ഫറവോന്റെ അടിമത്വത്തില്‍ നിന്നും ഇസ്രായേല്‍ ജനതയെ മോചിപ്പിക്കുവാന്‍ ദൈവം മോശയെ നിയോഗിച്ചു. കത്തിജ്വലിക്കുന്ന മുള്‍പ്പടര്‍പ്പിനിടയില്‍ നിന്നും വിമോചന ദൗത്യം യഹോവ മോശയെ ഏല്പിക്കുന്നു. ഉയര്‍ന്ന് പൊങ്ങുന്ന അഗ്നിയില്‍ നിന്നും ഒരത്ഭുതശബ്ദം ഉയര്‍ന്നുവന്നു. ആരാണ് എന്നെ അയച്ചനെന്നു ചോദിച്ചാല്‍ ഞാനെന്നു പറയണം. മോശ ദൈവത്തോടു ചോദിച്ചു. 'ഞാനാകുന്നവന്‍ ആകുന്നു' എന്നു മറുപടി പറയുക. ദൈവം മറുപടി പറഞ്ഞു. ബൈബിളില്‍ പേരിന് അര്‍ത്ഥമുണ്ട്. മോശ എന്നു പറഞ്ഞാല്‍ വലിച്ചെടുക്കപ്പെട്ടവനെന്നര്‍ത്ഥം. ഇസഹാക്കിന് ചിരിപ്പിക്കുന്നവന്‍ എന്നര്‍ത്ഥമാണുള്ളത്. ജോഷ്വായെന്നു പറയുമ്പോള്‍ രക്ഷിക്കുന്നവനെന്നാണ് അര്‍ത്ഥം. പേര് സ്വഭാവത്തിന്റെ പ്രതിഫലനമാണ്. നിര്‍വ്വചനാതീതനാണ് ദൈവം അനുപമനാണു ദൈവം. ആകയാല്‍ മനുഷ്യന്‍ അറിയുന്ന വേറൊന്നിനോടും ദൈവത്തെ സാദൃശ്യപ്പെടുത്തുക സാധ്യമല്ല. വാക്കുകളെകൊണ്ടുള്ള വര്‍ണ്ണനക്കും ഭാവനയിലൂടെയുള്ള ചിത്രീകരണത്തിനും അതീതനാണ് ദൈവം. ''ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു'' എന്നു പറയുമ്പോള്‍ ദൈവത്തിനുതുല്യന്‍ ദൈവം മാത്രമാണെന്നര്‍ത്ഥം. സമയമെന്നാല്‍ എന്തെന്നു നമുക്കറിയാം. എങ്കിലും അതു വിശദീകരിക്കാന്‍ നമുക്കു കഴിയില്ല. വളരെ ലളിതമെന്നു കരുതുന്ന ചില കാര്യങ്ങള്‍ പോലും വാക്കുകളാല്‍ സ്പഷ്ടമാക്കുക സാധ്യമല്ല. അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണ് താന്നെന്നു പറഞ്ഞ മോശ്യ ബോധ്യപ്പെടുത്തുന്നു. ഈ പിതാക്കന്മാരെ ധൈര്യപ്പെടുത്തി കൂടെ നടന്ന ദൈവം മോശയുടെ കൂടെയിരിക്കുമെന്ന് ഉറപ്പുനല്‍കുന്നു.
പല പ്രശ്‌നങ്ങള്‍ മോശയെ അസ്വസ്ഥമാക്കിയിരുന്ന സമയമായിരുന്നു അത്. ഒന്നാമത്തെ ഭയം തന്റെ അപ്രാപ്തിയെക്കുറിച്ചായിരുന്നു. ശക്തനായ ഫറവോനെ നേരിടുവാന്‍ തനിക്കു പ്രാപ്തിയുണ്ടോ? തന്റെ കഴിവു തെളിയിക്കാനെന്തു അടയാളമാണുള്ളത്? സാമര്‍ത്ഥ്യത്തോടു കൂടി തന്റെ കഴിവു തെളിയിച്ചില്ലെങ്കില്‍ തന്റെ കൂടെ നില്‍ക്കുവാനാരുമുണ്ടാകില്ലല്ലോ എന്ന ചിന്ത മോശയെ അലട്ടിക്കൊണ്ടിരുന്നു. മോശയുടെ കയ്യിലുള്ള വടി താഴെയിടുവാന്‍ യഹോവ കല്പിക്കുന്നു. കല്പന പ്രകാരം വടി താഴെയിട്ടപ്പോള്‍ അതു സര്‍പ്പമായി മാറി. വീണ്ടും കയ്യിലെടുത്തപ്പോള്‍ അതു പഴയ വടിയായി മാറി. ഒരു വ്യക്തിയെ ദൈവം ഒരു നിയോഗം ഏല്പിക്കുമ്പോള്‍ അതു നിറവേറ്റുവാനുള്ള വഴികൂടി ദൈവം കാണിച്ചു കൊടുക്കും. ആ വ്യക്തിയല്ല മറിച്ച് ദൈവമാണ് അവനിലൂടെ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ സാമര്‍ത്ഥ്യമല്ല പിന്നെയോ ദൈവത്തിന്റെ ഇടപെടലുകളാണ് നമ്മെ വിജയിപ്പിക്കുന്നത്. നിസ്സാരരായ വ്യക്തികളിലൂടെ ദൈവം ചരിത്രത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നാം കാണുന്നുണ്ടല്ലോ.
സംസാരത്തിനു തടസ്സം വരുന്ന തന്റെ 'വിക്കി'നെക്കുറിച്ചായിരുന്നു രണ്ടാമത്തെ ഭയം. താനെങ്ങനെ സംസാരിക്കുമെന്ന് മോശക്ക് ആശങ്കയുണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ മോശയ്ക്ക് പകരം സംസാരിക്കുവാന്‍ അഹറോനെ കൊടുത്തു. നാളുകള്‍ കഴിഞ്ഞപ്പോള്‍ രാവിലെമുതല്‍ സന്ധ്യവരെ ജനത്തെ ശ്രവിച്ച അവര്‍ക്ക് ഉത്തരം കൊടുക്കുവാന്‍ മോശയ്ക്ക് ഒറ്റയ്ക്ക് കഴിഞ്ഞു. ഒരാളുടെ കുറവിനെ ദൈവം ഏറ്റെടുക്കാന്‍വേണ്ടതെല്ലാം അവിടുന്ന് ക്രമീകരിക്കും. മാനുഷികമായ വാക് സാമര്‍ത്ഥ്യങ്ങള്‍ ദൈവത്തിന്റെ ഇടപെടലുകള്‍ക്ക് ആവശ്യമില്ല. ''ക്രിസ്തുവിന്റെ ശക്തി എന്റെ മേല്‍ ആവസിക്കേണ്ടതിന് ഞാന്‍ അതിസന്തോഷത്തോടെ എന്റെ ബലഹീനതകള്‍ പ്രശംസിക്കും'' (2 കൊറിന്ത്യന്‍ 12/9).
ഫറവോനോടുള്ള ഭയമാണ് മോശയുടെ മൂന്നാമത്തെ പ്രശംസ. പണ്ട് ഫറവോന്‍ മോശയെ ശിക്ഷിക്കുവാനൊരുങ്ങുമ്പോഴാണ് മോശ നാടിവിട്ട് ഓടുന്നതും ആ ഫറവോന്റെ പിന്‍ഗാമിയെയാണ് മോശ നേരിടുന്നതും. ഇവിടെ ഫറവോന് മോശയെ നേരിടുവാന്‍ ഭയമായിരുന്നു. എല്ലാം തലകീഴായി മറിയുന്നു. മോശ ആവശ്യപ്പെട്ടതുപോലെ ഫറവോന്‍ പ്രവര്‍ത്തിച്ചു. സ്വന്തം പ്രാപ്തിയിലല്ല നമ്മെ പ്രാപ്തനാക്കുന്നവനിലാണ് ദൈവവിശുദ്ധി ആശ്രയിക്കുന്നത്. ''എന്നെ ശക്തനാക്കുന്ന ക്രിസ്തുവില്‍ എനിക്കെല്ലാം സാധ്യമാണ്'' (ഫിലിപ്പിയര്‍ 4/13). ധൈര്യം തരുന്നവനും ജയം തരുന്നവനുമാണ് ദൈവം.
തന്റെ മക്കള്‍ക്കാവശ്യമായതെല്ലാം കരുതുന്നവനാണ് ദൈവം. തുകയെഴുതാതെ ഒപ്പിടുന്ന ഒരു ചെക്കാണ് 'ഞാന്‍ ആകുന്നു' എന്ന തിരുവചനം. ആ ചെക്കില്‍ ഏതു തുകയും എഴുതി സ്വന്തമാക്കുവാന്‍ നമുക്കു കഴിയും. നമ്മുടെ ആവശ്യം എന്താണോ അതു ദൈവം സാധിച്ചു തരും. പകല്‍ മേഘസ്തംഭമായും രാത്രിയില്‍ ദീപസ്തംഭമായും ദൈവം കൂടെ നടന്നു. ഒരേ സമയം ഇസ്രായേല്‍ ജനത്തിന് ദൈവം നിറഞ്ഞു നിന്നു. തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് എല്ലായ്‌പ്പോഴും എല്ലാം ആയിരുന്ന ദൈവമാണ് നമ്മുടെ ദൈവം.
മാറ്റമില്ലാത്തവനായ ദൈവത്തിന് ഭൂതകാലമോ, ഭാവികാലമോ ഇല്ല. എന്നും വര്‍ത്തമാനകാലമത്രെ. നിത്യമായ വര്‍ത്തമാനകാലം. കര്‍ത്താവായ യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെയാണ് (ഹെബ്രായര്‍ 13/8). ഇന്നലെകളില്‍ അബ്രാഹത്തെയും ഇസഹാക്കിനെയും യാക്കോബിനെയും നയിച്ച അതേ ദൈവം ഇന്നു നമ്മെയും നയിക്കുന്നു. മോശയെ വിളിച്ച ദൈവം ഇന്നു നമ്മെ വിളിക്കുന്നു. അത്ഭുതം പ്രവര്‍ത്തിക്കുവാന്‍, ആയുധങ്ങളാകുവാന്‍ ആളുകളെ വിളിക്കുന്നു. അസാധ്യമായതു സാധ്യമാക്കുവാനുള്ള ഒരു വിളിയാണത്. ഇന്നും ഈ വിളി കേള്‍ക്കുവാനാളുണ്ടോ, അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധനായി ദൈവം മുമ്പില്‍ നില്‍ക്കുന്നു.