അനുഭവിക്കാത്തൊരനുഭവത്തിന്‍റെ
തീവ്രമായൊരോര്‍മ്മയില്‍
പക്ഷി പീഡയേറ്റ പോല്‍
പിടഞ്ഞു പിടഞ്ഞു പോകുന്നു.
ഈ പിടച്ചില്‍ തുടങ്ങുന്നത് ഒരു സിനിമയിലൂടെയാണ്. ഒരു യാത്ര പോകുന്ന കൂട്ടുകാരുടെ കഥ പറയുന്ന സിനിമ - മഞ്ഞുമ്മല്‍ ബോയ്സ്; സിനിമയല്ല, അല്ലെങ്കില്‍ സിനിമ മാത്രമല്ല. സിനിമയിലൂടെ സുഭാഷ് വീണതുപോലെ ഏതോ ഒരു ഗുഹയിലേക്ക് ഞാനും വീണുപോയി. വവ്വാലുകളുള്ള, ഇരുട്ടിന്‍റെ നിശ്ശബ്ദതയിലേക്ക് കാല്‍ വഴുതിപ്പോയി. ഇനി എങ്ങനെ തിരിച്ചു കേറണമെന്നറിയില്ല. ഒരു കുട്ടേട്ടന്‍, വെളിച്ചവും കൊണ്ടു വരാതെ എവിടെയാണു വീണുപോയതെന്നു കൂടി അറിയാനാകില്ല.
ഇരുളാണ്. എവിടെയോ പെട്ടുപോയതാണ്. ഏതോ ഒരു ഓര്‍മ്മ കൊത്തിവലിക്കുന്നു. അതും ഒരു യാത്രയുടെ ഓര്‍മ്മയാണ്. സിനിമയില്‍ പറയുന്നൊരു വാക്കുണ്ട്. ഞങ്ങള്‍ പത്തുപേര്‍ കൂടിയാണ് യാത്ര പോയത്. അതില്‍ ഒമ്പതു പേര്‍ മാത്രമായി തിരിച്ചുപോകാന്‍ പറ്റില്ല. ഇത് എല്ലായ്പോഴും മിക്ക യാത്രകളിലും വരുന്നൊരു ഭയമാണ്. ചെയ്ത പല യാത്രയും ഒറ്റയ്ക്കോ, കൂട്ടുകാര്‍ക്ക് ഒപ്പമേയിരുന്നു. പലതിലും വീട്ടിലെ അനുവാദങ്ങളോ, അതിനു വേണ്ട കാത്തുനില്‍പ്പുകളോ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് എന്തെങ്കിലും അപകടകരമായ തൊന്നു സംഭവിച്ചാല്‍ പിന്നെയെന്ത് എന്നുള്ള ഭയം ആകെ പൊതിയുന്ന യാത്രകളായിരുന്നു അവ. ഓരോ കാല്‍വെപ്പിലും ഭയം. ഓരോ വണ്ടി കിട്ടാതകുമ്പോഴും ഭയം.
എന്നാല്‍ അതൊന്നും തളര്‍ത്താത്ത പുതിയൊരു കാഴ്ചയുടെ ആവേശം. ഇതുവരെയും പുല്‍കാത്ത അനുഭവത്തിന്‍റെ ആനന്ദം. ലോകം വിശാലമാകുന്നതിന്‍റെ നിറവ്. ഓരോ യാത്രയും കഠിനമായിരുന്നെങ്കിലും, ഒരു യാത്രയെ ഓര്‍ത്തും പിന്നീട് പരിതപിച്ചിട്ടില്ല; (വേണ്ടായിരുന്നു എന്നു തോന്നിയിട്ടില്ല. മഞ്ഞുമ്മല്‍ബോയ്സും ഇഷ്ടപ്പെടുന്നത് അവിടെ യാണ്. ആ സംഭവത്തെ പറ്റിയുള്ള ഒരു ഡോക്യൂമെന്‍ററി സിനിമക്കുശേഷം കണ്ടു. സംഭവത്തിനു തൊട്ടുശേഷം എടുത്തതാണ്. ഗുണകേവ് കാണണം എന്നുതന്നെയാണ് അവര്‍ അതില്‍ ആദ്യം പറയുന്നത്. അതുതന്നെയാണ് ഓരോ യാത്രയുടെയും ഇന്ദ്രജാലം.
പക്ഷെ ആ ഭയം, അവിടെയാണ് ഈ സിനിമ കൊളുത്തിവലിക്കുന്നത്. ഞാന്‍ എന്നോ പോയ ഒരു യാത്ര. അത്ര തീവ്രമായി അനുഭവിക്കാത്തത് പലതും ഇപ്പോള്‍ തീവ്രമായി അനുഭവിക്കുന്നു. ഒരു ദേജാവു(de javu) പോലെ തീരെ തൂവല്‍കനമില്ലാത്ത ഓര്‍മ്മയല്ല. ഒരു ഓട്ടുപാത്രത്തിലേക്ക് നോക്കുംപോലെ. കാഴ്ചയെല്ലാം കൃത്യമാണ്. പക്ഷെ അടയാളങ്ങള്‍ പടര്‍ന്നിരിക്കുന്നു. അതുകൊണ്ട് എവിടെയാണെന്ന് പറയാനാകുന്നില്ല. ചുറ്റുവിളക്കിന്‍റെ വെളിച്ചത്തില്‍ ഓട്ടുവിളക്ക് തിളങ്ങുന്നു. സന്ധ്യയാണ്. ഒരു അമ്പലത്തിന്‍റെ കറുത്ത ചാന്ത് തേച്ച തണുത്ത നിലത്താണ്. അമ്പലത്തിന്‍റെ ചുറ്റ് കല്‍ത്തറയിലാണ്. കര്‍പ്പൂരം മണക്കുന്നുണ്ട്. ഉഡുപ്പി ആണെന്നാണ് തോന്നുന്നത്. ഉള്ളില്‍ ഭയമാണ്. തിരിച്ചുള്ള ബസ് കിട്ടണം. അന്ന് മംഗലാപുരത്ത് എന്തൊക്കെയോ സംഘര്‍ഷങ്ങള്‍ നടക്കുന്ന സമയമായി രുന്നു. കര്‍ഫ്യു ഒക്കെ പ്രഖ്യാപിച്ചു. ബസുകള്‍ എല്ലാം പണിമുടക്കിയിരിക്കുകയാണ്. പെട്ടെന്നു തിരിച്ചു പോരുകയാണ്. ദുര്‍ബലമായൊരു ഓര്‍മ്മയായിരുന്നു.
കാലം കടന്നുപോയി. മഞ്ഞുമ്മലിലെ കൂട്ടുകാരുടെ യാത്രയില്‍ വെറുതെ എന്തിനോ ഈ ചിത്രം തെളിഞ്ഞു. ആ കാലത്തിലെവിടെയോ കാല്‍ ചുറ്റിപിടിച്ചു. കുതറുന്നുണ്ട്; ഓടുന്നുണ്ട്; അനങ്ങാനാകുന്നില്ല. ഓര്‍മ്മ കണ്ണിലേ കാഴ്ച മറയും വെട്ടത്തിലെങ്ങനെ നിറയുന്നു. കണ്ണുകള്‍ ഓര്‍മ്മവെളിച്ചത്തില്‍ പുളിക്കുന്നു, എവിടെയോ കുടുങ്ങികിടക്കുന്നു. സുഭാഷിനെ പോലെ തന്നെ. ഓര്‍മ്മയിലെ ഉഡുപ്പി തീവ്രമാണ്. അത് അനുഭവിച്ചതല്ല. ഒരു പക്ഷെ ഓര്‍മ്മ കള്ളം പറയുന്നതാകാം. മനസ്സും ശരീരവും ഉന്മത്തമാകുംവരെ ഞാന്‍ ആ കല്‍ത്തറയിലുണ്ടായിരുന്നു. മനസ്സ് അന്ന് ഓരോ നിമിഷവും ശാന്തമായിക്കൊണ്ടേയിരുന്നു. ഇന്ന് പക്ഷി പീഡയേറ്റ പോലെ ഈ ഓര്‍മ്മമിന്നലില്‍ എല്ലാം ഇരു ട്ടാകുന്നു.
ഇനി ഒരു യാത്ര ആവശ്യമാണ്. അറിഞ്ഞതോ, കണ്ടതോ, അനുഭവിച്ചതെന്ന് ഓര്‍മ്മ ആണയിടുന്ന ആ കല്‍ത്തറയിലേക്ക്. ഏത് ദേശം, ക്ഷേത്രം എന്നതല്ല അന്ന് ഞാന്‍ അനുഭവിച്ചെന്ന് ഓര്‍മ്മ പറയുന്നൊരു ശാന്തിയെ തേടാന്‍. മനസ്സ് കലുഷിതമാകുന്നൊരു കാലത്ത് ഈ ശാന്തിയെന്നെ വല്ലാതെ മോഹിപ്പിക്കുന്നു, കൊതിപ്പിക്കുന്നു, വശീകരിക്കുന്നു. ഒരു സഞ്ചാരം. അത് തുടങ്ങും വരെ ശരീരമാകെ ഇനി സഞ്ചാരമെടുത്തുകൊണ്ടേയിരിക്കും. ഇരിക്കാനും, ഇറങ്ങാനും, കിടക്കാനുമാകുന്നില്ല. എവിടെയോ പോകാനുണ്ടെന്നൊരു വെട്ടം കുട്ടേട്ടന്‍ വീശുന്നുണ്ട്. സുഭാഷ് ഉണര്‍ന്നു, ഇരുട്ടില്‍ നിന്ന്. കുട്ടേട്ടന്‍ നല്‍കിയൊരു വെട്ടത്തില്‍ ഗുഹയുടെ ഇരുട്ടില്‍ നിന്ന് ചവിട്ടിക്കയറിയതുപോലെ ഈ യാത്രയോര്‍മ്മയുടെ വെട്ടം എന്നെയും ഉണര്‍ത്തും.
ഓരോ ഇരുട്ടും വെട്ടം അവശേഷിപ്പിക്കുന്നുണ്ട്. ആ വെട്ടം ദുര്‍ബലമായൊരു ഓര്‍മ്മയാണെങ്കിലും ശരി, ആ കയറിനെ ശരീരം മുറിയുവോളം ശക്തിയില്‍ പിടിക്കുക. സുഭാഷ് ഡോക്യൂമെന്‍ററിയില്‍ പറയുന്നൊരു കാര്യമുണ്ട്. 'നഗ്നനായി, ശരീരമാകെ മുറിവോടെ. പാറ പിളര്‍പ്പുകള്‍ക്കിടയില്‍ കൊടും തണുപ്പാണ്. കാല് എവിടെയോ തടഞ്ഞു. പിന്നെ വിട്ടില്ല. മുകളില്‍ നിന്നുള്ള ഓരോ വിളിക്കും പുലമ്പിയും ശബ്ദം ഉണ്ടാക്കിയും ബോധം പോകാതെ എങ്ങനെയോ നിന്നു. ജീവിക്കണം എന്നൊരു ഒറ്റ ആഗ്രഹത്തിന്‍ മേല്‍ മാത്രം പിടിച്ചുനിന്നതാണ്. അല്ലെങ്കില്‍ എപ്പോഴേ മരിച്ചു പോയേനെ.'
അതേ ജീവിക്കാനുള്ള ഒറ്റ ആഗ്രഹത്തിന്മേല്‍ ഓര്‍മ്മ എന്നെ കളിപ്പിക്കുകയോ, പറ്റിക്കുകയോ, കണ്‍കെട്ട് കളിക്കുകയോ ചെയ്യട്ടെ, ഈ ഓര്‍മ്മ എന്‍റെ ജീവഹേതുവാണ്. അതെത്ര ചെറുതെങ്കിലും, ഓര്‍മയില്‍ 'സമാധാനമുള്ളൊരു ഞാന്‍' ഉണ്ടെങ്കില്‍ അതിലും വലിയ തുമ്പ് എന്തുണ്ട്, ജീവിക്കാന്‍. അതിന് ഇനി ഏത് യാത്രയും അനിവാര്യമാണ്. ശാന്തി തേടിയുള്ള യാത്രക്ക് അപ്പുറം മറ്റെന്താണ് ജീവിതം?
* ദേ ജാവു(de javu) ഒരു ഫ്രഞ്ച് വാക്കാണിത്. ഒരു സംഭവം ആദ്യമായി നടക്കുമ്പോള്‍ താന്‍ ഇത് നേരത്തെ എപ്പോഴോ അനുഭവിച്ചിട്ടുണ്ട്/നടന്നിട്ടുണ്ട് എന്ന തോന്നലാണിത്.