ശ്രീ എം കൃഷ്ണന്‍നായര്‍ ഗബ്രിയേല്‍ ഗാര്‍സിയമാര്‍കേസിന്‍റെ 'ഏകാന്തതയുടെ നൂറ് വര്‍ഷ ങ്ങളെ' (One Hundred Years of Solitude) പറ്റി എഴു തിയത് :
'ശൂന്യതയുടെ ബോധമുളവാകുന്ന പല നോവലുകളും ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷെ, ഈ നോവല്‍ ജനിപ്പിക്കുന്ന ശൂന്യത എന്‍റെ അന്തരാത്മാവില്‍ കൊടുങ്കാറ്റുണ്ടാക്കുന്നു. അത് നിസ്തുലമായ അനുഭവമായതുകൊണ്ട് ഞാന്‍ ഇത് വീണ്ടും വീണ്ടും വായിക്കുന്നു. മാര്‍കേസ്! അങ്ങ് അമൂല്യമായ ഒരു രത്നമാണ് ലോകത്തിന് നല്‍കിയിരിക്കുന്നത്. അതിന്‍റെ കാന്തി മങ്ങുകയില്ല. ഉജ്വലപ്രതിഭാശാലിയായ അങ്ങേക്ക് ധന്യവാദം.'
മനുഷ്യന്‍ ഒരു സാമൂഹികജീവി മാത്രമല്ല, ഒരു ഏകാന്തജീവിയുമാണ്. ഏകാന്തതയുടെ സ്രഷ്ടാവി നുപോലും അതു വേരോടെ പിഴുതു കളയാനാവില്ല. എത്ര പിഴുതാലും അതിന്‍റെ വേരുകള്‍ അവശേഷിക്കും. പൊട്ടിപ്പൊടിച്ചു തഴയ്ക്കുകയും ചെയ്യും.
ഗബ്രിയേല്‍ ഗാര്‍സിയമാര്‍കേസിന്‍റെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' എന്ന നോവലില്‍ കഥാപാത്രങ്ങളുടെ ഒരുകൂട്ടം തന്നെയുണ്ടെങ്കിലും, വായിച്ചു തീര്‍ത്തു പുസ്തകത്തില്‍നിന്നു പുറത്തിറങ്ങുമ്പോള്‍, ഹൃദയത്തെ ഒരു മഞ്ഞുകട്ടയാക്കി മാറ്റുന്ന ഏകാന്തതയാണ് നമ്മളെ കാത്തുനില്‍ക്കുന്നത്.ആഴമേറിയ ഒരേകാന്തത നമ്മളെ പിന്‍തുടരും. ഏകാന്തത ഉറഞ്ഞതുപോലെ സെമിത്തേരിയില്‍ കുത്തനെ നില്‍ക്കുന്ന സ്മാരകശിലകളെപോലെ നമ്മളും...
കുരിശില്‍ തറഞ്ഞുകിടക്കുന്ന യേശുവിന്‍റെ കണ്ണീരുപ്പു പുരണ്ട ഏകാന്തതയോളം നീറ്റലുളവാക്കുന്ന ഒരേകാന്തതയും ഈ ഭൂമിയിലെവിടെയും ഉണ്ടാകുകയില്ല. അതുകൊണ്ടാണ് പ്രിയങ്കരനായ എഴുത്തുകാരന്‍ കസാന്‍ദ്സാക്കിസ് കാരുണ്യ പൂര്‍വം ഒരു സ്വപ്നത്തിന്‍റെ പ്രലോഭനം യേശുവിനു വച്ചുനീട്ടിയത്.
ഈ ഏകാന്തതയെ കുറുകെ കടക്കാന്‍ മനുഷ്യര്‍ ഇന്ന് ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് മൊബൈല്‍ ഫോണുകളെയാണ്. കൈവെള്ളയില്‍ ഒതുങ്ങുന്ന ഫോണുകളില്‍ കണ്ണാഴ്ത്തി ഇരിക്കവേ അതിനുള്ളില്‍ നാം കാണുന്നതും വായിക്കുന്ന തുമാണ് ലോകമെന്ന് തോന്നിപ്പോകും. ക്ഷേമാന്വേഷണങ്ങളും പണമിടപാടും ഭക്ഷണം തിരച്ചിലും വിവാഹാലോചനയും സ്നേഹപ്രകടനവും പിണക്കവുമെല്ലാം അതിനുള്ളിലാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ മികവ് കൂടി അക്ഷരാര്‍ഥത്തില്‍ കൈവന്നതോടെ എന്തും സാധിച്ചുതരാന്‍ കെല്‍പ്പുള്ള കഥയിലെ അത്ഭുതവിളക്കിന്‍റെ മറ്റൊരു രൂപമായിരിക്കുന്നു. മരുഭൂമിയെ മഴക്കാടാക്കി ചിത്രമെഴുതാന്‍ ഇപ്പോള്‍ ഞൊടിയിട മതി - യഥാര്‍ഥ ജീവിതവും പ്രതീതി യാഥാര്‍ഥ്യവും തമ്മിലെ ഏകവ്യത്യാസം കണ്ണീര്‍ നനവിന്‍റെ അഭാവമാണ്, അത് ഒട്ടും ചെറിയ കുറവല്ല താനും.
കുതിക്കുന്ന യന്ത്രങ്ങള്‍, അവ എത്ര വേഗമുറ്റവയായാലും തുടിക്കുന്ന ഹൃദയമുള്ള മനുഷ്യന് പകരമാവില്ല എന്ന് തീര്‍ച്ചപ്പെടുന്നതും അതുകൊണ്ടുതന്നെ. കൂടുതല്‍ ഹൃദയഗുണം പ്രകടമാക്കുക എന്നത് മാത്രമെ പുതിയ ലോകത്തു മനുഷ്യര്‍ക്ക് ചെയ്യാനുള്ളൂ.
മുന്‍പെവിടെയോ വായിച്ച ഒരു കഥയാണ് സ്കൂള്‍ വിട്ട് എത്തേണ്ട നേരം കഴിഞ്ഞിട്ടും മകള്‍ വീട്ടില്‍ എത്തിയില്ല. തിരക്കിച്ചെല്ലുമ്പോഴുണ്ട് കൂട്ടുകാരിയുടെ കൂടെ ചിരിച്ചും കഥകള്‍ പറഞ്ഞും വരു ന്നു അവള്‍.
രണ്ടുപേരെയും അത്രമേല്‍ സന്തോഷത്തില്‍ അതിനു മുന്‍പ് കണ്ടിട്ടേയില്ല. വൈകിയ കാര്യം തിരക്കിയപ്പോള്‍ പറഞ്ഞു അവളുടെ കളിപ്പാട്ടം പൊട്ടിപ്പോയി, ഞാന്‍ സഹായിക്കുകയായിരുന്നു.
'ആഹാ, ഒരു കളിപ്പാട്ടം നന്നാക്കാനൊക്കെ അറി യുമോ?'
മറുപടി കേട്ടപ്പോള്‍ മനംകുളിര്‍ന്നു പോയി.
'കളിപ്പാട്ടം എങ്ങനെ ശരിയാക്കും എന്നറിയാതെ കൂട്ടുകാരി കരയുകയായിരുന്നു. ശരിപ്പെടുത്താനുള്ള വിദ്യയൊന്നും എനിക്കും അറിയില്ല, ഞാനും അവള്‍ക്കൊപ്പം നിന്ന് കരഞ്ഞു!'
നിഷ്കളങ്കവും നിരുപാധികവുമായ സഹായവും പങ്കുവെപ്പുമായിരുന്നില്ലേ അത്. നമ്മളും വളര്‍ന്നത് അങ്ങനെയെല്ലാം തന്നെയായിരുന്നു.
പട്ടിണിപോലും പങ്കിട്ടുകഴിച്ചു വളര്‍ന്നവര്‍.
ലിയോ ടോള്‍സ്റ്റോയ് എഴുതിയ കഥ.
ഇങ്ങനെ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരംതേടി സകല പണ്ഡിതരെയും സമീപിച്ച് നിരാശനായ രാജാവ് ഒടുവില്‍ സന്യാസിയെ സമീപിച്ചു.
ചോദ്യങ്ങള്‍: കര്‍മം ചെയ്യാന്‍ ഏറ്റവും നല്ല നേരം ഏതാണ്? ആരാണ് പ്രധാനി? പരമപ്രധാനമായ കര്‍മം എന്താണ്?
സന്യാസി തോട്ടം കിളക്കുകയാണ്. ചോദ്യങ്ങള്‍ കേട്ടു.
ഒന്നും മിണ്ടുന്നില്ല. രാജാവ് അദ്ദേഹത്തിന്‍റെ കൈയില്‍നിന്ന് കൈക്കോട്ട് വാങ്ങി കിളക്കാന്‍ തുടങ്ങി. എന്നിട്ട് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.
പെട്ടെന്ന് ഒരാള്‍ ചോരയൊലിക്കുന്ന മുറിവുമായി അവിടെയെത്തി. രാജാവിന്‍റെ ശ്രദ്ധ അയാളിലായി. മുറിവ് കെട്ടി അയാളെ പറഞ്ഞയച്ചശേഷം സന്യാസിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.
സന്യാസി പറഞ്ഞു. ഉത്തരം കിട്ടിക്കഴിഞ്ഞല്ലോ. എപ്പോഴും കര്‍മം ചെയ്യാന്‍ പറ്റിയ നേരം 'ഇപ്പോള്‍' ആണ്. നിങ്ങള്‍ ആരോടൊപ്പമാണോ അയാളാണ് പ്രധാനി. പരമപ്രധാനമായ കര്‍മം ഒപ്പമുള്ളയാളെ സഹായിക്കലാണ്.
ഇന്ന്, ഇപ്പോള്‍, ഒപ്പമുള്ളവര്‍ക്കായി, ചെയ്യേണ്ടത് ചെയ്യുക.
"നിങ്ങളുടെ ഹൃദയത്തില്‍ വെളിച്ചമുണ്ടോ, എങ്കില്‍ നിങ്ങള്‍ വീട്ടിലേക്കുള്ള വഴി കണ്ടെത്തും." -ജലാലുദ്ദീന്‍ റൂമി..