മാതൃത്വത്തിന്‍റെ മനോഹാരിതയും ഭ്രാതൃത്വത്തിന്‍റെ ഊഷ്മളതയും സമജ്ഞസമായി സമ്മേളിച്ച വിശുദ്ധ ജീവിതമാണ് അല്‍ഫോന്‍സാമ്മ. ഭരണങ്ങാനം ഭാരതത്തിന്‍റെ ലിസ്യു ആയി മാറിയത് എ. കെ. അന്ന എന്ന സി. അല്‍ഫോന്‍സ വിശുദ്ധ അല്‍ഫോന്‍സയായി തീര്‍ന്നപ്പോഴാണ്. കന്യകാലയത്തിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിതം ഒതുക്കി തീര്‍ത്തവളെന്ന് ലോകം വിലയിരുത്തിയ സൗന്ദര്യധാമം ആത്മീയജീവിതത്തിന്‍റെ കൊടുമുടി കയറുകയായിരുന്നുവെന്ന് ലോകം തിരിച്ചറിഞ്ഞത് കാലങ്ങള്‍ക്കുശേഷം. തമസ്കരിക്കാനാവാത്ത ആ സത്യം അതിന്‍റെ സകല ആഘോഷങ്ങളോടും സ്വാതന്ത്ര്യങ്ങളോടും കൂടി ലോകത്തോട് വിളിച്ചു പറഞ്ഞു, അല്‍ഫോന്‍സാമ്മ വിശുദ്ധയാണ്.
വിശുദ്ധയായി ജനിച്ചവളായിരുന്നില്ല അല്‍ഫോന്‍സാമ്മ പക്ഷേ, 'വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും' എന്ന തിരുവചനത്തിന് (ജ്ഞാനം 6:10) സ്വന്തം ജീവിതംകൊണ്ട് നാനാര്‍ത്ഥങ്ങളും ബഹുവചനങ്ങളും നല്‍കിയവളാണ് അല്‍ഫോന്‍സാമ്മ. അന്നക്കുട്ടിയില്‍ നിന്ന് പുണ്യവതിയിലേക്കുള്ള ദൂരം സന്ന്യാസസമര്‍പ്പണത്തിന്‍റെ പാതയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കനല്‍ ചൂടേററ്, ജന്മകര്‍മ്മബന്ധങ്ങളെ പിന്നിലുപേക്ഷിച്ച് സധൈര്യം മുന്നോട്ട് ചുവടുവെച്ച് നീങ്ങിയവളാണ് അല്‍ഫോന്‍സാമ്മ. കണ്‍മുന്നിലുള്ളത് കാല്‍വരിനാഥന്‍ മാത്രം, എന്നിട്ടും തിരിഞ്ഞുനോക്കാതെ തിരിച്ച് ചിന്തിക്കാതെ ക്രൂശിതനിലേക്കുള്ള നിരന്തരമാനസാന്തരത്തിന്‍റെ യാത്രയായിരുന്നു അവളുടെ ജീവിതം. ജന്മസുകൃതങ്ങളും കര്‍മ്മപുണ്യങ്ങളും കൊണ്ട് അനുദിനം വിശുദ്ധീകരിക്കപ്പെട്ട പുണ്യജീവിതം. ആത്മശരീരമനസ്സുകളെ ആത്മശോധനയില്‍ സ്നാനം ചെയ്ത് അനുദിനം അര്‍പ്പിക്കപ്പെട്ട അള്‍ത്താരയിലെ ദിവ്യബലിയില്‍ സ്വയം ബലിവസ്തുവായി മാറിയ ജീവിതം.
ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളിലും തിക്തതകളിലും അപരനിലേക്ക് വിരല്‍ചൂണ്ടാതെ ആത്മനൊമ്പരങ്ങളൊക്കെയും അള്‍ത്താരയില്‍ അര്‍പ്പിച്ച ധീരജന്മം. മറ്റുള്ളവര്‍ തങ്ങളുടെ ഇഷ്ടംപോലെ എന്തും പറഞ്ഞുകൊള്ളട്ടെ, എന്നെ സംബന്ധിച്ച് ഞാന്‍ അത് കേള്‍ക്കണമെന്ന് തിരുചിത്തമായ ദൈവത്തിന് നന്ദിപറയും എന്നു പറഞ്ഞ് ആത്മനവീകരണത്തിന്‍റെ നവീനപാത തുറന്നുതന്ന പുണ്യജീവിതം.
ഒരു മുഴം കയറില്‍ ജീവിതം ഒടുക്കാന്‍ മടിക്കാത്ത ആധുനിക ലോകത്തിന് മുന്‍പില്‍ ജീവിതം മുഴുവന്‍ സഹനത്തിന്‍റെ നൊമ്പരങ്ങളേറ്റുവാങ്ങി സ്നേഹപൂക്കളാക്കി മാറ്റിയ അല്‍ഫോന്‍സാമ്മ മാതൃകയും ഒപ്പം വെല്ലുവിളിയുമാണ്. അന്യമായ അമ്മിഞ്ഞപ്പാലില്‍ തുടങ്ങുന്ന അവളുടെ സഹനജീവിതം. പാറയിടുക്കകളിലൊക്കെ തട്ടിത്തെറിച്ചും ഇടിച്ചുമറിഞ്ഞും കടന്നുവന്ന കൂര്‍ത്തമുനയുള്ള കൊച്ചുപാറക്കഷ്ണങ്ങളൊക്കെ നല്ല ഉരുളന്‍ കല്ലുകളായി സ്വീകരണമുറിയുടെ അലങ്കാരമേശകളിലും ഷോക്കേസുകളിലും ആകര്‍ഷകവസ്തുവായി മാറുന്നപോലെ അനുദിനജീവിതത്തിന്‍റെ സാധാരണ വേദനകളിലും ജീവിതയാഥാര്‍ത്ഥ്യങ്ങളിലും തട്ടിയും മുട്ടിയും ഇടിച്ചും തുടിച്ചും പാകപ്പെടുത്തപ്പെട്ട അല്‍ഫോന്‍സാമ്മ. ഒരിക്കല്‍ അവള്‍ ഭരണങ്ങാനം മഠത്തിലെ ഒരു അംഗം മാത്രമായിരുന്നെങ്കില്‍ ഇന്നവള്‍ ലോകത്തിന്‍റെ സ്വന്തമാണ്. സന്ന്യാസഭവനത്തിന്‍റെ ആവൃതിക്കു പുറത്തേയ്ക്ക് അധികമൊന്നും ഇറങ്ങിയില്ല. പക്ഷേ ഇന്ന് ആ ആവൃതിയുടെ ആത്മീയസുഖം നുകരാന്‍ ജനലക്ഷങ്ങള്‍ ഒഴുകിയെത്തുന്നു. സന്ന്യാസവും ആത്മീയയാത്രകകളും ഒരുവശത്ത് അപ്രസക്തമാവുമ്പോഴും ഭരണങ്ങാനത്തേയ്ക്കുള്ള ജനപ്രവാഹത്തിന് കുറവില്ല, ആത്മീയജീവിതത്തിന്‍റെ നേര്‍സാക്ഷ്യങ്ങള്‍ക്ക് ജനസഹസ്രങ്ങള്‍ ആദരവേകുന്ന പുണ്യകാഴ്ച.
അല്‍ഫോന്‍സാമ്മയെ സഹനത്തിന്‍റെ പുത്രിയായി വാഴ്ത്തി പാടുമ്പോഴും ഞാന്‍ ഓര്‍ക്കുകയാണ് അതേ സഹനത്തിന്‍റെ അളവിനെ സ്വീകരിക്കുന്ന മറ്റാരും അള്‍ത്താരവണക്കത്തിന് ഉയര്‍ത്തപ്പെടാത്തത് എന്തേ? സഹനത്തിന്‍റെ പുത്രിയെന്ന് വിളിക്കാനാണ് എനിക്കിഷ്ടം. കാരണം സഹനമായി കാണപ്പെട്ട നിമിഷങ്ങളെയും ക്രൂശിതന്‍റെ കരങ്ങളില്‍നിന്ന് സ്വീകരിക്കുകയും 'ഇനിയും സഹനം വേണം' എന്ന് കൊതിയോടെ വാശിപിടിക്കുകയും ചെയ്ത അവള്‍ എങ്ങനെയാണ് സഹനത്തിന്‍റെ പുത്രിയായി വാഴ്ത്തപ്പെടുക? സഹനം മടുക്കാത്തവര്‍ക്ക് അത് ഭാരമല്ല, സ്നേഹമാണ്.
സഹനത്തില്‍നിന്ന് സ്നേഹത്തിലേക്കുള്ള ദൂരം എന്നില്‍നിന്ന് ദൈവത്തിലേക്കും ദൈവിക കാഴ്ചപ്പാടിലേക്കുമുള്ള ദൂരമാണ്. ക്രിസ്തുവിന്‍റെ സഹനങ്ങളെ പ്രതിബദ്ധമായി കണ്ട പത്രോസിനോട് ഈശോ പറയുന്നതും 'നിന്‍റെ ചിന്ത ദൈവികമല്ല മാനുഷികമാണ്' എന്നാണ്. മാനുഷിക ചിന്തകളിലും ദര്‍ശനങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരമിക്കുന്നവര്‍ക്കാണ് ജീവിതവും ജീവിതാനുഭവങ്ങളും കയ്പായും സഹനമായും മാറുക. കാഴ്ചപ്പാടുകള്‍ ദൈവികമാകുമ്പോള്‍ ദൈവത്തിന്‍റെ അദൃശ്യകരം എല്ലാത്തിന്‍റെയും പിന്നില്‍ ദര്‍ശിക്കുമ്പോള്‍ സഹനമായി തോന്നുന്നത് ഒക്കെ സമ്മാനമായി പരിണമിക്കും. കയ്പ്പിനെ മധുരമാക്കി മാറ്റാന്‍ ജീവിതംകൊണ്ട് പഠിപ്പിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പാരമ്പര്യം പിന്തുടരുന്ന അല്‍ഫോന്‍സ എന്ന ഫ്രാന്‍സിസ്കന്‍ സന്ന്യാസിനിക്ക് സഹനം എങ്ങനെയാണ് മധുരമാക്കാതിരിക്കാനാവുക.
അല്‍ഫോന്‍സാമ്മ കടന്നുപോന്ന വഴിത്താരകളിലൂടെയാണ് ഇന്ന് ഞാനും നിങ്ങളുമൊക്കെ യാത്ര ചെയ്യുന്നത്. വഴിയോരക്കാഴ്ചകളും പാതയോരത്തെ ഒരുക്കങ്ങളുമൊക്കെ കുറച്ചൊക്കെ വ്യത്യസ്തമായിരിക്കാമെന്ന് മാത്രം. എങ്കിലും അധികം അകലമുണ്ടാകില്ല യാത്രയിലെ അനുഭവങ്ങള്‍ക്ക്. കയ്പിനെ മധുരമാക്കാനാകുന്നുണ്ടോ എന്നതാണ് ചോദ്യം. ഉത്തരം എന്തുതന്നെയായാലും അനുദിന ജീവിതാനുഭവങ്ങളിലേക്ക് ദൈവികമാപിനികള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ കയ്പ്പൊക്കെ മധുരമാകും; സഹനങ്ങളൊക്കെ സ്നേഹമാകും. കാരണം 'ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലതും നന്മക്കായി പരിണമിപ്പിക്കുന്നു'(റോമ 8:28). ഭരണങ്ങാനം ഭാരതത്തിന്‍റെ ലിസ്യൂ ആണെങ്കില്‍, എന്നാണ് ഞാനും നിങ്ങളുമൊക്കെ ജീവിക്കുന്നയിടങ്ങള്‍ മറ്റൊരു തീര്‍ത്ഥാടനകേന്ദ്രമായി മാറുക? എന്നാണ് നമ്മുടെ ജീവിതങ്ങളൊക്കെ തിരുശേഷിപ്പുകളായി മാറുക? നാം നടക്കുന്ന വഴികളൊക്കെ മെഴുകുതിരിയേന്തി ജനസഹസ്രങ്ങള്‍ നടക്കുന്ന പുണ്യവഴികളായി മാറുക? ഈ അല്പകാലജീവിതം ഈ ഭൂമിയില്‍ പൂര്‍ത്തിയാക്കി നാം മടങ്ങുമ്പോള്‍ നമുക്ക് ഭിത്തിയില്‍ ചേര്‍ത്തുവെയ്ക്കുന്ന വെറുമൊരു പടമായിതീരണോ അതോ അനേകര്‍ക്ക് വഴി തെളിക്കുന്ന പാഠമായിത്തീരണോ? പടമാകുന്നതെല്ലാം പാഠമാകണമെന്നില്ല. പാഠമാകാം അല്‍ഫോന്‍സാമ്മയെപ്പോലെ.