news-details
മറ്റുലേഖനങ്ങൾ
പണ്ടെങ്ങോ കണ്ടുമറന്നൊരു വീഡിയോയാണ്. മുംബൈ നഗരമാണ് കഥയ്ക്കു പശ്ചാത്തലം. തിരക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുന്ന നായകന്‍. പെട്ടെന്ന് ഉണ്ടായ തിക്കിലും തിരക്കിലും, അറിയാതെ തൊട്ടുമുമ്പില്‍ നിന്ന ആളുടെ ദേഹത്ത് തട്ടുന്നു. അദ്ദേഹമാകട്ടെ ഒരു കള്ളനെന്ന വ്യാഖ്യാനത്തില്‍ നായകനോട് കയര്‍ത്തു സംസാരിക്കുകയും അദ്ദേഹത്തെ പുച്ഛിക്കുകയും ചെയ്യുന്നു. തന്നോടു ചെയ്യപ്പെട്ട വലിയ അനീതിയായി ഈ സംഭവത്തെ കണക്കാക്കിയ നായകന് പിന്നീട് താന്‍ കണ്ടുമുട്ടിയ എല്ലാവരും തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നതായി തോന്നുന്നു.
 
വിഷാദത്തോടെയും ഏറെ സങ്കടത്തോടെയും അന്നേ ദിവസം തള്ളിനീക്കിയ നായകന്‍ അടുത്ത ദിവസവും അതേ ട്രെയിനില്‍ തന്നെ യാത്രചെയ്യുന്നു. എല്ലാവരില്‍ നിന്നും ഭയന്ന് അകന്നു മാറി നിന്നിരുന്ന നായകന്‍ പെട്ടെന്ന് ഒരു കാഴ്ച കാണുന്നു. തലേന്ന് എന്താണോ തനിക്ക് സംഭവിച്ചത് അതുപോലെ തന്നെ മറ്റൊരു യുവാവിനും സംഭവിച്ചിരിക്കുന്നു. അപരന്‍റെ ചീത്തവിളിയും പരിഹാസവും കള്ളനെന്ന വിളിയുമൊക്കെ ഏറ്റുവാങ്ങിയിട്ടും ചിരിച്ചുകൊണ്ട് യാത്ര തുടര്‍ന്ന രണ്ടാമനെ നോക്കി നായകന്‍ ചോദിച്ചു; "എങ്ങനെയാണ് സുഹൃത്തേ, അദ്ദേഹം നിന്നെ ഇത്രയേറെ പരിഹസിച്ചിട്ടും തെറ്റിദ്ധരിച്ചിട്ടും നിനക്കിങ്ങനെ ചിരിച്ചുകൊണ്ട് നില്‍ക്കാന്‍ സാധിക്കുന്നത്?" നായകന്‍റെ ചോദ്യത്തിനുള്ള ഉത്തരം ഇപ്രകാരമായിരുന്നു, "അദ്ദേഹത്തിന് എന്നെ 10 നിമിഷത്തേ പരിചയമേയുള്ളൂ. എനിക്ക് എന്നെ 22 വര്‍ഷമായി അറിയാം. പിന്നെ എന്തിന് 10 നിമിഷം മാത്രം പരിചയമുള്ള ഒരാളുടെ വാക്കുകള്‍ കേട്ട് ഞാന്‍ സങ്കടപ്പെടണം." 
 
 
താന്‍ ആരാണെന്നും എന്താണെന്നുമുള്ള തിരിച്ചറിവ് ഇല്ലാതാകുമ്പോഴാണ് മറ്റുള്ളവരുടെ വാക്കുകളും പ്രവൃത്തിയും നമ്മളെ മനസംഘര്‍ഷത്തിലേക്കും നിരാശയിലേക്കും നയിക്കുന്നത്. പിന്നീട് പതുക്കെപ്പതുക്കെ നമ്മുടെ ആത്മവിശ്വാസവും പ്രതീക്ഷയുമെല്ലാം നമുക്ക് നഷ്ടപ്പെടുന്നു. തനിക്കെതിരെ നടക്കുന്ന ചൂഷണത്തിനും അടിമത്തത്തിനും എതിരെ പ്രതികരിക്കാന്‍ നമ്മള്‍ മറന്നുപോകുന്നു. 
 

പിറവി

 
കേരളത്തിലെ ആദിവാസി വിഭാഗങ്ങളില്‍, ഏറെ വ്യത്യസ്തത വച്ചുപുലര്‍ത്തിയിരുന്നവരായിരുന്നു അട്ടപ്പാടിയിലെ ആദിവാസി സമൂഹം. മറ്റു വിഭാഗങ്ങളെല്ലാം അടിമത്തത്തിനും ചൂഷണത്തിനും നിരന്തരം വിധേയമായിക്കൊണ്ടിരുന്നപ്പോള്‍, തലയെടുപ്പോടെ ജീവിച്ചവരായിരുന്നു അട്ടപ്പാടിയിലെ ജനത. സ്വന്തമായി കൃഷിചെയ്തും ആടുമാടുകളെ മേയ്ച്ചും അന്തസ്സായി ജീവിച്ചവര്‍. ആട്ടവും പാട്ടുമായി ഇടയ്ക്കിടെ ഒരുമിച്ച് കൂടുകയും തങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളുമെല്ലാം ഊരുമൂപ്പന്‍റെയും മറ്റു മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട യോഗത്തില്‍ വച്ച് ചര്‍ച്ച ചെയ്ത്  പരിഹരിക്കുകയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ സ്വയം പര്യാപ്തമായിരുന്ന ഒരു ജനത എന്നാണ്, എന്തുകൊണ്ടാണ് ചൂഷണങ്ങള്‍ക്കും അവഗണനകള്‍ക്കും വിധേയപ്പെട്ടുപോയത്?
 
വനനശീകരണവും അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഹരിതാഭമായിരുന്ന അട്ടപ്പാടിയെ ഒരു മരുഭൂമിയാക്കി മാറ്റി. ശരിയായ അളവില്‍ മഴ ലഭിക്കാത്തതും അനധികൃതമായ കയ്യേറ്റങ്ങളും ആദിവാസികുടിലുകളില്‍ പട്ടിണിയുടെ വരവറിയിച്ചു. അന്നന്നേക്കുള്ള ആഹാരത്തിനായി വേല തേടി പട്ടണങ്ങളിലേക്ക് പോകാന്‍ യുവതലമുറയെ പ്രേരിപ്പിച്ചു. ജീവിതത്തിലെ അരക്ഷിതാവസ്ഥ അവരെ മദ്യപാനത്തിലേക്കെത്തിച്ചു. ഒരുമിച്ചുള്ള ആട്ടവും പാട്ടും നിലച്ചു. ആദിവാസി സമൂഹത്തിന്‍റെ മൂല്യമറിയാത്തപരിഷ്കാരികള്‍ 'കാടര്‍' എന്ന വിളിപ്പേരില്‍ അവര്‍ക്കെതിരെ തീണ്ടിക്കൂടായ്മയുടെ മതിലു പണിതു. മാനവ ചരിത്രത്തോളം പഴമയുള്ളതും ഒരു കാലത്ത് ആദരവോടെ വണങ്ങിയിരുന്നതുമായ ഒരു സമൂഹത്തിന്‍റെ പേര് അങ്ങനെ മനുഷ്യര്‍ തന്നെ നിര്‍മ്മിച്ച ജാതിവ്യവസ്ഥിതിയുടെ ഏറ്റവും താഴേയുള്ള തട്ടില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. അഭിമാനത്തോടെ ചേര്‍ത്തു പിടിക്കേണ്ട പേര് അങ്ങനെ അപമാനത്തിന്‍റെ മുദ്രയായി മാറി. അഥവാ നാമെല്ലാം ചേര്‍ന്ന് അങ്ങനെ വിശ്വസിക്കാന്‍ ആദിവാസി സമൂഹത്തെ പ്രേരിപ്പിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ സ്വന്തം സ്വത്വം പോലും നഷ്ടപ്പെട്ട ഒരു ജനതയ്ക്കു ശരിയായ ദിശാബോധം നല്കാനും അവരോടൊപ്പം ആയിരിക്കാനും അവരിലൊരാളാകുവാനുമാണ് 'ഈശോസഭാ വൈദികര്‍' 'ആദി' ക്കു പിറവി നല്കിയത്.
 
1998-99 കാലയളവില്‍ ഷാജി ഇടനോളി എന്ന വൈദികന്‍ അട്ടപ്പാടിയിലെ ആദിവാസി ജനതയോടൊപ്പം ജീവിക്കാന്‍ തുടങ്ങി. അവരോടൊപ്പം വേലചെയ്തും അന്തിയുറങ്ങിയും അവരുടെ സന്തോഷത്തിലും സന്താപത്തിലുമൊക്കെ പങ്കുചേര്‍ന്നും അദ്ദേഹം അവരിലൊരാളായി. ഒപ്പമായിരുന്നതിനാലാവാം എന്താണ് ആദിവാസി സമൂഹത്തിന് വേണ്ടതെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. നീണ്ട എട്ടുവര്‍ഷക്കാലം അദ്ദേഹം അട്ടപ്പാടിയിലെ ജനതയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട് ഈശോ സഭയില്‍ നിന്നും വിടപറഞ്ഞ ഷാജി ഇടനോളിക്കു പകരം, അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനായി സഭ നിയമിച്ചത് ഫാ. ജെയിംസിനെയാണ്. അങ്ങനെ 2008 മുതല്‍ ജെയിംസച്ചന്‍ അട്ടപ്പാടിയിലെ ജനതയോടൊപ്പമുണ്ട്. അതേ വര്‍ഷം തന്നെ ഈശോ സഭയുടെ നേതൃത്വത്തില്‍ 'ആദി'യും (അട്ടപ്പാടി ആദിവാസി ഡെവലപ്മെന്‍റ് ഇനിയേഷിറ്റീവ്) രൂപീകരിച്ചു.  അടുത്തവര്‍ഷം അതായത് 2009ല്‍ ഫാ. ലെനിന്‍ ആന്‍റണിയും ജെയിംസച്ചനോട് ചേര്‍ന്ന് ആദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.
 
പുതിയ തുടക്കം
 
എട്ടു വര്‍ഷത്തെ ഗര്‍ഭാവസ്ഥയ്ക്കു ശേഷമാണ് ആദി പിറവി കൊള്ളുന്നത്. ആര്‍ക്കുവേണ്ടിയാണോ ആദി രൂപീകൃതമായത്, അവരോടൊപ്പം ചെലവഴിച്ച ദിനങ്ങള്‍ തന്ന അനുഭവങ്ങളായിരുന്നു ആദിയുടെ മൂലധനം. ശരിയായ നേതൃപാടവം കൊടുക്കുക, ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ നല്കുക എന്നിവയായിരുന്നു ആദിയുടെ പ്രഥമ ദൗത്യം. അതോടൊപ്പം തന്നെ പി. എസ്. സി. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, കരിയര്‍ ഗയിഡന്‍സ്, സെല്‍ഫ് സ്കില്‍ ട്രെയിനിംഗ് എന്നിവയ്ക്കായി ഇന്‍ഫോര്‍മേഷന്‍ സെന്‍ററുകള്‍ തുടങ്ങി. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഗുണഭോക്താക്കളുടെ എണ്ണം ഏകദേശം മുന്നൂറിനു മേലേ വരും.
 
ഓരോ ഊരിലുള്ളവരുടെയും ആവശ്യപ്രകാരമാണ് ആദി ഓരോ പരിപാടികള്‍ക്കും രൂപം നല്‍കുന്നത്. അവര്‍ക്കാവശ്യമുള്ളത് അവരോട് ചേര്‍ന്ന് ചെയ്തതിനാല്‍ ഒരുപാടു പേര്‍ക്ക് ആദിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലം നേടാന്‍ സാധിച്ചു.
 
സംഘടനാ ബോധത്തോടെ സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനോ അല്ലെങ്കില്‍ ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കാനോ അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിനു സാധിച്ചിരുന്നില്ല. ഈയൊരു അവസ്ഥാവിശേഷത്തിനു മാറ്റം സംഭവിക്കണമെങ്കില്‍ നേതൃത്വപാടവമുള്ള ഒരു തലമുറ അവരുടെയിടയില്‍ നിന്നും വളര്‍ന്നുവരേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് ആദി തന്‍റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം ലക്ഷ്യമായി നേതൃത്വപാടവമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനെ കാണുന്നത്. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ആദി അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷമേതെന്ന് ചോദിച്ചപ്പോള്‍ ജെയിംസച്ചന്‍റെ മറുപടി ഇപ്രകാരമായിരുന്നു; "മധു എന്ന ആദിവാസി യുവാവിനും സദാചാരവാദികളുടെ ക്രൂര മര്‍ദ്ദനത്തിനൊടുവില്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍, തങ്ങളിലൊരുവനു നേരിടേണ്ടി വന്ന ദുരന്തത്തിനോടു പ്രതികരിക്കാന്‍ അവര്‍ തയ്യാറായി. മറ്റാരുടെയും സഹായമില്ലാതെ കഴിഞ്ഞ പതിനെട്ടു വര്‍ഷത്തിനിടയില്‍ ആദ്യമായി അവര്‍ സ്വയം സംഘടിച്ചു നീതി ലഭിക്കുന്നതിനുവേണ്ടി പോരാടി. വളരെ പതുക്കെയാണെങ്കില്‍ പോലും അവരില്‍ വന്ന മാറ്റം എന്നെ ഏറെ സന്തോഷവാനാക്കുന്നു."
 
ആട്ടം പാട്ടം
 
'ഒരുമിച്ചിരിക്കുന്ന' അവസരങ്ങള്‍ കുറഞ്ഞപ്പോഴാണ് ആദിവാസി സമൂഹങ്ങളില്‍ ചൂഷണവും അനീതിയുമെല്ലാം തലപൊക്കിത്തുടങ്ങിയത്. പണ്ട് ഊരുവാസികളെല്ലാം ചേര്‍ന്ന് പകലിന്‍റെ അധ്വാനഭാരമെല്ലാം ഇറക്കിവെച്ച് രാത്രിയില്‍ ഒത്തുചേര്‍ന്ന് ആടിയും പാടിയും തങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പങ്കുവച്ചിരുന്നു. 'ആട്ടം പാട്ടം' എന്ന് വിളിക്കപ്പെട്ടിരുന്ന ഈ കൂടിച്ചേരലുകളിലാണ് അവര്‍, അവരുടെ അറിവുകള്‍ കൈമാറിയിരുന്നതും ഊരിനെ സംബന്ധിച്ച പ്രധാന തീരുമാനങ്ങളെടുത്തിരുന്നതും. പിന്നീടെപ്പോഴോ ഈ ആട്ടം പാട്ടം നാണക്കേടിന്‍റെ ചിഹ്നമായി പരിഗണിക്കപ്പെടാന്‍ തുടങ്ങിയപ്പോള്‍ കൂടിച്ചേരലുകള്‍ കുറയുകയും പരസ്പരബന്ധത്തിനു വിള്ളലേല്‍ക്കുകയും ചെയ്തു.
 
ആട്ടം പാട്ടം -ത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്ന ഗാനങ്ങളിലെല്ലാം തന്നെ ആദിവാസി സമൂഹത്തിന്‍റെ ചരിത്രം ഉറങ്ങിക്കിടന്നിരുന്നു. പിന്നീട് കൂടിച്ചേരലുകള്‍ ഒഴിവാക്കപ്പെട്ടപ്പോള്‍, തങ്ങള്‍ ആരാണെന്നും എന്താണെന്നുമുള്ള ശരിയായ അറിവ് പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ മുതിര്‍ന്ന തലമുറയ്ക്കു സാധിച്ചില്ല. ആദി അവരുടെ ആട്ടം പാട്ടം തിരിച്ചുകൊണ്ടുവന്നു. കഴിഞ്ഞ ഏഴു വര്‍ഷമായിഅങ്ങോളമിങ്ങോളമുള്ള ആദിവാസി കലാകാരന്മാര്‍ ഈ ആട്ടം പാട്ടം- ത്തില്‍ പങ്കുചേരുന്നു. രണ്ടോ നാലോ വരിമാത്രം പാടാന്‍ അറിഞ്ഞിരുന്ന പുതിയ തലമുറയ്ക്കുവേണ്ടി പഴയ പാട്ടുകളെല്ലാം ശേഖരിച്ച് അവ പുസ്തകരൂപത്തിലാക്കി ആദി. അങ്ങനെ ആദിവാസി സമൂഹത്തിന്‍റെ മങ്ങിപ്പോയ ചില ഓര്‍മ്മകള്‍ ആദി അവരിലേക്കു തന്നെ തിരിച്ചു കൊണ്ടുവന്നു. 
 
ഇന്ന് അവരെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ അവര്‍ തന്നെ എടുക്കുന്നു. ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. മഹത്തായ പാരമ്പര്യം അഭിമാനത്തോടെ ചേര്‍ത്തുപിടിക്കുന്നു. ഈ മാറ്റങ്ങള്‍ക്കെല്ലാം അടിത്തറ പാകിയത് ആദിയുടെ കഴിഞ്ഞ 18 വര്‍ഷക്കാലത്തെ പവര്‍ത്തനങ്ങളാണ്. 
 
"ആദി", ആദിവാസി സമൂഹത്തിന്‍റെ ഉന്നമനത്തിനായി പദ്ധതികള്‍ ഒന്നും തന്നെ ആസൂത്രണം ചെയ്തിട്ടില്ല. വിജയങ്ങളിലൊന്നും അവകാശമുന്നയിച്ചിട്ടില്ല. പിന്നെയോ അവരോടൊപ്പം ആയിരുന്നു. എല്ലാം കണ്ടും കേട്ടും അറിഞ്ഞും മാര്‍ഗനിര്‍ദേശം നല്‍കിയും തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന സുഹൃത്തിനെപ്പോലെ. തൊട്ടുകൂടായ്മയുടെ മതിലുകള്‍ തകര്‍ത്ത് കൂട്ടായ്മയുടെ 'ആദി' മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. 

You can share this post!

കാഴ്ചയ്ക്കുമപ്പുറം

ലിസ ഫെലിക്സ്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts