news-details
മറ്റുലേഖനങ്ങൾ

മാറുന്ന കാഴ്ചകള്‍

"പലപ്പോഴും നാം ഭയക്കേണ്ടിയിരിക്കുന്നു. കണ്ണുണ്ടെങ്കിലും സൗന്ദര്യമുള്ളതൊന്നും കാണുന്നില്ലെങ്കില്‍, മനസ്സുണ്ടെങ്കിലും സത്യത്തെ മനസ്സിലാക്കാനാവുന്നില്ലെങ്കില്‍, ഹൃദയമുണ്ടെങ്കിലും വേദനകളില്‍ ഇളകാതെ എന്നെന്നേക്കുമായി അതു കല്ലിച്ചുപോകുന്നുവെങ്കില്‍ നാം തീര്‍ച്ചയായും ഭയക്കേണ്ടതുണ്ട്; സൂക്ഷിക്കേണ്ടതുണ്ട്."

- ടോട്ടോച്ചാന്‍ - തെക്ക്സുകോകുറോയാനഗി

നാം ഭയക്കേണ്ട, സൂക്ഷിക്കേണ്ട കാലംതന്നെയാണിത്. സത്യാനന്തരകാലത്തില്‍, മനുഷ്യാനന്തരകാലത്തില്‍ എല്ലാം മാറുകയാണ്. ചുറ്റും കാണുന്നതൊന്നും അത്ര ഹിതകരമല്ല. 'മനുഷ്യന്‍' എന്ന സത്തയില്‍നിന്ന് എന്തൊക്കെയോ അകന്നു പോകുന്നതുപോലെ. സൗന്ദര്യവും സത്യവും വേദനകളും കാണാതെ അന്ധയാത്രയില്‍ മുഴുകുന്നുവോ എന്ന അഗാധമായ സന്ദേഹം നമ്മെ ചൂഴ്ന്നുനില്ക്കുന്നു. മങ്ങിയകാഴ്ചകള്‍ കണ്ണാടിവെച്ച് കാണാനാവില്ല. 'കെട്ടുകാഴ്ചകളുടെ സംസ്കാരം' എന്ന് ചിന്തകന്‍ വിളിച്ചതാണ് സംഭവിക്കുന്നത്. അസത്യത്തിന്‍റെ വേഷമണിഞ്ഞ് സത്യം നടക്കുന്നു. നമുക്കുള്ളിലും ചിലതെല്ലാം കല്ലിച്ചുപോകുന്നു. മഹിതമായതെന്തോ നഷ്ടമാകുന്ന ഊഷരകാലത്തിന്‍റെ സൂചനകള്‍ പടരുന്നു.

പരമ്പരാഗത മാധ്യമങ്ങളിലും നവമാധ്യമങ്ങളിലുമെല്ലാം കെട്ടുകാഴ്ചകള്‍ വന്നുനിറയുന്നു. രാഷ്ട്രീയം, മതം, സംസ്കാരം എല്ലാം അതിന്‍റെ കരാളഹസ്തങ്ങളില്‍ അമരുന്നു. അകംപൊള്ളയായ പാത്രങ്ങള്‍പോലെ ഏവരും കലമ്പല്‍ കൂട്ടുന്നു. അകന്നുപോകുന്ന പൊരുളുകള്‍ കാഴ്ചകളെയും കേള്‍വികളെയും ധൂസരവും അസത്യവുമാക്കുന്നു. കാണുന്നതെല്ലാം സത്യമാണെന്ന ധാരണകള്‍ തിരുത്തപ്പെടുന്നു. കാണാത്തതിലാണ് ഉണ്മ ഒളിഞ്ഞിരിക്കുന്നത് എന്നു വരുന്നു. സത്യാനന്തരകാലത്തില്‍ സത്യത്തിന് നില്‍ക്കാനിടമില്ല. അതിന്‍റെ സ്ഥാനത്ത് അസത്യവും അര്‍ത്ഥസത്യവും വാഴ്ചതുടങ്ങുന്നു. ചരിത്രവും സംസ്കാരവും എല്ലാം അസത്യത്തിന്‍റെ വാഗ്ധോരണികളാല്‍ പുതപ്പിക്കപ്പെടുന്നു.

'പോസ്റ്റ് ഹ്യൂമന്‍' എന്നു വിളിക്കപ്പെടുന്ന മനുഷ്യാനന്തരകാലത്തിന്‍റെ ലോകം മനുഷ്യസത്തയെ സമൂലം ഗ്രസിക്കുന്നു. ആന്തരചൈതന്യത്തിന്‍റെ തേജസ്സ് കൈമോശം വന്ന മാനവന്‍ പൊരുളില്ലാത്ത യാത്രയിലാണ്. ആത്മാവ് പണയംവച്ച് ഭൗതികജീവിതവിജയം നേടുന്നതിന് ഓടിക്കൊണ്ടിരിക്കുന്ന മനുഷ്യന്‍ അപമാനവീകരിക്കപ്പെടുന്നു. വിനഷ്ടമാകുന്ന ചൈതന്യം പൊള്ളയായ സമസ്യയാക്കി മനുഷ്യനെ മാറ്റിക്കൊണ്ടിരിക്കുന്നു.

ചുറ്റുവട്ടത്തെയും അപരനെയും ആഴത്തില്‍ കാണാന്‍ കഴിയാത്തതാണ് അന്ധത. ആര്‍ക്കും ഒറ്റയ്ക്ക് വിജയവും സന്തോഷവുമില്ല. സമൂഹജീവിയായ മനുഷ്യന്‍ ജീവന്‍റെ വലയിലെ കണ്ണിയാണ്. ഒരു കണ്ണിക്കും സ്വന്തമായ നിലനില്പ്പില്ല. ചുറ്റും കാണാനും കണ്ണീരില്‍ അലിയാനും കഴിയുമ്പോഴാണ് കല്ലിപ്പിനെ ചെറുക്കാന്‍ കഴിയുന്നത്. അപരനിലൂടെയാണ് സ്വര്‍ഗ്ഗം തുറക്കുക. 'അപരന്‍ നരകമാണ് എന്ന കാഴ്ചപ്പാട് പടര്‍ത്തുന്ന തമസ്സ് ഭീതി ജനിപ്പിക്കുന്നു. അപരവിദ്വേഷത്തിന്‍റെ വാക്കുകള്‍ മുഴങ്ങികേള്‍ക്കുന്നു. രാഷ്ട്രീയവും മതവുമെല്ലാം വിദ്വേഷത്തിന്‍റെ ശബ്ദങ്ങളാല്‍ മുഖരിതമാകുന്നു. താല്ക്കാലിക വിജയങ്ങള്‍ക്കായി ദ്വേഷത്തിന്‍റെ അഗ്നി ജ്വലിപ്പിക്കുമ്പോള്‍ മനുഷ്യവംശമാണ് പരാജയപ്പെടുന്നത്. ചരിത്രത്തില്‍ കെട്ടിക്കിടക്കുന്ന രക്തം പുതിയ കാലത്തിലേക്കും പടരുന്നു. ആധുനിക വിജ്ഞാനത്തിന്‍റെ തുംഗഗോപുരത്തില്‍ വിഹരിക്കുന്നവന്‍ അവബോധതലത്തില്‍ പൈശാചികതയുടെ പാതാളത്തെ പുല്‍കുന്നു. അലിവിന്‍റെ കണ്ണീര്‍ത്തുള്ളികള്‍ കിനിയാത്ത കണ്ണും മനസ്സും ഭയാനകമായി കല്ലിക്കുന്നു. കമ്പോളത്തിന്‍റെ മത്സരവും വിജയത്തിനായുള്ള അദമ്യമായ തൃഷ്ണയും പേറി അലയുന്ന ജനങ്ങളാകുന്നു ചുറ്റിലും.

എന്താണ് എഴുത്തുകാരി പറയുന്ന ഭയം ഇല്ലാതാക്കാന്‍ നാം ചെയ്യേണ്ടത്. ചുറ്റും നോക്കിയാല്‍, അപരനെ കണ്ടെത്തിയാല്‍ ഉത്തരവും തെളിഞ്ഞുവരും. അപരവിദ്വേഷത്തിനു പകരം അവന്‍റെ/അവളുടെ ഉള്ളിലെ നന്മയുടെ വെളിച്ചം കാണാനുള്ള കാഴ്ച ഉണ്ടാവണമെന്നു മാത്രം. വിദ്വേഷത്തില്‍നിന്ന് ഒന്നും ജനിക്കുന്നില്ല; നാശമല്ലാതെ. കാഴ്ചയും ഉള്‍ക്കാഴ്ചയും സമഗ്രമാകുമ്പോള്‍ നമ്മുടെ ഉള്ളു നിറയും. എന്തെല്ലാം വിസ്മയങ്ങളാണ് മനുഷ്യരിലും പ്രകൃതിയിലും നിറഞ്ഞിരിക്കുന്നത്! 'ഒന്നു നില്ക്കൂ, ചെറിയ മനുഷ്യാ' എന്ന് ചിന്തകന്‍ വിളിച്ചുപറയുന്നു.

മനുഷ്യജന്മത്തിന്‍റെ അര്‍ത്ഥസാധ്യതകളെപ്പറ്റി നാം അഗാധമായി ചിന്തിക്കണം. ബഹുസ്വരമായ സാധ്യതകളാണ് നമുക്കു ചുറ്റും ചിതറിക്കിടക്കുന്നത്. ഏകമുഖമല്ല ഉത്തരങ്ങള്‍. എല്ലാറ്റിനെയും അണച്ചുപിടിക്കാനാകുക പ്രധാനം. പരസ്പരം സംശയിക്കുന്ന, ഭയക്കുന്ന കാലത്തെ മറികടക്കണം. നമ്മുടെ അതിജീവനം പുതിയ തിരിച്ചറിവിലാണ്. 'അണയാത്ത ഉള്‍ക്കണ്ണ്' നമ്മെ സത്യത്തിലേക്കു നയിക്കും. അപരനും ചേര്‍ന്നതാണ് നമ്മുടെ ജീവിതവും ലോകവും എന്ന ബോധ്യം പാത തുറക്കും. "മാനത്തു മിന്നുന്ന താരകമേ ചെല്‍ക, അകലെയെങ്ങാനും പ്രഭാതമുണ്ടോ?" എന്ന ചോദ്യം പ്രഭാതത്തിനായുള്ള ആഗ്രഹമാണ്.

You can share this post!

അറിവ്

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts