news-details
അധ്യാത്മികം

ബലി ആത്മദാനമാണ്. ആത്മദാനം പുതുജീവനിലേക്കുള്ള പ്രയാണവുമാണ്. പൗരാണിക ഭാരതത്തിന്‍റെ യജ്ഞസങ്കല്പങ്ങളുടെ അടിസ്ഥാനവും ഇതുതന്നെയായിരുന്നു. വിലപ്പെട്ടതു ദൈവത്തിനര്‍പ്പിച്ച് അതിനെ അമൂല്യവും അനശ്വരവുമാക്കുകയായിരുന്നു ഓരോ യാഗവും. ഈ യാഗങ്ങളെല്ലാം ത്യാഗമെന്ന തത്വത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. സ്വയം പീഡകള്‍ ഏറ്റെടുത്ത് അന്യനെ ഗ്രസിച്ച മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയായിരുന്നു ഓരോ യാഗവും. ഋഗ്വേദവും ഗീതയുമെല്ലാം ഇത്തരം ഭാരതീയ ആദ്ധ്യാത്മികതയ്ക്ക് ബലം പകരുന്നതായിരുന്നു. ആദ്ധ്യാത്മികതയുടെ ഈ പുണ്യഭൂമിയില്‍ ക്രൈസ്തവികതയ്ക്കു വേരുപിടിക്കാന്‍ എളുപ്പമായിരുന്നു. കാരണം സങ്കല്പങ്ങള്‍ക്കും അവയില്‍ നിന്നുരുത്തിരിയുന്ന മൂര്‍ത്തരൂപങ്ങള്‍ക്കും മുകളിലായിരുന്നു എന്നും ജീവിക്കുന്ന ദൈവത്തിന്‍റെ സ്ഥാനം. ആത്മദാനം പുതുജീവനിലേക്കുള്ള പ്രയാണമാണെന്ന സത്യമായിരുന്നു അവന്‍റെ ബലിയര്‍പ്പണത്തിലൂടെ ലോകം തിരിച്ചറിഞ്ഞ സത്യം.

ബലിയെന്ന പദത്തിനു നല്കുന്ന അര്‍ത്ഥങ്ങള്‍ ഒത്തിരിയുണ്ടെങ്കിലും അതിന്‍റെ പരിണതഫലങ്ങളാണ് എന്നും കൗതുകത്തോടെ വീക്ഷിക്കുന്നത്. മിശിഹായുടെ ബലിയുടെ ഉദ്ദേശ്യവും ലക്ഷ്യവും അതിന്‍റെ പൂര്‍ണതയില്‍ തിരിച്ചറിയാന്‍ പരിശ്രമിക്കുമ്പോള്‍ അവന്‍റെ ബലി അസമത്വങ്ങള്‍ക്കെതിരായിരുന്നു എന്ന ചിന്തയിലൂടെ കടന്നുപോകുവാന്‍ നമ്മള്‍ പ്രേരിതരാകും. അവന്‍ മരിച്ചത് മനുഷ്യനെ അവന്‍റെ ശ്രേഷ്ഠതയിലേക്ക് ഉയര്‍ത്താനായിരുന്നു. പാപത്താല്‍ ചുറ്റപ്പെട്ട മനുഷ്യവര്‍ഗ്ഗത്തെ രക്ഷിക്കുക എന്നതിനൊപ്പം അവരെ കാര്‍ന്നുതിന്നുകൊണ്ടിരുന്ന സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ തകര്‍ക്കുക എന്നതുമായിരുന്നു അവന്‍റെ ബലിയുടെ ഉദ്ദേശ്യം. അവന്‍ ദരിദ്രര്‍ക്കു സുവിശേഷമായി, ബന്ധിതര്‍ക്കു മോചനമേകി, അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും നല്കി. റോമന്‍ സാമ്രാജ്യത്തിന്‍റെ ക്രൂരതകള്‍ക്കധീനമായിരുന്ന ഒരു ജനതയായിരുന്നു മിശിഹായുടെ കാലത്തു ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവന്‍റെ സദ്വാര്‍ത്ത അവരെയും ഉള്‍ക്കൊണ്ടു. അവരുടെ സങ്കടങ്ങളും പരാതികളുമെല്ലാം അങ്ങനെ ദൈവരാജ്യത്തിന്‍റെ വിഷയങ്ങളായി മാറി. അതുവഴി അവന്‍റെ ബലി സാര്‍വ്വത്രികമായി, ലോകത്തിന്‍റെ അന്ധതയ്ക്കെതിരായിത്തീരുകയും ചെയ്തു.

പാപം ഉണ്ടാക്കിയ വേര്‍തിരിവ് -ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം - മിശിഹാ തന്‍റെ ജീവന്‍ നല്കി കൂട്ടിച്ചേര്‍ത്തു. പാപം അടിമത്തമായിരുന്നു. അതു ദൈവസ്നേഹത്തില്‍നിന്നും മനുഷ്യനെ അടര്‍ത്തിമാറ്റി. അതുവഴി ദൈവവും മനുഷ്യനും തമ്മിലുണ്ടായ അഗാധഗര്‍ത്തം മിശിഹാ തന്‍റെ ശരീരവും രക്തവും നല്കി കൂട്ടിയോജിപ്പിച്ചു. പിന്നീട് അവന്‍ മനുഷ്യനെ 'സ്നേഹിതാ' എന്നു വിളിച്ചു. മനുഷ്യകുലത്തെ ദൈവത്തോളം അവനുയര്‍ത്തി. വി. പൗലോസ് പറയുന്നു: "നിങ്ങള്‍ ദൈവങ്ങളാണെന്നും ദൈവാത്മാവു നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങളറിയുന്നില്ലേ."പാപമുണ്ടാക്കിയ അസമത്വം മിശിഹാ നീക്കി, എന്നന്നേക്കുമായി.  സ്നേഹിതനെന്നു വിളിച്ചുകൊണ്ട് മിശിഹാ മനുഷ്യനെ ദൈവസന്നിധിയിലേക്കുയര്‍ത്തി. അങ്ങനെ അവനു ദൈവം വീണ്ടും സമീപസ്ഥനായി. ദൈവത്തിലേക്കുയരുന്നത് ബലിചൈതന്യത്തില്‍ നിന്നാണ്. ആദ്ധ്യാത്മികവും മാനുഷികവുമായ ബലികളിലൂടെ മാത്രമേ അവനു ദൈവത്തില്‍ ചെന്നെത്താനാവൂ. ഈ രണ്ടു ബലികളുടെയും സങ്കലനമാണ് വിശുദ്ധ കുര്‍ബാന. മദ്ബഹായുടെ കവാടത്തില്‍ നിന്നുകൊണ്ടുള്ള പുരോഹിത പ്രാര്‍ത്ഥന ബലിയര്‍പ്പണത്തിന്‍റെ രണ്ടു തലങ്ങളും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആദ്ധ്യാത്മികബലിയുടെ പടി ചവിട്ടിക്കയറണമെങ്കില്‍ മാനുഷികബലി സഹായകമാകേണ്ടിയിരിക്കുന്നു. വി. ബലിയില്‍ ബലിവസ്തുക്കള്‍ അര്‍പ്പിക്കുന്ന പുരോഹിതനൊപ്പം സ്വയം സമര്‍പ്പിക്കുന്നതാണു മാനുഷികബലി. ജീവിതത്തിന്‍റെ സന്തോഷങ്ങളും സഹനങ്ങളും ക്ലേശങ്ങളും കോര്‍ത്തിണക്കി അള്‍ത്താരയിലര്‍പ്പിക്കപ്പെടുന്ന ബലിവസ്തുക്കളോടൊപ്പം ചേര്‍ത്തുവയ്ക്കുമ്പോള്‍ ക്രൈസ്തവന്‍റെ ബലി പൂര്‍ണ്ണമാകും. അപ്പോള്‍ മിശിഹാ അതിനെ പവിത്രീകരിക്കും. പവിത്രീകരിക്കപ്പെട്ട ഭൗമികജീവിതം പിന്നീടു സകലര്‍ക്കും വെളിച്ചമായിത്തീരും.

വി. കുര്‍ബാനയെക്കുറിച്ചു പറയുമ്പോള്‍ സത്താപരമായ മാറ്റം എന്ന പദത്തിന്‍റെ അര്‍ത്ഥം കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിശുദ്ധ കുര്‍ബാനയില്‍ അര്‍പ്പിക്കപ്പെടുന്ന ഓസ്തിയുടെയും വീഞ്ഞിന്‍റെയും സത്ത മുഴുവനും മിശിഹായുടെ ശരീരവും രക്തവുമായി മാറുന്നു. എന്നാല്‍ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും അടയാളങ്ങള്‍ മാത്രം പിന്നീടു നിലനില്‍ക്കുന്നു. അത്ഭുതാവഹമായ പ്രതിഭാസമാണിത്. ബാഹ്യനേത്രങ്ങള്‍ക്കഗ്രാഹ്യമായ ഈ ദിവ്യരഹസ്യത്തിനു മുമ്പില്‍ ധ്യാനപൂര്‍വ്വം മിഴികള്‍ പൂട്ടുമ്പോള്‍ ഈ മാറ്റത്തിന്‍റെ സ്വഭാവം നമ്മുടെ ഉള്ളില്‍ തെളിഞ്ഞുവരും. അപ്പോള്‍ ഈ മാറ്റം ഭൗമികമല്ലെന്നും സമഗ്രമാണെന്നും അതുല്യമാണെന്നുമുള്ള തിരിച്ചറിവില്‍ നമ്മള്‍ എത്തിച്ചേരും. ബലിയില്‍ അര്‍പ്പണവസ്തുക്കള്‍  നമ്മുടെ ജീവിതം തന്നെയാകണം. അപ്പോള്‍ സത്താപരമായ മാറ്റം നമ്മുടെ ഉള്ളിലും നടക്കും. ആ മാറ്റം മറ്റൊരു ക്രിസ്തുവായിത്തീരുന്ന വേദിക്കു വഴിയൊരുക്കും. ദിവ്യകാരുണ്യം സ്വീകരിച്ച് മറ്റൊരു ദിവ്യകാരുണ്യമായി നമ്മള്‍ മാറും. ഇത് അവഗണിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും വിമോചനത്തിനു വേണ്ടിയുള്ള സമര്‍പ്പണത്തിലേക്കു നയിക്കും. അവരെ സഹായിക്കുക എന്നുള്ളത് ഔദാര്യമല്ല, ഉത്തരവാദിത്തമാണെന്നുള്ള ചിന്ത അപ്പോള്‍ ഉള്ളില്‍ വിരിയും. അപ്പോള്‍ ബലിയില്‍ കര്‍ത്താവിന്‍റെ ശരീരരക്തങ്ങള്‍ പങ്കുവച്ചവര്‍ അനുദിനജീവിതത്തില്‍ അന്നന്നത്തെ അപ്പം പങ്കുവയ്ക്കുന്നവരാകും"(ജോണ്‍പോള്‍ രണ്ടാമന്‍).

ബലി അസമത്വങ്ങള്‍ക്കെതിരെയാകണം. അപ്പസ്തോലന്മാര്‍ ആദിമസമൂഹത്തിനു വേണ്ടി ജീവിച്ചതിന്‍റെ പ്രേരണാശക്തി ഇതായിരുന്നു. തങ്ങളുടെ പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും സമൂഹത്തിലുണ്ടായിരുന്ന സകല അസമത്വങ്ങളെയും അവര്‍ ചെറുത്തു. അസമത്വങ്ങളും വിഭാഗീയതയും കൊണ്ടു നിറഞ്ഞ ഒരു സമൂഹമായിരുന്നു കൊറീന്ത്യരുടേത്. തര്‍ക്കങ്ങളും വലിപ്പച്ചെറുപ്പങ്ങളും ഉള്ളില്‍ കൊണ്ടുനടന്നിരുന്ന ഒരു ജനമായിരുന്നു അവര്‍. ധനികരും ദരിദ്രരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കര്‍ത്താവിന്‍റെ അത്താഴമേശയ്ക്കു ചുറ്റും ഏവരും സമ്മേളിച്ചിരുന്നു. പക്ഷേ ഭിന്നതകളായിരുന്നു അവരുടെ അത്താഴം. ഒന്നായിത്തീരാനുള്ള അവസരം അവര്‍ക്ക് ശൈഥല്യമായിരുന്നു. അത്താഴമേശയില്‍ നിന്നും ചിലര്‍ വിശന്നും ദാഹിച്ചും തിരികെ പോയി. മറ്റു ചിലര്‍ തിന്നുകുടിച്ച് ഉന്മത്തരായി. ധനിക-ദരിദ്ര വേര്‍തിരിവ് പ്രകടമാകുകയായിരുന്നു ഇവിടെ. ദരിദ്രര്‍ക്കു ഭക്ഷണം കിട്ടാതെ വരികയോ തികയാതെ വരുകയോ ചെയ്തു. ദരിദ്രരോടുള്ള ഈ അവഗണനയ്ക്കെതിരെയായിരുന്നു പൗലോസ് ശ്ലീഹാ കൊറീന്തോസിലെ സഭയെ വിമര്‍ശിക്കുന്നത്. മിശിഹായുടെ അന്ത്യത്താഴത്തിന്‍റെ ചിന്തകള്‍ ശ്ലീഹാ അവരുമായി പങ്കുവച്ചു. അവന്‍റെ അത്താഴമേശയ്ക്കു ചുറ്റും അവനെ തള്ളിപ്പറയാനിരുന്നവരും ഒറ്റിക്കൊടുക്കാനിരുന്നവനുമുണ്ടായിരുന്നു. എന്നിട്ടും മിശിഹായുടെ സ്നേഹം കരുതലുള്ളതായിരുന്നു. അവന്‍ ഇരുകൂട്ടര്‍ക്കും ഒരുപോലെ ദിവ്യഭക്ഷണമായിത്തീരുന്നു. ആ അത്താഴമേശയില്‍ അവഗണനയില്ലായിരുന്നു. സ്വാര്‍ത്ഥതയും ഇല്ലായിരുന്നു. അത് ഐക്യത്തിന്‍റെ വേദിയായിരുന്നു.

ഉള്ളിന്‍റെ അന്ധത നീങ്ങുമ്പോള്‍ അപരനെ കാണുവാന്‍ ഉള്ളൊരുങ്ങും. കാഴ്ച ലഭിക്കാനുള്ള അഞ്ചനം എന്നില്‍നിന്നു ചോദിച്ചുവാങ്ങുവാന്‍ മിശിഹാ പറയുന്നതും അതുകൊണ്ടാണ്. ഉള്ളിന്‍റെ കാഴ്ച തെളിയുവാന്‍ മിശിഹായുടെ ബലിപീഠത്തെ സമീപിക്കേണ്ടിയിരിക്കുന്നു. ഒരു ബലിപീഠസംസ്കാരം എന്നു നമ്മില്‍ നിറയുമോ അന്നു മാത്രമേ മിശിഹായായി ജീവിക്കുവാന്‍ നമുക്കു സാധിക്കൂ. അതു സാധ്യമാകുന്നിടത്തോളം മിശിഹാ ഒരപരിചിതനായിരിക്കും; അവന്‍റെ ബലി നാടകീയത നിറഞ്ഞതും.

"ക്രിസ്തു ഭീകരാക്രമണത്തെ എങ്ങനെ നേരിടും?" വടക്കന്‍ നെയ്റോബിയിലെ ക്രൈസ്തവനേതാക്കള്‍ പുറപ്പെടുവിച്ച സന്ദേശത്തിലെ ഒരു ചോദ്യമായിരുന്നു ഇത്. ഭീകരത തിങ്ങിനിറഞ്ഞ ഇക്കാലത്ത് മിശിഹാ ജീവിച്ചിരുന്നെങ്കില്‍ അവന്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഇപ്രകാരമായിരിക്കും: "നിങ്ങള്‍ പ്രതികാരം ചെയ്യരുത്. കാരണം പ്രതികാരം നിങ്ങളുടേതല്ല. എവിടെയെങ്കിലും അക്രമം നേരിടുകയാണെങ്കില്‍ സമാധാനം കൊണ്ട് അതിനെ ചെറുക്കുക. നിങ്ങളുടെ സഹോദരീസഹോദരന്മാരുടെ കാവല്‍ക്കാരായിത്തീരുക. ഞാന്‍ സഹോദരന്‍റെ കാവല്‍ക്കാരനാണോ എന്ന കായേന്‍റെ ചോദ്യം പ്രസക്തമാകുന്നത് മിശിഹായുടെ ജീവിതബലിയിലൂടെയായിരുന്നു. കാവലാളാകാനുള്ള വിളിയാണ് ഓരോ ബലിയും നല്കുന്നത്. ആ വിളി മുറിപ്പെടുത്താനുള്ളതാണ്, രക്തം ചിന്തുവാനുള്ളതാണ്. സ്വയം മുറിപ്പെട്ടെങ്കിലേ സഹോദരനെ സുഖപ്പെടുത്താനാകൂ. പഴങ്കഥകളില്‍ പറയുന്നതുപോലെ മിശിഹായുടെ തിരുവിലാവില്‍ കുന്തം കൊണ്ടു കുത്തിയ പടയാളിയുടെ അന്ധത ബാധിച്ച കണ്ണ് അവന്‍റെ രക്തം കൊണ്ട് സുഖപ്പെട്ടതതുപോലെ നമ്മില്‍നിന്നും രക്തം ചിന്തപ്പെട്ടെങ്കിലേ അപരന്‍ സ്വതന്ത്രനാകൂ. അവനെ വരിഞ്ഞുമുറുക്കിയ അസമത്വങ്ങളുടെ കെട്ടു പൊട്ടിച്ചെറിയുവാന്‍ അവനു സാധ്യമാകൂ.

*** *** ***

ഒരു പണ്ഡിതന്‍ വാക്കുകളുടെയും ആശയങ്ങളുടെയും മേല്‍ മണിക്കൂറുകള്‍ ചെലവഴിച്ചാലും അവന്‍റെ നെഞ്ച് സ്നേഹം കൊണ്ട് കുതിര്‍ന്നില്ലെങ്കില്‍ എന്തു പ്രയോജനം? സന്ന്യാസി കാഷായവേഷം ധരിച്ചാലും അകം നിറംകെട്ടതാണെങ്കില്‍ അതുകൊണ്ട് എന്തു പ്രയോജനം? ധാര്‍മ്മികമായ പെരുമാറ്റം തിളങ്ങുവോളം തേച്ചുമിനുക്കിയാലും ഉള്ളില്‍ സംഗീതമില്ലെങ്കില്‍ എന്തു പ്രയോജനം...
കബീര്‍      

You can share this post!

സ്ഥൈര്യം

ഫാ. തോമസ് പട്ടേരി
അടുത്ത രചന

പ്രാര്‍ത്ഥന : 1

ഡോ. ജെറി ജോസഫ് OFS
Related Posts