വിഷാദരോഗത്തിനും(depression) അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (bipolar disorder)-ത്തിനും മരുന്നില്ലാചികിത്സയായി സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ്മില്ലര്‍ രൂപം നല്‍കിയ പതിനാലുദിനം കൊണ്ട് പൂര്‍ത്തിയാകുന്ന മനോനിലചിത്രണം (Mood Map) പതിനൊന്നാം ദിനമാണിന്ന് ചര്‍ച്ചചെയ്യുന്നത്. നമ്മുടെ 'മനോനില'(Mood)യെ ഏറ്റവും അധികമായി സ്വാധീനിക്കുന്ന നമ്മുടെ 'സ്വഭാവം' (nature) ആണ് ഇവിടെ പരിഗണനാവിഷയം.
ടോം മാത്യു
സമൂഹത്തില്‍ പെരുമാറുന്നതിനുള്ള 'അറിവ്'കള്‍ എത്രതന്നെ നാം ആര്‍ജിച്ചാലും സാമൂഹികജീവിയാകാനുള്ള പഠനം എത്രമേല്‍ പൂര്‍ത്തിയാക്കിയാലും നമ്മുടെ "പൂച്ചു പുറത്താകുന്ന" ഒരു സമയം വരും. നാം നമ്മുടെ യഥാര്‍ത്ഥസ്വഭാവം, തനിനിറം കാട്ടും. 1960കളിലെ മൃഗപരിശീലകരായിരുന്നു ബ്രെ ലാന്‍ഡ് ആന്‍ഡ് ബ്രെ ലാന്‍ഡ്. പറയുന്ന പോലെ പ്രവര്‍ത്തിക്കുന്ന മൃഗങ്ങള്‍ക്ക് അവര്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സമ്മാനം നല്‍കിയിരുന്നു. അവര്‍ കോഴികളെ ഫുട്ബോള്‍ കളിക്കാന്‍ പഠിപ്പിച്ചു. പണപ്പെട്ടിയില്‍ പണം നിക്ഷേപിക്കാന്‍ കരടിയെ പഠിപ്പിച്ചു. പന്നികള്‍ വലിയ ചക്രങ്ങള്‍ തള്ളിക്കൊണ്ടു നടന്നു. പക്ഷേ സാവകാശം ഇതിനു മാറ്റങ്ങള്‍ വന്നു. പരിശീലനത്തിനു പകരം കിട്ടുന്ന പലഹാരങ്ങള്‍ ശ്രദ്ധിക്കാതെ മൃഗങ്ങള്‍ അവയുടെ 'തനിസ്വഭാവം' കാട്ടാന്‍ തുടങ്ങി. സാവകാശം മൃഗങ്ങള്‍ അവയുടെ സഹജസ്വഭാവമാതൃകകളിലേക്ക് തിരിച്ചുപോയി. പരിശീലനം പരാജയപ്പെട്ടു.
മനുഷ്യരിലും സ്ഥിതി ഇതുതന്നെ. "കുട്ടിയെ നിങ്ങള്‍ക്ക് ഉത്സവത്തിനു കൊണ്ടുപോകാം. കുട്ടിക്കുള്ളിലെ ഉത്സവം പുറത്തെടുക്കാന്‍ നിങ്ങള്‍ക്കു പറ്റില്ല" എന്നൊരു പറച്ചിലുണ്ട്. നമ്മുടെ സ്വഭാവത്തില്‍ അടിസ്ഥാനപരമായി മാറ്റാന്‍ കഴിയാത്ത ചില സംഗതികളുണ്ടാവാം. കാലക്രമേണ അതു നിര്‍ണായക ശക്തിയാകും. വേണ്ടവിധത്തില്‍ കണക്കിലെടുത്തില്ലെങ്കില്‍, സ്ഥിരമായി അതിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ നമുക്ക് നമ്മുടെ ജീവിതത്തിന്‍റെ അന്യാദൃശ്യമായ അര്‍ത്ഥവും ചൈതന്യവും നഷ്ടമാകും. നാം അറിയില്ല നമ്മുടെ ഉത്സാഹം എപ്പോള്‍ നഷ്ടമായെന്ന്, ഊര്‍ജ്ജം എപ്പോള്‍ ചോര്‍ന്നുപോയെന്ന്, ഊര്‍ജ്ജസ്വലത എങ്ങനെ കൈവിട്ടുപോയെന്ന്? ഇവയൊന്നുമില്ലെങ്കില്‍ പിന്നെ പ്രതീക്ഷയില്ല. സ്വാഭാവികമായും നാം നിരാശരാകും.
വിരുദ്ധധ്രുവ മാനസികവ്യതിയാനം സ്ഥിരീകരിച്ച നിമിഷം ഡോക്ടറായി സേവനം തുടരാമെന്ന പ്രതീക്ഷ ഞാന്‍ കൈവിട്ടു. എന്നാല്‍ ആളുകളെ സഹായിക്കാന്‍ ഡോക്ടര്‍ ആവണമെന്നൊന്നുമില്ലെന്നും സ്റ്റെതസ്കോപ്പും മരുന്നും കൂടാതെ മനുഷ്യരെ സേവിക്കാന്‍ നൂറുനൂറു വഴികളുണ്ടെന്നും ബോധ്യപ്പെട്ടതോടെ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് എനിക്കു ബോധ്യമായി. സാഹചര്യങ്ങളാലോ ചുറ്റുമുള്ള മനുഷ്യരുടെ പെരുമാറ്റങ്ങളാലോ ഒരാളുടെ സ്വഭാവവും ഉത്സാഹവും തകരുമ്പോള്‍ അതവരുടെ മനോനിലയിലുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും.
ശാന്തത നേടുക
ശാന്തത അഥവാ സന്തുലിതാവസ്ഥ കരസ്ഥമാക്കാനുള്ള ആദ്യപടി നിങ്ങള്‍ ആരാണെന്ന് അറിയുക എന്നതാണ്. അതിന് നിങ്ങളുടെ സ്വഭാവം മനസ്സിലാക്കണം. നിങ്ങള്‍ പ്രധാനമെന്ന് കരുതുന്ന കാര്യങ്ങള്‍ എന്തൊക്കെ? നിങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ? അതാണ് നിങ്ങളുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍. നിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍. സ്വത്ത് മുഴുവനും നഷ്ടപ്പെടുത്തുന്നതുപോലുള്ള, ജോലി നഷ്ടമാകുന്ന, വീടോ ആരോഗ്യമോ പോലും നഷ്ടമാകുന്ന സര്‍വനാശകരമായ സ്ഥിതിവിശേഷങ്ങളില്‍പോലും ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ 'പ്രധാനപ്പെട്ടത്' എന്താണെന്ന് പഠിക്കാന്‍ കഴിഞ്ഞു എന്ന് ചിലര്‍ പറയാറുണ്ട്. ജീവിതത്തില്‍ നേടാന്‍ നാം ഏറെ സമയം ചെലവഴിക്കുന്ന കാര്യങ്ങളല്ല യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ ഏറെ പ്രധാനമായത് എന്നതാണ് വാസ്തവം.
സാങ്കേതികവിദ്യയാല്‍ ചുറ്റപ്പെട്ട ജീവിതരീതിയും ഏതു സാമൂഹിക ചുറ്റുപാടില്‍ ജീവിച്ചാലും എന്തൊക്കെ സ്വത്തുവകകള്‍ നിങ്ങള്‍ക്കുണ്ടായിരുന്നാലും നിങ്ങള്‍ ആര് എന്നതിന്‍റെ മാത്രം അടിസ്ഥാനത്തിലുള്ള ജീവിതരീതിയും തമ്മില്‍ സന്തുലനം കണ്ടെത്തുക ഒട്ടും എളുപ്പമല്ല. നിങ്ങളോട് സത്യസന്ധത പുലര്‍ത്താന്‍ കഴിയുമോ എന്നതാണ് അതിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം. അവനവനോട്/ അവളവളോട് സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് സത്യസന്ധതയില്‍ വിട്ടുവീഴ്ച സാധ്യമല്ല. പണത്തിനോ പദവിക്കോ അനായസജീവിതത്തിനോ വേണ്ടി നിങ്ങളെയോ നിങ്ങളുടെ മൂല്യങ്ങളെയോ ബലികഴിക്കാനാവില്ല. നിങ്ങളുടെ മൂല്യബോധത്തിന് അനുസരിച്ചാകും നിങ്ങള്‍ പ്രവര്‍ത്തിക്കുക. എളുപ്പവഴിയോ കുറുക്കുവഴിയോ നിങ്ങള്‍ തേടില്ല.
വൈവിധ്യം പരിമിതികള്‍ മറികടക്കാന്‍ തിരഞ്ഞെടുക്കാന്‍ വളരെയേറെ സാധ്യതകള്‍ സമ്മാനിക്കുമെന്നതിനാല്‍ നിങ്ങളുടെ മൂല്യബോധം പങ്കിടാന്‍ വിസമ്മതിക്കുന്നവരോട് സഹിഷ്ണുത പുലര്‍ത്താന്‍ സന്തുലനം ആവശ്യപ്പെടുന്നു. ജീവിതത്തോടുള്ള ഈ സമീപനം നിങ്ങള്‍ക്ക് വിശ്രാന്തി പകരും. അതു നിങ്ങളുടെ ചൈതന്യത്തെ, സ്വഭാവത്തെ പരിപോഷിപ്പിക്കും. നിങ്ങള്‍ക്കുള്ളതിനെല്ലാം അത് ഉറപ്പുനല്‍കും. അത് നിങ്ങളുടെ മനോനിലയെ ഗുണപരമായി സ്വാധീനിക്കും. ശരിയായ പരിചരണത്തില്‍ ശരിയായ മനോനില മൊട്ടിടും പൂക്കും കായ്ക്കും - ഫലം പുറപ്പെടുവിക്കും.
തുടരും