ഒന്ന്
എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്നു മനസ്സിലാക്കാതെ ആനയുടെ രൂപത്തെപ്പറ്റി അന്ധന്മാര്‍ തര്‍ക്കിക്കുന്നതുപോലെ പല മാതിരിയുള്ള വാദങ്ങളും തര്‍ക്കങ്ങളും ഉന്നയിച്ച് അജ്ഞാനികളായ മനുഷ്യര്‍ ചുറ്റിത്തിരിയുകയാണ്. അതു കണ്ടുംകേട്ടും മനസ്സു കലങ്ങാന്‍ അനുവദിക്കാതെ എല്ലാറ്റിന്‍റെയും പൊരുളായിരിക്കുന്ന ഏകതയില്‍ ഹൃദയത്തെ പ്രതിഷ്ഠിച്ചുകൊള്ളണം.
ലോകത്തുണ്ടായ എല്ലാ സംംസ്കൃതിയിലും അതതു കാലത്തിനും ദേശത്തിനും അനുസരിച്ച് ദര്‍ശനങ്ങളും ചര്യകളും അനുഷ്ഠാനങ്ങളും ഉണ്ടായിട്ടുണ്ട്. അതതു ദേശത്തെ ജനങ്ങളുടെ ജീവിതത്തെ നവീകരിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് അതെല്ലാം അവതരിപ്പിക്കപ്പെട്ടത്. വ്യക്തിജീവിതത്തെയും സാമൂഹികജീവിതത്തെയും കെട്ടുറപ്പുള്ളതും ശാന്തിയും സമാധാനവുമുള്ളതുമാക്കുകയെന്നതായിരുന്നു ആ എല്ലാ ദര്‍ശനങ്ങളുടെയും അന്തര്‍ധാര. പ്രത്യക്ഷത്തില്‍ വിരുദ്ധമെന്ന് തോന്നാമെങ്കിലും ആഴങ്ങളില്‍ ഒരേ താളമാണു സൂക്ഷ്മബുദ്ധികള്‍ക്ക് കാണാനാവുക.
ശുദ്ധരും ഹൃദയാലുക്കളുമായ നേതൃത്വത്തിന്‍റെ അഭാവത്തില്‍ ദര്‍ശനങ്ങളുടെ തെളിമയില്‍നിന്നും നാം അകന്നകന്നുപോകുകയും തികച്ചും സ്വാര്‍ത്ഥരായ വ്യക്തികളുടെ താല്പര്യസംരക്ഷണത്തിനായി ദര്‍ശനങ്ങളെ ഉപയോഗിക്കുകയും ചെയ്ത താണ് നാളിന്നുവരെയുള്ള മതങ്ങളായ മതങ്ങളുടെയെല്ലാം ചരിത്രം. ബുദ്ധനില്‍ തുടങ്ങി ഇങ്ങ് നാരായണഗുരുവില്‍ വന്നുനില്ക്കുന്നു ആ മൂല്യശോഷണത്തിന്‍റെ ചരിത്രം.
ജീവിതത്തിന്‍റെ അന്തര്‍ധാരയായിരിക്കുന്ന ഏകതയെ വൈയക്തവും സാമൂഹികവും സാര്‍വ്വത്രികവുമായ എല്ലാ വീക്ഷണകോണിലൂടെയും അവതരിപ്പിച്ച ആധുനികനായ ഗുരുവായിരുന്നു നാരായണഗുരു. അദ്ദേഹത്തെപ്പോലും കേവലം ഇടുങ്ങിയ ഒരു ഇടനാഴിയിലിട്ട് വലിച്ചിഴയ്ക്കുകയാണ് നാമിന്നുചെയ്യുന്നത്. അദ്ദേഹത്തിന്‍റെ സത്യവചനങ്ങളെ തികച്ചും സങ്കുചിതമായ കള്ളികളിലൊതുക്കുന്നതില്‍ നമുക്ക് യാതൊരു മനസ്താപവുമില്ല. ആധുനികനായ ഒരു ഋഷിയുടെ ഗതി ഇതാണെങ്കില്‍ ബുദ്ധനെയും മുഹമ്മദിനെയും യേശുവിനെയുമൊക്കെ കേന്ദ്രമാക്കിക്കൊണ്ട് വളര്‍ന്നു വന്ന മതങ്ങള്‍ക്ക് മൂല്യശോഷണം സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
പണത്തിന്‍റെയും അധികാരത്തിന്‍റെയും പ്രശസ്തിയുടെയും അടിത്തറയിലാണ് ഇന്നെല്ലാ മതങ്ങളും തങ്ങളുടെ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തു ന്നത്. അതിനവര്‍ക്ക് അവരുടേതായ വാദങ്ങളും ന്യായങ്ങളും ആവശ്യത്തിലധികമുണ്ടുതാനും, ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും ജനങ്ങളെ കൂടുതല്‍ ഇരുട്ടിലേക്കു വലിച്ചിഴക്കുന്ന വിഭാഗീയതയുടെ ആ വഴിയില്‍ ഇനിയും വീണുപോകാതിരിക്കാനാണു ഗുരു പറയുന്നത്. അതു നമ്മെ കൂടുതല്‍ കാലുഷ്യത്തിലേക്കേ നയിക്കുകയുള്ളൂ.
അന്ധന്മാര്‍ ആനയെക്കണ്ടു വിശദീകരിക്കുന്നതു പോലെയാണ് അജ്ഞാനികളും സ്വാര്‍ത്ഥ തല്പരരുമായ പുരോഹിതര്‍ മതത്തെ വ്യാഖ്യാനിക്കുന്നത്. കാലു തൊട്ടുനോക്കിയ അന്ധന്‍ പറയുന്നു ആന തൂണുപോലെയാണെന്ന്. ചെവി തൊട്ടുനോക്കിയ അന്ധന് ആന മുറംപോലെയാണെന്നതില്‍ ഒരു സംശയവുമില്ല. വാലുതൊട്ടുനോക്കിയവന് അതു ചൂലുപോലെയാണ്. ഒരിക്കലും ആനയെ കാണാതെ ആനയുടെ ഒരു അവയവത്തെ മാത്രം സ്പര്‍ശിച്ച് ഭാഗികമായ നിഗമനത്തിലെത്തിച്ചേരുകയാണ് എല്ലാവരും ചെയ്യുന്നത്. ബോധപൂര്‍വ്വമോ അല്ലാ തെയോ മതങ്ങളായ മതങ്ങളുടെയെല്ലാം പ്രസ്താവനകളും വിശ്വാസങ്ങളും ഈ അന്ധന്‍റെ നിഗമനം പോലെയാണ്.
എല്ലാ വൈവിധ്യങ്ങള്‍ക്കും കേന്ദ്രമായിരിക്കുന്ന ഏകമായ പൊരുളില്‍ ഹൃദയത്തെ പ്രതിഷ്ഠിച്ച് കാലുഷ്യമുണ്ടാക്കുന്ന വിഭാഗീയചിന്തകളില്‍ ചെന്നുവീഴാതെ ബോധത്തെ കാത്തുകൊള്ളണമെന്ന താക്കീതാണു ഗുരു നല്കുന്നത്. എങ്കിലേ നാം ഇവിടെ യാത്രചെയ്യുന്ന വഴിയിലൂടെ സുഗമമായി സഞ്ചരിക്കാനാവൂ. ദര്‍ശനങ്ങളെ കാലത്തിന്‍റെയും ദേശത്തിന്‍റെയും വരുതിയില്‍നിന്നും കാലാതീതവും ദേശാതീത വുമായ ആകാശത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോയി വേണം നാം മനസ്സിലാക്കാന്‍, വഴി സങ്കുചിതമായാല്‍ ലക്ഷ്യം അപ്രാപ്യമാകും. ഹൃദയം കലുഷമാകും. കരുവിലേക്കുള്ള യാത്ര ഇരുളഞ്ഞെതാകും.
രണ്ട്
ഒരു മതവിശ്വാസിക്കേ വേറൊരു മതവിശ്വാസത്തെ നിന്ദ്യമായിതോന്നൂ. ഒരു മതത്തില്‍ പറയുന്ന തത്വം മറ്റുമതവിശ്വാസികളുടെ വീക്ഷണത്തില്‍ വികലമാണ്. എന്നാല്‍ ലോകത്തില്‍ എല്ലാ മതങ്ങളുടെയും സാരമായ രഹസ്യം ഒന്നുതന്നെയാണ്. ഇതറിയുന്നതുവരെ ഒരു ചിത്തഭ്രമംപോലെ ഈ വിശ്വാസവും നിന്ദയും തുടരും എന്ന് അറിഞ്ഞിരിക്കണം.
ഒരു പക്ഷെ മനുഷ്യസമൂഹത്തെ ഏറ്റവും ഭീകരമായി ബാധിച്ചിട്ടുള്ള മാറാരോഗം മതമായിരിക്കണം. സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ബാഹ്യാവരണമണിഞ്ഞ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെപ്പോലെയാണു തങ്ങള്‍ എന്നും സമൂഹത്തില്‍ വിളയാടിയിട്ടുള്ളത്. മതങ്ങളും ഉപമതങ്ങളും പരസ്പരം വിശ്വാസങ്ങളെ അടിച്ചേല്‍പ്പിക്കാനും ഇതരമതങ്ങളെ നിന്ദിക്കാനും ഒളിഞ്ഞും തെളിഞ്ഞും നടത്തിയിട്ടുള്ള കഥകളെല്ലാം ചരിത്രമാണ്. ലോകസമാധാനവും ശാന്തിയുമെല്ലാം മഹാമന്ത്രമായി കൊണ്ടുനടക്കുന്ന ഈ മതങ്ങള്‍ കൊന്നൊടുക്കിയിട്ടുള്ള മനുഷ്യര്‍ക്ക് കണക്കില്ല. എത്ര കൊണ്ടിട്ടും പഠിക്കാതെ വീണ്ടും പഴയകഥതന്നെ തുടരുന്നു എന്നതാണ് മതലോകത്തെ പ്രതിഭാസം.
ഞാന്‍ ശരിയും അപരന്‍ നിന്ദ്യനും എന്നതാണ് പല മതവിശ്വാസത്തിന്‍റെയും അടിത്തറ. സ്വന്തം മതത്തിന്‍റെ സാരത്തിലേക്ക് ആഴ്ന്നിറങ്ങുന്നതിനേക്കാള്‍ അപരന്‍റെ മതത്തെ അവഹേളിക്കാനും അതിലെ ന്യൂനതകള്‍ എടുത്തുകാണിക്കാനുമാണ് എന്നും എല്ലാ മതങ്ങളും ശ്രമിച്ചിട്ടുള്ളത്. അക്രമത്തിന്‍റെയും പരിഹാസത്തിന്‍റെയും അവഗണന യുടെയും മുള്‍മുനകൊണ്ട് അപരനെ ശാരീരികമായും മാനസികമായും ആത്മീയമായും പീഡിപ്പിക്കാന്‍ മതങ്ങള്‍ നടത്തിയിട്ടുള്ള വിക്രിയകള്‍ ഭയാനകമാണ്. ഇങ്ങനെയുള്ള മതവിശ്വാസികളോട് എല്ലാ മതത്തിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന സാരം ഏകമാണെന്നു പറഞ്ഞാല്‍ എങ്ങനെ സ്വീകരിക്കാനാണ്. അന്ധമായ ബോധങ്ങളിലേക്ക് എങ്ങനെയാണ് അറിവിന്‍റെ വെളിച്ചം കടന്നു ചെല്ലുക!?
എന്നാല്‍ വിഭാഗീയതയുടെ ഈ ചിത്തഭ്രമം അവസാനിക്കാത്തിടത്തോളം മനുഷ്യന്‍റെ കാലുഷ്യം തുടരുകതന്നെ ചെയ്യും. ഒരിത്തിരിനേരം ഒന്നു മാറിയിരുന്നു ചിന്തിക്കാന്‍ മനുഷ്യനു കഴിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ നേരിയ വെളിച്ചമെങ്കിലും ബോധത്തിലേക്കു പ്രവേശിച്ചേനെ.
എന്തിനാണ് ഞാന്‍ ജനിച്ചത്? സമാധാനത്തോടെയും ശാന്തിയോടെയും കഴിയാത്തിട ത്തോളം ജീവിതത്തിന്എന്തര്‍ത്ഥമാണുള്ളത്? സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാരസ്പര്യത്തില്‍ മാത്രമെ സമാധാനത്തിനു സാദ്ധ്യതയുള്ളൂ എന്നറിഞ്ഞു വിഭാഗീയതകളില്‍ നിന്നെല്ലാം അകന്ന് ഞാന്‍ കഴിയേണ്ടതല്ലേ? വിശ്വാസങ്ങളും ആചാരങ്ങളും കാലദേശഭേദമനു സരിച്ച് മാറിമാറിവരുമെന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കേ ഞാന്‍ വന്നുചേര്‍ന്നിട്ടുള്ള വിശ്വാസത്തെ മുറുകെപിടിച്ചു ജീവിക്കുമ്പോള്‍ അപ്പുറത്തിരിക്കുന്ന വന്‍റെ വിശ്വാസത്തെ ആദരിക്കാനുള്ള ഹൃദയവിശാ ലത എനിക്കുണ്ടാകേണ്ടതല്ലേ? ബഹുസ്വരതയാല്‍ സമ്പന്നമാണ് മാനവസമൂഹമെന്നറിഞ്ഞ് സഹകരണത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും നന വിലല്ലേ ഞാനെന്‍റെ ജീവിതത്തെ അര്‍ത്ഥവത്താക്കേണ്ടത്? കാലങ്ങളായി പേറിക്കൊണ്ടുനടക്കുന്ന അബദ്ധജടിലമായ വിശ്വാസങ്ങളെ സ്വയം ചോദ്യംചെയ്തു തിരുത്തി കൂടുതല്‍ തെളിമയുള്ള ഒരു ആകാശത്തിലേക്കു പ്രവേശിക്കാത്തിടത്തോളം ഇതെല്ലാം ഇങ്ങനെതന്നെ തുടരുകയേയുള്ളൂവെന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ കൊള്ളാം.
മതങ്ങളും ദര്‍ശനങ്ങളും മനുഷ്യജീവിതത്തെ സുഗമമാക്കാന്‍ മനുഷ്യന്‍തന്നെ ഉണ്ടാക്കിയിട്ടുള്ളതാണെന്നറിഞ്ഞ് അതിലെ വിഷാംശങ്ങളെ തൂത്തെറിഞ്ഞില്ലെങ്കില്‍ കാലുഷ്യം ബാധിച്ച ഒരു ഭാവിയായിരിക്കും നമ്മുടെ മക്കള്‍ക്കും അനുഭവിക്കേ ണ്ടിവരിക.
മൂന്ന്
പരസ്പരം പൊരുതി ജയിക്കാമെന്നത് അസാ ദ്ധ്യമാണ്. ഒന്നു മറ്റൊന്നിനോട് പൊരുതുന്നതു കൊണ്ട് ഒരു മതവും നശിക്കുകയില്ല. മറ്റു മതങ്ങളുടെ വൈകല്യങ്ങളെപ്പറ്റി പറഞ്ഞുനടക്കുന്നവര്‍ ഇതു മനസ്സിലാക്കാതെ ഒരര്‍ത്ഥവുമില്ലാതെ പൊരുതിനില്‍ക്കുകയേയുള്ളൂ എന്ന വെളിവുണ്ടാകണം.
മനുഷ്യബോധത്തിന്‍റെ ആഴത്തില്‍ വേരോടിയിട്ടുള്ള ഒരു വികാരമാണ് മതം. ബൗദ്ധി കമായി കാര്യങ്ങളെ എത്ര ഗ്രഹിച്ചാലും സന്ദര്‍ഭം വരുമ്പോഴെല്ലാം അത് പത്തിവിടര്‍ത്തി ഉണര്‍ന്നുവരും. വൈയക്തികമായും സാമൂഹികമായും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു അന്തര്‍ധാര മതത്തിനുണ്ട്. അതു കൊണ്ടുതന്നെയാണ് നൂറ്റാണ്ടുകളായി അതു മനുഷ്യബോധത്തെ സ്വാധീനിച്ചു നിലനില്ക്കുന്നതും തുടരുന്നതും. അത്രമാത്രം ശക്തമായാണ് ആ സംസ്ക്കാരം ഓരോ ബോധത്തിലും വര്‍ത്തിക്കുന്നത്.
ഹിന്ദുമതത്തില്‍നിന്നും ഇസ്ലാംമതത്തിലേക്കു പ്രവേശിച്ച കമലസുരയ്യയ്ക്ക് കൃഷ്ണനെക്കൂടി കൂടെകൊണ്ടുപോകേണ്ടിവന്നതതുകൊണ്ടാണ്. അഖണ്ഡവിവേകശക്തി കൊണ്ടു വിഭാഗീയതയുണ്ടാക്കുന്ന എല്ലാ ദ്വൈതങ്ങളില്‍നിന്നും ഉണര്‍ന്നുവരാന്‍ കഴിയുമെങ്കിലും ഒരുമതത്തില്‍നിന്നും മറ്റൊരുമതത്തിലേക്കു ചേക്കേറുന്നവരില്‍ അന്തര്‍ ധാരയായി വര്‍ത്തിക്കുന്ന സംസ്ക്കാരത്തിന്‍റെ അലയൊലികള്‍ തുടരുകതന്നെ ചെയ്യുമെ ന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ബാഹ്യമായപ്രേരണകൊണ്ടോ സമ്മര്‍ദ്ദം കൊണ്ടോ ഒരാളില്‍ രൂഢമൂലമായികിടക്കുന്ന മതബോധത്തെ ഇല്ലായ്മ ചെയ്ത് അവിടെ പുതിയമതത്തിന്‍റെ വിശ്വാസപ്രമാണങ്ങളെ പ്രതിഷ്ഠിക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ അബദ്ധമില്ല. പട്ടിണിപ്പാവങ്ങളായ മനുഷ്യര്‍ അപ്പത്തിനും വസ്ത്രത്തിനും കിടപ്പാടത്തിനും വേണ്ടി മതം മാറുമ്പോള്‍ അത് വിശ്വാസത്തിന്‍റെ മാറ്റമല്ലെന്ന് അല്പം ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
പ്രബലമായ മതങ്ങളെല്ലാം പരസ്പരം പൊരുതി ജയിക്കാന്‍ ശ്രമിച്ചിട്ടുള്ളത് ചരിത്രമാണ്. എന്നിട്ട് ഒരു മതവും ഇല്ലാതാവുകയല്ല ചെയ്തത്. മറിച്ച് എല്ലാം വളരുകയാണുണ്ടായത്. പൊരുതിക്കൊണ്ടിരിക്കുന്നവര്‍ ഏതൊന്ന് ഇല്ലാതാക്കാനാണോ പൊരുതുന്നത് അതു വളരുകയാണ് ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യം ഉണര്‍ന്നറിയുന്നുമില്ല. അത്രയ്ക്കും തിമിരം ബാധിച്ച ബോധങ്ങളാണത്.
എതിര്‍ക്കും തോറും ശക്തിയേറുന്ന സ്വഭാവമാണ് തങ്ങള്‍ക്കുള്ളതെന്നറിഞ്ഞ് അവനവന്‍റെ മതങ്ങളില്‍ സ്വസ്ഥരായികഴിയുകയാണുചിതം. പൊരുതിപ്പൊരുതി സ്വയം ഇല്ലാതാവുമെന്നല്ലാതെ അപരനെ ക്ഷയിപ്പിക്കാനോ ഇല്ലാതാക്കാനോ കഴിയില്ലെന്ന സത്യം ഉണര്‍ന്നറിഞ്ഞാല്‍ അവനവനില്‍ നിറഞ്ഞു ജീവിക്കാം. അത്രതന്നെ.
നാല്
ഒരു മതമേ വേണ്ടൂ എന്നാണ് എല്ലാ മതവാദികളും പറയുന്നത്. എല്ലാ മതക്കാരും തങ്ങളുടെ മതം ഏക മതമായിത്തീരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന വസ്തുത മതവാദികള്‍ ആരും തന്നെ ഓര്‍ക്കുന്നില്ല. മതവാദവും പരമതവാദവും ഒന്നും ഇല്ലാത്ത ജ്ഞാനികളായ ശുദ്ധഹൃദയര്‍ മതവാദത്തിനും പരമതവാദത്തിനും പിന്നിലുള്ള നിരര്‍ത്ഥകത പൂര്‍ണ്ണമായി അറിയുന്നുണ്ട്.
എല്ലാവരും ആഗ്രഹിക്കുന്നത് ഒരു കുടക്കീഴില്‍ എല്ലാവരും വരണമെന്നാണ്. വിശാലമായ ഒരു മതത്തിന്‍റെ അനുയായികളാകണമെന്നാണ് പറയുന്നത്. അതൊരു വിശാലമായ ആശയമാണ്. എന്നാല്‍ എല്ലാവരും അവരവരുടെ നിരര്‍ത്ഥകമായ മതത്തെ ഉപേക്ഷിച്ച് ഞങ്ങളുടെ സാര്‍ത്ഥകമായ മതത്തിലേക്കു അണിചേരണം എന്നാണ് 'വിശാല' മായി പറയുന്നതെന്ന് പലപ്പോഴും ഈ വാദികള്‍ ഓര്‍ക്കാറില്ല. ഇസ്ലാംമതവിശ്വാസികള്‍ ഇസ്ലാംമത നിയമങ്ങള്‍ക്കനുസരിച്ചുള്ള ഇസ്ലാമികരാഷ്ട്രം വരണമെന്ന് ആഗ്രഹിക്കുന്നു. അതിനായി 'നിസ്വാര്‍ത്ഥ'മായി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ക്രിസ്ത്യാനികള്‍ ദൈവപുത്രനായ ക്രിസ്തുവിലൂടെ മാത്രമെ സ്വര്‍ഗ്ഗരാജ്യം പ്രാപിക്കാനാവൂ എന്ന വിശ്വാസമുള്ള ഏകലോക സമൂഹം ഉണ്ടാകണമെന്ന് 'കരുണ' യോടെ ആഗ്രഹിക്കുകയും ലോകമെമ്പാടും സുവിശേഷം പ്രസംഗിക്കുകയും ചെയ്യുന്നു. ഭാരതീയതയില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ക്ക് സനാതനമതം ലോകത്തിനു മുഴുവന്‍ വഴികാണിക്കുമെന്നതില്‍ അശേഷം സംശയമില്ല. 'വിശാല' മായ ഹൃദയത്തോടെ അവരും തങ്ങളുടെ ഏകമത വീക്ഷണം എടുത്തുകാണിക്കുന്നു. അങ്ങനെ എല്ലാവരും ഏകമതത്തിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും പറയുന്നു, ഞങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നുവെന്ന്. എന്നാല്‍ എന്താണ് സംഭവിക്കുന്നത് തന്‍റെ മതത്തിന്‍റെ വിശാലതയും സാഹോദര്യവും' എടുത്തുകാണിക്കാന്‍ മറ്റുമതങ്ങളെയെല്ലാം അനാദരിക്കുകയും ഭര്‍ത്സിക്കുകയുമാണ് ചെയ്യുന്നത്. അപ്പോള്‍ എവിടെ വിശാലത? എവിടെ സഹിഷ്ണുത? എവിടെ എത്തി എന്നു ചോദിച്ചാല്‍ ഞങ്ങള്‍ക്കു വെളിപ്പെട്ടു കിട്ടിയ സത്യം ഞങ്ങള്‍ ഉദ്ഘോഷിക്കാതെ മിണ്ടാതിരിക്കണമെന്നാണോ പറയുന്നത്. അത് ലോകരെ നരകത്തിലേക്കും അജ്ഞതയിലേക്കും വലിച്ചിഴച്ചുകൊണ്ടു പോവുകയല്ലേയുള്ളു എന്നാണ് സ്നേഹനിധികളായ മതവാദികളുടെ ഉത്തരം.
ഇങ്ങനെ പല 'സത്യങ്ങള്‍ ഒരുമതത്തിനുവേണ്ടി അവിരാമം ശ്രമിച്ചുകൊണ്ടിരിക്കുന്ന ചരിത്രമാണ് മതത്തിന്‍റെത്. തികച്ചും വൈകാരികമായ ഈ പ്രചരണങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന വിഭാഗീയതയും അനാദരവും അക്രമവും പലപ്പോഴും പ്രചാരകര്‍ കാണുന്നില്ല. എല്ലാവരും പറയുന്നു ഒരു ദൈവമേ ഉള്ളൂ എന്ന്. എന്നാല്‍ അതു താന്‍ പറയുന്ന ദൈവമാണ് എന്നു പറയുന്നതിലെ വൈരുദ്ധ്യവും അവിവേകവും അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു.
അതങ്ങനെ അത്ര എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ലെന്നതാണ് സത്യം. അത്രമാത്രം രൂഢമൂലമായികിടക്കുന്ന അജ്ഞതയാണത്. എല്ലാ വാദങ്ങളില്‍നിന്നും ബോധത്തെ ഉണര്‍ത്തുന്ന തെളിഞ്ഞ അറിവുണ്ടായാല്‍ മാത്രമെ മതവാദത്തിന്‍റെയും പരമതവാദത്തിന്‍റെയും അന്തസ്സാര ശൂന്യത വെളിപ്പെട്ടുകിട്ടുകയുള്ളൂ. അതുകൊണ്ടാണ് ഗുരുവിനു പറയേണ്ടിവന്നത് പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാര്‍ മാത്രമെ ഇതിന്‍റെ രഹസ്യം പൂര്‍ണ്ണമായി അറിയുകയുള്ളൂ എന്ന്.
ഇത് മതങ്ങളുടെ മാത്രം പ്രശ്നമല്ല. മതാതീതരായ ദാര്‍ശനികരിലും ഈ അന്ധത്വമുണ്ടു്. അദ്വൈതിയും വിശിഷ്ടാദ്വൈതിയും ദ്വൈതിയും നിരീശ്വരനും യുക്തിവാദിയും എല്ലാം ഈ ഗണത്തില്‍ പെടുന്നവരാണ്. 'സകലവും ഉള്ളതു തന്നെ തത്വചിന്ത ഗ്രഹനിതു സര്‍വ്വവുമേകമായ് ഗ്രഹിക്കും' എന്നു ഗുരുവിനു പറയേണ്ടിവന്നത് ദാര്‍ശനിക ലോകത്തെ നിരര്‍ത്ഥകമായ വിഭാഗീ യതയെയും താര്‍ക്കികതയെയും കണ്ടതുകൊണ്ടു തന്നെയാണ്.
ഗുരുനിത്യ പറയുന്നു: ഈശ്വരസങ്കല്പം എന്നു വിളിക്കാവുന്ന എല്ലാ ബൗദ്ധികനിയമങ്ങളും ജൈവികനിയമങ്ങളും നിലനിറുത്തിക്കൊണ്ട് ഈ ലോകം എല്ലാ വൈവിദ്ധ്യങ്ങളില്‍ക്കൂടെയും നാനാത്വങ്ങളില്‍ക്കൂടെയും ഏകമായ സത്യത്തെ എന്നെന്നും ഇങ്ങനെ നാനാകീര്‍ണ്ണമാക്കികൊണ്ടു പോകും. നാമെല്ലാം വിട്ടുവീഴ്ചയില്ലാത്ത ഒരേയൊരു ലോകനിയമത്തിന്‍റെ ഭാഗമാണെന്നും ഒരു നിയന്താവിനു വശഗരാണെന്നും അറിയുന്നതുവരെ വെറുതെ തമ്മില്‍ പോരാടിക്കൊണ്ടിരിക്കും. അന്യനെന്നു പറയുന്നതും താന്‍തന്നെയാണെന്ന് അറിയുന്നതുവരെ പ്രപഞ്ചസര്‍ജ്ജനത്തിലെ ഏകത്വവും നാനാത്വവും ഒരു ഹോസ്യത്തിന്‍റെ രണ്ടു മുഖങ്ങളാണെന്ന് മനസ്സിലാവില്ല. അത്രയും മനസ്സിലായാല്‍ സമാധാനമായി.
അഞ്ച്
എല്ലാവരും ആത്മസുഖത്തിനുവേണ്ടിയുള്ള പ്രയത്നമാണ് എല്ലാവിധത്തിലും ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. ലോകത്തില്‍ ഈ മതം ഒന്നുതന്നെയാണെന്നു മനസ്സിലാക്കി ഹൃദയത്തില്‍ കാലുഷ്യം ബാധിക്കാതെ സൂക്ഷിച്ചുകൊള്ളണം.
സുഖം ഉണ്ടാകണം എന്ന കാര്യത്തില്‍ ഒരു ജീവനും എതിരഭിപ്രായമില്ല. ജീവിതത്തെ സുഗമവും ശാന്തവുമാക്കാനുള്ള സാഹചര്യങ്ങളാണ് എല്ലാ ജീവികളും അന്വേഷിക്കുന്നത്. മനുഷ്യനും അങ്ങനെതന്നെ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ ലഭിച്ചാലും വീണ്ടും എന്തൊക്കെയോ അസ്വസ്ഥതകള്‍ അവനെ പിന്തുടരുന്നു. കലാസാ ഹിത്യസംഗീതാദികളിലൂടെയും മതദാര്‍ശനിക ചിന്തകളിലൂടെയും വിശ്വാസങ്ങളിലൂടെയുമെല്ലാം മനുഷ്യന്‍തന്നെ ആവരണം ചെയ്തുനില്ക്കുന്ന അശാന്തിയ്ക്ക് ശമനം തേടുന്നു. ഏകദൈവ വിശ്വാസത്തില്‍ അടിയുറച്ചു നില്ക്കുന്നവരായാലും ബഹുദൈവവിശ്വാസത്തില്‍ സഞ്ചരിക്കുന്നവരായാലും ഇനി ദൈവമേ ഇല്ല എന്നുപറയുന്നവരായാലും വിഗ്രഹങ്ങളില്‍ തങ്ങളുടെ ജീവിതത്തിന് അത്താണി തേടുന്നവരായാലും പണത്തിന്‍റെയും പ്രശസ്തിയുടെയും അധികാരത്തിന്‍റെയും പിന്നാലെ പായുന്നവരായാലും എന്തിനു മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ലോകത്തു കഴിയുന്നവരായാലും എല്ലാവരും ആത്മശാന്തിയാണ് അന്വേഷിക്കുന്നത്. എല്ലാ പ്രശ്നങ്ങളില്‍ നിന്നുമുള്ള മുക്തിയാണ് എല്ലാവരും അവര്‍ സഞ്ചരിക്കുന്ന വഴിയിലൂടെ ആരായുന്നത്. മദ്യപിക്കുന്നവനും കള്ളനും കൊലപാതകിയുമെല്ലാം അക്രമികളാണെന്നും അവര്‍ ശാന്തി അന്വേഷിക്കുന്നവരല്ലെന്നും പറഞ്ഞാല്‍ അതു ശരിയല്ല. സമാധാനവും ശാന്തിയും നിറഞ്ഞവഴി തന്നെയാണ് അവര്‍ അതിലൂടെ തേടു ന്നത്. എന്നാല്‍ ആ വഴി അവരെ അശാന്തിയിലേക്കും നിരാശയിലേക്കും നയിച്ചുകൊണ്ടു പോകുന്നു എന്നതാണു യാാഥാര്‍ത്ഥ്യം. അതുതന്നെയാണ് മതവിശ്വാസിയുടെയും കാര്യം. മതവിശ്വാസിയും അവന്‍റെ ആത്മശാന്തിക്കാണു വിശ്വാസത്തില്‍ ചരിക്കുന്നത്. എന്നാല്‍ പലപ്പോഴും അനുഭവിക്കുന്നതോ? തന്‍റെ വിശ്വാസത്തിലൂടെ ആത്മശാന്തി അന്വേഷിക്കുമ്പോള്‍ തന്നെ പലപ്പോഴും മറ്റു മതവിശ്വാസികള്‍ക്കു വേദനയുണ്ടാക്കുന്ന തരത്തില്‍ പ്രതികരിക്കുകയും തനിക്കും മറ്റുള്ളവര്‍ക്കും അശാന്തിയുണ്ടാക്കുന്ന ഒരു മാര്‍ഗ്ഗമായി അതു മാറുകയുംചെയ്യുന്നു. എല്ലാവരും അവരുടെ വഴിയില്‍ ആത്മശാന്തി തേടുമ്പോള്‍ പലപ്പോഴും അതു മറ്റുള്ളവരുടെ ജീവിതത്തിന് അശാന്തിയായി മാറാറുണ്ടെന്ന കാര്യം ഓര്‍ക്കാറില്ല. മദ്യപനും കള്ളനും കൊലപാതകിയും ചെയ്യുന്ന അതേ ദോഷമാണു വിശ്വാസത്തിന്‍റെ പേരിലും നടക്കുന്നത്.
ഞാന്‍ ശരിയും മറ്റുള്ളവരെല്ലാം തെറ്റും എന്നുള്ള ധാരണ അജ്ഞതയുടെ സൃഷ്ടിയാണ്. എല്ലാവരും അവരവരുടേതായ വഴിയില്‍ ശാന്തിയന്വേഷിച്ചാണു യാത്ര തുടരുന്നതെന്ന അറിവുണ്ടായാലേ അപരന്‍റെ ജീവിതത്തിലും വിശ്വാസത്തിലും കടന്നുകയറുന്ന സ്വഭാവത്തില്‍ നിന്നും മുക്തി ലഭിക്കുകയുള്ളൂ. അത് അവരുടെ മാത്രമല്ല ചെയ്യു ന്നവരുടെയും ശാന്തി നശിപ്പിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് അവനവനു ശരിയെന്നു തോന്നുന്ന വഴിയില്‍ ശാന്തമായി ചരിക്കുകയും അപരന്‍റെ വഴിയെ ആദരിക്കുകയും ചെയ്യുന്ന മനോഭാവമാണ് നാം വളര്‍ത്തിയെടുക്കേണ്ടത്. അത് എല്ലാവരും ഒരേ സമാധാനമാണ് തേടുന്നതെന്ന അറിവില്‍നിന്നാണുണ്ടാകേണ്ടത്. ആ അറിവുണ്ടാ യാല്‍ എല്ലാവരും ഏകമതവിശ്വാസികളാണെന്ന ബോധമുണരും.
സുഖംവേണമെന്ന മതം. അതാണ് ഏകമതം. അതോടെ കാലുഷ്യമുണ്ടാക്കുന്ന ചിന്തകളില്‍ നിന്നും കര്‍മ്മങ്ങളില്‍ നിന്നും നാം കരകയറും. എല്ലാവരെയും സമദൃഷ്ടിയോടെ കാണാനുള്ള ഉള്‍ക്കാഴ്ചയുണ്ടാകും. ജീവിതത്തിന്‍റെ അ ന്തര്‍ധാരയായിരിക്കുന്ന ആ ഏകതയെയാണ് ഗുരു എപ്പോഴും തൊട്ടുകാണിക്കാന്‍ ശ്രമിക്കുന്നത്.