2019ല്‍ മനു ശേഖറിന് മുന്‍പില്‍ വിചിത്രമായ ഒരു ആവശ്യം വന്നു. ഓട്ടിസ്റ്റിക് ആയ തന്റെ കുട്ടിയെ കമ്പ്യൂട്ടര്‍ പ്രോഗ്രാം പഠിപ്പിക്കണം എന്നായിരുന്നു ആ മാതാവിന്റെ ആവശ്യം. എന്നാല്‍ മനു ശേഖര്‍ എന്ന 31 വയസ്സായ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ക്ക് ഈയൊരു ആവശ്യം ഏറ്റെടുക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, അവസരങ്ങള്‍ നിഷേധിക്കപ്പെട്ട സ്ത്രീകളെ കമ്പ്യൂട്ടര്‍ പ്രോഗ്രാം പഠിപ്പിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ ആയിരുന്നു അന്ന് മനു. അയാള്‍ പറയുന്നു ആര്‍ക്കുവേണമെങ്കിലും കോഡിങ് പഠിക്കാന്‍ സാധിക്കും. പക്ഷേ ഓട്ടിസമുള്ള ഒരാളെ പഠിപ്പിക്കണമെങ്കില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ട്രെയിനിങ് വേണം.
അയാള്‍ അന്ന് അങ്ങനെ വിശ്വസിച്ചു മാറിനിന്നു. മനു ഇന്ന് ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം ഡിസ്ലെക്‌സിയ, കേള്‍വിശക്തി ഇല്ലാത്തവര്‍ എന്നീ ഗണത്തില്‍പ്പെടുന്ന 35 കുട്ടികളെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് പഠിപ്പിക്കുന്നു.
അദ്ദേഹം പറയുന്നു:
'സ്‌പെഷ്യല്‍ നീഡ്സ് ഉള്ള കുട്ടികള്‍ക്ക് പലപ്പോഴും ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസമോ പാഠ്യപദ്ധതിയോ ഇല്ല. അവര്‍ മുഖ്യധാരാ തൊഴില്‍ മേഖലയില്‍ എത്തിച്ചേരുകയും ഇല്ല. അവര്‍ക്കു വേണ്ടി സമാന്തരമായ ഒരു തൊഴില്‍ മേഖല ഇല്ല താനും. അങ്ങനെയുള്ളപ്പോള്‍ അവര്‍ക്ക് വേണ്ടത് സ്വന്തം കാലില്‍ നില്‍ക്കുവാനുള്ള ഒരു മുഴുവന്‍ സമയ തൊഴിലാണ്. അല്ലാതെ പണവും ദയാ വായ്പും അല്ല. എല്ലാ മനുഷ്യരിലും അന്തര്‍ലീനമായ ചില കഴിവുകളുണ്ട് . സാങ്കേതികവിദ്യ പല തടസ്സങ്ങളും പരിമിതികളും നീക്കുന്നു.'
മനു തുടരുന്നു: 'നമ്മള്‍ ലിംഗ സമത്വത്തെക്കുറിച്ച് പറയുന്നു. എന്നാല്‍ സമൂഹത്തിലെ മാനസിക വൈവിധ്യം അല്ലെങ്കില്‍ ന്യൂറോ ഡൈ വേഴ്‌സിറ്റി മനസ്സിലാക്കി, അതിനുവേണ്ടി പ്രത്യേകതരം വിദ്യാഭ്യാസം നല്‍കാനുള്ള സംവിധാനം നമ്മുടെ സമൂഹത്തില്‍ ഉണ്ടാവണം. സ്‌പെഷ്യല്‍ നീഡ്സ് ഉള്ള കുട്ടികളെ അവരുടെ പരിമിതികളോടു കൂടി തന്നെ സമൂഹത്തിലെ സമസ്ത മേഖലകളിലും അംഗീകരിക്കുവാന്‍ നമ്മള്‍ തയ്യാറാവണം.
ഈയൊരു ഉദ്ദേശത്തോടെ 2019ല്‍ അദ്ദേഹം തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് ആണ് HashHackCode. എട്ടു വയസു മുതല്‍ 45 വയസ്സ് വരെയുള്ള സ്‌പെഷ്യല്‍ നീഡ്സ് ഉള്ള കുട്ടികളെ കമ്പ്യൂട്ടര്‍ പ്രോഗ്രാം പഠിപ്പിക്കുന്ന സ്ഥാപനമാണിത്. ആനിമേറ്റഡ് പോസ്റ്റര്‍ മേക്കിങ്, ഗ്രീറ്റിംഗ് കാര്‍ഡ് ഡിസൈനിംഗ് തുടങ്ങിയ ലളിതമായ ജോലികള്‍ മുതല്‍ HTML ജാവാസ്‌ക്രിപ്റ്റ് തുടങ്ങിയ ഒരു വെബ്‌സൈറ്റില്‍ വേണ്ട സങ്കീര്‍ണമായ പ്രോഗ്രാമിംഗ് ലാംഗ്വേജ് വരെ അദ്ദേഹം കുട്ടികളെ പഠിപ്പിക്കുന്നു.
നാലു കുട്ടികളില്‍നിന്ന് തുടങ്ങിയതാണ് ഈ സംരംഭം. ഇന്ന് മനുവിന് വിദേശത്തുനിന്ന് വരെ വിദ്യാര്‍ത്ഥികളുണ്ട്. 85,00 രൂപ മുതല്‍ 45,000 രൂപയാണ് 10 ഭാഗമായിട്ടുള്ള ഈ കോഴ്‌സിന്റെ ചെലവ്.
ഭിന്നശേഷിയുള്ള ആളുകളെ പഠിപ്പിക്കാന്‍ അപാരമായ ക്ഷമയും സഹാനുഭൂതിയും വേണം. ഓരോ കുട്ടിയെയും പ്രത്യേകം പ്രത്യേകം പഠിപ്പിക്കണം. ഓരോ കുട്ടിയുടെ നിലവാരവും ക്ഷമയും കഴിവും വ്യത്യസ്തം ആയിരിക്കും. അവരെ ഓരോരുത്തരെയും മനസ്സിലാക്കുക എന്നതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. തിയറികളും സിദ്ധാന്തങ്ങളും നിര്‍വചനങ്ങളുമൊന്നും അവര്‍ക്ക് മനസ്സിലാവില്ല. എല്ലാം ചെയ്തു കാണിച്ചു തന്നെ പഠിപ്പിക്കണം.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടി ത്യാഗം ചെയ്ത് ജോലിയും തൊഴിലും എല്ലാം ഉപേക്ഷിച്ച് മാതാപിതാക്കന്മാരും ഈ കുട്ടികള്‍ക്കൊപ്പം മനുവില്‍ നിന്ന് പ്രോഗ്രാമിംഗ് പഠിക്കുന്നു.
ഇത് പഠിക്കുന്നതോടുകൂടി തങ്ങളുടെ കുട്ടിയെ അവന്റെ പഠനത്തില്‍ സഹായിക്കുവാനും തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ കരിയറിന്റെ രണ്ടാംഘട്ടം ആരംഭിക്കുവാനും അവര്‍ക്ക് സാധിക്കുന്നു.
തന്റെ ആദ്യ വിജയത്തിന് ശേഷം മനു ശേഖര്‍ റൈസിംഗ് സ്റ്റാര്‍ പ്രോജക്ട് തുടങ്ങി. ന്യൂറോ ഡൈവേഴ്‌സ് ആയിട്ടുള്ള കുട്ടികള്‍ക്ക് തൊഴില്‍ മേഖലയുമായി തുറവി കിട്ടുവാനും അതുവഴി സാധാരണ ആളുകള്‍ക്ക് ഇത്തരത്തിലുള്ള ആളുകളെ പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു വേദിയാണിത്.
ഈ പ്രോഗ്രാം വഴി ന്യൂറോ ഡൈവേഴ്‌സ് ആയിട്ടുള്ള കുട്ടികള്‍ക്ക് കമ്പനികളില്‍ വളരെ ചെറുതും ദൈര്‍ഘ്യം കുറഞ്ഞതുമായ പ്രോജക്ടുകളില്‍ ജോലി ചെയ്യാനുള്ള അവസരം ഒരുക്കി കൊടു ക്കുന്നു.
രണ്ടു മുതല്‍ 12 ആഴ്ച വരെ നീളുന്ന ഈ പരിപാടിയില്‍ അവര്‍ക്ക് യഥാര്‍ത്ഥ തൊഴില്‍ മേഖലയുമായി നേരിട്ട് പരിചയത്തിനുള്ള അവസരമൊരുക്കുന്നു.