news-details
മറ്റുലേഖനങ്ങൾ

നിര്‍ദ്ദയനായ ഭൃത്യന്റെ ഉപമ

മത്തായി 18-ാം അധ്യായത്തില്‍ നാം വായിക്കുന്ന നിര്‍ദ്ദയനായ ഭൃത്യന്റെ ഉപമയാണ് ഇത്തവണ നാം പരിശോധിക്കുന്നത്. പതിനായിരം താലന്തിന്റെ ഇളവു ലഭിച്ചവന്‍ നൂറുദനാറ കടമുള്ളവനോടു നിര്‍ദ്ദയമായി പെരുമാറിയതിനെത്തുടര്‍ന്ന്, രാജാവ് അയാളെ കാരാഗൃഹത്തില്‍ അടയ്ക്കുന്നതാണല്ലോ കഥ. ഈ ഉപമയിലെ ചില വിവരങ്ങളെക്കുറിച്ചുള്ള വിശദമായ അറിവ് ഉപമയെ ആഴത്തില്‍ അറിയാന്‍ സഹായിക്കുമെന്നാണു വിചാരിക്കുന്നത്.

A. താലന്തും ദനാറയും

മഹാനായ ഹേറോദേസു രാജാവിന്റെ പ്രതിവര്‍ഷ വരുമാനം 900 താലന്ത് ആയിരുന്നുവെന്നു പറയപ്പെടുന്നു. അപ്പോള്‍ ഒരു താലന്ത് എത്ര ഭീമമായ തുകയാണെന്നു വ്യക്തമാണല്ലോ. ആറായിരം ദനാറ ചേരുന്നതാണത്രേ ഒരു താലന്ത്. അപ്പോള്‍ പതിനായിരം താലന്തു കടമുണ്ട് എന്നതിനര്‍ത്ഥം ആറുകോടി ദനാറ കടമുണ്ട് എന്നാണല്ലോ. മത്തായി 20 - ലെ മുന്തിരിത്തോട്ടത്തിലെ ഉപമയില്‍നിന്നു നാം മനസ്സിലാക്കുന്നത് ഒരു ദനാറ ഒരു ദിവസത്തെ കൂലിയായിരുന്നു എന്നാണ്. അതിനര്‍ത്ഥം 365 ദിവസവും പണിയെടുത്താല്‍പോലും ആറുകോടി ദനാറയുടെ കടം വീട്ടിത്തീര്‍ക്കാന്‍ 1, 64, 000-ല്‍പ്പരം വര്‍ഷങ്ങള്‍ വേണ്ടിവരും! ഇത്രയും സങ്കല്പാതീതമായ കടമാണു രാജാവു സേവകനുവേണ്ടി വെറുതെ ഇളച്ചുകൊടുത്തത്. അതേസമയം ഈ സേവകനോട് സഹസേവകന്‍ കടപ്പെട്ടിരിക്കുന്നത് വെറും നൂറുദനാറയാണ്. അതായത് പരമാവധി നാലുമാസം കൊണ്ടു വീട്ടിത്തീര്‍ക്കാവുന്ന കടം. എന്നിട്ടും അയാള്‍ തന്റെ സഹസേവകനോടു കണ്ണില്‍ചോരയില്ലാതെ പെരുമാറുകയാണ്!

B. കടവും അടിമത്തവേലയും

കടം വീട്ടാന്‍ നിര്‍വ്വാഹമില്ലാത്ത സേവകനെയും ഭാര്യയെയും മക്കളെയും സമസ്തവസ്തുക്കളെയും വില്‍ക്കാന്‍ ഉപമയുടെ തുടക്കത്തില്‍ രാജാവ് ആലോചിക്കുന്നുണ്ട് (മത്താ: 18:25). ഇത്തരം ഒരു കാര്യം അക്കാലത്തെ നാട്ടുനടപ്പായിരുന്നു. തന്റെ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് അയാള്‍ക്കു കടം കൊടുത്തിരുന്നവര്‍ തന്റെ രണ്ടു കുട്ടികളെയും അടിമകളാക്കാന്‍ വന്നിരിക്കുന്ന വിവരം ഒരു വിധവ ചെന്ന് ഏലീഷാപ്രവാചകനോടു കണ്ണീരോടെ പറയുന്നുണ്ട് (2 രാജാ. 4:1). ഇസ്രായേലില്‍ നീതിമാന്മാരെ വെള്ളിക്കു വില്‍ക്കുന്നതിനെക്കുറിച്ചും സാധുക്കളെ ഒരു ജോടി ചെരുപ്പിനു വില്‍ക്കുന്നതിനെക്കുറിച്ചും ആമോസ് പ്രവാചകന്‍ തീ പാറുന്ന സ്വരത്തില്‍ വിമര്‍ശിക്കുന്നുണ്ട് (ആമോസ് 2:6). ഇവയില്‍നിന്നൊക്കെ നമ്മുടെ ഉപമയിലെ വിവരണം വസ്തുതാപരമാണെന്നു വ്യക്തമാകുന്നു.

C. കഥയിലെ പീഡകര്‍  

''രാജാവ് ദയയില്ലാതെ പെരുമാറിയ സേവകനെ പീഡകര്‍ക്ക് ഏല്പിച്ചുകൊടുത്തു'' എന്ന് ഉപമയില്‍ നാം വായിക്കുന്നുണ്ടല്ലോ (18:34). രാജാക്കന്മാരും പ്രഭുക്കന്മാരുമൊക്കെ പീഡകരെ അക്കാലത്ത് ഉപയോഗിച്ചിരുന്നതിനു തെളിവുകളുണ്ട്. മക്കബായരുടെ കാലത്തു മക്കബായ നേതൃത്വം നിര്‍ബന്ധിത പരിച്ഛേദനം നടത്തിയിരുന്നുവെന്നും ധിക്കാരികളെ പീഡകരുടെ  സഹായത്തോടെ വേട്ടയാടിയിരുന്നുവെന്നും 1 മക്ക. 2-ാം അധ്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹേറോദേസ് രാജാവ് പീഡകരെ ഉപയോഗിച്ചിരുന്നുവെന്ന് അക്കാലത്തെ ചരിത്രകാരനായ ഫ്‌ളാവിയൂസ് ജൊസേഫുസ് 'ആന്റിക്വീറ്റീസ്' എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.

D. പഴയനിയമവും ക്ഷമയുടെ പാഠവും

ദൈവത്തിന്റെ ക്ഷമയ്ക്കു പരിധികളുണ്ടെന്നാണ് പഴയനിയമം നിസ്സംശയം പഠിപ്പിക്കുന്നത്: ''അവിടുത്തെ കാരുണ്യം നിസ്സീമമാണ്, അവിടുന്ന് എന്റെ എണ്ണമറ്റ പാപങ്ങള്‍ ക്ഷമിക്കും എന്നു പറയരുത്'' എന്ന് പ്രഭാഷകന്‍ (5:6) പ്രഖ്യാപിക്കുന്നു. ജോബിന്റെ പുസ്തകത്തില്‍ (33:28-29) നാം ഇങ്ങനെ വായിക്കുന്നു: ''പാതാളത്തില്‍ പതിക്കാതെ അവിടുന്ന് എന്നെ രക്ഷിച്ചു. എന്റെ ജീവന്‍ പ്രകാശം കാണും. ദൈവം മനുഷ്യനോട് ഇപ്രകാരം രണ്ടോ മൂന്നോ തവണ പ്രവര്‍ത്തിക്കുന്നു.'' ഈ വാക്യത്തിന് റബ്ബി നാഥാന്‍ കൊടുത്ത വ്യാഖ്യാനം ഇപ്രകാരമാണ്: ''ആരെങ്കിലും പാപം ചെയ്തിട്ടു പശ്ചാത്തപിക്കുന്നു എന്നു പറഞ്ഞാല്‍ അവനോടു മൂന്നുവട്ടം മാത്രം ക്ഷമിക്കപ്പെടും; പിന്നീട് അവനു ക്ഷമ ലഭിക്കില്ല.'' ദൈവത്തിന്റെ ക്ഷമയ്ക്കു സീമകളുണ്ടെന്നും അനന്തകാരുണ്യമെന്നത് അവിടുത്തെ സ്വഭാവമല്ലെന്നും പഴയനിയമം പേര്‍ത്തും പേര്‍ത്തും പഠിപ്പിക്കുന്നു.

ദൈവത്തിന്റെ പ്രധാന സ്വഭാവം ക്ഷമയല്ലാത്തതുകൊണ്ടുതന്നെ ക്ഷമയ്ക്കു പഴയനിയമത്തില്‍ പ്രാധാന്യം ലഭിക്കുന്നില്ല. ഒരു ഉദാഹരണംകൊണ്ട് കാര്യം വ്യക്തമാക്കാം: ''അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍ ... ദൈവഭക്തനു സഹായം നല്കുക; പാപിയെ സഹായിക്കരുത്... ധകാരണംപ അത്യുന്നതന്‍ പാപികളെ വെറുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു'' (പ്രഭാഷകന്‍ 12:1-6). ദൈവം ക്ഷമിക്കാത്തവനായതുകൊണ്ട് മനുഷ്യരും ക്ഷമിക്കേണ്ടതില്ലല്ലോ.

അസ്സീറിയന്‍ രാജാവ് നെബുക്കദ്‌നെസ്സറിന്റെ സൈന്യാധിപന്‍ ഹോളോഫര്‍ണസിനെ യൂദിത്ത് ചതിയില്‍ കുടുക്കി തല വെട്ടിയെടുക്കുന്ന വിവരണം യൂദിത്തിന്റെ 12, 13 അധ്യായങ്ങളിലുണ്ട്. ഇത്തരത്തിലുള്ള പകയുടെയും പകരംവീട്ടലിന്റെയും കഥകള്‍ നിറഞ്ഞ ഒരു സമൂഹത്തില്‍ ക്ഷമ പ്രസക്തമാകാതെ പോയതില്‍ അത്ഭുതപ്പെടേണ്ടതില്ല. ആ നാടിനെക്കുറിച്ച് പഠിച്ച പുരാവസ്തുഗവേഷകര്‍ ക്ഷാളനത്തിന് ഉപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള ധാരാളം പാത്രങ്ങളും കുളങ്ങളും എല്ലാം  അവിടെനിന്നു കണ്ടെത്തുകയുണ്ടായി. ശുദ്ധീകരണത്തിനും അശുദ്ധിയില്‍നിന്ന് അകലം സൂക്ഷിക്കുന്നതിനുമായിരുന്നു അക്കാലം ഏറ്റവും കൂടുതല്‍ ശ്രദ്ധയൂന്നിയിരുന്നത് എന്ന് അങ്ങനെ നാം മനസ്സിലാക്കുന്നു. ശുദ്ധി-അശുദ്ധി പരികല്പനകളെ കാര്‍ക്കശ്യത്തോടെ അനുസരിച്ചുപോന്ന ഒരു സമൂഹത്തില്‍ ക്ഷമയെന്നത് അത്ര ആഘോഷിക്കപ്പെടാന്‍ സാധ്യതയില്ലാത്തതായിരിക്കുമല്ലോ.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് ''പാപികളുടെയും ചുങ്കക്കാരുടെയും സുഹൃത്ത്'' (മത്താ. 9:9-13) എന്നറിയപ്പെട്ട യേശുവിലൂടെ ആവിഷ്‌കൃതമായ ദൈവികതയുടെയും ''ഏഴെഴുപതു തവണ'' (മത്താ. 18:22) ക്ഷമിക്കണമെന്ന  സുവിശേഷ വാക്യത്തിന്റെയും മൗലികതയും ആഴവും നാം തിരയേണ്ടത്.

ഉപമയുടെ സന്ദേശം

1. അന്യരോടു ക്ഷമിക്കേണ്ടതിനെക്കുറിച്ചു പഠിപ്പിക്കുന്ന ഈ ഉപമ മത്തായിയുടെ സുവിശേഷത്തില്‍ 18-ാം അധ്യായത്തിലാണു നാം വായിക്കുന്നതെന്നു സൂചിപ്പിച്ചിരുന്നല്ലോ. ഈ സുവിശേഷത്തിന്റെ തുടക്കം മുതല്‍തന്നെ ഏറെ ഊന്നല്‍ ക്ഷമയ്ക്കു നല്കുന്നതു ശ്രദ്ധിച്ചാല്‍ നമുക്കു മനസ്സിലാകും. 'മലയിലെ പ്രസംഗ'ത്തിന്റെ തുടക്കത്തില്‍ നാം വായിക്കുന്നു: ''കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു കരുണ ലഭിക്കും''(മത്താ. 5:7). പിന്നീട് കര്‍തൃപ്രാര്‍ത്ഥനയില്‍ നാം വായിക്കുന്നു: ''ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണേ'' (മത്താ. 6:12). (ആനുഷംഗികമായി പറയട്ടെ,  കര്‍തൃപ്രാര്‍ത്ഥനയില്‍ യേശു കൂടുതല്‍ വിശദീകരണം നല്കുന്നത് മുന്‍പറഞ്ഞ വാക്യത്തിനു മാത്രമാണ് (മത്താ. 6:14-15). അതുകൊണ്ടുതന്നെ കര്‍തൃപ്രാര്‍ത്ഥനയിലെ  സുപ്രധാന വാക്യം ക്ഷമയെക്കുറിച്ചുള്ളതാണെന്നു കരുതുന്നതില്‍ തെറ്റില്ല.) ചുരുക്കത്തില്‍ ക്ഷമയെന്നത് യേശുവിന്റെ നിലപാടുകളിലും പഠിപ്പിക്കലുകളിലും ഉടനീളം മുഴങ്ങിനിന്ന ഒന്നായിരുന്നു.

2. മത്തായിയുടെ സുവിശേഷത്തില്‍ അഞ്ചു പ്രഭാഷണങ്ങള്‍ നാം കാണുന്നുണ്ട്. ആദ്യത്തേതാണ് ഏറ്റവും പ്രസിദ്ധമായ മലയിലെ പ്രസംഗം(മത്താ. 5-7). നാം ഇവിടെ പരിഗണിക്കുന്ന ഉപമ കാണപ്പെടുന്ന മത്തായി 18-ാം അധ്യായം മുഴുവന്‍ സഭയെക്കുറിച്ചുള്ള പഠിപ്പിക്കലാണ് (Ecclesiastical Discourse). ഈ പ്രഭാഷണത്തിലെ പ്രധാനകാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

I. ദൈവരാജ്യത്തില്‍ വലിയവനാര് എന്ന ചോദ്യമുന്നയിച്ചുകൊണ്ട് ചെറുതാകലിനെക്കുറിച്ചും എളിമയെക്കുറിച്ചും നല്‍കുന്ന പാഠം (മത്താ. 18: 1-5).

II. പ്രലോഭനങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ ഒരാള്‍ പുലര്‍ത്തേണ്ട ജാഗരൂകത (മത്താ. 18: 6-9)

III. ഇടറിപ്പോയ സഭാകൂട്ടായ്മയിലുള്ളവരെ തേടിപ്പോകേണ്ടതിന്റെ ആവശ്യകത(മത്താ. 18:10-14).

IV. ദൈവരാജ്യത്തിന്റെ ചൈതന്യവുമായി പൊരുത്തപ്പെടാത്തവരെ തിരുത്തേണ്ടതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍(മത്താ. 18: 15-20). (ഏതൊരു കൂട്ടായ്മയിലും അവശ്യം വേണ്ട ഒന്നാണല്ലോ അച്ചടക്കം. അതു ലംഘിക്കപ്പെടാനുള്ള സാധ്യത ഉള്ളതുകൊണ്ടുതന്നെ പരിഹാര നിര്‍ദ്ദേശങ്ങളും നല്കപ്പെടേണ്ടതുണ്ട്. അത്തരം നിര്‍ദ്ദേശങ്ങളാണ് നാം ഈ ഭാഗത്തു വായിക്കുന്നത്.)

സഭാകൂട്ടായ്മയിലുള്ളവരെ തിരുത്തുമ്പോള്‍ ഒരിക്കലും അതു കാര്‍ക്കശ്യത്തോടെയും അക്ഷമയോടെയും ആകരുത് എന്ന പാഠമാണു തുടര്‍ന്നുവരുന്ന അവസാന ഭാഗത്തു നാം കാണുന്നത് (മത്താ. 18:21-35). ഈ ഭാഗത്താണു നിര്‍ദ്ദയനായ ഭൃത്യന്റെ ഉപമ വരുന്നത്. ചുരുക്കത്തില്‍, 18-ാം അധ്യായത്തിന്റെ ക്ലൈമാക്‌സ് ഈ ഉപമയാണെന്നു പറയാം. സഭയെക്കുറിച്ച് 18-ാം അധ്യായത്തില്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളെയും വിലയിരുത്തേണ്ടതും പ്രയോഗത്തില്‍ കൊണ്ടുവരേണ്ടതും ഈ ഉപയുടെ വെളിച്ചത്തില്‍ വേണം.

3. 'In Christianity religion is grace, and ethics is gratitude'' എന്നൊരു പ്രസിദ്ധമായ നിരീക്ഷണമുണ്ട്. കൃപയുടെ മതമാണ് ക്രൈസ്തവികത; സ്വീകരിച്ച ആ കൃപയോടുള്ള നന്ദി പ്രകാശനമാണു നമ്മുടെ ധാര്‍മ്മികത. സകലത്തിന്റെയും ഉടയവന്‍ പല കുറവുകളുള്ള നമ്മെ അവയൊന്നും പരിഗണിക്കാതെ നെഞ്ചോടു ചേര്‍ത്തു എന്ന ആഴമേറിയ ബോധ്യത്തില്‍നിന്നുരുവാകുന്ന കൃതജ്ഞതയുടെ ജീവിതമാണു ക്രൈസ്തവജീവിതം. അതുകൊണ്ടുതന്നെ, ദൈവപിതാവില്‍നിന്ന് അളവറ്റ കരുണ സ്വീകരിച്ചവന്‍ കാര്‍ക്കശ്യത്തോടെ പെരുമാറുന്നത് ക്രൈസ്തവജീവിതവുമായി ഒട്ടുമേ പൊരുത്തപ്പെടാത്തതാണ്; തന്‍നിമിത്തം അക്ഷന്തവ്യമായ അപരാധമായി അതു ഗണിക്കപ്പെടുകയും ചെയ്യും.

4. പതിനായിരം താലന്തു കടപ്പെട്ട സേവകന്‍ രാജാവിനോടു അപേക്ഷിക്കുന്നത് ഇങ്ങനെയാണ്: ''പ്രഭോ, എന്നോടു ക്ഷമിക്കണമേ! ഞാന്‍ എല്ലാം തന്നു വീട്ടിക്കൊള്ളാം'' (മത്താ. 18:26). നൂറു ദനാറ കടമുള്ളവന്റെ അപേക്ഷയും ഇതുതന്നെയാണ്: ''എന്നോടു ക്ഷമിക്കണമേ! ഞാന്‍ തന്നുവീട്ടിക്കൊള്ളാം'' (മത്താ 18: 29). ഇവിടെ ശ്രദ്ധിക്കേണ്ടത്, ആറുകോടി ദനാറ എഴുതിത്തള്ളാന്‍ തയ്യാറായ രാജാവ് നൂറു ദനാറയുടെ കടം പൊറുക്കാത്തത് എഴുതിത്തള്ളാന്‍ തയ്യാറല്ല എന്നതാണ്. പരിധികളില്ലാതെ ക്ഷമിക്കുന്ന ദൈവത്തിന് ക്ഷമിക്കാനാവാത്ത കാര്യമാണ് അക്ഷമയെന്ന് ഈ ഉപമ അസന്ദിഗ്ദ്ധമായി നമ്മെ പഠിപ്പിക്കുന്നു. മത്താ. 18:33 ഗ്രീക്കു മൂലഭാഷയില്‍ നിന്ന് അതേപടി പരിഭാഷപ്പെടുത്തിയാല്‍ ഇങ്ങനെയാണു നാം വായിക്കുന്നത്: ''ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോടു അവശ്യം കരുണ കാണിക്കേണ്ടതായിരുന്നില്ലേ?'' ഇവിടെ ''അവശ്യം'' എന്ന വാക്കിന് ഊന്നല്‍ നല്‍കേണ്ടതുണ്ട്. ക്ഷമിക്കുകയെന്നത് ഒരു ഉശ്ശില ാൗേെ ആണ്.  

യേശുവിന്റെ കാലത്തെ ഫരിസേയരും നിയമജ്ഞരും ഏതെങ്കിലും പഴയനിയമ കല്പന ലംഘിച്ചുവെന്നതിനു മതിയായ തെളിവുകള്‍ നമുക്കു ലഭ്യമല്ല. എന്നിട്ടും അവന്റെ ഊട്ടുമേശയില്‍ അവര്‍ക്കു പങ്കില്ലായിരുന്നു. അതിനു കാരണം അവരുടെ നെഞ്ചില്‍ കനിവിന്റെ നനവില്ലായിരുന്നു എന്നതാണ്. കരുണയുടെ ദൈവത്തിന്റെ വിരുന്നില്‍ പങ്കുപറ്റാനാവാതെ പോകുന്നത് കരുണ കാണിക്കാത്തവര്‍ മാത്രമാണ്. അവനൊരുക്കുന്ന ഊട്ടുമേശയില്‍ ഇടം കിട്ടാനുള്ള അവശ്യമാനദണ്ഡം ഇതാണ്: കരുണ കൊടുക്കുക.  

You can share this post!

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts