കന്മാരെ നീതിനിര്‍ണ്ണയത്തിന് പ്രാപ്തരാക്കിയത.് ഈ പാവനാത്മാവ് തന്നെയാണ് പുതിയനിയമത്തില്‍ മിശിഹായെ നയിച്ചതും. ഉത്ഥാനശേഷം ക്രിസ്തു ലോകത്തിനു നല്‍കിയ ഏറ്റവും മനോഹരമായ സമ്മാനമായിരുന്നു അവന്‍റെ ആത്മാവ്. അതായിരുന്നു അവന്‍റെ ശിഷ്യരുടെ വീര്യവും. ഈ ആത്മാവിനെ തന്നെയാണ് അവന്‍ നമുക്ക് പകര്‍ന്നതും.

ഹൈന്ദവ വിശ്വാസത്തില്‍ കാവ് എന്നത് സര്‍പ്പദൈവങ്ങളുടെ വാസസ്ഥലമാണ്. പുണ്യമായി കാത്തുസൂക്ഷിച്ചിരുന്നു അവ. കാലം ഏറെക്കഴിഞ്ഞപ്പോള്‍ വികസനവാദികള്‍ അത് കൈയ്യടക്കി. അങ്ങനെ ദൈവങ്ങളുടെ ഇരിപ്പിടം മനുഷ്യന്‍ കീഴടക്കി. സുഗതകുമാരിയുടെ 'കാവുതീണ്ടല്ലേ' എന്ന ലേഖനസമാഹാരത്തില്‍ എഴുത്തുകാരി ചൂണ്ടിക്കാണിക്കുന്ന ഒരു സത്യമാണിത്. കാവു കാക്കുന്നത് വിഡ്ഢിത്തമെന്ന് വികസന വാദികള്‍ പറഞ്ഞു. ജനം അതനുസരിച്ചു. ഫലമോ നദികള്‍ വറ്റിയെന്ന് നീറിക്കരഞ്ഞുകൊണ്ടാണ് പ്രകൃതിസ്നേഹിയായ എഴുത്തുകാരി വിനാശകരമായ വികസനത്തെ വിവരിക്കുന്നത്. കാവുതീണ്ടിയപ്പോള്‍ കുളം വറ്റി. നമ്മുടെ ആത്മീയജീവിതത്തിന്‍റെ നേര്‍ക്കാഴ്ച്ചയാണിത്. ദൈവാലയ സങ്കല്‍പ്പങ്ങള്‍ മനസ്സിനും ശരീരത്തിനും നഷ്ടപ്പെട്ടപ്പോള്‍ ദൈവത്തിനിടമില്ലാതായി. ഇനിയൊരാവര്‍ത്തികൂടി പൗലോസ്ശ്ലീഹായുടെ വാക്കുകള്‍ ഓര്‍മ്മിക്കാം. ചിലപ്പോള്‍ അത് നമ്മില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാം: "നിങ്ങള്‍ ദൈവത്തിന്‍റെ ആലയങ്ങളാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ..."

സഭയുടെ പാരമ്പര്യം വ്യക്തമാക്കുന്നത് ഒരുവന് ഈ ലേപനം ആവശ്യമാണെന്ന് തന്നെയാണ്. സഭാപിതാവായ സിപ്രിയാന്‍ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്, 'പരിശുദ്ധാത്മാവിന്‍റെ ആവാസം ഒരുവനെ പിതാവായ ദൈവത്തിന്‍റെ, അഭിഷിക്തനാക്കുകയും ഒപ്പം ക്രിസ്തുവിന്‍റെ കൃപ അവനില്‍ നിറയ്ക്കുകയും ചെയ്യുന്നുവെന്നാണ്. ഒരുവന്‍ ഇപ്രകാരം അഭിഷിക്തനെങ്കില്‍ അവനില്‍ പ്രവാചകദൗത്യമുണ്ട്. അപ്പോള്‍ ലോകത്തിന്‍റെ അസമത്വങ്ങള്‍ക്കും ദുര്‍നടത്തിപ്പുകള്‍ക്കുമെതിരായി അവനും പോരാടേണ്ടിയിരിക്കുന്നു.

നാളുകള്‍ കടന്നു പോകുന്തോറും ഭൂമിയുടെ രക്ഷാകവചമായ ഓസോണിന് വിള്ളല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓക്സിജന്‍റെ വകഭേദമാണ് ഓസോണ്‍. അത് സൗരോര്‍ജ്ജത്തില്‍ നിന്നും ഭൂമിയുടെ മേല്‍ പതിക്കുന്ന വിഷകിരണങ്ങളെ തടഞ്ഞു നിര്‍ത്തുന്നു. ഓസോണ്‍ അണുക്കളെ വിഘടിപ്പിക്കുന്നത് ക്ലോറോ ഫ്ളൂറോ കാര്‍ബണ്‍ (C F C) എന്ന വിഷവസ്തുവും. ഇതിന്‍റെ ഉത്ഭവം മനുഷ്യനില്‍ നിന്നത്രേ. മനുഷ്യന്‍ സുഖത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ തന്‍റെ വലിയ വീടിനെ മറന്നുപോകുന്നു. ഇതിന്‍റെ പരിണതഫലം ശാസ്ത്രജ്ഞര്‍ വിവരിക്കുന്നതിങ്ങനെയാണ്: സൂര്യനില്‍നിന്ന് അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഭൂമിയിലേക്ക് പതിക്കുകയും തത്ഫലമായി ക്യാന്‍സര്‍, തിമിരം തുടങ്ങിയ മാരകരോഗങ്ങള്‍ മനുഷ്യന് സമ്മാനിക്കുകയും ചെയ്യും. ഇത് പ്രകൃതിയില്‍നിന്നുള്ള പാഠമെങ്കില്‍ ഇതിന് സമാനമാണ് നമ്മുടെ ജീവിതവും. ജീവിതത്തില്‍ നന്മയുടെ വിളക്കുകള്‍ അണഞ്ഞ് ദൈവത്തെ തേടണം എന്ന ആഗ്രഹം പോലുമില്ലാതെ നിരാശയോടെ നടക്കുമ്പോഴും സത്യത്തെ വളച്ചൊടിച്ച് അസൂയയോടെ അപരന്‍റെ വളര്‍ച്ചയ്ക്ക് വിഘാതമായി നില്‍ക്കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. നമ്മുടെ സമൂഹത്തില്‍ അസമത്വത്തിന്‍റെ, അനീതിയുടെ, അശ്ലീലതയുടെ ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നു. ദൈവാത്മാവിന്‍റെ ഇരിപ്പിടം നഷ്ടപ്പെട്ടിരിക്കുന്നു. നന്മയുടെ വെളിച്ചം കെട്ട് കരിന്തിരി കത്തുവാന്‍ തുടങ്ങിയിരിക്കുന്നു. എങ്കിലും ഇനിയും ഒത്തിരിയേറെ യാത്ര ചെയ്യുവാനുണ്ട്. ശരീരം ദൈവാത്മാവിന്‍റെ വാസസ്ഥലമാണെന്ന മനോഹരമായ യാഥാര്‍ത്ഥ്യത്തിലേക്ക് നടക്കാം. തകര്‍ന്നു തരിപ്പണമായി കിടക്കുന്ന ദൈവാലയങ്ങള്‍ പുതുക്കിപ്പണിയാം. അതിനുള്ളില്‍ ദൈവാത്മാവിനെ കുടിയിരുത്താം. ഒപ്പം മുമ്പുപറഞ്ഞ ഒരു ചിന്തകൂടി മനസ്സില്‍ സൂക്ഷിക്കാം, "കാവുതീണ്ടല്ലേ, കുളം വറ്റും." 

You can share this post!

സ്നാനം

ഫാ. തോമസ് പട്ടേരി
അടുത്ത രചന

പ്രാര്‍ത്ഥന : 1

ഡോ. ജെറി ജോസഫ് OFS
Related Posts