വിഷാദരോഗ(depression)-ത്തിനും അതിന്‍റെ ഉച്ചസ്ഥായിയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)-ത്തിനും മരുന്നില്ലാ ചികിത്സയായി സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപം നല്‍കിയ പതിനാലുദിവസംകൊണ്ട് പൂര്‍ത്തിയാവുന്ന മനോനിലചിത്രണം (Mood Mapping) ഒന്‍പതാംദിനം പൂര്‍ത്തിയാകുന്നു. നാം നമ്മെയും നമുക്കു ചുറ്റുമുള്ള ലോകത്തെയും 'അറിയു'ന്നതിന് ഉപയോഗിക്കുന്ന 'അറിവ്' നമ്മുടെ 'മനോനില'(Mood)യെ പ്രകടമായി സ്വാധീനിക്കുന്നു. നമ്മെയും നമുക്കുചുറ്റുമുള്ള ലോകത്തെയും ശരിയായി അറിയുന്നതിനും അതുവഴി ശരിയായ പ്രസാദാത്മകമായ മനോനില കൈവരിക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങളാണ് മനോനിലചിത്രണത്തിന്‍റെ ഒന്‍പതാം ദിനം നാം പഠിക്കുക.
ഉത്കണ്ഠ ഒഴിവാക്കുന്നതിനും അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും ചില ദീര്‍ഘകാലപദ്ധതികള്‍
1. സംഭാവ്യമായ ഏറ്റം മോശം കാര്യം
നിങ്ങള്‍ക്ക് സംഭവിക്കാവുന്ന ഏറ്റം മോശം കാര്യം ഏതെന്നു ഡയറിയില്‍ കുറിക്കുക. ഏറ്റവും നല്ല കാര്യം ഏതെന്നും! ഏറ്റവും മോശം കാര്യവുമായി എങ്ങനെ പൊരുത്തപ്പെടാമെന്ന് കണ്ടെത്തുക. ഏറ്റവും മികച്ചകാര്യം എങ്ങനെ സംഭാവ്യമാക്കാമെന്നും അന്വേഷിക്കുക. നിങ്ങള്‍ക്ക് സംഭവിക്കാവുന്നതില്‍ ഏറ്റവും മോശം കാര്യം ഏതെന്ന് 'അറിഞ്ഞാല്‍' അതിനെ എങ്ങനെ നേരിടണമെന്ന് 'അറിഞ്ഞാല്‍' നിങ്ങളുടെ അതിയായ ഉത്കണ്ഠയ്ക്ക് ഏറെക്കുറെ അതോടെ ശമനമാകും. ആ 'അറിവ്' നല്ല കാര്യത്തിലേക്ക്, നിങ്ങള്‍ക്ക് സംഭവിക്കാവുന്ന ഏറ്റം നല്ല കാര്യത്തിലേക്ക് നിങ്ങളെ നയിക്കും.
2. ചില ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുക
എന്ത് നേടാന്‍ ആഗ്രഹിക്കുന്നു എന്ന് വ്യക്തമായി ചിന്തിച്ചുറപ്പിക്കുക. അത് നേടാനുള്ള ചെറിയ ചെറിയ ചുവടുകള്‍ വയ്ക്കുക. 'ആനയെ എങ്ങനെ തിന്നാം?' എന്ന ചോദ്യത്തിനുള്ള ഉത്തരം (ഓരോ 'ഉരുള' വീതം) സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ തലമുറകള്‍ പലതു കഴിഞ്ഞിട്ടും അങ്ങനെതന്നെ തുടരുന്നു. ഉറപ്പിക്കുന്ന ലക്ഷ്യങ്ങള്‍ അകലെ നില്‍ക്കുന്നതും നേടാന്‍ കഴിയാതെ പോകുന്നതും അതിലേക്കുള്ള ചുവടുകള്‍ അറിയാതെ പോകുന്നതുകൊണ്ടും ആ ചെറിയ ചുവടുകള്‍ വയ്ക്കാതെ പോകുന്നതുകൊണ്ടുമാണ്. ലക്ഷ്യം ഉറപ്പിക്കുക. അവിടേക്കുള്ള 'ദൂരം' ചെറിയ ചുവടുകളായി നിശ്ചയിക്കുക. അനായാസമായി ആ ചെറിയ ചുവടുകള്‍ പിന്നിടുക. ലക്ഷ്യമെന്തെന്ന് നിശ്ചയിച്ചാല്‍, ആ ദിശയില്‍ മുന്നോട്ടുപോയാല്‍, 'ഇനിയെന്ത്' എന്ന നിങ്ങളുടെ ഉത്കണ്ഠ കുറയുന്നു. ദീര്‍ഘകാല ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ കരഗതമാകുന്ന 'ഇടക്കാലനേട്ടങ്ങള്‍' നിങ്ങള്‍ക്ക് ഉത്തേജനം പകരും, ആത്മവിശ്വാസം നല്‍കും. ആത്മവിശ്വാസമാണ്, അതു മാത്രമാണ്, ആകാംക്ഷയുടെ, ഉത്കണ്ഠയുടെ, മറുമരുന്ന്!
3. ഉപദേശം തേടുക
ജീവിതം ശരിയായ ദിശയിലല്ല പോകുന്നതെന്നു തോന്നിയാല്‍ ഗുരുസ്ഥാനീയരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഉപദേശം ആരായുന്നതില്‍ എന്താണ് തെറ്റ്. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ അരക്ഷിതബോധത്തിന് കാരണമാകുന്നു. അത് ഉത്കണ്ഠയ്ക്ക് ജന്മം നല്കുന്നു. നിങ്ങള്‍ക്ക് സഹായകരമായേക്കാമെന്ന് നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്നു പോലും ഉത്കണ്ഠയും ഭീതിയും നിങ്ങളെ വിലക്കിയേക്കാം. നിങ്ങളുടെ അവസ്ഥ അനുഭവിച്ചിട്ടുള്ള പരിണിതപ്രജ്ഞരുടെ ഉപദേശം, എന്തു ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും അറിയാന്‍ നിങ്ങളെ സഹായിക്കും. അതു ചെയ്യാനും സഹായിക്കും.
4. മറ്റുള്ളവര്‍ കാര്യങ്ങളെ എങ്ങനെ കാണുന്നുവെന്ന് മനസ്സിലാക്കുക
ജോലിസ്ഥലത്തോ, വീട്ടിലോ നിങ്ങള്‍ ഒരു ദുര്‍ഘടസന്ധിയില്‍ അകപ്പെടുമ്പോള്‍, മറ്റുള്ളവര്‍ ഈ സ്ഥിതിവിശേഷം എങ്ങനെ കാണുന്നുവെന്ന് ആരായുക. ഉദാഹരണത്തിന് ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന നിങ്ങള്‍ വീട്ടുകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് പങ്കാളി പരാതി പറയുന്നുവെന്ന് കരുതുക. നിങ്ങളുടെ കുട്ടികള്‍ക്ക് അക്കാര്യത്തില്‍ ഒരു നിലപാട് ഉണ്ടാകും. നിങ്ങളുടെ മേലധികാരിക്കും ചിലത് പറയാനുണ്ടാകും. എല്ലാവരുടെയും കാഴ്ചപ്പാടുകള്‍ മനസ്സിലാക്കികഴിയുമ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു പോംവഴി ഉരുത്തിരിഞ്ഞുവരും. ചുറ്റുപാടുകളില്‍ നിന്ന് അറിവ് ശേഖരിക്കുക എന്ന തന്ത്രം തന്നെയാണിത്. ആ 'അറിവ്' ഉല്‍കണ്ഠ അകറ്റാനും ആത്മവിശ്വാസം നേടാനും സ്ഥൈര്യം കൈവരിക്കാനും ഏതു സ്ഥിതിവിശേഷവും നേരിടാനുള്ള ധൈര്യം ആര്‍ജ്ജിക്കാനും നിങ്ങളെ സഹായിക്കും.
ഒന്‍പതാം ദിവസത്തെ അഭ്യസനം
നിങ്ങളുടെ മനോനിലചിത്രണം(Mood Map) വീണ്ടുമൊന്ന് പരിശോധിക്കുക. ഏഴില്‍ കുറവ് നിങ്ങള്‍ സ്കോര്‍ ചെയ്ത മേഖലകള്‍ ഏതൊക്കെയെന്ന് കണ്ടെത്തി മെച്ചപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുക. അതിനായി നിങ്ങള്‍ എന്താണ് 'അറിയേണ്ട'തെന്ന് കുറിച്ചുവയ്ക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ചുറ്റുവട്ടത്തുള്ള യുവതീയുവാക്കളുമായി ചേര്‍ന്ന് ചില സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കരുതുക. അതിനായി ആ ദിശയിലേക്ക് ചുവടുവയ്ക്കാന്‍ എന്ത് 'അറിവാ'ണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് കണ്ടെത്തുക. നിങ്ങളുടെ സമീപത്ത് യുവതീയുവാക്കളെ സന്നദ്ധപ്രവര്‍ത്തകരായി ഉപയോഗിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും ഏതെന്ന് അതിനായി നിങ്ങള്‍ അറിയേണ്ടതുണ്ട്. അവരെ ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അവരെ സഹായിക്കാന്‍ കഴിയുമോയെന്ന് ആരായേണ്ടതുണ്ട്. ആ 'അറിവ്' നേടിക്കഴിഞ്ഞാല്‍ നിങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്നര്‍ത്ഥം. നിങ്ങള്‍ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗത്തിലായി. അത് നിങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും. നിങ്ങളുടെ മനോനില( Mood) പ്രസാദാത്മകമാകും. എന്താണ് ചെയ്യേണ്ടതെന്നും അത് എങ്ങനെ ചെയ്യണമെന്നും 'അറിഞ്ഞാല്‍' പിന്നെ തുടങ്ങാം. അതങ്ങ് ഉപയോഗിച്ചാല്‍ മതി. അത് ലക്ഷ്യസാക്ഷാത്ക്കാരത്തിലേക്ക് നയിക്കും. അത്രയേയുള്ളൂ.
(മനോനിലചിത്രണം ഒന്‍പതാം ദിനം അങ്ങനെ അവസാനിക്കുന്നു. പത്താം ദിനം 'നിങ്ങളുടെ മനോഭാവം' നിങ്ങളുടെ മനോനിലയെ എപ്രകാരം സ്വാധീനിക്കുന്നുവെന്നാണ് പരിശോധിക്കുക. ലോകം എപ്രകാരം മാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ നിങ്ങള്‍ മാറുക അപ്രകാരം എന്ന മഹാത്മാഗാന്ധിയുടെ വചനത്തോടെ പത്താംദിനം ആരംഭിക്കുന്നു, അടുത്തലക്കത്തില്‍.)
(തുടരും)