news-details
മറ്റുലേഖനങ്ങൾ

അത്യുന്നത ദൈവത്തിന്‍റെ പുരോഹിതന്‍

"സാലെം രാജാവായ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു അവന്‍. അവന്‍ അബ്രാമിനെ ആശീര്‍വ്വദിച്ചുകൊണ്ടു പറഞ്ഞു: ആകാശത്തിന്‍റെയും ഭൂമിയുടെയും നാഥനായ അത്യുന്നതനായ ദൈവത്തിന്‍റെ കൃപാകടാക്ഷം നിന്‍റെമേലുണ്ടാകട്ടെ! ശത്രുക്കളെ നിന്‍റെ കയ്യിലേല്പിച്ച അത്യുന്നതദൈവം അനുഗൃഹീതന്‍" (ഉല്‍പ. 14,18-19).

പുരോഹിതന്‍ എന്ന വിശേഷണത്തോടെ ബൈബിളില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യവ്യക്തിയാണ് മെല്‍ക്കിസെദേക്ക്. പൗരോഹിത്യത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സുപ്രധാനമായ ചില അറിവുകള്‍ മെല്‍ക്കിസെദേക്കിന്‍റെ വിവരണങ്ങളില്‍നിന്നു ലഭിക്കും. പഴയനിയമത്തില്‍ രണ്ടു തവണ മാത്രമേ അയാള്‍ പരാമര്‍ശവിഷയമാകുന്നുള്ളൂ (ഉല്‍പ 14, 17-24; സങ്കീ 110,4). പുതിയ നിയമത്തില്‍, അതും ഹെബ്രായലേഖനത്തില്‍ മാത്രം (5-7) എട്ടുതവണ   ആ പേര് പ്രത്യക്ഷപ്പെടുന്നുണ്ട്. അവിടെ നിത്യപുരോഹിതനായ യേശുവിന്‍റെ ഒരു പ്രതീകവും പ്രതിരൂപവും എന്ന നിലയിലാണ് മെല്‍ക്കിസെദേക്കിന്‍റെ സ്ഥാനം.

വിശ്വാസികളുടെ പിതാവ് എന്നറിയപ്പെടുന്ന അബ്രാഹവുമായി ബന്ധപ്പെട്ടാണ് മെല്‍ക്കിസെദേക്ക് പരാമര്‍ശവിഷയമാകുന്നത്. നാടുകൊള്ളയടിച്ച് അനേകരെ തടവുകാരാക്കി പിടിച്ചുകൊണ്ടുപോയ നാലു രാജാക്കന്മാരുടെ സംയുക്തസൈന്യത്തെ യുദ്ധം ചെയ്തു തോല്പിച്ച്, തടവുകാരെ മോചിപ്പിച്ചു തിരിച്ചുവന്ന അബ്രാഹമിനെ സ്വീകരിക്കാന്‍ വന്നതാണ് മെല്‍ക്കിസെദെക്ക്.

മെല്‍ക്കിസെദെക്കിനെക്കുറിച്ചുള്ള വിവരണം മൂന്നു വാക്യങ്ങളില്‍ (ഉല്‍പ 14, 17-19) ഒതുക്കിയിരിക്കുന്നു. എന്നാല്‍ ഒരു ആശയപ്രപഞ്ചംതന്നെ ഈ ചുരുക്കം വാക്കുകളിലുണ്ട്. വിവരണത്തിലെ ഓരോ ഘടകവും അടുത്തു പരിശോധിക്കണം.

പേര്

മെല്‍ക്കിസെദെക്ക് എന്ന പേരുതന്നെയാണ് ആദ്യം പഠനവിഷയമാക്കേണ്ടത്. മേലെക്ക് (രാജാവ്), സ്ദെക്കാ (നീതി) എന്നീ രണ്ടു വാക്കുകള്‍ ചേര്‍ന്ന് രൂപം കൊണ്ടതാണ് മെല്‍ക്കിസെദെക്ക്. നീതിയുടെ രാജാവ് എന്നര്‍ത്ഥം. 'മെല്‍ക്കി' എന്നത് 'എന്‍റെ രാജാവ്' എന്നു വിവര്‍ത്തനം ചെയ്യാം. അപ്പോള്‍ എന്‍റെ രാജാവ്, നീതി എന്നര്‍ത്ഥം ലഭിക്കുന്നു. ഇതില്‍ ഏതു വിശദീകരണം സ്വീകരിച്ചാലും അര്‍ത്ഥം ഒന്നുതന്നെ. ഈ നാമധാരി നീതിയുടെ രാജാവാണ്. അഥവാ നീതി സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്ന ധര്‍മ്മമാണ് അയാള്‍ നിര്‍വ്വഹിക്കുക.

ഇവിടെ നീതി എന്ന പദം പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. അനേകം അര്‍ത്ഥസൂചനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പദമാണ് ബൈബിളില്‍ സ്ദാക്കാ അഥവാ നീതി. ബന്ധങ്ങളില്‍ അവശ്യം നിലനില്‍ക്കേണ്ട ഒരു ഗുണമാണതെന്നു പറയാം. ഓരോരുത്തര്‍ക്കും അര്‍ഹമായതു  കൊടുക്കുക. (uni cuique suum) എന്നു റോമാക്കാര്‍ മൂന്നു വാക്കുകളില്‍ നീതിക്കു നല്കിയ നിര്‍വ്വചനം നീതി എന്തെന്നു ചുരുക്കിപ്പറയുന്നു.  പ്രധാനമായും നാലുതരം ബന്ധങ്ങളാണ് പരിഗണിക്കപ്പെടേണ്ടത്. ഓരോ വ്യക്തിക്കും ദൈവത്തോടും മറ്റു വ്യക്തികളോടും പ്രപഞ്ചത്തോടും തന്നോടുതന്നെയുമുള്ള ബന്ധങ്ങള്‍ സുതാര്യവും നിയമാനുസൃതവുമാകുന്നിടത്ത് നീതി നിലനില്‍ക്കുന്നു. ഇതു നിലനിര്‍ത്താന്‍ നിയമങ്ങള്‍ ആവശ്യമാണ്. ഓരോരുത്തരും സ്വന്തം താത്പര്യങ്ങളും സ്വാഭാവികമായ ചായ്വുകളും അനുസരിച്ച്   ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാതെ, മേല്‍പ്പറഞ്ഞ ചതുര്‍വിധ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന നിയമങ്ങള്‍ ഉണ്ടായിരിക്കണം. ഇപ്രകാരം ആവശ്യമായ നിയമങ്ങള്‍ ദൈവം തന്നെ നല്കിയിട്ടുണ്ട്, സ്വാഭാവിക നിയമങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന നിയമങ്ങള്‍. എന്നാല്‍ ഓരോ ജീവിതസാഹചര്യത്തിലും ബന്ധങ്ങളെ നിര്‍ണ്ണയിക്കാനും നിയന്ത്രിക്കാനും ആവശ്യമായ നിയമങ്ങള്‍ നിര്‍മ്മിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടതാണ്. അതാണ് രാജകീയാധികാരത്തിന്‍റെ കര്‍ത്തവ്യം.

'നീതിയുടെ രാജാവ്' എന്ന പേരു നല്‍കുന്ന അര്‍ത്ഥസൂചന ഇവിടെ വ്യക്തമാകുന്നു. നീതിനിഷ്ഠമായ ഒരു സമൂഹത്തിനു രൂപം നല്‍കി, നയിക്കുന്നവനാണ് മെല്‍ക്കിസെദേക്ക്. നിയമനിര്‍മ്മാണവും നിയമം നടപ്പാക്കലും രാജഭരണത്തിന്‍റെ ഭാഗമാണ്. സമൂഹത്തിലുള്ള ഓരോരുത്തര്‍ക്കും അവശ്യവും അര്‍ഹവുമായതു ലഭ്യമാക്കുക എന്ന കടമ നിര്‍വ്വഹിക്കുന്ന നീതിമാനായ രാജാവായിരുന്നു - മെല്‍ക്കിസെദെക്ക്.

സാലേം രാജാവ്

മെല്‍ക്കിസെദെക്ക് സാലെമിലെ രാജാവായിരുന്നു. സാലെം എന്നത് ജെറൂസലെമിനെയാണ് സൂചിപ്പിക്കുന്നത്. പിന്നീട് ദാവീദു രാജാവ് ജബൂസ്യരില്‍ നിന്നു പിടിച്ചെടുത്ത് ഇസ്രായേല്‍ രാജ്യത്തിന്‍റെ തലസ്ഥാനമാക്കി മാറ്റിയ ജറൂസലേം നഗരത്തിന്‍റെ അധിപനായിരുന്നു മെല്‍ക്കിസെദെക്ക്. നഗരത്തിന്‍റെ വിശേഷണം തന്നെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. 'സമാധാനം' എന്നാണ് 'സാലേം' (ശാലോം) എന്ന വാക്കിന്‍റെ അര്‍ത്ഥം. നീതിയെ സംബന്ധിച്ച് സൂചിപ്പിച്ച ചതുര്‍വിധബന്ധങ്ങള്‍ ശരിയാംവിധം നിലനില്‍ക്കുന്നിടത്തു സംജാതമാകുന്ന അവസ്ഥയാണ് ശാലോം അഥവാ സമാധാനം. ദൈവത്തോടും സഹജീവികളോടും സൃഷ്ടപ്രപഞ്ചത്തോടും തന്നോടുതന്നെയും നീതിപൂര്‍വ്വകമായി പെരുമാറുന്നിടത്ത് സമാധാനം ഉണ്ടായിരിക്കും.

"നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും" (ഏശ 32,17). നീതിയും സമാധാനവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഈ പ്രവാചകവചനം മെല്‍ക്കിസെദെക്കിനെക്കുറിച്ച് സുപ്രധാനമായൊരു ഉള്‍ക്കാഴ്ച നല്‍കുന്നു. നീതി നടപ്പിലാക്കുന്നതിലൂടെ സമാധാനം സംജാതമാക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതായിരിക്കും മെല്‍ക്കിസെദെക്കിന്‍റെ ഭരണം. നിയമനിര്‍മ്മാണം, നീതിനിര്‍വ്വഹണം, സമാധാനസംസ്ഥാപനം ഇതൊക്കെയായിരിക്കും മെല്‍ക്കിസെദെക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍. ഇതിന്‍റെ എല്ലാം അടിസ്ഥാനവും ശക്തികേന്ദ്രവുമായി നിലനില്‍ക്കുന്നതാണ് അടുത്ത വിശേഷണം.

അത്യുന്നത ദൈവത്തിന്‍റെ പുരോഹിതന്‍

പുരോഹിതന്‍ (കോഹെന്‍ എന്നു ഹീബ്രുവില്‍)  എന്ന വാക്ക് ഇവിടെയാണ് ബൈബിളില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പുരോഹിതന്‍റെ വിശേഷണം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനാണയാള്‍. 'ഏല്‍ ഏലിയോണ്‍' എന്നു ഹീബ്രുമൂലം. ഏറ്റം ഉന്നതന്‍, ഉയരങ്ങളില്‍ വസിക്കുന്നവന്‍, എല്ലാറ്റിനും ഉപരിയായി നിലകൊള്ളുന്നവന്‍ എന്നൊക്കെയാണ് 'ഏലിയോണ്‍' എന്ന വാക്കിനര്‍ത്ഥം.

പല പുരാതനമതങ്ങളുടെയും കാഴ്ചപ്പാടില്‍ ദൈവം വസിക്കുന്നതു മലമുകളിലാണ്. ഏറ്റം ഉയര്‍ന്ന മലയുടെ കൊടുമുടിയിലാണ് എല്ലാ ദൈവങ്ങളുടെയും മേല്‍ ആധിപത്യമുള്ള ദേവാധിദേവന്‍ വസിക്കുക, കൈലാസത്തില്‍ വസിക്കുന്ന ശിവനും ഒളിമ്പിക്സ് മലമുകളില്‍ ഇരിക്കുന്ന സീയൂസും പോലെ. നമുക്കു സുപരിചിതമായ ശബരിമലയിലെ അയ്യപ്പനും മറ്റൊരു ഉദാഹരണമാണ്. കാനാന്‍കാരുടെ ഇടയില്‍ നിലവിലിരുന്നതാണ് "ദൈവം" എന്നു വിവര്‍ത്തനം ചെയ്യുന്ന 'ഏല്‍', 'അത്യുന്നതന്‍' എന്നു വിവര്‍ത്തനം ചെയ്യുന്ന ഏലിയോണ്‍ എന്നീ വാക്കുകള്‍. ഈ രണ്ടു വാക്കുകളും ഇസ്രായേല്‍ക്കാര്‍ തങ്ങളുടേതായ വ്യാഖ്യാനം നല്‍കി സ്വന്തമാക്കി. ബൈബിളില്‍ പൊതുവേ ദൈവം എന്ന വാക്ക് ഹീബ്രുവിലെ 'ഏല്‍' എന്ന വാക്കിന്‍റെ വിവര്‍ത്തനമായാണ് ഉപയോഗിക്കുന്നത്. "ഏലോയ്, ഏലോയ്, ലാമാസബക്ക്ത്താനീ" (മര്‍ക്കോ 15, 34) എന്ന കുരിശിലെ നിലവിളിയില്‍ യേശു ഉപയോഗിക്കുന്നത് 'ഏല്‍' എന്ന പദമാണ്. എന്‍റെ എന്ന വിശേഷണം കൂട്ടിച്ചേര്‍ത്തപ്പോള്‍ "ഏലീ" എന്നായി. "എന്‍റെ ദൈവമേ" എന്നര്‍ത്ഥം. സങ്കീ 22,1 ഉദ്ധരിക്കുകയാണിവിടെ എന്നതും ശ്രദ്ധേയം.

കാനാന്‍കാര്‍ ബഹുദൈവാരാധകരായിരുന്നു. എന്നാല്‍, 'ഏല്‍ ഏലിയോണ്‍' എല്ലാ ദേവന്മാര്‍ക്കും അധിപനായ അത്യുന്നതനായ ദൈവമാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. സാലേം രാജാവായ മെല്‍ക്കിസെദെക്ക് കാനാന്‍കാരനായിട്ടല്ല പ്രത്യക്ഷപ്പെടുന്നത്. അയാളുടെ വിശ്വാസത്തിന്‍റെ നിര്‍വ്വചനം പോലെയാണ് 'അത്യുന്നതനായ ദൈവം' എന്ന വിശേഷണം നില്‍ക്കുന്നത്. അത്യുന്നതനായ ദൈവത്തില്‍ വിശ്വസിക്കുക മാത്രമല്ല, പുരോഹിത ശുശ്രൂഷ ചെയ്യുന്നവനുമായിരുന്നു മെല്‍ക്കിസെദെക്ക്. എന്താണ് ആ പുരോഹിതശുശ്രൂഷ എന്നു സൂചിപ്പിക്കുന്നതാണ് 'സമാധാനത്തിന്‍റെ നഗരത്തിലെ നീതിയുടെ രാജാവ്' എന്ന നിര്‍വ്വചനം. അതോടൊപ്പം പുരോഹിതശുശ്രൂഷയുടെ മറ്റു ചില മാനങ്ങളും അയാളുടെ പ്രവൃത്തിയിലൂടെ വിശുദ്ധ ഗ്രന്ഥകാരന്‍ എടുത്തു കാണിക്കുന്നു.

അപ്പവും വീഞ്ഞും

യുദ്ധം കഴിഞ്ഞു സൈന്യസമേതം മടങ്ങിവരുന്ന അബ്രാഹത്തെ സ്വീകരിക്കാന്‍ മെല്‍ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നത് എന്തിനുവേണ്ടി എന്ന ചോദ്യം പ്രസക്തമാണ്. ക്ഷീണിതരായിരുന്നവര്‍ക്ക് ആഹാരം നല്‍കാനാണ് അപ്പവും വീഞ്ഞും എന്ന ഒരു വ്യാഖ്യാന സാധ്യതയുണ്ട്. എന്നാല്‍ അതു മാത്രമല്ല. കൊണ്ടുവന്നത് പുരോഹിതനാണ് എന്നു പറയുമ്പോള്‍ വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുക എന്നതിലുപരി വേറെ ധ്വനികള്‍ ഈ പ്രവൃത്തിക്കുണ്ട് എന്ന് അനുമാനിക്കാനാവും.

അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായണയാള്‍. താന്‍ ആരാധിക്കുന്ന ദൈവത്തിന്‍റെ നാമത്തില്‍ അയാള്‍ അബ്രാഹത്തെ ആശീര്‍വ്വദിക്കുന്നതായി തുടര്‍ന്നു വിവരിക്കുന്നുണ്ട്. ഇതില്‍ നിന്നും ഒരു നിഗമനത്തില്‍ എത്താന്‍ കഴിയും.  അബ്രാഹം യുദ്ധത്തില്‍ ജയിച്ചത് അത്യുന്നതനായ ദൈവത്തിന്‍റെ അനുഗ്രഹം മൂലമാണ്. ആ അനുഗ്രഹത്തിന് നന്ദിസൂചകമായി ബലിയര്‍പ്പിക്കാനാണ് അയാള്‍ അപ്പവും വീഞ്ഞും കൊണ്ടുവന്നിരിക്കുന്നത്. അയാള്‍ പ്രതീകമായി നിന്ന യഥാര്‍ത്ഥ മെല്‍ക്കിസെദെക്ക് തന്‍റെ ഏകബലിയര്‍പ്പണം നടത്തിയതും അതിന്‍റെ ഓര്‍മ്മ തുടരാനായി കല്പിച്ചതും അപ്പവും വീഞ്ഞും ഉപയോഗിച്ചായിരുന്നു എന്നത് ഇവിടെ ഏറെ പ്രസക്തമാകുന്നു. ദൈവത്തിനു കൃതജ്ഞതാബലിയായി അപ്പവും വീഞ്ഞും കാഴ്ചവച്ച പുരോഹിതനാണ് മെല്‍ക്കിസെദെക്ക്.

കൃതജ്ഞതാബലിയോടൊപ്പം ഇതൊരു ഉടമ്പടിയുടെ അടയാളമായും കാണുവാന്‍ കഴിയും.  ഒളിച്ചോടിയ യാക്കോബിനെ പിന്‍തുടര്‍ന്ന ലാബാനും കൂട്ടരും ദൈവത്തിന്‍റെ കല്പനയനുസരിച്ച് ഒരു ഉപദ്രവവും ചെയ്തില്ല. മാത്രമല്ല അവര്‍ ഒരു സമാധാന ഉടമ്പടി സ്ഥാപിക്കുകയും ഉടമ്പടിയുടെ അടയാളമായി കല്‍ക്കൂമ്പാരം സ്ഥാപിച്ച് പരസ്പരം ഉപദ്രവിക്കുകയില്ല എന്ന് ഉടമ്പടിയിലൂടെ ശപഥം ചെയ്യുകയും ചെയ്തു. ഈ ഉടമ്പടിയുടെ ഭാഗമായി അവര്‍ ഒരുമിച്ച് അപ്പം ഭക്ഷിച്ചു(ഉല്‍പ 31, 43-54). മെല്‍ക്കിസെദെക്ക് കൊണ്ടുവരുന്ന അപ്പവും വീഞ്ഞും ഒരു സമാധാനഉടമ്പടിയുടെയും കൃതജ്ഞതാബലിയുടെയും അടയാളമായി കാണാന്‍ കഴിയും. അപ്പവും വീഞ്ഞും ദൈവത്തിനു കാഴ്ചയര്‍പ്പിച്ച് സമാധാന ഉടമ്പടി സ്ഥാപിക്കുന്ന പുരോഹിതനാണ് മെല്‍ക്കിസെദെക്ക്.

ആശീര്‍വ്വാദം

മെല്‍ക്കിസെദെക്ക് അനുഷ്ഠിക്കുന്ന അടുത്ത പുരോഹിതധര്‍മ്മമാണ് ആശീര്‍വ്വാദം. ഏല്‍ ഏലിയോണ്‍ എന്ന അത്യുന്നതനായ ദൈവത്തെ ആകാശത്തിന്‍റെയും ഭൂമിയുടെയും നാഥന്‍ എന്നു വിശേഷിപ്പിക്കുന്നു. എല്ലാററിന്‍റെയും സ്രഷ്ടാവും പരിപാലകനും നിയന്താവുമായ ദൈവം. ആ ഏക ദൈവത്തിന്‍റെ നാമത്തില്‍ ആശീര്‍വ്വദിക്കുക എന്നാല്‍ ദൈവത്തിന്‍റെ സംരക്ഷണം ആശംസിക്കുക മാത്രമല്ല, ഉറപ്പുവരുത്തുകയും ചെയ്യുന്നവനാണ് മെല്‍ക്കിസെദേക്ക് എന്ന പുരോഹിതന്‍. ഇവിടെ ആശീര്‍വ്വാദവചനങ്ങള്‍ വെറും വാക്കുകള്‍ മാത്രമല്ല, പറയുന്നതു യാഥാര്‍ത്ഥ്യമാക്കുന്ന വചനമാണ്. ദൈവനാമത്തില്‍ നല്‍കുന്ന ആശീര്‍വാദവും ദൈവം തന്നെ യാഥാര്‍ത്ഥ്യമാക്കി മാറ്റും. വചനം  ക്രിയാത്മകമാണ്, സര്‍ഗ്ഗാത്മകമാണ്.  പറയുന്നതു സംഭവിക്കും.

"മഴയും മഞ്ഞും ആകാശത്തുനിന്നു വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം നല്കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. എന്‍റെ അധരങ്ങളില്‍ നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെ തന്നെ. ഫലരഹിതമായി അതു തിരിച്ചു വരില്ല; എന്‍റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും" (ഏശ 55, 10-11). ദൈവവചനത്തെക്കുറിച്ചുള്ള ഈ ഉറപ്പ് ആശീര്‍വ്വാദത്തിലൂടെ ലഭിക്കുന്നു. ഈ ആശീര്‍വ്വാദത്തിലൂടെ മെല്‍ക്കിസെദെക്ക് ദൈവത്തിന്‍റെ സംരക്ഷണവും പരിപാലനയും അബ്രാഹത്തിന് ഉറപ്പുവരുത്തുന്നു. അതോടൊപ്പം അബ്രാഹത്തിനു ദൈവം നല്‍കിയ സഹായത്തിനും വിജയത്തിനും നന്ദി പറഞ്ഞ് ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നതും പുരോഹിതധര്‍മ്മം തന്നെ.

ദശാംശം

"അബ്രാഹം എല്ലാറ്റിന്‍റെയും ദശാംശം അവനു കൊടുത്തു" (ഉല്‍പ 14, 20). മെല്‍ക്കിസെദെക്ക് ചോദിച്ചിട്ടല്ല, അബ്രാഹം  സ്വമനസ്സാ നല്കുന്ന ഒരു സമ്മാനമാണ് ദശാംശം. തനിക്കു ലഭിച്ചതെല്ലാം ദൈവം നല്‍കിയ ദാനമാണെന്ന് നന്ദിയോടെ ഏറ്റുപറയുന്നതിന്‍റെ ദൃശ്യവും വിശ്വസനീയവുമായൊരു   അടയാളമാണ് ഈ ദശാംശം. വാഗ്ദത്തഭൂമി പങ്കുവയ്ക്കുമ്പോള്‍ പുരോഹിതഗോത്രമായ ലേവിക്ക് സ്വന്തമായി ഒരു പ്രദേശം നല്‍കിയില്ല. പകരം മറ്റു ഗോത്രങ്ങളിലുള്ളവരുടെ വരുമാനത്തിന്‍റെ പത്തിലൊന്ന് ലേവിഗോത്രജര്‍ക്കു നല്കണം എന്ന നിയമം നിലവില്‍വന്നു. അതു ദൈവത്തിനു നല്‍കുന്ന കാഴ്ചയായി പരിഗണിക്കപ്പെട്ടു.

നേര്‍ച്ചകളും കാഴ്ചകളുമായി ജനം ദൈവത്തിനു സമര്‍പ്പിക്കുന്നതെല്ലാം പുരോഹിതന്മാരുടെ അവകാശമായിരുന്നു. അതിനുപുറമേ ജനം നല്‍കുന്ന ദശാംശം ലേവി ഗോത്രത്തിന് അവകാശപ്പെട്ടതായിരുന്നു. "കര്‍ത്താവ് അഹറനോട് അരുളിച്ചെയ്തു: ഇസ്രായേല്‍ ജനം എനിക്കു സമര്‍പ്പിച്ചിരിക്കുന്ന കാഴ്ചകള്‍ നിങ്ങളെ ഞാന്‍ ഏല്പിച്ചിരിക്കുന്നു. അവ നിനക്കും നിന്‍റെ പുത്രന്മാര്‍ക്കും എന്നോടുമുള്ള ഓഹരിയായിരിക്കും... സമാഗമകൂടാരത്തില്‍ ലേവ്യര്‍ ചെയ്യുന്ന ശുശ്രൂഷയ്ക്ക് ഇസ്രായേലില്‍ നിന്നു ലഭിക്കുന്ന ദശാംശമായിരിക്കും പ്രതിഫലം" (സംഖ്യ 18, 8-21). പില്‍ക്കാലത്തു നിലവില്‍ വന്ന ഈ നിയമത്തിന്‍റെ ഒരു മുന്നോടിയായി അബ്രാഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ കാണാനാകും. ദൈവശുശ്രൂഷയ്ക്കായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന പുരോഹിതരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജനത്തിനുണ്ട് എന്ന് ഈ പ്രവൃത്തിയിലൂടെ പഠിപ്പിക്കുന്നു. അതോടൊപ്പം സുപ്രധാനമായ മറ്റൊരു പാഠവും ഇതിലൂടെ ലഭിക്കുന്നുണ്ട്.

ഹെബ്രായ ലേഖനത്തില്‍ മെല്‍ക്കിസെദെക്കിന്‍റെ പൗരോഹിത്യത്തെ യേശുവില്‍ പൂര്‍ത്തിയായ നിത്യപൗരോഹിത്യത്തിന്‍റെ മുന്നോടിയും മാതൃകയുമായി എടുത്തു കാട്ടുമ്പോള്‍ അബ്രാഹം മെല്‍ക്കിസെദെക്കിനു ദശാംശം നല്‍കിയതു പരാമര്‍ശവിഷയമാകുന്നുണ്ട്. ജനിക്കാന്‍ പോകുന്ന ലേവിയുടെ പിതാമഹനായ അബ്രാഹം മെല്‍ക്കിസെദെക്കിനു ദശാംശം നല്‍കിയതായി ലേഖനകര്‍ത്താവ് വ്യാഖ്യാനിക്കുന്നു. അങ്ങനെ മെല്‍ക്കിസെദെക്കിന്‍റെ പൗരോഹിത്യം ലേവി പൗരോഹിത്യത്തെക്കാള്‍ ഉന്നതമാണെന്നും  സ്ഥാപിക്കുന്നു. (ഹെബ്രാ 7, 4-10). (മെല്‍ക്കിസെദെക്കിന്‍റെ പൗരോഹിത്യത്തെക്കുറിച്ച് ഹെബ്രായലേഖനം അവതരിപ്പിക്കുന്ന പഠനങ്ങള്‍ യേശുവിന്‍റെ പൗരോഹിത്യവുമായി ബന്ധപ്പെടുത്തി പഠനവിഷയമാക്കുന്നതാണ്.)

ചുരുക്കത്തില്‍

ബൈബിളില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ പുരോഹിതനാണ് മെല്‍ക്കിസെദെക്ക്. സമാധാനത്തിന്‍റെ നഗരത്തിലെ നീതിയുടെ രാജാവായ അയാള്‍ അത്യുന്നതദൈവത്തിന്‍റെ പുരോഹിതനാണ്. നീതിപൂര്‍വ്വം ജനത്തെ ഭരിക്കാനും ദൈവേഷ്ടപ്രകാരം അവരെ നയിക്കാനും, അങ്ങനെ യഥാര്‍ത്ഥ നീതി സ്ഥാപിച്ചു നിലനിര്‍ത്താനുംവേണ്ടി ദൈവം തന്നെ നിയോഗിച്ച രാജാവും പുരോഹിതനുമാണ് അയാള്‍. യഥാര്‍ത്ഥ പൗരോഹിത്യത്തിന്‍റെ വിവിധ മാനങ്ങള്‍ മെല്‍ക്കിസെദെക്കില്‍ ദൃശ്യമാകുന്നു.

അത്യുന്നതനായ ദൈവത്തിനു ശുശ്രൂഷചെയ്യുക എന്നതാണ് പുരോഹിതധര്‍മ്മം. ആദ്യമേ നീതി നടപ്പിലാക്കണം. അതിനാവശ്യമായ ദൈവഹിതത്തിന് അനുയോജ്യമായ നിയമങ്ങള്‍ നിര്‍മ്മിക്കണം. ദൈവം ആരെന്നും ദൈവഹിതമെന്തെന്നും ജനത്തെ പഠിപ്പിക്കുകയും അതനുസരിച്ചു ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം. അതോടൊപ്പം, ജനത്തിന്‍റെ നേര്‍ച്ചകാഴ്ചകള്‍ മാത്രമല്ല, ജനത്തെ മുഴുവനായും ദൈവത്തിനു സമര്‍പ്പിക്കുക, ദൈവത്തിന്‍റേതായി ജീവിക്കാന്‍ സഹായിക്കുക, അങ്ങനെ അവരെ വിശുദ്ധീകരിക്കുക, ഇതും പുരോഹിതധര്‍മ്മം തന്നെ.

ദൈവനാമത്തില്‍ ജനത്തെ ആശീര്‍വ്വദിക്കാനും പുരോഹിതന് ആവശ്യമായവ നല്കി പരിപാലിക്കാനുമുള്ള ഉത്തരവാദിത്വം ജനത്തിനുണ്ട്. അബ്രാഹത്തെ ദൈവനാമത്തില്‍ ആശീര്‍വ്വദിക്കുകയും അബ്രാഹത്തില്‍ നിന്നു ദശാംശം സ്വീകരിക്കുകയും ചെയ്ത, അത്യുന്നതദൈവത്തിന്‍റെ പുരോഹിതനായ  മെല്‍ക്കിസെദെക്ക് വരാനിരുന്ന മഹാപുരോഹിതനായ യേശുക്രിസ്തുവിന്‍റെ മുന്നോടിയും പ്രതീകവുമാണ്. മെല്‍ക്കിസെദെക്കിന്‍റെ പൗരോഹിത്യം ഇസ്രായേലില്‍ നിലവില്‍ വന്ന ലേവി പൗരോഹിത്യത്തെക്കാള്‍ ഉന്നതവും ശ്രേഷ്ഠവുമാണ്.

You can share this post!

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

സ്വപ്നസഞ്ചാരങ്ങള്‍

സ്വാതിലേഖ തമ്പി
Related Posts