''ഒരു ഇരുമ്പു പെട്ടിയിലോ മരപ്പെട്ടിയിലോ സമുദ്രത്തേക്കാള്‍ ആഴമേറിയ സ്വകാര്യലോകമത്രയും അടക്കിവെച്ച അമ്മമാരാണ് കഥ പറഞ്ഞും ചോറും കൂട്ടാനുമുണ്ടാക്കിയും സന്താനവംശങ്ങളെ മുഴുവന്‍ പെറ്റെടുത്ത് വളര്‍ത്തി വലുതാക്കി ലോകത്തെ മാറ്റാനായി പടികടത്തി വിട്ടത്. ഇടശ്ശേരിയുടെ നങ്ങേലിമാര്‍, പൂതമാതാക്കളും യശോദയുടെയും ദേവികയുടെയും മറിയത്തിന്റെയും ആമിനയുടെയും മായയുടെയും ജന്മങ്ങള്‍. പ്രപഞ്ചത്തിലെ ഏറ്റവും വരിഷ്ഠ വിദ്യാലയമായ ഗര്‍ഭപാത്രത്തിന്റെ പ്രിന്‍സിപ്പല്‍മാര്‍.''
മറിയമെന്ന നസറേത്തിലെ അകത്തമ്മയെ മനസ്സില്‍ നിറച്ച് നടന്ന ദിവസങ്ങളിലൊന്നില്‍ കണ്ടുമുട്ടിയ ഈ വരികള്‍ പി. കെ. രാജശേഖരന്‍ മാഷിന്റേതാണ്. ഇതുള്‍പ്പെടുന്ന ബുക്സ്റ്റാള്‍ജിയ എന്ന ഗ്രന്ഥം സമ്മാനിച്ചത് മാതൃഭൂമിയിലെ നൗഷാദാണ്. കോഴിക്കോട്ടു നിന്നുള്ള ഒരു മടക്കയാത്രയില്‍ കൂട്ടിന്.
കുരിശു ചുമന്നവനെ ചുമന്ന ഗര്‍ഭപാത്രത്തിന്റെ ഉടമ. അവള്‍ മകനെ വളര്‍ത്തി പടി കടത്തി വിട്ടത് മനുഷ്യവിമോചന ഗാഥ ചമയിക്കാനാണ്. എന്നിട്ടങ്ങനെ മാറിയൊതുങ്ങി നിന്നു. മകന്റെ കീര്‍ത്തിയുടെ വെള്ളിവെളിച്ചത്തിലേക്കൊന്നും കേറിനില്ക്കാതെ പരമാവധി ഉള്‍വലിഞ്ഞു നിന്നു. ഈ ഒഴിഞ്ഞുമാറ്റം അത്രയൊന്നും ലഘുവായൊരു ക്രിയയല്ല സഖേ. അനര്‍ഹമായതു കരഗതകമാക്കാന്‍ തിക്കിതിങ്ങുന്നവര്‍ക്കിടയില്‍ ഇത്തരമാളുകളെ തിരഞ്ഞ് പിടിച്ച് നാം പഠിക്കേണ്ടതുണ്ട്. അര്‍ഹതയുണ്ടായിരുന്നിട്ടും ചിലതു വേണ്ടെന്നുവയ്ക്കുന്ന നിലപാടുകള്‍. അവയ്ക്ക് അമ്മ മറിയത്തിന്റെ അന്തസ്സിനോളം ഗരിമയുണ്ട്. അല്പന്മാരുടെ ആകാശഗംഗയില്‍ ഭ്രമണം ചെയ്യാനല്ല നമ്മില്‍ തിക്കുമുട്ടലുണ്ടാവേണ്ടത് സഖേ.
അവള്‍ അവസാനത്തോളം അവന്റെ ചാരേ നിന്നു. തോല്ക്കുമെന്നുള്ള കളിയിലും കൂടെത്തന്നെ നിന്നു. വിജയം നേടാനുള്ള താല്ക്കാലിക കോംപ്രമൈസുകള്‍ക്ക് അവനെ നിര്‍ബന്ധിച്ചില്ല. ബദ്ധന്മാര്‍ക്ക് ബുദ്ധത നല്കുമെന്ന പ്രഖ്യാപനത്തില്‍ ഒട്ടും പതറാതെ ഒപ്പം നിന്നു. ഒരു മഹായാനംപോലെ അവള്‍ സുവിശേഷങ്ങളില്‍ മറഞ്ഞുനിന്നു. ഒരു പക്ഷേ അമ്മ മറിയത്തിന്റെ നിശ്ശബ്ദതയുടെ തീരത്ത് ഇത്തിരി നേരമിരുന്നാല്‍ നാം കേട്ടുതുടങ്ങുന്ന ഒന്നുണ്ട്. കണ്ടുമുട്ടുന്ന ഒരോ സ്ത്രിയുടെയും ഉള്ളിലെ കടലിരമ്പം. കുഞ്ഞുകാര്യങ്ങളെച്ചൊല്ലി കേഴുന്ന വെറും പെണ്ണല്ല അവള്‍. പുരുഷകേസരികളെല്ലാം ഭയന്നോടിയ നിസ്സഹായ നിമിഷങ്ങളില്‍ തുണയും തൂണുമായി നിന്നത് അവളാണ്. കുരുശിന്‍ ചുവട്ടില്‍ മാത്രമല്ലസഖേ, ഓരോ വീടുകളിലും അവള്‍ അങ്ങനെ തന്നെയാണ്. അവളില്‍ നിന്നാണ് അവന്‍ ജഡം ധരിച്ചത്. അഴകും ആഴവുമേറിയ നിര്‍മമതയുടെ ഉള്ളടരുകള്‍ തിങ്ങിയ വിശുദ്ധവും വിനീതവുമായ മണ്ണില്‍ വചനം മണ്ണില്‍ വചനം ജഡം ധരിച്ചു. അവന്‍ മനുഷ്യരുടെ ഇടയില്‍ പാര്‍ത്തു.